തത്വങ്ങളുടെ മാഹാത്മ്യവും പ്രസക്തിയും എല്ലാവരും സമ്മതിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അൽപ്പമെങ്കിലും തത്വങ്ങൾ പ്രതിഫലിക്കുന്ന വിധം പ്രവർത്തിക്കുന്നവർ ആദർശശാലികളായി കണക്കാക്കപ്പെടുകയും മറ്റുള്ളവർക്ക് മാതൃകയായി മാറുകയും ചെയ്യുന്നു. ചിലപ്പോൾ ചില പ്രവൃത്തികൾ നിലവിലുള്ള ചില പ്രമാണങ്ങളെ ഇളക്കിപ്രതിഷ്ഠിക്കുന്നു. വർത്തമാനകാലത്തെ പ്രതിഭാസമാണ് ഏതു പ്രവൃത്തിയും നേരായ രീതിയിൽ ചെയ്താൽ വിജയിക്കില്ല എന്ന ചിന്ത. അതിനാൽ അൽപ്പം കള്ളത്തരവും വേലത്തരവും കളിപ്പിക്കലും എല്ലാം ചേർത്താലേ ഏതും വിജയിക്കുകയുള്ളു എന്ന്‍ കരുതുകയും അതിനെ പ്രായോഗികത എന്ന് വിളിക്കുകയും ചെയ്യുന്നു. അങ്ങനെ നേരിന് നിരക്കാത്തത് ചെയ്യുന്നത് പ്രായോഗികതയും അതു പ്രയോഗിക്കുന്നവൻ വിജയിയായും കണക്കാക്കപ്പെടുകയും ചെയ്യുന്നു. അവൻ അല്ലെങ്കിൽ അവൾ പിന്നീട് മറ്റുള്ളവർക്ക് മാതൃകയും ആകുമ്പോൾ ആ പ്രായോഗികത അംഗീകരിക്കപ്പെട്ട പ്രമാണമാകുന്നു. ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് ഹോട്ടൽ മേഖലയിലാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്തിടവും അവിടമാണ്. ഭക്ഷണസാധനങ്ങൾ വിത്തിടും മുതൽ വിഷമയം. അതിന്റെ കൂടെ പാചകവും വിഷരാസവസ്തുക്കൾ ചേർത്ത്. ഇതിനെല്ലാമുപരി അൽപ്പം ജാഡയൊക്കെയുള്ള അന്തരീക്ഷമാണെങ്കിൽ പത്തുരൂപ ചെലവാകുന്ന ഭക്ഷണത്തിന് ഈടാക്കുന്നത് ചിലപ്പോൾ ഇരുന്നൂറും മുന്നൂറും രൂപയുമൊക്കെയായിരിക്കും. ഈ പ്രായോഗികതയെ പ്രയോഗത്തിലൂടെ വെല്ലുവിളിച്ചുകൊണ്ട് തത്വം സൃഷ്ടിക്കുന്നു. ചേർത്തല എക്‌സ്‌റേ ജംഗ്ഷനിലെ അപ്‌സരാ ഹോട്ടൽ. ശുദ്ധമായ ഭക്ഷണം അതിസുന്ദരവും ലളിതവും അതേസമയം സുഖകരവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിൽ മിതമായ വിലയ്ക്ക് നൽകി ഈ ഹോട്ടൽ വൻ വിജയമായിരിക്കുന്നു. ഒരു പരസ്യവുമില്ല. ആകർഷകമായ മുഖപ്പില്ല. ഹൈവേയിൽ ഹോട്ടൽ എന്നെഴുതി ബോർഡുമായി കാത്തുനിന്ന് യാത്രക്കാരെ മാടിവിളിക്കുന്നവരുമില്ല. ഒരിക്കൽ അപ്‌സരാ ഹോട്ടലിൽ കയറുന്നവർ അറിയാതെ പറഞ്ഞുപോകും, ഇതുപോലൊരു ഹോട്ടലിൽ കേരളത്തിൽ ഇതിനു മുൻപ് കയറിയിട്ടുണ്ടാവുമോ എന്ന്. കച്ചവടം, കച്ചവടമനസ്ഥിതി എന്നൊക്കെ ഇന്ന് വളരെ വിപരീതാർഥം കൈവന്ന വാക്കുകളാണ്. അതിനെയാണ് അപ്‌സരാ ഹോട്ടൽ തിരുത്തിക്കുറിക്കുന്നത്. നല്ലരീതിയിൽ അഥവാ വൃത്തിയായി ജീവിച്ചാലും ജീവിതം ആസ്വദിക്കുകയും വിജയം കണ്ടെത്താൻ കഴിയുമെന്ന തത്വം വളരെ പ്രായോഗികമായി പ്രഖ്യാപിക്കുകയാണ് അപ്‌സരാ ഹോട്ടൽ.
കൊച്ചിയിൽ നിന്ന് ആലപ്പുഴയ്ക്കു പോകുന്ന ദിശയിൽ ചേർത്തല എക്‌സ്‌റേ ജംഗ്ഷനിൽ ഇടതുവശത്ത് ഇന്ത്യൻ കോഫീഹൗസിന് നേർ എതിർ വശത്താണ് അപ്‌സരാ ഹോട്ടൽ. കോഫീഹൗസിൽ ഉച്ചയ്ക്ക് ഊണില്ല. ബിരിയാണി, പൊറോട്ട, ചപ്പാത്തി എന്നിത്യാദി സംഗതികളാണുള്ളത്. യാത്രികരുടെ ശ്രദ്ധയിൽ പെട്ടെന്ന് പെടാത്ത അനാകർഷകമായ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതോടെ രംഗം മാറുകയായി. ഏകദേശം എണ്ണൂറു ചതുരശ്രയടി വിസ്തീർണ്ണം വരുന്ന ഹാൾ. ഇതിൽ നാല് പേർക്കിരിക്കാവുന്ന രണ്ട് വരിയും അപ്പുറവും ഇപ്പുറവുമായി രണ്ടുപേർക്കിരിക്കാവുന്ന ഒരു വരിയുമാണ് മേശയും കസേരയുമൊരുക്കിയിട്ടുള്ളത്. റീപ്പർ അടിച്ച ഇരട്ടചാരുബഞ്ചാണ് നാലുപേർക്കിരിക്കാവുന്ന മേശയ്ക്കിരുവശവും. ഏതാണ്ട് അതേ റീപ്പറിന്റെ ശൈലിയിലുള്ള റീപ്പർകൊണ്ട് അരമതിലിനു മുകളിലുള്ള ഭാഗം മറച്ചിരിക്കുന്നു. അതും നല്ല ഇടവിട്ട്. അതിനാൽ ഹാളിനു വെളിയിലുള്ള മരങ്ങളുടെ പച്ചക്കാഴ്ചയും അതിന്റെ തണുപ്പും നന്നേ ഉയരമുള്ള ആ ഹാളിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു. അത് ഭക്ഷണത്തിന്റെ മണത്തെ ഹാളിനുള്ളിൽ തങ്ങിനിർത്തിക്കുന്നില്ല എന്നു മാത്രമല്ല ലൈറ്റിടാതെയുള്ള സ്വാഭാവിക വെളിച്ചവും പൊരിവെയിലത്തും ഉള്ളിൽ നല്ല കുളിർമ്മയും ഉറപ്പാക്കുന്നു. ചുറ്റും അരമതിലേ ഉള്ളുവെങ്കിലും അതു മുഴുവൻ ചില്ലിട്ടും അല്ലാതെയും ഫ്രെയിം ചെയ്ത ബോർഡുകളാണ്. അതാകട്ടെ പ്രാഥമികമായി ആ ഹോട്ടലിനെ പറ്റിയുള്ളതും പിന്നീട് പൊതുവായി മനുഷ്യൻ അറിയേണ്ടതും ചിന്തിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളും. ഉച്ചയൂണിന് വെജിറ്റേറിയനും നോൺവെജിറ്റേറിയനുമുണ്ട്. ഊണിനു മുൻപ് കൂപ്പൺ എടുക്കണം. നോൺവെജിറ്റേറിയന് മീൻകറി. വെജിറ്റേറിയൻ ഊണിന് 60 രൂപ. നോണിന് 140 രൂപ. മീൻകറി നല്ല മുഴുത്ത വറ്റമീനിന്റേത്. വെള്ളപ്പിഞ്ഞാണത്തിലാണ് ചോറും കറികളും വിളമ്പുക. ആദ്യം ചോറും കറികളുമൊക്കെ വളരെ കുറച്ചുമാത്രമേ വിളമ്പുകയുള്ളു. അതു തീരുന്നമുറയ്ക്ക് ചോറും കറിയുമായി ആളെത്തും. ഇത്തിരി ഭക്ഷണം പോലും പാഴാകാത്ത വിധമാണ് വിളമ്പ്. മേശകൾക്കിടയിലുള്ള ഇടനാഴിക്ക് യഥേഷ്ടം സ്ഥലം. അതിനാൽ ചോറും കറികളും കൊണ്ട് വിളമ്പുകാർക്ക് വേഗത്തിൽ നടക്കാനും ഉണ്ടുതീർന്നവർക്ക് തിക്കും തിരക്കുമില്ലാതെ പോകാനും സൗകര്യം. സാമ്പാറുൾപ്പടെ എല്ലാ കറികളും അമിതമായി എണ്ണയും ഉപ്പുമില്ലാതെ രുചിവർധക സാധനങ്ങളൊന്നും ചേർക്കാതെ രുചികരമായി പാചകം ചെയ്തവ. കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും അത് ബോധ്യമാകും.
ഊണിനേക്കാൾ ആസ്വാദ്യമാണ് അവിടുത്തെ ചുക്കും ജീരകവും എല്ലാം ചേർത്തുള്ള കുടിവെള്ളം. അതിൽ മറ്റെന്തെങ്കിലും അങ്ങാടിക്കൂട്ട് ഉണ്ടോ എന്നുമറിയില്ല. അത്രയ്ക്കാണ് അതിന്റെ രുചി. അതാകട്ടെ അൽപ്പം പ്രായം ചെന്ന ഒരാൾ എപ്പോഴും ഈ മൂന്നു നിരകൾക്കിടയിലൂടെ നടന്ന് ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചുകൊണ്ടിരിക്കും. അതോടൊപ്പം പ്ലേറ്റിലേക്കും അദ്ദേഹമൊന്നു നോക്കും. ഏതെങ്കിലും പ്ലേറ്റിൽ എന്തിന്റെയെങ്കിലും കുറവു കണ്ടാൽ ആ റൗണ്ടടിക്കിടയിൽ ആരും ശ്രദ്ധിക്കാത്തവിധം വിളമ്പുകാരനു നിർദ്ദേശം നൽകും. അരക്കയ്യന്‍ ഉടുപ്പും വെളള ഒറ്റമുണ്ടുമുടുത്ത അറുപതിനു മുകളില്‍ പ്രായമുള്ള അദ്ദേഹമാണ് അപ്‌സരാ ഹോട്ടലിന്റെ ഉടമ- രാജീവപ്പണിക്കർ. തന്റെ ഹോട്ടലിൽ വരുന്ന ഓരോ ആളേയും ശ്രദ്ധിക്കാൻ കൂടിയുള്ള ഏർപ്പാടാണ് അദ്ദേഹത്തിന്റെ കുടിവെള്ളം നിറയ്ക്കൽ. കയറുമ്പോൾ കൈകഴുകുന്നതിനോട് ചേർന്നുള്ള ബോർഡുകളൊക്കെ കൂറ്റനാണ്. ഒന്നിൽ ചോദിക്കുന്നു, നമുക്ക് പരിസരവൃത്തി പ്രാപ്യമല്ലേ. പ്രാപ്യമാണ് എന്ന ഉത്തരവും അതിനോടൊപ്പം. മറ്റൊന്നിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ. മുരളീധരന്റെ വാക്കുകൾ പത്രത്തില്‍ വന്നത്. ആർക്കും എവിടിരുന്നും വായിക്കാവുന്ന വിധത്തിലുള്ള ബോർഡാണ്. ഭക്ഷണം വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതുപോലെയല്ല, ആരാധനയോടെ ആസ്വദിച്ചു കഴിക്കേണ്ടതാണെന്ന് ഒരു ബോർഡിൽ ഓർമ്മപ്പെടുത്തൽ. മൊബൈൽ ഉപയോഗിച്ചു മറ്റുള്ളവരുടെ സ്വസ്ഥത കെടുത്താതിരിക്കാനും ഭദ്രമായി ഭക്ഷണം കഴിക്കുവാനും ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സൗജന്യമായി മൊബൈൽഫോൺ ബാറ്ററി റീച്ചാർജ് ചെയ്യാന്‍ അവസരമുള്ളതും അറിയിക്കുന്നു. അങ്ങിനെ വൈവിധ്യമാർന്ന ബോർഡുകൾ. എന്തിന് ഓരോ ജില്ലയിലേയും വാഹന രജിസ്‌ട്രേഷൻ നമ്പർ ഏതാണെന്നുള്ളതിന്റേയും ബോർഡ്. കൈകഴുകുന്നതിന് എതിർവശത്തുള്ള ഭിത്തി മുഴുവൻ ഓരോരുത്തർ തങ്ങളുടെ അനുഭവം അറിയിച്ചുകൊണ്ട് എഴുതിയ കുറിപ്പുകളാണ്. ഏതാണ്ട് എല്ലാ കുറിപ്പുകളും ഒരേപോലെ അത്ഭുതം പേറുന്നതും. മിക്ക കുറിപ്പുകളും തങ്ങൾക്ക് ഇതിനുമുൻപ് ഇങ്ങനെ ഒരു ഹോട്ടൽ അനുഭവും ഉണ്ടായിട്ടില്ല എന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ളത്. കൈകഴുകുന്നതിന് അടുത്തുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള ടോയിലറ്റുകൾ ഒരു ചെറുചെളിപോലുമില്ലാതെ വെടിപ്പ്.
ആരുടേയും ശ്രദ്ധയിൽ പെടുന്ന വിധം വേറെ ഒന്നുരണ്ട് ബോർഡുമുണ്ട്. രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ എന്നുള്ളത് ഒന്നും മറ്റേത്, എത്ര വൈകിയാലും ഇവിടെ ചോറ് ലഭ്യമാകുമെന്നുള്ള അറിയിപ്പും. യഥാർഥത്തിൽ ഒരു സാംസ്കാരിക കേന്ദ്രത്തിൽ സമയം ചെലവഴിക്കുന്ന അനുഭൂതിയും ആസ്വാദ്യതയുമാണ് അപ്‌സരയ്ക്കുള്ളിൽ നിൽക്കുമ്പോൾ. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരു കുറിപ്പിൽ ഒരാൾ കുറിച്ചിരിക്കുന്നു, ഇവിടെ നിന്നു ഭക്ഷണം കഴിക്കുമ്പോൾ വയറുമാത്രമല്ല, മനസ്സും നിറയുന്നു. ഒരിക്കൽ കയറിയവർ ഊണു സമയത്ത് അതുവഴി പോവുകയാണെങ്കിൽ അവിടെ മാത്രമേ കയറൂ. അതുകൊണ്ടാവണം ആൾക്കാരുടെ പ്രവാഹം. ആ അന്തരീക്ഷം നൽകുന്ന സാംസ്കാരികതകൊണ്ട് ഏവരും ക്ഷമയോടും കൗതുകത്തോടും ആർക്കും അലോസരമുണ്ടാകാതെ കാത്തുനിൽക്കുന്നു. ആൾക്കാർ ഭക്ഷണം കഴിക്കുന്നതിന്റെ ചില വായചലനങ്ങളുടെ ശബ്ദമൊഴിച്ചാൽ മറ്റ് ശബ്ദങ്ങളൊന്നുമില്ല. നിശബ്ദം. ആർക്കും ഒന്നിനും വേണ്ടി ശൂ വയ്ക്കുകയോ വിളിക്കുകയോ വേണ്ട. നല്ലരീതിയിൽ കച്ചവടം നടത്തിയാൽ യാതൊരു പരസ്യമോ, കൃത്രിമച്ചിരിയോ വിളിച്ചുകയറ്റലോ ഇല്ലാതെ വിജയം കാണാമെന്നും അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമെന്നും അപ്‌സരാ ഹോട്ടൽ പ്രയോഗത്തിൽ കാണിച്ചുതരുന്നു. ഇതാണ് പ്രായോഗികത. ഇതു നടത്തുന്ന രാജീവപ്പണിക്കരും അദ്ദേഹത്തിന്റെ കൂടെ പണിയെടുക്കുന്നവരും സുഖം കണ്ടെത്തുന്നു. അത് മറ്റുള്ളവർക്ക് സുഖവും സൗകര്യവുമായി മാറുന്നു. ഹാവാഡിലും ഐ.ഐ.എമ്മുകളിലും നൽകപ്പെടാത്ത മാനേജ്‌മെന്റ് തത്വം വളരെ ലളിതമായി അരക്കയ്യൻ ഉടുപ്പും ഒറ്റമുണ്ടുമുടുത്ത് പ്രയോഗിച്ചുകാട്ടിത്തരുന്നു അദ്ദേഹം. സപ്തനക്ഷത്ര ഹോട്ടലുകൾക്കും നൽകാൻ കഴിയാത്ത ലക്ഷ്വറിയാണ് ലാളിത്യത്തിലൂടെ അപ്‌സര ഹോട്ടൽ അനുഭവവേദ്യമാക്കുന്നത്. നാം അതിനെ സമൃദ്ധി എന്നാണ് വിളിക്കുന്നതെന്നു മാത്രം. രുചിയുടേയും വൃത്തിയുടേയും ശാന്തതയുടേയും പ്രകൃതി ഒരുക്കുന്ന ശീതളിമയുടേയും ശ്രദ്ധയുടേയും അങ്ങിനെ എല്ലാറ്റിന്റേയും. ആർത്തിയിലും അത്യാർത്തിയിലും പെരുംകൊതിയിലും മുങ്ങിത്താഴുന്നതിനല്ല ഭക്ഷണം, മറിച്ച് രുചിച്ച് അറിയാനുള്ളതാണെന്നും അപ്‌സരാ നമ്മെ അനുഭവിപ്പിക്കുന്നു. അവിടെ അപ്‌സരാ ജീവിത ദർശനവും മുന്നോട്ടുവയ്ക്കുന്നു. ലാളിത്യത്തിന്റെ സമൃദ്ധിയുടെ.