കച്ചവടസ്ഥാപനങ്ങൾ നടത്തുന്ന സർഗ്ഗാത്മക രാഷ്ട്രീയ ഇടപെടലുകൾ

Glint Guru
Mon, 25-07-2016 03:45:30 PM ;

 

വോട്ടു നേടാനുള്ള കപടനാടകപ്രകടനമെന്ന സമവാക്യം രാഷ്ട്രീയത്തിനു വന്നിട്ടുണ്ട്. വളരെ ആദർശശാലികളായ നേതാക്കൾ പോലും രാഷ്ട്രീയത്തെ പല സന്ദർഭങ്ങളിലും അനഭിലഷണീയമായ പ്രതിഭാസമെന്നോണം ഉപയോഗിക്കാറുണ്ട്. ഉദാഹരണം, 'ഇതിൽ രാഷ്ട്രീയം കാണാൻ പാടില്ല' എന്ന പ്രയോഗം. എന്നാൽ രാഷ്ട്രീയമാണ് ഒരു ജനതയുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്. ജനായത്തത്തിന്റെ പ്രാണവായുവാണ് രാഷ്ട്രീയം. കാരണം ജനജീവിതത്തെ സ്വതന്ത്രമാക്കുക എന്നതാണ് ജനായത്തത്തിന്റെ ആകെ സത്ത. ഓരോ കാലഘട്ടത്തിലും മനുഷ്യനു മുൻപിൽ അസ്വാതന്ത്ര്യത്തിന്റേതായ ഏതെങ്കിലും വിഷയങ്ങളുണ്ടാകും. ആ അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങാതെ നോക്കുക, നീങ്ങുന്ന പക്ഷം അതിൽ നിന്നും മോചിപ്പിക്കുക എന്നു വരുന്നിടത്താണ് രാഷ്ട്രീയത്തിന്റെ പ്രസക്തി.

 

വർത്തമാനകാലത്തിൽ ഓരോ വ്യക്തിയും, എന്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾ പോലും നേരിടുന്ന മുഖ്യവിഷയമാണ് വിഷമയമായ ഭക്ഷ്യവസ്തുക്കളും ഭക്ഷണങ്ങളും വായുവും ജലവുമൊക്കെ. ഈ ഘടകങ്ങളാൽ മനുഷ്യൻ പലവിധ രോഗങ്ങളുടെയും തടവറയിലാകുന്നു. എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയും ഇതുവരെ തങ്ങളുടെ മുഖ്യ അജണ്ടയായി ഈ വിഷയത്തെ കണ്ടിട്ടില്ല. ഒഴുക്കൻ മട്ടിൽ തെരഞ്ഞെടുപ്പു വരുമ്പോൾ ചില കക്ഷികൾ അല്ലെങ്കിൽ മുന്നണികൾ പ്രകടനപത്രികയിൽ ഇവ ഉൾപ്പെടുത്തുമെന്നു മാത്രം.

 

രാഷ്ട്രീയകക്ഷികളും സാമൂഹ്യസംഘടനകളും വ്യക്തികളും മറന്ന, മറക്കുന്ന രാഷ്ട്രീയം ഹോട്ടൽ നടത്തിപ്പുകാർ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. അതും മുഖ്യമായും ഹോട്ടലുകളിലൂടെ വ്യാപിച്ച  വിപത്തിനെതിരെ. എറണാകുളം തൃപ്പൂണിത്തുറയിലെ എൻ എം കൗണ്ട് വെജിറ്റേറിയൻ റസ്റ്റാറന്റിൽ വളരെ പ്രകടമായി അവർ ഒരു നോട്ടീസ് പതിച്ചിരിക്കുന്നു, 'ഞങ്ങൾ ഇവിടെ ഭക്ഷണവസ്തുക്കളിൽ അജിനമോട്ടോയോ കൃത്രിമ നിറങ്ങളോ ചേർക്കുന്നതല്ല' എന്ന്. കേരളത്തിൽ വർധിതമായ തോതിൽ കാണുന്ന അർബുദ രോഗങ്ങളുടെയും ഉദരരോഗങ്ങളുടെയും മുഖ്യകാരണങ്ങളിൽ ഒന്ന് ഭക്ഷണസാധനങ്ങളിലെ ഈ വിഷാംശങ്ങളാണ്.

 

പല വിദേശരാജ്യങ്ങളും കർശനമായി നിരോധിച്ചിട്ടുള്ള ഒന്നാണ് അജിനമോട്ടോ. കൃത്രിമ നിറങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നുള്ളത് ഏവർക്കുമറിയാവുന്ന വസ്തുത തന്നെ. അതുകൊണ്ടാണ് പരമാവധി ഉപയോഗിക്കാവുന്ന കൃത്രിമ നിറത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

 

1980കൾ വരെ സിനിമാ പോസ്റ്ററുകളും അതുപോലുള്ള ചുമർപോസ്റ്ററുകൾ ഒട്ടിക്കാൻ വേണ്ടി മാത്രം കേരളത്തിൽ ഉപയോഗിച്ചിരുന്ന വസ്തുവായിരുന്നു മൈദ. പെട്ടന്നാണ് മൈദ മലയാളിയുടെ ദേശീയ ഭക്ഷണം പോലെ സ്ഥാനം പിടിച്ചത്. പൊറോട്ടായുടെ കടന്നുകയറ്റം അമ്മാതിരിയായിരുന്നു. എന്തായാലും മലയാളിയുടെ 'ദേശീയഭക്ഷണ' നിലയിൽ നിന്ന് പൊറോട്ടാ ക്രമേണ പിൻതള്ളപ്പെടുന്നതിന്റെ ശക്തമായ സൂചനകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ബേക്കറി ഭക്ഷണങ്ങൾ മറ്റെന്നത്തേക്കാളും വ്യാപകമായ തോതിൽ ഇപ്പോൾ വിറ്റഴിയുന്നു. അതുപോലെ മലയാളിയുടെ ഭക്ഷണപ്പട്ടികയിലേക്ക് കടന്നുവന്ന പിസ്സയും ബർഗ്ഗറുമെല്ലാം. ഇതിലെല്ലാം മൈദയും അജിനമോട്ടോയും തുടങ്ങിയ വിഷവസ്തുക്കളുടെ രുചിക്കൂട്ടുകളാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണാ സ്വീറ്റ്‌സ് ബേക്കറി ചങ്ങലക്കാർ തങ്ങളുടെ ഭക്ഷണസാധനങ്ങളിൽ നിന്ന് മൈദയെ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. ഗോതമ്പിൽ നിന്നും മാറ്റുന്ന അവസാനത്തെ ചണ്ടിയായ മൈദയുടെ ദോഷങ്ങളെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കാനും കൃഷ്ണ സ്വീറ്റ്‌സുകാർ തയ്യാറാവുന്നു.

 

എൻ എം കൗണ്ട് റസ്റ്റാറന്റുകാരും കൃഷ്ണാ സ്വീറ്റ്‌സുകാരുമൊക്കെ ഈ നിലപാട് എടുക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നത് അവരുടെ ബിസിനസ്സ് വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയായിരിക്കും. ബിസിനസ്സിലെ ലാഭവർധനയ്ക്കു വേണ്ടിയാണ് ഇവയൊക്കെ ഉപയോഗിച്ചു തുടങ്ങിയതും ഇപ്പോഴും തുടർന്നുവരുന്നതും. ആ നിലയ്ക്ക് അതിൽ നിന്നുള്ള ഒരു തിരിഞ്ഞുനടത്തം എന്തിന്റെ പേരിലാണെങ്കിലും, അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയം കാണാതെ പോകപ്പെടാൻ പാടില്ല. മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയമെങ്കിൽ ഈ ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും പുറപ്പെടുന്ന സന്ദേശം വർത്തമാനകാല കേരളത്തിലെ ഏറ്റവും  വലിയ രാഷ്ട്രീയ സന്ദേശവും അതിന്റെ പ്രയോഗവുമാണ്.

 

വർത്തമാനകാല സമൂഹത്തിന്റെ ഏറ്റവും വലിയ അപചയമെന്നത് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ്. അത് സംഭവിക്കാൻ കാരണവും രാഷ്ട്രീയത്തിലെ ച്യുതി നിമിത്തമാണ്. കാരണം ഏത് സംസ്‌കാരവും ജനാധിപത്യത്തിൽ നിർണ്ണയിക്കപ്പെടുന്നത് രാഷ്ട്രീയത്തിലൂടെയാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധമില്ലായ്മയാണ്. ജനങ്ങൾക്കുവേണ്ടിയാണ് താനും തന്റെ പ്രസ്ഥാനവും നിലകൊള്ളുന്നതെന്ന് ഓരോ നേതാവും ഉറക്കെ പ്രഖ്യാപിക്കുന്നു. അതിനു ശേഷം വ്യക്തിപരമായ സ്ഥാനമാനങ്ങൾക്കുവേണ്ടി ലജ്ജയില്ലാതെ പരസ്യമായി എല്ലാ അനഭിലഷണീയ പ്രവൃത്തികളിലും ഏർപ്പെടുന്നു. ആ പശ്ചാത്തലത്തിൽ ഈ ഹോട്ടലും ബേക്കറി ശൃംഖലയും ആരംഭിച്ച രാഷ്ടീയം വാക്കും പ്രവൃത്തിയും തമ്മിലുള്ള ബാന്ധവത്തിന്റേതാണ്. ഇത് രാഷ്ട്രീയ പ്രവർത്തകരും പ്രസ്ഥാനങ്ങളുമുൾപ്പടെയുളളവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്. രോഗങ്ങളിൽ നിന്നും അനാരോഗ്യങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള, മാറ്റത്തിലേക്കുള്ള സൂചനയാണ് ഈ കച്ചവടസ്ഥാപനങ്ങളിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങൾ. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് വിഷാംശങ്ങളെ അകറ്റുന്നു എന്ന ദൗത്യത്തിനു പുറമേ രോഗങ്ങളുടെ പാരതന്ത്ര്യത്തിലേക്ക് അകപ്പെടുന്നതിൽ നിന്ന് മുക്തമാക്കുന്നതിനാവശ്യമായ അവബോധ സൃഷ്ടി ഈ നിലപാടുകളും പ്രഖ്യാപനങ്ങളും സാധ്യമാക്കുന്നിടത്താണ് ഇത് രാഷ്ട്രീയ പ്രക്രിയയായി മാറുന്നത്.

 

രാഷ്ട്രീയത്തെ സ്വകാര്യ ലാഭങ്ങൾക്ക് കച്ചവടമാക്കിയ ഭൂമികയിൽ കച്ചവടസ്ഥാപനങ്ങൾ രാഷ്ട്രീയം കണ്ടെത്തുകയും അതു പ്രയോഗിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നു തോന്നാം. എങ്കിലും അതിന്റെ പിന്നിൽ ലാഭേച്ഛയുണ്ടെങ്കിലും മനുഷ്യസ്‌നേഹവും പൊതു നന്മയും കാണാതിരിക്കാനും കഴിയില്ല. കൊടുക്കൽ വാങ്ങൽ ഇല്ലെങ്കിൽ സമൂഹത്തിന് നിലനിൽക്കാനാവില്ല. യഥാർഥ രാഷ്ട്രീയത്തിന്റെയും പ്രയോഗത്തിന്റെയും അഭാവത്തിലാണ് കച്ചവടത്തിൽ അനഭിലഷണീയ പ്രയോഗങ്ങളും അത്യാർത്തിയും കടന്നുകൂടുന്നത്. ഈ ഡിജിറ്റൽ യുഗത്തിൽ സുതാര്യതയും സംയോജിതത്വവും അതിന്റെ സ്വഭാവമായതിനാൽ രാഷ്ട്രീയമായ കാഴ്ചപ്പാടും അതിനനുസരിച്ച ഇച്ഛാശക്തിയുമുണ്ടെങ്കിൽ കച്ചവടത്തെ വിപരീത സമവാക്യത്തിൽ നിന്ന് മോചിപ്പിച്ച് അനുകൂല സമവാക്യത്തിലെത്തിക്കാവുന്നതേ ഉള്ളൂ. അതിന്റെ അഭാവത്തിൽ ഇത്തരം ചെറുനീക്കങ്ങളെ വിപരീത ദിശയിലുള്ള ശുഭ സൂചകങ്ങളായി കാണാം.

Tags: