മ'ദ്ധ്യ'പാനവും ട്രാഫിക് പോലീസും

Glint Views Service
Thu, 13-02-2014 01:06:00 PM ;

മറ്റ് പ്രദേശവാസികളെ അപേക്ഷിച്ച് കേരളീയര്‍ക്ക് ഒട്ടേറെ സുഖസൗകര്യങ്ങൾ പ്രകൃതി ഒരുക്കിക്കൊടുത്തിട്ടുണ്ട്. നമുക്കാവുന്ന വിധം അതൊക്കെ നശിപ്പിച്ചിട്ടും, ആ പ്രക്രിയ ഇപ്പോഴും തുടർന്നു കൊണ്ടിരുന്നിട്ടും, ഇന്നും  കേരളത്തിന്റെ പ്രകൃതി ലഭ്യമാക്കുന്ന സുഖാനുഭവം വളരെ വലുതാണ്. കുടിവെള്ളത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിന്റെ വാർത്ത മാധ്യമങ്ങളിൽ വരുന്നത് മിക്കപ്പോഴും പൈപ്പിലൂടെ വെള്ളം കിട്ടാതെ വരുമ്പോഴാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ഇത്തിരി വെള്ളത്തിനായി ചിലപ്പോൾ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നു. നഗരങ്ങളിൽ വളരെ ശ്രദ്ധാപൂർവ്വം ശേഖരിച്ച് കരുതി വെക്കേണ്ടി വരുന്നു. അങ്ങനെയുള്ള പൊല്ലാപ്പുകളൊന്നും മലയാളിക്കില്ല. ആ സമയമൊക്കെയാണ് മലയാളി ചർച്ചയ്ക്കായും ബീവറേജസിന്റെ മുന്നിലും സീരിയലിന്റെ മുന്നിലുമൊക്കെയായി ചിലവഴിക്കുന്നത്. ഈ സൗകര്യങ്ങളൊക്കെ കൂടുതലായതുകൊണ്ട് മലയാളിക്ക് മേലനങ്ങി എന്തെങ്കിലും ചെയ്യുക എന്നതും വിഷമകരം തന്നെ. പ്രകൃതി എല്ലാം വളരെ നിലവാരത്തിൽ ഒരുക്കിയിട്ടുള്ളതു കൊണ്ടായിരിക്കാം മലയാളിക്ക് എല്ലാം ശ്രേഷ്ഠമായിരിക്കണം. ശ്രേഷ്ഠമായില്ലെങ്കിലും അങ്ങനെ അറിയപ്പെട്ടേ മതിയാവൂ. അതിനാലാവും എന്തെങ്കിലും ലളിതമായി ചിന്തിക്കാനോ കാണാനോ മലയാളി തയ്യാറായി കാണുന്നത് വളരെ വിരളമാകുന്നത്.

 

എന്തായാലും മലയാള ഭാഷയെ കേന്ദ്രത്തെക്കൊണ്ട് ശ്രേഷ്ഠമാക്കി അംഗീകരിപ്പിച്ചു. അതിനുശേഷം ഭാഷയുടെ ശ്രേഷ്ഠത സംബന്ധിച്ച ആകുലതകള്‍ ആര്‍ക്കും കാണുന്നില്ല. മലയാള ഭാഷ ശ്രേഷ്ഠമാക്കാൻ ശ്രമിച്ചവരുടെ ശ്രമത്തിന് എല്ലാ പിന്തുണയും നൽകിയ ചാനലുകൾക്കും തങ്ങൾ ഉപയോഗിക്കുന്ന ഭാഷ ശ്രേഷ്ഠമാകണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ വലിയ ആവലാതിയുള്ളതായി കാണുന്നില്ല. എന്നിരുന്നാലും ഏതു പരിപാടിയാണെങ്കിലും തങ്ങൾ ചെയ്യുന്നത് ശ്രേഷ്ഠമാണെന്നുള്ള ഉറച്ച വിശ്വാസം എല്ലാവർക്കും ഉണ്ട്. ലളിതമല്ലാത്തതാണ് ശ്രേഷ്ഠം എന്നൊരു തോന്നൽ മലയാളിയിൽ കടന്നുകൂടിയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. കാരണം സംസാരം ശ്രേഷ്ഠമാക്കാൻ വേണ്ടി എല്ലാം കടുപ്പിച്ച് പറയുക പൊതുവേ കാണപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി സമീപകാലത്ത് ഉരുത്തിരിഞ്ഞുവന്ന് ഉറപ്പിക്കപ്പെട്ട ഒരു ഉച്ചാരണമാണ് വിധ്യാഭ്യാസം. വന്നുവന്ന് അത് ചിലർ വിദ്ധ്യാഭ്യാസം എന്നുവരെ ഉച്ചരിക്കാറുണ്ട്.  വിദ് എന്ന ധാതുവിൽ നിന്നാണ് വിദ്യയുടെ ആവിർഭാവം. വിദ് എന്നാൽ അറിവ്, അറിയുക എന്നൊക്കെയാണ്. അതിനുവേണ്ടിയുള്ള പരിശീലനം അഥവാ അഭ്യാസം, അതാണ് വിദ്യാഭ്യാസം. പക്ഷേ വിദ്യാഭ്യാസം എന്നു പറയുമ്പോൾ ശക്തി വരുന്നില്ല. അതിനാലാവണം വിധ്യാഭ്യാസവും വിദ്ധ്യാഭ്യാസവുമൊക്കെ ഉച്ചാരണ പ്രതിഷ്ഠ നേടിയത്.

 

 

സ്വാധീനം എപ്പോഴും കൂടുതലുണ്ടാവുക സംഭാഷണങ്ങളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നുമാണ്. വിദ്ധ്യാഭ്യാസ ഉച്ചാരണത്തിന്റെ സ്വാധീനത്തിലകപ്പെട്ടാകാം ട്രാഫിക് പോലീസ് മദ്യപാനത്തെ മദ്ധ്യപാനമാക്കിയിരിക്കുന്നു. എറണാകുളത്ത് പാലാരിവട്ടം ട്രാഫിക് ജംഗ്ഷന് സമീപം മെഡിക്കൽ സെന്റർ ആശുപത്രിയുടെ അടുത്താണ് വെണ്ണലയിൽ നിന്ന് ബൈപ്പാസിലേക്ക് കയറുന്നിടത്ത് ഈ ബോർഡ് ട്രാഫിക് പോലീസ്  വളരെ വിശാലമായി പ്രദർശിപ്പിച്ചിട്ടുള്ളത്. മദ്യപിച്ചു ലക്കുകെട്ടവർ ഉച്ചാരണപ്പിശക് വരുത്താറുണ്ട്. അത് സ്വാഭാവികം. അത് ഭാഷയുടെ ഒഴുക്കിൽ അഥവാ ട്രാഫിക്കിൽ വരുന്ന പിഴവ്. ഏതു പിഴവും അപകടം സൃഷ്ടിക്കും. ചില അപകടങ്ങൾ പ്രത്യക്ഷം. റോഡിലെ ട്രാഫിക്കില്‍ പിഴവ് വന്നാലുണ്ടാകുന്ന അപകടം പ്രത്യക്ഷം. എന്നാൽ ആ അപകടത്തിലേക്കു നയിക്കുന്നതിന് കാരണമാകുന്ന വ്യക്തികളിലെ പോരായ്മകൾ സ്വഭാവപരമായ ട്രാഫിക്കിലെ പിഴവുകൊണ്ട് സംഭവിക്കുന്നതാണ്. മദ്യപാനവും അത്തരത്തിലൊരു ട്രാഫിക് പിഴവാണ്. എന്നാൽ ആ പിഴവുകളുടെ അപകടം പ്രത്യക്ഷമല്ല. ഒരുപക്ഷേ കണ്ടെത്തുക തന്നെ പ്രയാസമായെന്നിരിക്കും. ഏതു ട്രാഫിക്കാണെങ്കിലും വ്യക്തിയിൽ സംഭവിക്കുന്ന ഗുണവും ദോഷവും ശ്രദ്ധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രാഫിക്ക് വൃത്തിയാവുമ്പോൾ ശ്രദ്ധ വർധിക്കുന്നു. അതുപോലെ ശ്രദ്ധ വർധിക്കുമ്പോഴും ട്രാഫിക് വൃത്തിയാകുന്നു. ഹൈവേകളിലെ ഓർമ്മപ്പെടുത്തൽ വാചകം നല്ല ഉദാഹരണം. ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു. ശ്രദ്ധയിൽ നിന്നുള്ള ഓരോ അകലവും അപകടത്തിലേക്കുള്ള അടുപ്പമാണ്. അത് എവിടെ സംഭവിച്ചാലും. മദ്യപാനത്തിനു പകരം ശ്രദ്ധേയമായ രീതിയിൽ മദ്ധ്യപാനം എന്ന് പ്രദർശിപ്പിച്ചാൽ അത് ഏറ്റവും വലിയ അശ്രദ്ധയുടേയും  അപരാധത്തിന്റേയും ഉദാഹരണമാണ്. ഭാഷ പഠിക്കുന്ന വിദ്യാർഥികൾ തെറ്റ് പഠിക്കുന്നു. ഭാഷ അറിയുന്നവർ ആ തെറ്റിലെ അശ്രദ്ധയിലൂടെ സർക്കാറിന്റെ അശ്രദ്ധയെക്കുറിച്ച് അവരറിയാതെ അവരുടെ ഉള്ളിൽ ബോധം രൂപപ്പെടുന്നു. അതിനാൽ വഴിപാടുപോലെ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ ജനം കണ്ടുപോകും. അതിലൂടെ ട്രാഫിക് പോലീസ് പല സ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്ന നിർദ്ദേശങ്ങളോട് ആത്മാർഥമായ പ്രതികരണം ഉണ്ടാവില്ല. ട്രാഫിക് നിർദ്ദേശങ്ങൾക്ക് വലിയ വില കൽപ്പിക്കേണ്ടതില്ല എന്നൊരു തോന്നൽ യാത്രികരുടെ അബോധമനസ്സിൽ രൂപം കൊണ്ടാൽ അത് അശ്രദ്ധയെ വർധിപ്പിക്കുകയും അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഇത് ഇത്തരത്തിൽ അബദ്ധപഞ്ചാംഗം പ്രദർശിപ്പിക്കുന്നതിലെ പരോക്ഷ അപകടങ്ങളാണ്. അതായത് അപകടം ഒഴിവാക്കാൻ പ്രദർശിപ്പിക്കുന്ന ബോർഡ് തന്നെ അപകടത്തെ വരുത്തിവയ്ക്കുന്ന ഗതി. അതിനാൽ വെറുമൊരു തെറ്റായി  ട്രാഫിക് പോലീസിന്റെ മദ്ധ്യപാനത്തെ കാണാൻ പാടില്ല. തെറ്റുകൾ ആർക്കും സംഭവിക്കും. അതു സംഭവിച്ചുകഴിഞ്ഞാൽ തിരുത്തുക മാത്രമേ നിവൃത്തിയുള്ളു. അതിനാൽ എത്രയും വേഗം മദ്ധ്യപിച്ച് എന്നത് മദ്യപിച്ച് എന്നാക്കി മാറ്റേണ്ടതാണ്. അല്ലെങ്കിൽ മദ്യപിക്കാതെ വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധകൂടി നശിച്ച് അത് അപകടത്തിന് കാരണമാകും. അത് ആ തെറ്റിന്റെ പ്രത്യക്ഷ അപകടവും. കാരണം ആ ബോർഡ് കണ്ടാൽ മലയാളമറിയുന്നവരാണെങ്കിൽ എങ്ങിനെ ചിരിക്കാതിരിക്കും. അതിലൂടെ അൽപ്പനേരത്തേക്കെങ്കിലും വാഹനമോടിക്കുന്നതിലുള്ള ശ്രദ്ധ നഷ്ടമാകും. മദ്യപിച്ചാണെങ്കിലും അല്ലാതെയാണെങ്കിലും വാഹനമോടിക്കുമ്പോൾ ശ്രദ്ധ നഷ്ടമായാൽ ഫലം ഒന്നു തന്നെ. അപകടം.