പതുപതുങ്ങനെയുള്ള വിലകൂടിയ ചെരുപ്പ്. വെറും രണ്ട് ചെറിയ മ്മിണി വലിയ മുടിനാരിഴകൾപോലുള്ള വാറ് അഥവാ വള്ളികൾ. വളരെ ഇഷ്ടപ്പെട്ടാണ് അത്യാവശ്യം പുതുതലമുറ യുവതി അത് വാങ്ങിയത്. കുത്തനെയുള്ള റോഡിലൂടെ നടന്നപ്പോൾ ശരീരഭാരം മുഴുവൻ ചെരുപ്പിന്റെ വള്ളിയിലേക്ക് കേന്ദ്രീകരിക്കുന്നതായി യുവതിക്ക് അനുഭവപ്പെട്ടു. യുവതിയുടെ നടത്തത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടു. നടപ്പ് നിർത്തി നിർത്തിയുള്ളതായി. കാരണം പുത്തൻ ചെരുപ്പ് പൊട്ടിപ്പോകുമോ എന്ന പേടി. പൊട്ടുകയാണെങ്കിൽ അത് വേദന സൃഷ്ടിക്കും. വേദന ആർക്കാണ് സഹിക്കാൻ കഴിയുക. അതിനാൽ എല്ലാവരും വേദന ഒഴിവാക്കാൻ ശ്രമിക്കും. അതു സ്വാഭാവികം. ഈ യുവതിയും അതിനു വേണ്ടിത്തന്നെയാണ് ശ്രമിച്ചത്. ഇറക്കം ഇറങ്ങിക്കഴിയും വരെ യുവതി ശ്വാസമടക്കി നടക്കുകയായിരുന്നു. ഇറക്കം കഴിഞ്ഞപ്പോഴാണ് മൂപ്പത്ത്യാരുടെ ശ്വാസം നേരേ വീണത്. അതുവരെ സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്തിന്റെ സംഭാഷണങ്ങൾക്കുള്ള പ്രതികരണം മുഴുവൻ യാന്ത്രിക മൂളലിലൊതുക്കി. താഴെ സമതലത്തിലെത്തിയപ്പോഴാണ് യുവതി തന്റെ പേടിയെക്കുറിച്ച് ഉച്ചത്തിൽ ഓർത്തത്. വേദന ഒഴിവാക്കാൻ പേടിക്കുന്നു. ആ പേടിയിൽ കൈക്കൊണ്ട തീരുമാനമാണ് പേണി (ആഘാതം ഉണ്ടാവാത്ത വിധം) പേണി ഇറക്കമിറങ്ങിയത്. ഏത് അപകടത്തേയും മുന്നിൽ കണ്ടാൽ നാം ഒഴിവാക്കാൻ ശ്രമിക്കും. അതുതന്നെയാണ് യുവതിയും ഇവിടെ അവലംബിച്ച മാർഗ്ഗം. ചെരുപ്പ് പൊട്ടിയില്ല. അതിനാൽ താൻ സ്വീകരിച്ച നടപടി ശരിയാണെന്നും ഫലം കണ്ടെന്നും യുവതി അറിയുന്നു. അപ്പോൾ യുവതി അറിയാതെ തന്നെ ആ പഴഞ്ചൊല്ല് അവരുടെ മനസ്സിന്റെ അടിത്തട്ടിൽ പുനർജന്മം കൊണ്ടിട്ടുണ്ടാവണം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. മിക്കവാറും നല്ല ഹൈവേകളുടെ ഓരങ്ങളിലും ഈ വാചകം കണ്ടേക്കാം. സംഗതി ശരിയാണ്, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
ഇരുളും വെളിച്ചവും പോലെയാണ് സൂക്ഷിക്കലും പേടിയും. പക്ഷേ, പലപ്പോഴും നമ്മുടെ ഉള്ളിൽ നാം തന്നെ അറിയാതെ കയറിക്കൂടിയിട്ടുള്ള വിശ്വാസത്താൽ പേടിയെ സൂക്ഷിക്കലായി കാണുന്നു. ഫലമോ അപകടം. അത് വ്യക്തിയെ മുഴുവനായി ബാധിക്കുകയും ചെയ്യുന്നു. ഇന്നത്തെ നിയമങ്ങളും നടത്തിപ്പും മാധ്യമങ്ങളുമൊക്കെ നോക്കിയാൽ കാണുന്നത് സൂക്ഷിക്കലിന്റെ ഫലം ലഭിക്കുന്നതിനായി പേടിയെ ഊട്ടിവളർത്തുന്നു. എല്ലാ അപകടങ്ങൾക്കും തിൻമകൾക്കും വൈകല്യങ്ങൾക്കും കാരണം പേടിയാണ്. പേടിയിൽ നിന്നാണ് മനുഷ്യൻ മനുഷ്യന് യോജിച്ചതല്ലാത്ത വിധം പെരുമാറുന്നത്. രക്ഷിതാക്കൾ കുട്ടികളെ വളർത്തുന്നതും അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതുമൊക്കെ പേടിയെ ആധാരമാക്കിക്കൊണ്ടാണ്. കമ്പോളം അതിന്റെ അമിതമായ ലാഭം മുഴുവൻ കൊയ്യുന്നത് പേടിയെ വിദഗ്ധമായി ഉപയോഗിച്ചു കൊണ്ടാണ്. ഒരാശുപത്രിയിൽ ചെന്നാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പരീക്ഷണം മുഴുവൻ നടത്തി മുടിയാൻ രോഗിയും ബന്ധുക്കളും തയ്യാറാകുന്നതും പേടി കൊണ്ടാണ്. ചുരുക്കത്തിൽ പേടി വർത്തമാനലോകത്തെ നിയന്ത്രണത്തിന്റെ ചുക്കാൻ പിടിക്കുന്നു. ഇൻഷുറൻസ് കമ്പനികളുടെ പരസ്യമൊക്കെ പേടി വർധിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പേടിയിൽനിന്നു മുക്തി നേടുമ്പോഴാണ് വ്യക്തിക്ക് ശാന്തതയും സന്തോഷവുമുണ്ടാകുന്നത്. എന്നാൽ വർത്തമാനകാല സാഹചര്യങ്ങൾ പേടിയിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. കാരണം പേടി അത്രത്തോളം നിലനിൽക്കുന്നു.
തന്റെ സൗന്ദര്യസങ്കൽപ്പത്തിനു യോജിച്ചതാണെന്നു കണ്ടാണ് യുവതി ആ ചെരുപ്പ് വാങ്ങിയത്. അതു തകർന്നാൽ സംഭവിക്കുന്നത് ആ ചെരുപ്പിലൂടെ തനിക്ക് കൈവരുമായിരുന്ന സൗന്ദര്യം നഷ്ടമാകും. അതിനുമപ്പുറം ധനനഷ്ടം. ഇതെല്ലാം കൂടി ആ യുവതിയിൽ പൊട്ടാറായ ഒരു ചരടുപോലെയുള്ള അവസ്ഥ ഉള്ളിൽ സൃഷ്ടിച്ചു. അതു പൊട്ടിയാൽ യുവതിയുടെ ഉള്ളാണ് പൊട്ടുന്നത്. ഇതാണ് താദാത്മ്യം എന്നു പറയുന്നത്. യുവതി കാലിൽകിടന്ന ചെരുപ്പുമായി ഒട്ടി തന്റെ ഭാഗമാക്കി അത് താനായി മാറുന്ന അവസ്ഥ. അതുകൊണ്ട് ചെരുപ്പിനു പറ്റുന്ന എന്ത് മുറിവും തന്റെ മുറിവായി മാറുന്നു. അതിനാൽ ആ വേദന മുൻകൂട്ടി യുവതിക്ക് കാണാൻ കഴിയുന്നു. ഇവിടെ ആ യുവതി അങ്ങിനെ നടന്നതുകൊണ്ട് ചെരുപ്പ് പൊട്ടാതിരുന്നില്ലേ എന്നു ചോദിച്ചേക്കാം. ശരിയാണ്. പക്ഷേ ചെരുപ്പിന്റെ ആയുസ്സ് നല്ല ശതമാനം കുറഞ്ഞിട്ടുണ്ടാവുമെന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം ശരീരത്തിന്റെ മുഴുവൻ ഭാരവും ഓരോ കാൽവയ്പ്പിലും ആ ചെരുപ്പിൽ ഏൽപ്പിച്ചാണ് നടന്നത്. യുവതിയുടെ മുഴുവൻ ശ്രദ്ധയും ചെരുപ്പിന്റെ വാറിലും അതിലേക്ക് ചെല്ലുന്ന ഭാരത്തിലുമായിരുന്നു. മാത്രമല്ല, ഓരോ ചുവടും ഓരോ സഡൻബ്രേക്കിടീൽ പോലെയും. ന്യൂട്ടൻ സായിപ്പിന്റെ നിയമം അവിടെയും ബാധകം. ഗതിയെ മുറിച്ചാൽ ഉണ്ടാകുന്ന ഘർഷണം ഓരോ ചുവടിലും ചെരുപ്പ് ഏറ്റുവാങ്ങിയതിനാലാണ് അതിന്റെ ആയുസ്സ് കുറയാൻ കാരണമാകുന്നത്.
ഏതു കാരണം കൊണ്ടായാലും ഓരോ തവണ പേടിക്കുമ്പോഴും നമ്മുടെ ഉള്ളിലും ശരീരത്തിനു ദോഷകരമായ രാസപ്രവർത്തനങ്ങൾ നടക്കുന്നു. അവയിൽ ചിലത് അടിഞ്ഞുകൂടുന്നു. അവ അവസരം കിട്ടുമ്പോൾ ഓരോ രോഗങ്ങളായി പുറത്തുവരുന്നു. അപ്പോൾ നാമറിയില്ല, എന്തുകൊണ്ടാണ് ഈ രോഗങ്ങൾ വരുന്നതെന്ന്. രോഗത്തേയും പേടിച്ച് അതിനെ നശിപ്പിക്കാനുള്ള ചികിത്സ ചെയ്ത് ചിലപ്പോൾ ചികിത്സയിലൂടെ മറ്റൊരു രോഗവും ഏറ്റുവാങ്ങി നാം സുഖമായി മടങ്ങുന്നു.
പേടി പേടിപ്പിക്കാൻ കാരണം സുഖവും സന്തോഷവും നഷ്ടപ്പെടുമെന്നു കരുതിയാണ്. അപകടം ഒഴിവാക്കാനുള്ള ശ്രമം ജന്തുക്കൾക്ക് നൈസർഗികമാണ്. ജന്തുക്കളിൽ ഒന്നാംതരം പേടിയെ ജനിപ്പിച്ചാണ് പ്രകൃതി അതു നിർവഹിക്കുന്നത്. മനുഷ്യനു മാത്രമേ പ്രകൃതി തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടുള്ളു. അതിനാൽ അവന്റെ, അവളുടേയും സ്വാതന്ത്ര്യമാണ് പേടി കൊണ്ട് സുഖവും സന്തോഷവും ആർജിക്കണോ അതോ ധൈര്യം കൊണ്ട് വേണോ എന്നുള്ളത്. അജ്ഞതയാണ് പേടിക്കാധാരം. കയറ് കണ്ട് പാമ്പാണെന്നു കരുതി പേടിക്കുന്നത് കയറ് പാമ്പാണെന്ന് കരുതുന്നതുകൊണ്ട്. വെളിച്ചം തെളിച്ചുനോക്കിയാൽ കയറാണെന്നു കാണാം. ആ നിമിഷത്തിൽ പേടി പോകുകയും ഉപയോഗിക്കാൻ പറ്റുന്ന കയറാണെങ്കിൽ അതെടുത്തുകൊണ്ട് നടക്കുകയും ചെയ്യുന്നു. ഇതാണ് അജ്ഞത മാറുമ്പോഴുള്ള ധൈര്യം. ധൈര്യത്തെ സിനിമയിലെ നായകന്റെ ഇടിച്ചുനെരപ്പാക്കലുമായി ചേർത്തുകണ്ടാൽ സംഗതി വീണ്ടും കുഴങ്ങും.
പേടിക്കും ശ്രദ്ധയ്ക്കും കാഴ്ചയിൽ ഒരേ ലക്ഷണമാണ്. വിശേഷിച്ചും പുറമേ നിന്നുനോക്കിയാൽ. യഥാർഥത്തിൽ നേർ വിപരീതവും. ഇറക്കമിറങ്ങുമ്പോൾ യുവതി സ്വന്തം ശരീരത്തിൽ അടിമുടി ശ്രദ്ധിച്ചാൽ ശരീരത്തിന്റെ വലിഞ്ഞുമുറുകൽ ഇല്ലാതാകും. ശരീരം ഭാരമില്ലാത്തതുപോലെ അനുഭവപ്പെടും. ഓരോ പാദം വയ്ക്കലും തരളിതമായ രീതിയിൽ അറിയാൻ കഴിയും. ടപടപേന്ന് ഓരോ ചുവടും ബ്രേക്കിട്ടപോലെ ആവില്ല. തുടർച്ചയുണ്ടാകും. റോഡിലെ മുഴുവൻ ഗതാഗതവും പരിസരവും ശ്രദ്ധയിൽ വരും. കൂടെയുള്ള സുഹൃത്തിനേയും ശ്രദ്ധിക്കാൻ കഴിയും. സ്വന്തം ശരീരത്തിൽ എവിടെയൊക്കെയാണ് ഇറക്കമിറങ്ങുമ്പോഴുള്ള പിടുത്തമുണ്ടാകുന്നതെന്ന് അറിയാൻ കഴിയും. അതനുസരിച്ച് അവിടെ ശ്രദ്ധിച്ചാൽ അതനുസരിച്ച് അയവ് വരികയും ശരീരം വഴങ്ങിവരികയും ചെയ്യും. ആ ഇറക്കമിറങ്ങല്‍ ആസ്വാദനമായി മാറും. ചെരുപ്പ് ഒരു പരിക്കുമില്ലാതെ പാദങ്ങളെ രക്ഷിച്ചുകൊള്ളും. നാം പാദരക്ഷയെ രക്ഷിക്കേണ്ടതില്ല. പേടിച്ചിറങ്ങുമ്പോൾ സംഭവിക്കുന്നത് പാദരക്ഷയെ രക്ഷിക്കാനായി നമ്മുടെ രക്ഷയെ അവഗണിക്കുന്നു. ആ അവഗണനയിൽ റോഡിനെക്കുറിച്ചുള്ള ബോധം നഷ്ടമാകും. അതും അപകടത്തിനു കാരണമാകും. എല്ലാവരും എപ്പോഴും പരസ്പരം കണ്ടു പിരിയുമ്പോൾ പറയാറുണ്ട്, ടേക്ക് കെയർ ഓഫ് യുവേഴ്‌സൽവ്‌സ്. ഇവിടെ ഇറക്കമിറങ്ങുമ്പോൾ സ്വന്തം ശരീരത്തെ ഇങ്ങനെ ശ്രദ്ധിച്ചിറങ്ങുന്നതിലൂടെ ആ പ്രയോഗത്തിന്റെ പ്രാവർത്തികതയാണ് വരുന്നത്. പ്രാഥമികമായി സ്വയം ശ്രദ്ധിച്ചെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരേയും ശ്രദ്ധിക്കാൻ കഴിയൂ. അല്ലെങ്കിൽ നാം മറ്റുള്ളവർക്കും അപകടം വരുത്തിവയ്ക്കും. ഉദാഹരണത്തിന് ചെരുപ്പിന്റെ വള്ളിപൊട്ടുമോ എന്ന ചിന്തയിൽ നടത്തത്തിനിടയിൽ നാം വേണമെങ്കിൽ മറ്റ് യാത്രക്കാർക്കോ വാഹനങ്ങൾക്കോ തടസ്സമാകാം. ചിലർ തങ്ങളുടെ വാഹനത്തിന് കുഴപ്പമുണ്ടാകാതിരിക്കാൻ ഇവ്വിധം പേണി ഡ്രൈവ് ചെയ്യാറുണ്ട്. അതായത് പേടിച്ച്. പേടിച്ചുള്ള ഡ്രൈവിംഗ് അപകടത്തെ വിളിച്ചുവരുത്തുമെന്നുള്ള കാര്യം പറയേണ്ടതില്ലല്ലോ. മറിച്ച് ശ്രദ്ധിച്ച് അസ്വദിച്ച് വാഹനമോടിക്കുകയാണെങ്കിൽ നമുക്ക് എത്തേണ്ടിടത്ത് സമയത്തെത്താന്‍ കഴിയും. വാഹനം പോലും ഡ്രൈവിംഗിൽ പുളകം കൊള്ളും. വാഹനത്തിനു സംഭവിക്കുന്ന തേയ്മാനത്തിലും കേടുപാടിലും കുറവുണ്ടാവുകയും ചെയ്യും. നിരത്തും ഭദ്രമാകും. പേടിക്ക് ശ്രദ്ധയെ തിരിച്ചറിയാൻ കഴിയില്ല. മറിച്ച് ശ്രദ്ധയ്ക്ക് പേടിയെ തിരിച്ചറിയാൻ പറ്റും. അതു പറ്റുന്ന സമയത്ത് പേടി അപ്രത്യക്ഷമാവുകയും ചെയ്യും. അതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ഒന്നു തിരിച്ചറിയുകയേ വേണ്ടൂ. രണ്ടും ഒന്നുപോലെ തോന്നുമെങ്കിലും. പാദങ്ങളും ഭദ്രമായിരിക്കും, പാദരക്ഷയും ഭദ്രമായിരിക്കും. ഭാഷയുമായി പരിചയപ്പെട്ട് പിന്നെ അതിന്റെ അക്ഷരമാല വശത്താക്കി മെല്ലെ ഭാഷയെ അമ്മാനമാടാൻ കഴിയുന്നതു പോലെ ഇത്തരം ചെരുപ്പിട്ടുള്ള ഇറക്കമിറങ്ങലിലൂടെ പേടിയിൽനിന്ന് പുറത്തു കടക്കാനുള്ള വിദ്യയുടെ ആദ്യാക്ഷരമാലകൾ വശത്താക്കാം. പേടിയോട് അടുക്കുംതോറും നാം മൃഗത്തോടടുക്കുന്നു. പേടിയിൽ നിന്നകലുന്നതനുസരിച്ച് മനുഷ്യനിലേക്കും പരിണമിക്കുന്നു. ഏതു ദിശയിലേക്ക് പരിണാമം നടന്നുകൊണ്ടിരിക്കുന്നു എന്നതനുസരിച്ച് മനുഷ്യൻ മനുഷ്യനാകുന്നോ മൃഗാവസ്ഥയിലേക്കു നീങ്ങുന്നോ എന്നു നിശ്ചയിക്കപ്പെടുന്നു. തെരഞ്ഞെടുക്കാനുള്ള അവസരം നമ്മളുടേത്.