കലഹസിംഹാസനം പിടിച്ചടക്കിയ സി.പി.ഐ

Glint Staff
Mon, 13-02-2017 11:30:15 AM ;

 

വഴക്ക് മോശമായ കാര്യമാണ്. കാരണം അതു നിലവിലുള്ള അവസ്ഥ ഏതാണെങ്കിലും അതിനെ മോശമാക്കുകയേ ഉള്ളൂ. വഴക്കിനേക്കാൾ മോശമായ  അവസ്ഥയാണ് കലഹത്തിന്റേത്. ഭാര്യയും ഭർത്താവും തമ്മിലോ സഹോദരങ്ങൾ തമ്മിലോ അതുപോലെ വളരെ വേണ്ടപ്പെട്ടവർ തമ്മിലോ ചിലപ്പോൾ വഴക്കുണ്ടാകാറുണ്ട്. അത് കുറച്ചു സമയം കഴിയുമ്പോൾ തണുത്തില്ലാതാവുകയും ചെയ്യും. എന്നാൽ അതുപോലെയല്ല കലഹം. വഴക്കു ശീലമായി സ്വസ്ഥത നശിക്കുന്നതിന് കാരണമാകുന്ന പ്രതിഭാസമാണ് കലഹം. ചില അപൂർവ്വം സന്ദർഭങ്ങളിൽ വഴക്കും കലഹവുമൊക്കെ ചില നേട്ടങ്ങൾ ഉണ്ടാക്കിയേക്കും. അതിൽ നിന്നാണ് കലഹം താരമായതും ആകുന്നതും. കുട്ടികൾ വാശി പിടിച്ചു കരഞ്ഞു കാര്യങ്ങൾ നേടുന്ന അതേ പ്രക്രിയ തന്നെയാണ് മുതിർന്നവരും കലഹത്തിലേർപ്പെടുമ്പോൾ നടക്കുന്നത്. കുട്ടികളിൽ അത് വളർച്ചയുടെ ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ മുതിർന്നവരിൽ അത് വൈകല്യമാണ്. വ്യക്തികളിൽ അതു മാറാതെ നിൽക്കുകയാണെങ്കിൽ ചികിത്സിച്ചു മാറ്റേണ്ടതും.

 

മലയാളികളുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ് കലഹപ്രിയത. കലഹം മൂത്താൽ തല്ലു തുടങ്ങി കൊല വരെ നീളുന്നു. മലയാളിയുടെ രാഷ്ട്രീയാഭിമുഖ്യവും ഇത്തരത്തിലാണെന്ന് കഴിഞ്ഞ അറുപതു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കലഹത്തിലൂടെ നേടുന്നതൊന്നും നിലനിൽക്കില്ല. കാരണം അത് നീതിപൂർവ്വകമായി സംഭവിക്കുന്നതല്ല. കുട്ടികൾ വാശി പിടിക്കുന്നതു തന്നെ നോക്കിയാൽ അറിയാം. കടയുടെ മുന്നിൽ വച്ചു വിലകൂടിയ ഒരു കളിപ്പാട്ടത്തിന് കുട്ടി വാശി പിടിക്കുകയാണെങ്കിൽ രക്ഷാകർത്താക്കൾ ആദ്യം അതു വേണ്ടെന്നു പറയുന്നത് അതു തങ്ങളുടെ ബജറ്റിന് താങ്ങാനാവില്ലെന്നുള്ള ധാരണയിൽ നിന്നുമാകാം. ഇനി അതല്ല, കാരണം ഏതു തന്നെയായാലും അവർക്ക് അത്രയും തുക ചിലവഴിക്കുമ്പോൾ പ്രയാസമുണ്ടാകും. എന്നു വെച്ചാൽ വേദന. ആ വേദന രക്ഷാകർത്താക്കളുടെ ആ കുട്ടിയോടുള്ള ഭാവി പെരുമാറ്റത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കും. അതു കുട്ടിക്ക് കൂടുതൽ അസുഖകരമായ അനുഭവങ്ങൾ ഭാവിയിൽ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. സമൂഹത്തിലും കലഹം ഈ സാഹചര്യം തന്നെയാണ് സൃഷ്ടിക്കുക.

 

എന്തു തന്നെയായാലും ഇപ്പോഴും എല്ലാ രാഷ്ട്രീയ പാർട്ടികളും എപ്പോഴും കലഹത്തിലാണ്. കലഹത്തിനാണ് നല്ല മാർക്കറ്റ് എന്നുള്ളതുകൊണ്ട്. കലഹത്തിന്റെ ഉഗ്രമൂർത്തി രാഷ്ട്രീയ പ്രസ്ഥാനമായാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഉഗ്രകലഹകാരികൾ കൂടുതൽ ജനപിന്തുണ നേടി വലിയ പ്രസ്ഥാനമായി. കുറച്ചു കഴിഞ്ഞപ്പോൾ കലഹത്തിന് മൂർഛ പോരെന്നു കണ്ട് പലരും അത്യുഗ്രകലഹകാരികളായി പിരിഞ്ഞു പോയി. ഉദാഹരണത്തിന് നക്‌സലൈറ്റ് പ്രസ്ഥാനം. ഇടത്തരം കലഹങ്ങളുമായി മാർക്‌സിസ്റ്റ് പാർട്ടിയും മുന്നോട്ടു പോയി. ക്രമേണ കലഹം ഒരു വഴിപാടു പോലെയായി. വഴിപാട് അങ്ങനെ നടന്നുകൊണ്ടിരിക്കും. ശീട്ടാക്കി കാത്തുനിന്ന് നട തുറക്കുമ്പോൾ പ്രസാദം വാങ്ങിപ്പോവുക. അത്ര തന്നെ. അല്ലാതെ വഴിപാടിന്റെ പേരിൽ എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്നൊന്നും വഴിപാടു ചെയ്യുന്നവർ നോക്കാറില്ല.

vs achuthanandan

 

കലഹം വഴിപാടായ സമയത്താണ് ഉള്ളിൽ നിന്നുകൊണ്ട് വി.എസ് അച്യുതാനന്ദന് പാർട്ടി നേതൃത്വത്തോട് കലഹം തോന്നിയത്. ആ ഒഴിഞ്ഞുകിടക്കുന്ന കലഹയിടം കണ്ടെത്തിയതോടു കൂടി അച്യുതാന്ദൻ കേരളത്തിലെ കലഹമൂർത്തിയായി പ്രതിഷ്ഠിക്കപ്പെട്ടു. കാര്‍മേഘം ചിലയിടത്ത് അധികനേരം പെയ്യാതെ നിന്നാൽ പോലും അച്യുതാനന്ദനെ അറിയിച്ച് കലഹപ്രഖ്യാപനം നടത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി. അതദ്ദേഹം കുശാലായി ഉപയോഗിക്കുകയും പ്രയോജനം കാണുകയും ചെയ്തു. ഒരു തവണ മുഖ്യമന്ത്രിയാകാനും അതിനു ശേഷം പ്രതിപക്ഷ നേതാവാകാനും ഇപ്പോൾ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമൊക്കെ ആകാൻ അതദ്ദേഹത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തു. മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുപോലും കലഹകാലയളവിൽ അച്യുതാനന്ദന്റെ ഖ്യാതി പരന്നു.

 

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതിന്റെ പിന്നിലും അച്യുതാനന്ദന്റെ ജനപിന്തുണ സഹായിച്ചിട്ടുണ്ട്. അതിന്റെ ഉപകാരസ്മരണയെന്ന നിലയിൽ കേന്ദ്ര നേതൃത്വത്തിന്റെ, പ്രത്യേകിച്ചും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ, സമ്മാനമാണ് ഇപ്പോഴത്തെ പദവി. പണ്ട് ആര്‍ക്കൊക്കെയും എന്തിനൊക്കെയും എതിരെയായിരുന്നോ സി.പി.ഐ.എം കലഹിച്ചിരുന്നത് അതിനോടെല്ലാം നല്ല ചങ്ങാത്തത്തിലാണ് ഇപ്പോൾ ഔദ്യോഗികമായി പാർട്ടിയും സർക്കാരും. ആ കലഹസിംഹാസനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അച്യുതാനന്ദന്റെ കലഹത്തിന് കമ്പോള നിലവാരം പഴയതുപോലില്ല. ആ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം വളരെ ആർത്തിയോടെ പിടിച്ചടക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. അതുകൊണ്ടാണ് പണ്ട് സി.പി.ഐ.എം പുറത്തെടുത്ത അടവുകളെല്ലാം അവരിപ്പോൾ പുറത്തെടുക്കുന്നത്.

 

എന്നിരുന്നാലും ആ കലഹസിംഹാസനത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകതയാണ് മലയാളിയുടെ സ്വഭാവവുമായി പെട്ടന്ന് ചേർന്നു നിൽക്കുന്നത്. ആ പ്രത്യേകത ബി.ജെ.പിയുടെ അടവുകൾക്ക് പൂർണ്ണമായില്ല. കാരണം അവരുടെ കലഹം പുറത്തുനിന്നാണ്. അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്. ഏതാണ്ട് ഇരിക്കാനായി തുടങ്ങുന്ന അവസ്ഥ വരെയെത്തി. തങ്ങളുടെ ആചാര്യനായ എം.എൻ ഗോവിന്ദൻ നായരാണ് ലോ അക്കാദമിക്ക് സ്ഥലവും എല്ലാം 1968-ൽ അനുവദിച്ചുകൊടുത്തത്. അതിനാൽ ഇന്ന് ഏറ്റവും കൂടുതൽ പഴി ഏൽക്കേണ്ടിയിരുന്നത് സി.പി.ഐ ആയിരുന്നു. എന്നാൽ  പാർട്ടി ഓഫീസായ എം.എൻ സ്മാരകത്തിലിരുന്നുകൊണ്ട് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ അച്യുതാനന്ദൻ മോഡൽ കലഹത്തിലേക്കു നീങ്ങാൻ തന്നെ തീരുമാനിച്ചു. എം.എന്നെ തന്നെ തിരുത്തിക്കൊണ്ട് സി.പി.ഐ.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് എതിരെ തങ്ങളുടെ കുട്ടികളെ രംഗത്തിറക്കി സമരം ചെയ്യിച്ചുകൊണ്ട്.

kanam rajendran

 

അക്കാദമി സമരത്തിൽ സി.പി.ഐ.എം വല്ലാതെ വിഷമിച്ചു പോയി. ആ വിഷമത്തിൽ നിന്ന് അവരിപ്പോഴും കര കയറിയിട്ടില്ല. ഈ സമരത്തിൽ അടിമുടി അച്യുതാനന്ദൻ ഒരു ഘടകമാണ്. കാരണം അക്കാദമി ഡയറക്ടർ നാരായണൻ നായർ  സി.പി.ഐയാണ്. അന്നത്തെ റവന്യു മന്ത്രി കെ.ആർ ഗൗരിയമ്മയുടെ സമ്മതമില്ലാതെ ഭൂമി ദാനം ചെയ്തത് എം.എന്നാണ്. ഇപ്പോൾ ഭരിക്കുന്നത് ഇടതുപക്ഷമാണ്. സർക്കാരിൽ റവന്യു കൈകാര്യം ചെയ്യുന്നത് സി.പി.ഐയും. റവന്യു സെക്രട്ടറി പി.എച്ച് കുര്യൻ ഉഗ്രൻ റിപ്പോർട്ടും കൊടുത്തു കഴിഞ്ഞു. അതിന്‍റെ ആദ്യ പടിയായി പുറമ്പോക്കിൽ അക്കാദമി നിർമ്മിച്ച ഗേറ്റ് പൊളിക്കാൻ നോട്ടീസ് കൊടുത്തു. അതു പൊളിക്കാഞ്ഞതിനെ തുടർന്ന് സർക്കാർ അത് പൊളിച്ചു നീക്കി. അച്യുതാനന്ദനു പോലും കഴിയാതിരുന്ന ഉഗ്രൻ ഔദ്യോഗിക കലഹം. അക്കാദമി സ്ഥലം പിടിച്ചെടുക്കുക എന്നതിനേക്കാളുപരി സി.പി.ഐ.എമ്മിന് നഷ്ടമായത് തട്ടിയെടുക്കാനാണ് സർക്കാരിനുള്ളിൽ നിന്നുകൊണ്ട് മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നതിലൂടെ സി.പി.ഐ ശ്രമിക്കുന്നത്. പണ്ട് ഉമ്മൻ ചാണ്ടി അച്യുതാനന്ദനെ അഭിനന്ദിക്കാറുള്ളതുപോലെ ഇപ്പോൾ അക്കാദമി സമരം കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സി.പി.ഐയ്ക്ക് കൊടുത്ത സർട്ടിഫിക്കറ്റ് ഒന്നു കാണേണ്ടതാണ്. പുളകം കൊള്ളിക്കുന്നതായിരുന്നു അത്.

 

അക്കാദമി മാനേജ്‌മെന്റിന്റെ ഭാഗമാണ് മുതിർന്ന സി.പി.ഐ.എം നേതാവും അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ അനുജനുമായ കോലിയക്കോട് കൃഷ്ണൻ നായർ. ഈ ഘടകവും തങ്ങളുടെ കലഹത്തിനും അതനുസരിച്ചുള്ള പൊളിച്ചടുക്കൽ നടപടിക്കും മൂന്നാറിലെ അച്യുതാനന്ദന്റെ പൊളിക്കലിനേക്കാൾ റേറ്റിംഗ് കൂട്ടുമെന്ന് സി.പി.ഐയ്ക്ക് അറിയാം. അച്യുതാനന്ദൻ ഒരോ തവണ കലഹത്തിന്റെ വെടി പൊട്ടിക്കുമ്പോഴും ഉയർന്നു വരുന്ന ചർച്ച അച്യുതാനന്ദനാണ് യഥാർഥ കമ്മ്യൂണിസ്‌റ്റെന്നായിരുന്നു. സി.പി.ഐ.എമ്മുമായി പിണങ്ങിക്കഴിയുന്ന ബുദ്ധിജീവികൾ ചാനലുകളിൽ വന്ന് അതിന് സാക്ഷ്യപത്രവും നൽകിയതോടും കൂടിയാണ് ഒന്നര പതിറ്റാണ്ട് കേരളത്തിൽ അച്യുതാനന്ദൻ ഘടകം നിലനിന്നത്. ആ സ്ഥാനത്തേക്ക് യഥാർഥ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ എന്ന് വരുത്തിത്തീർത്ത്  പാർട്ടിയുടെ അംഗസംഖ്യ കൂട്ടിയില്ലെങ്കിലും സി.പി.ഐ.എമ്മുമായി എല്ലാ തലത്തിലുമുള്ള വിലപേശൽ ശേഷി കൂട്ടാനും ജനപിന്തുണ നേടാനും കഴിയുമെന്നതാണ് കാനത്തിന്റെ കണക്കു കൂട്ടൽ. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വാങ്ങിയെടുക്കാനും അതു വഴിയൊരുക്കും. ആ ഗതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്നുണ്ട്.

 

കൃത്യമായ ഇടവേളകളിൽ കലഹസിംഹാസനത്തിൽ ഇരുന്നുകൊണ്ട് ഇത്തരം കലഹ വെടിക്കെട്ടുകൾ സൃഷ്ടിക്കുകയാണ് സി.പി.ഐയുടെ ഉദ്ദേശ്യവും. അടുത്ത വെടിക്കെട്ടും താമസിയാതെ ഉതിർക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായി ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയെ മൂലധന സ്രോതസ്സുകളിലേക്ക് ബോധപൂർവ്വം പരസ്യമായി അടുപ്പിക്കുകയാണെന്ന ആക്ഷേപം കാനത്തിന് ഉണ്ടെന്നാണറിയുന്നത്. ദൂരമില്ലാത്ത ഇടവേളകളിൽ മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് എം.എ യൂസഫലിയെ പോലുള്ളവര്‍ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നത് കാനത്തിന് അസ്‌കിത ഉളവാക്കിയിട്ടുണ്ടത്രെ.

Tags: