പച്ചക്കറിക്കടയിലെ യുവതിയും ആധുനിക മാനേജ്‌മെന്റ് തന്ത്രങ്ങളും

Glint Guru
Tue, 19-04-2016 02:39:42 PM ;

 

എറണാകുളം പാലാരിവട്ടത്തെ പച്ചക്കറിക്കട. വിഷുത്തലേന്ന് പൊടിപൊടിച്ച കച്ചവടം. പച്ചക്കറിക്കു പുറമേ കണിവെള്ളരിയും ഇടിയൻ ചക്കയും മാങ്ങയും ഇലയും എന്നുവേണ്ട കണിയിനങ്ങളും എല്ലാം ജനം തകൃതിയായി വാങ്ങുന്നു. കണക്കു കൂട്ടിയെഴുതി കാശു വാങ്ങുന്നത് വയസ്സില്‍ മുപ്പതുകളുടെ അവസാനമോ നാൽപ്പതുകളുടെ തുടക്കത്തിലോ ഉള്ള യുവതി. വിഷു എത്തിയില്ലെങ്കിലും വിഷുവിന്റെ ഉത്സവാന്തരീക്ഷമാണ് കടയിൽ. കടയിലെ സാധനങ്ങൾ എടുത്തുകൊടുക്കുന്നവരുമെല്ലാം ഉഗ്രൻ ഉഷാറിൽ തന്നെ. ഇതിനിടെ ഒരാൾ അന്നു രാവിലെ വാങ്ങിയ ഞാലിപ്പൂവൻ പഴവുമായി തിരികെയെത്തി. കാരണം തൊലിയെല്ലാം കറുത്തു പോയി. അതിനാൽ പഴം അഴുകിപ്പോയി എന്ന്‍ പറഞ്ഞാണ് അദ്ദേഹം പഴവുമായി തിരികെയെത്തിയിട്ടുള്ളത്. അതുകൊണ്ടുവന്നയാളെ സ്വീകരിച്ചത് ഈ യുവതിയാണ്. മറ്റുള്ളവർക്ക് അതിനുള്ള സമയം കുറവ്. എങ്കിലും അവർ സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനിടയ്ക്ക് അതു ചൂടുകൊണ്ട് കറുത്തു പോയതാണെന്നും ഉഗ്രൻ നാടനാണ് പഴമെന്നും പഴം കൊണ്ടുവന്നയാളെ ബോധ്യപ്പെടുത്താൻ നോക്കി.

 

പഴവുമായി വന്നയാളെ അധികം നിർത്തി താമസിപ്പിക്കാതെ യുവതി ഏതു പഴമാണ് വേണ്ടതെന്നു ചോദിച്ചു. അദ്ദേഹം കുല ചൂണ്ടിക്കാട്ടി. നല്ല രാസവളം കയറ്റിയ മുഴുത്ത പഴം അദ്ദേഹം ചൂണ്ടിക്കാട്ടി. അതു വാങ്ങി അദ്ദേഹം പോവുകയും ചെയ്തു. അതിനിടയിൽ പഴത്തിന്റെ കട്ടിയില്ലാത്ത തൊലിയുരിഞ്ഞ് പഴം കേടായിട്ടില്ലെന്ന് അവിടെ നിന്നവരെ കാണിച്ച് സാധനമെടുത്തുകൊടുക്കുന്നയാൾ ഒന്ന് കഴിക്കുകയും ചെയ്തു. അതിനിടെ ഗുണവും ദോഷവുമില്ലെങ്കിലും ആ നാടൻ പഴം കണിവെയ്ക്കാൻ സുഖമുണ്ടാവില്ലെന്ന് യുവതി ആ സഹായിയെ ഓർമ്മിപ്പിച്ചു. തമിഴന്‍ പഴം രണ്ടു ദിവസം കഴിഞ്ഞാലും അതുപോലിരിക്കുമെന്നും അവർ പറഞ്ഞു. സഹായി അതിൽ നിന്ന് അതിനകം രണ്ടു പഴങ്ങൾ കൂടി അകത്താക്കിയിട്ട് ബാക്കി യുവതിയുടെ കൈയ്യിലേക്കു നല്‍കി.

 

കണിവെയ്ക്കാൻ കേരളത്തിന്റെ പഴം പറ്റാതായിയെന്ന് ഒരു ടിപ്പണിയും യുവതി ആത്മഗതമെന്നോണം മറ്റുള്ളവർക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു. അതിനിടയിൽ ഒരാളുടെ കണക്കു കൂട്ടി കാശും വാങ്ങിയിട്ട് ബാക്കി കൊടുക്കുകയും ചെയ്തു. ആ യുവതിയുടെ തീരുമാനമായിരുന്നു പഴവുമായി വന്നയാളുടെ പരാതി പെട്ടെന്ന് പരിഹരിച്ച് വിട്ടത്. രണ്ടു കിലോഗ്രാമോളം ഉണ്ടായിരുന്നു ആ പഴം. കടയ്ക്കുള്ളിലാണ് യുവതിയുടെ മേശയും നിൽപ്പും. കാരണം കസേര മേശയ്ക്കു പിന്നിലുണ്ടെങ്കിലും അതിൽ ഇരിപ്പില്ല. അങ്ങനെയിരിക്കെയാണ് വിഷു ഇനങ്ങളും വാങ്ങി കാശു കൊടുക്കാനായി മേശയരികിലേക്ക് ചെന്നത്. കടയുടെ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു, ചക്ക എഴുന്നൂറ്റമ്പത്, മാങ്ങ ഒരുകിലോ, ചന്ദ്രക്രാരൻ ഒരു കിലോ, ഇല പത്ത് എന്നിങ്ങനെ. പറഞ്ഞു തീർന്നതും കടലാസ്സിൽ എഴുത്തും കഴിഞ്ഞു. പിന്നീട് അതു നോക്കി കാൽക്കുലേറ്ററിൽ അടിച്ചു രൂപയെത്രയാണെന്ന് പറഞ്ഞു. അതിനിടെ ഉപഭോക്താവ് തിരിച്ചുകൊടുത്ത പഴത്തിൽ നിന്ന് ഒരു പഴമെടുത്ത് ഇടതുകൈയ്യിലുണ്ടായിരുന്ന ബ്രഡും ചേർത്ത് കഴിച്ചു. അതിനാൽ ഒരു കൈ മാത്രമേ സ്വതന്ത്രമായുള്ളു. കാശു വാങ്ങുന്നതിനിടയിൽ യുവതി ഒരു ചോദ്യം, ബ്രഡും പഴവും തിന്നുന്നോ? ആ ചോദ്യം തീരെ അപരിചിതമായിരുന്നില്ല. ഒരു കടയാണെന്നും ആ കടയിൽ സാധനം വാങ്ങിയതിന്റെ വില കൊടുക്കാൻ നിൽക്കുകയാണെന്നുള്ള തോന്നൽ ഒരു നിമിഷം അപ്രത്യക്ഷമായി. എന്നാൽ ആ ചോദ്യത്തിനുള്ള മറുപടിയിൽ ആ തോന്നൽ പ്രവർത്തിച്ചു. അതിനാൽ വേണ്ട എന്ന ഉത്തരം നൽകി. അവർ വീണ്ടും കണ്ണുകളിൽ നോക്കിക്കൊണ്ട് ഒരു പീസ് ബ്രഡും ഈ പഴവും കൂടി കഴിക്കൂ എന്നാവർത്തിച്ചു. നല്ല നാടൻ പഴമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഒരു ആതിഥേയയുടേതായിരുന്നില്ല ആ പറച്ചിൽ. ഒരു കുടുംബാംഗത്തെപ്പോലെ, അതും വളരെ അടുത്ത, എപ്പോഴും ഇടപഴകുന്ന സ്നേഹമയിയായ വീട്ടംഗത്തെപ്പോലെയാണ് അവർ ബ്രഡും പഴവും കഴിക്കാൻ പറഞ്ഞത്. അവരത് അങ്ങേയറ്റം സ്നേഹം കൊണ്ടുമാണ് പറഞ്ഞത്. യഥാർഥത്തിൽ അത് നിഷേധിച്ചതിലൂടെ ബ്രഡും പഴവുമല്ല നിഷേധിച്ചത്. മറിച്ച് പൗർണ്ണമി പോലുള്ള സ്നേഹമായിരുന്നു.

 

ഒരുപക്ഷേ, ആ സ്ത്രീ ആ കടമയുടെ ഉടമസ്ഥയായിരിക്കും. അല്ലെങ്കിൽ അവിടുത്തെ ഉദ്യോഗസ്ഥയായിരിക്കും. ആരായിരുന്നാലും ആ സ്ത്രീക്ക് ഉപഭോക്താവ് അന്യരല്ല. ഒരു ഉപഭോക്താവിനെ സുഖിപ്പിക്കാൻ വേണ്ടിയുള്ള കൃത്രിമ സ്നേഹ സംസാരവും അല്ലാത്ത സംഭാഷണവും കേട്ടാൽ മനുഷ്യർക്കെല്ലാം അത് തിരിച്ചറിയാനുള്ള കഴിവുണ്ട്. കാരണം അത്തരം സംഭാഷണങ്ങൾ കേൾക്കുന്നത് കാതുകൊണ്ടും തലച്ചോറുകൊണ്ടുമല്ല. ഹൃദയം കൊണ്ടാണ്. മാളുകളിലെ ചില ഷോറൂമുകളിൽ ചെന്നാൽ അറിയാൻ കഴിയും. അവിടെ ചില്ല് കതകു തുറന്ന് സ്വീകരിക്കുന്നവരുടേയും സെയിൽസിൽ നിൽക്കുന്നവരുടേയും ഒരേപോലെയുള്ള തൊഴുകൈ ചേഷ്ടകളുമൊക്കെ കാണുമ്പോൾ പലപ്പോഴും ചിരി വരുമെങ്കിലും ആ ചിരി അവരുടെ അഭിവാദനത്തിനുള്ള പ്രത്യഭിവാദനച്ചിരിയായി മാറുകയാണുള്ളത്. ആ ആതിഥ്യമര്യാദ്യയിൽ കയറുന്ന വ്യക്തിയിൽ നിന്നുളള ലാഭത്തെ ഓർത്തുളള ചിരിയാണത്. അത് കയറിച്ചെല്ലുന്നവർക്കുമറിയാം, ആ പ്രക്രിയയിൽ ഏർപ്പെടുന്നവർക്കുമറിയാം.ലോകോത്തര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാംസ്കാരിക സംഭാവനകളിൽ പെട്ടതാണ് ഇവയൊക്കെ.

 

ലാഭം എന്നതില്‍ മാത്രം ഇത്തരം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും അവരുടെ മാനേജ്‌മെന്റ് തന്ത്രങ്ങളും മൂല്യം കാണുന്നതിനാലാണ് കൃത്രിമ സ്നേഹപ്രകടനങ്ങളിലൂടെ സമൂഹത്തിന് കടന്നു പോകേണ്ടിവരുന്നത്.അതുകൊണ്ടാണ് യാന്ത്രികത ബിസിനസ്സിൽ ആധിപത്യം സ്ഥാപിക്കുന്നതും. യാന്ത്രികത ആധിപത്യം സ്ഥാപിക്കുമ്പോൾ അപ്രത്യക്ഷമാകുന്നത് മാനുഷിക വശങ്ങളാണ്. അതേ സമയം മാനുഷിക വശങ്ങളെ മാർക്കറ്റിംഗിന്റെ ഭാഗമാക്കി കച്ചവടം വർധിപ്പിക്കുക എന്നതാണ് കൃത്രിമ വാർപ്പ് മാതൃക സ്നേഹപ്രകടനങ്ങളിലൂടെ ലക്ഷ്യമിടുന്നതും. യഥാർഥത്തിൽ മാനേജ്‌മെന്റ് ശാസ്ത്രബോധരാഹിത്യത്തിന്റെ ഉദാഹരണമാണ് ഇവ്വിധം വാർപ്പുമാതൃകയിലുള്ള കൃത്രിമ സ്നേഹപ്രകടനങ്ങൾ. എന്താണോ വിൽക്കുന്നത് അതിന് മൂല്യമുണ്ടെങ്കിൽ മാത്രമേ വിലയുണ്ടാവുകയുള്ളു. ആധുനിക ഡിജിറ്റൽ കാലം ആ മൂല്യത്തിലേക്കാണ് മെല്ലെയാണെങ്കിലും നീങ്ങിക്കൊണ്ടിരിക്കുന്നത്. വ്യാവസായിക വിപ്ലവ ലോകസംസ്കാരത്തിന്റെ അവശേഷിപ്പാണ് യാന്ത്രികമായ ഇത്തരം സാംസ്കാരിക പ്രകടനങ്ങള്‍.

 

യാന്ത്രിക വാർപ്പുമാതൃകാ സ്നേഹപ്രകടനങ്ങൾ മനുഷ്യത്വ രഹിതമാണ്. ഒരർഥത്തിൽ മനുഷ്യനിലെ മാനുഷിക ഘടകങ്ങളെ ഇല്ലായ്മ ചെയ്യൽ കൂടിയാണത്. കാരണം ഒരു വ്യക്തി ചിരിക്കുന്നതും സ്നേഹപ്രകടനങ്ങൾ നടത്തുന്നതും ആ വ്യക്തിയുടെ ജന്മസിദ്ധമായ സവിശേഷതകളിലൂടെയാണ്. അത് പ്രകൃതിനിയമവുമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിയുടെ ചിരി. കാരണം ഒരു പുഞ്ചിരിയെന്നു പറയുന്നത് മനുഷ്യന്റെ ആത്മാവിന്റെ പൂക്കൽ പോലെ സംഭവിക്കുന്നതാണ്. സ്വതസിദ്ധമായുളള ചിരിയെ തമസ്കരിച്ച് സ്ഥാപനം നിശ്ചയിക്കുന്ന രീതിയിൽ പ്രത്യേക ഡിഗ്രികളിൽ കൈകൾ ഉയർത്തി തൊഴുത് നിശ്ചിത വീതിയിലും നീളത്തിലും ചിരിക്കാൻ ഒരു വ്യക്തി നിർബന്ധിതമാകുമ്പോൾ ആ വ്യക്തി ഓരോ ചിരിയിലൂടെയും സ്വയം നിഷേധിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുകയാണ്. സ്വയം നിഷേധിക്കുന്ന വ്യക്തി എപ്പോഴും സംഘർഷത്തിലായിരിക്കും. എന്നിട്ട് സ്ഥാപനത്തോട് കൂറ് വേണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുകയും ചെയ്യും. കൂറ് അഥവാ ആത്മാർഥതയുടെ പരിഭാഷ യാന്ത്രികല്ല. പറച്ചിലിലൂടെ പ്രകടമാകുന്നതല്ല അത്. ആധുനിക മാനേജ്‌മെന്റ് പരാജയപ്പെടുന്ന മർമ്മമിവിടെയാണ്. ഈ മർമ്മത്തെ മനസ്സിലാക്കാതെ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂറുള്ളതാക്കാനും ഉപഭോക്താക്കളോട് ബന്ധം സ്ഥാപിക്കുന്ന രീതി മാറ്റാനുമൊക്കെ യാന്ത്രിക പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യും. പലപ്പോഴും കളികളുടേയും മറ്റും പേരിൽ അപഹാസ്യമാകുന്ന വിധം അത്തരം വ്യായാമങ്ങൾ മാറുകയും ചെയ്യുന്നു.

 

ഓരോ വ്യക്തിയുടെയും നൈസർഗ്ഗിക ശരീരഭാഷയും സ്വഭാവരീതിയും മനസ്സിലാക്കി അതിലൂടെ അവരെ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ ഏതു ചെറിയ തസ്തിക തൊട്ട് ഉയർന്ന തസ്തികയിലുള്ളവർ വരെയും സ്വയം വികസിക്കുന്നതായി അറിയും. താൻ ജോലിയെടുക്കുന്ന സ്ഥാപനത്തിന്റെ അന്തരീക്ഷത്തിലൂടെ സ്വയം വികസിക്കുന്ന വ്യക്തികൾ ആ സ്ഥാപനത്തിന്റെ ഭാഗമാകും. കാരണം ആ സ്ഥാപനത്തിലൂടെ മാത്രമേ അവർക്കും വികസിക്കാൻ കഴിയുകയുള്ളു. വ്യക്തികളുടെ നൈസർഗ്ഗികമായ ഭാവങ്ങളും സവിശേഷ സ്വഭാവവുമൊക്കെ മനസ്സിലാക്കണമെങ്കിൽ അതിലേർപ്പെടുന്നവർ അവരുടെ നൈസർഗ്ഗിക ശേഷിയിലൂടെ പ്രവർത്തിക്കുന്നവരായിരിക്കണം. ഇതിന്റെ അഭാവമാണ് പലപ്പോഴും സമ്മർദ്ദത്തിന് വഴിമാറുന്നത്. മാനേജ്‌മെന്റുകൾ സമ്മർദ്ദത്തിലൂടെ തൊഴിലെടുപ്പിക്കാൻ ശ്രമിക്കുന്നതിന്റെ കാരണവും ഇതു തന്നെ. ഇന്ന് ഇതൊരു സാംസ്‌കാരിക പ്രശ്നമായി വളർന്നു കഴിഞ്ഞു. വിശേഷിച്ചും ഇന്ത്യയെപ്പോലുള്ള രാജ്യത്ത്. കാരണം ഇന്ത്യൻ ജനതയുടെ ജനിതക സ്മൃതിയിൽ നിന്ന് എത്ര യാന്ത്രികതയുടെ പേരിലാണെങ്കിലും സാംസ്കാരിക സൂക്ഷ്മാംശങ്ങൾ ഉന്മൂലനം ചെയ്യാൻ പ്രയാസമാണ്. അതിന്റെ സാന്നിദ്ധ്യവും വാര്‍പ്പുമാതൃകകളുടെ അടിച്ചേൽപ്പിക്കലോ നിർബന്ധിത വരിക്കലോ നിമിത്തമോ ഒക്കെ ഉണ്ടാകുന്ന സംഘട്ടനം ഓരോ ഇന്ത്യാക്കരനും ഇത്തരം മേഖലകളിൽ നേരിടേണ്ടി വരുന്നു. ഇന്ത്യയുടെ സാംസ്കാരിക മുദ്രയും ഇതു തന്നെ. നാനാത്വം. അതേസമയം ഒരു പാശ്ചാത്യനെ പരിചയപ്പെടുകയാണെങ്കിൽ അയാളുടെ പെരുമാറ്റം വാര്‍പ്പുമാതൃകയിലായിരിക്കും. മറ്റേതൊരു പാശ്ചാത്യനെയും പോലെ. എന്നാൽ ഇന്ത്യാക്കരെ സംബന്ധിച്ച് അതല്ല.

 

ഇന്ത്യൻ ജനതയുടെ സർഗ്ഗാത്മകതയുടെ (spontaneity)യുടെ പ്രത്യേകതയാണ് ഈ നാനാത്വം. അതിനെ ഇറക്കുമതി ചെയ്യപ്പെട്ട ശാസ്ത്രം പഠിപ്പിക്കുമ്പോൾ എവിടെ നിന്നാണ് വിജ്ഞാനം ഇറക്കുമതി ചെയ്യുന്നത് അവിടുത്തെ സംസ്കാരവും കൂടി പകർന്നുകൊടുക്കുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ചരിത്രപരമായ കാരണം കൂടി അതിന്റെ പിന്നിലുണ്ട്. ദീർഘനാൾ ഇന്ത്യയ്ക്ക കടന്നുപോകേണ്ടിവന്ന വിദേശാധിപത്യത്തിന്റെ ചരിത്രം. ഈ യാന്ത്രികതയാണ് മണ്ണിനേയും ഭക്ഷണത്തേയും വിഷമയമാക്കിത്തീർത്തിന്റെ മൂലകാരണവും. ഏതു മണ്ണിനും ഒരേ വിത്തും വളവും കീടനാശിനിയും അതിനനുസരിച്ചുള്ള പഠനവുമൊക്കെ അതിന്റെ ഫലമാണ്.

 

പാലാരിവട്ടത്തെ പച്ചക്കറിക്കടയിലെ ആ സ്ത്രീയുടെ പെരുമാറ്റം ഒരിക്കലും വെട്ടം കെടാത്ത വർണ്ണാഭമായ പൂത്തിരി പോലെ അഥവാ വിഷു പോലെ അവശേഷിക്കുന്നു. ആ യുവതിയുടെ ശരീരഭാഷയും അവരുടെ ഇടപഴകലും കണ്ടാലറിയാം അവർ ആ കടയിൽ നിൽക്കുന്ന ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടു നിൽക്കുകയാണെന്ന്. അവർ തീരുമാനമെടുത്ത വേഗതയും അഭിനന്ദനീയമായിരുന്നു. നാടൻ പഴമാണെങ്കിലും കണിക്ക് അത് നന്നല്ല എന്ന് അവർ മനസ്സിലാക്കി. ആ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു കിലോ പഴത്തിന്റെ നഷ്ടമോ ഒന്നും അവരുടെ ചിന്തയിലേക്ക് കടന്നു വന്നില്ല. അതിന്റെ ലക്ഷണമാണ് ആദ്യമേ തന്നെ ഉപഭോക്താവിനെ ബോധ്യപ്പെടുത്താനായി കടയിലെ സെയിൽസ്മാൻ ഒരെണ്ണമെടുത്ത് തിന്നത്. അതിലൂടെ അയാളുടെ ആ കടയിലെ സ്വാതന്ത്ര്യവും ഉടമസ്ഥതാബോധവുമാണ് പ്രകടമായത്. ആ കടയിലെ പൊതുസംസ്കാരവും അവരുടെ ഇടപെടലിൽ നിന്ന് പ്രകടമായിരുന്നു.

 

ആ യുവതിയുടെ ചിരി അവരുടെ കുടുംബത്തിൽ നിന്നും അവർ ജീവിച്ച സമൂഹത്തിൽ നിന്നും ആർജിതമായതാണ്. അവരുടെ ബന്ധത്തിന്റെ രസതന്ത്രവും ആർജ്ജവുമെല്ലാം അന്തസ്സ് നിറഞ്ഞ ആ ഒറ്റച്ചോദ്യത്തിൽ നിന്ന് വ്യക്തമായിരുന്നു. കാരണം അവര്‍ക്ക് ഈ ഉപഭോക്താവിന് ഒരു പഴവും അവർ കഴിച്ചുകൊണ്ടിരുന്നതിൽ പങ്ക് ബ്രഡും നല്‍കണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതും കച്ചവടവുമായി അവർ കൂട്ടിക്കുഴച്ചതുമില്ല. അവിടെ അവർ ഒരു കുടുംബാംഗമായി മാറുകയായിരുന്നു. ഈ രാജ്യത്തിന്റെ കുടുംബസംവിധാനത്തിന്റെ ശക്തിയുടെ മൃദുലവും ശക്തവുമായ തലങ്ങളുമാണ് അവരിലൂടെ സ്ഫുരിച്ചത്. പാലാരിവട്ടത്ത് നിന്ന് പച്ചക്കറി വാങ്ങേണ്ടി വരുമ്പോൾ  ആ കടയിലേക്ക് അറിയാതെ കയറിപ്പോകും. അതാണ് മൂല്യമുള്ള പെരുമാറ്റത്തിന്റെ വിജയം. അതു തന്നെയാകാം അവരുടെ കടയിലെ തിരക്കിന്റെ പിന്നിലെ കാരണവും. സംരഭങ്ങൾ വിജയിക്കണമെങ്കിലും ജൈവമായ സ്വഭാവത്തിന്റെ അംശമുണ്ടെങ്കിലേ കഴിയുകയുള്ളു. രാസവള ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് ഇപ്പോൾ ജൈവ ഉൽപ്പന്നങ്ങളിലേക്ക് മനുഷ്യൻ തിരിയുന്നതും ഈ തിരിച്ചറിവിന്റെ ഫലമാണ്. ആധുനിക കമ്പോളവും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ബിസിനസ്സ് സ്ഥാപനങ്ങളും മനസ്സിലാക്കേണ്ട വസ്തുതയും അതാണ്. സാവധനമെങ്കിലും ആ തിരിച്ചറിവിലേക്ക് നീങ്ങിയാലല്ലാതെ നിലനിൽപ്പുണ്ടാകില്ല. അതിനെ അംഗീകരിക്കുന്നതാണ് പലപ്പോഴും കോപ്രയായങ്ങളായിപ്പോലും പരിണമിക്കുന്ന കൃത്രിമ പരിപാടികള്‍ സ്ഥാപനങ്ങൾ സ്വീകരിക്കുന്നതും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പരിശീലനം നൽക്കുന്നതും. പാലാരിവട്ടത്തെ പച്ചക്കറിക്കടയിലെ ആ യുവതിയുടെ ചിരിയിലേയും ചോദ്യത്തിലേയും ധാതുലവണങ്ങൾ മനസ്സിലാക്കിയാൽ മനസ്സിലാകുന്നതേ ഉള്ളു ഇതിന്റെ ക്ലൂ.


(ചിത്രങ്ങള്‍ പ്രതിനിധാനപരം)