ഡിം തരാത്ത ‘ഒരുത്തൻ’, ഡിം കൊടുക്കാത്ത ഡ്രൈവര്‍

Tue, 21-02-2017 10:56:11 AM ;

 

വിദഗ്ധനായ ഒരു ഡ്രൈവർ. എറണാകുളം നഗരത്തില്‍ ഒരു ഏജൻസിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ദേശീയപാതയിലൂടെയുള്ള രാത്രി യാത്രക്കിടയിൽ ഈ ഡ്രൈവർ ഇടയ്ക്കിടെ കാർ നിർത്തി മുഖം കഴുകും. ഉറക്കം വരുന്നതിനാലാകും ഈ ഡ്രൈവർ മുഖം കഴുകുന്നതെന്നു കരുതി. എങ്കിൽ ചായയോ കാപ്പിയോ കുടിക്കണമെങ്കിൽ അതായിട്ട് യാത്ര തുടരാമെന്ന് നിർദ്ദേശിച്ചു. അതദ്ദേഹത്തിന് ഒരു കുറച്ചിൽ പോലെ അനുഭവപ്പെട്ടു: 'ഏയ്, ഉറക്കമൊന്നും വരുന്നില്ല. ഇടയ്ക്കിടയ്ക്ക് കണ്ണിൽ പീള കെട്ടുന്നതുകൊണ്ടാ. ഒരുത്തനും ഡിം തരില്ല. അതുകാരണം ഇപ്പോ ഞാനും കൊടുക്കാറില്ല. അത് ശരിയല്ലല്ലോ. കണ്ണിലിത്തിരി പീള കെട്ടിയാലും വേണ്ടില്ല'.

 

കാറിലുണ്ടായിരുന്നവരെല്ലാവരും തന്റെ വാദത്തോട് യോജിപ്പ് പ്രകടിപ്പിക്കുമെന്ന് സ്വയം കരുതിക്കൊണ്ടാണ് ഈ ഡ്രൈവർ ഇവ്വിധം പറഞ്ഞത്. സംഗതി വളരെ ശരിയാണ്. ആരും തന്നെ ഹൈബീം മാറ്റി എതിരെ വരുന്ന വാഹനങ്ങൾക്കും തങ്ങൾക്കും സുഗമമായി കടന്നുപോകത്തക്ക വിധം പെരുമാറുന്നില്ല. ഇതു പലരും പറഞ്ഞു കേൾക്കാറുള്ള കാര്യമാണ്. കേരളത്തിലെ, വിശേഷിച്ചും എൻ എച്ച് 47ലൂടെ രാത്രിയിലുള്ള യാത്ര ഭാഗ്യപരീക്ഷണമാണ്. വഴിയോരങ്ങളിൽ മിക്കയിടത്തും തെരുവു വിളക്കുകൾ ഇല്ല. അതിനാൽ ഇരുവശവും കൂറ്റിരിട്ടാണ്. അതിനാൽ എതിരെ വരുന്ന വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കൂടുതൽ ഇരുട്ടായി കാണുന്ന ആ ഭാഗത്തുകൂടെ രണ്ടും കൽപ്പിച്ച് ഓടിച്ചുപോവുകയേ നിവൃത്തിയുള്ളു. എത്രമാത്രം ഇടതു ഭാഗത്തേക്ക് മാറാമെന്നുള്ളതിന് ഒരുദ്ദേശ്യവും ഉണ്ടാവില്ല. എന്നാൽ ലൈറ്റ് ഡിം ചെയ്യുകയാണെങ്കിൽ അത്യാവശ്യം റോഡ് ധാരണ കിട്ടുകയും ചെയ്യും.

 

ഈ യുവഡ്രൈവർ സ്ഥിരമായി ഹൈവേയിലൂടെ രാത്രി വാഹനമോടിക്കുന്ന ഒരാളാണ്. ഇദ്ദേഹം ഇപ്പോൾ ലൈറ്റ് ഡിം ചെയ്യാത്തത് ഒരു പ്രതികാര മനോഭാവത്തിലാണ്. ആരോടോണ് പ്രതികാരം ചെയ്യുന്നതെന്ന് അറിയില്ലെങ്കിലും. എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറും ഈ അവസ്ഥയിൽ തന്നെയായിരിക്കും. ഈ ഡ്രൈവറുടെ ‘ഒരുത്തൻ’ പ്രയോഗം ശ്രദ്ധേയമായിരുന്നു. ഈ ഒരുത്തനെ അദ്ദേഹത്തിന് അറിയില്ല. എന്നിരുന്നാലും അറിയാത്ത ഒരുത്തൻ മഹാമോശക്കാരനാണെന്ന് ആ പ്രയോഗത്തിലൂടെ വ്യക്തം. എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർ ഈ ഒരുത്തൻ പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ ഈ വാഹനത്തിലെ ഒരുത്തനെ അറിയാൻ ഈ ഡ്രൈവർക്ക് എളുപ്പമാണ്. ഈ ഒരുത്തൻ പ്രയോഗം ഈ ഡ്രൈവർ സ്വയം നടത്തിയതാണ്.

 

മനുഷ്യൻ ഉണർന്നിരിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ 99 ശതമാനവും അബോധാവസ്ഥയിലാണ് ചെയ്യുന്നത്. മറ്റുള്ളവർ ചെയ്യുന്നത് കണ്ടും കേട്ടും. അങ്ങനെ ഉറച്ചുപോയ ശീലങ്ങൾ. ഒരാൾ ഒരു വൃത്തികേട് തന്നോടു പെരുമാറിയാൽ അതേ വൃത്തികേട് തിരിച്ചു ചെയ്യാമെന്നുള്ള കാഴ്ചപ്പാട്. ഒരു മൂന്ന്-മൂന്നര പതിറ്റാണ്ടിനു മുൻപു വരെ ഈ പെരുമാറ്റത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. വിശേഷിച്ചും വിദ്യാഭ്യാസമുള്ളവരും സാംസ്‌കാരികമായി അൽപ്പം നിലവാരമുണ്ടാകുന്നവരും മറ്റൊരാൾ കാട്ടിയത് വൃത്തികേടാണെന്നു ബോദ്ധ്യപ്പെട്ടാൽ അതാവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ വർത്തമാനകാലത്ത് വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇക്കാര്യത്തിൽ ഒരേപോലെ പ്രവൃത്തിക്കുന്നതു കാണാം. ഒരുപാട്  വിദ്യാഭ്യാസമുള്ള വമ്പൻ ജോലി അലങ്കരിക്കുന്ന ആളുകൾ തന്നെ എതിരെ വരുന്നവർ ലൈറ്റ് ഡിം ചെയ്യാത്തതു മൂലം ബോധപൂർവ്വം ഹൈബീമിട്ടു ബുദ്ധിമുട്ടിക്കുന്നതും ഈ ഡ്രൈവർ പറഞ്ഞപോലെയുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതുമൊക്കെ കാണാം. ഈ സംസ്‌കാരത്തിന്റെ പൂരമാണ് ചാനലുകളിൽ നടക്കുന്ന അന്തിച്ചർച്ച.

 

ഈ സമീപനം ഒരു സൂചിക കൂടിയാണ്. മറ്റൊരാൾ കാട്ടുന്ന പ്രവൃത്തി ശുദ്ധ വൃത്തികേടാണെന്നു ഉത്തമ ബോധ്യമുണ്ട്. എന്നിട്ട് അറിഞ്ഞുകൊണ്ട് അതേ വൃത്തികേട് സ്വയം കാട്ടുമ്പോൾ സ്വയം വൃത്തികെട്ടവനാണെന്ന് പ്രഖ്യാപിക്കുകയാണ്. അതാണ്  ആ ഒരുത്തൻ പ്രയോഗത്തിലൂടെ പ്രകടമാകുന്നത്. താൻ തന്നെത്തന്നെയാണ് ആക്ഷേപിക്കുന്നതെന്ന് ആ ഡ്രൈവർ തിരിച്ചറിയുന്നില്ലെന്നു മാത്രം. അബോധാവസ്ഥയിലായതു കാരണം. സ്വന്തം കണ്ണിനു പീള കെട്ടിയാലും വേണ്ടില്ല, എതിരേ വരുന്ന വാഹനക്കാരന് ലൈറ്റ് ഡിമ്മാക്കിക്കൊടുക്കുന്ന പ്രശ്‌നമില്ല. ഇത് സ്വയം മോശമാക്കുക മാത്രമല്ല, അപകടത്തിനുള്ള സാധ്യതകൾ കൂട്ടുക കൂടി ചെയ്യുകയാണ്. ഹൈബീമിട്ട് എതിർ ഭാഗത്തു നിന്ന് വാഹനം വരുമ്പോൾ റോഡ് ശരിക്കു കാണാൻ കഴിയുന്നില്ല എന്നു മാത്രമല്ല, ആ ലൈറ്റ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കു പുറമേ എതിരെ വരുന്ന വാഹനത്തിലെ അജ്ഞാതനോടോ അജ്ഞാതയോടോ ദേഷ്യവും വരുന്നു. ദേഷ്യം വരുമ്പോൾ ശ്രദ്ധയുടെ മുന്നിൽ വീഴുന്ന ഒരു പാളി,കൂടിയാണത്. അത് ലഭ്യമായ വെളിച്ചത്തിൽ കാണുന്ന റോഡുകൂടി കാണാതാക്കും.

 

എന്നാൽ ലൈറ്റ് ഡിം ചെയ്യുന്ന ശീലത്തോടെ ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഇപ്പോഴും 80 മുതൽ 90 ശതമാനം വരെ എതിരെ വരുന്നവരും ഡിം ചെയ്യുമെന്നുള്ളത് യാഥാർഥ്യമാണ്. ആരെങ്കിലും ചെയ്യുന്നില്ലെങ്കിൽ ഒന്നുരണ്ടു തവണ ആവർത്തിച്ചാൽ തീർച്ചയായും എതിരെ വരുന്നവർ ഡിം ചെയ്യും. എൻ.എച്ച് 47ൽ മിക്കപ്പോഴും പരന്നും കുറുകിയും ഉരുണ്ടുമൊക്കെ വാഹനങ്ങൾ വശങ്ങളിൽ കാണാൻ കഴിയും. അതിവേഗത്തിൽ വരുന്ന വാഹനങ്ങളുടെ കൂട്ടിയിടി കൊണ്ട് സംഭവിക്കുന്നതാണ്. പലരും ലൈറ്റ് ഡിം ചെയ്യാൻ വിട്ടുപോകുന്നത് രാത്രിയിൽ ഉറക്കത്തിലല്ലെങ്കിൽ ഏതാണ്ട് പാതി ബോധത്തിലെന്നപോലെയാണ് വാഹനമോടിക്കുന്നത് എന്നതിനാലാണ്. നല്ല വേഗത്തിൽ ഒരു വച്ചുപിടിക്കൽ. അതിലിങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുക. ഒരവസ്ഥയിലായാൽ ആ അവസ്ഥ അസ്വസ്ഥമാണെങ്കിലും അതിൽ തുടർന്നുപോകാനുള്ള മനുഷ്യന്റെ സവിശേഷ സ്വഭാവത്തിൽ നിന്നാണ് അതു സംഭവിക്കുന്നത്. ശ്രദ്ധ വളരെ പരിമിതമായിരിക്കും ആ അവസ്ഥയിൽ. തുടരുന്ന അവസ്ഥ സുഖം നൽകുന്നു എന്ന തെറ്റിദ്ധാരണ ആ പാതിബോധത്തിൽ മനുഷ്യൻ അനുഭവിക്കുന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖം നഷ്ടമായിപ്പോകും എന്നുളളതാണ് അതിൽ നിന്ന് വ്യതിചലിക്കാൻ മടി വരുത്തുന്നത്. ഒരൊഴുക്ക് കൊടുക്കുന്ന സുഖം. ഡ്രൈവിംഗിൽ ഒട്ടുമിക്ക അപകടങ്ങളുമുണ്ടാകുന്നത് ഈ അവസ്ഥയിലാണ്. ആ ഒഴുക്കിന്റെ ചാലിലൂടെ നീങ്ങുമ്പോൾ ചിലർ മനസ്സിനുള്ളിൽ നല്ല രസികൻ സിനിമയ്ക്ക് തുല്യമായ ചിന്തകളിലേർപ്പെട്ടിരിക്കുകയായിരിക്കും. ഈ അബോധാവസ്ഥയാണ് നിരത്തിലെ ലൈറ്റ് ഡിം ചെയ്യാത്തത് ഒരു പൊതുസ്വഭാവം പൊലെ ആയിത്തീരാൻ കാരണം.

 

രാത്രിയിൽ ലൈറ്റ് ഡിം ചെയ്യേണ്ടിടത്ത് ഡിം ചെയ്ത് ഓടിക്കുകയാണെങ്കിൽ അത് ഓടിക്കുന്ന വ്യക്തികൾക്ക് രാത്രി ഡ്രൈവിംഗിൽ അതൊരു വലിയ ഗുണമായി അനുഭവപ്പെടും. കാരണം അബോധാവസ്ഥയുടെ കാഠിന്യത്തിൽ നിന്നു പുറത്തു വരാം. അതുപോലെ രാത്രിയിൽ ഉറക്കം വരാതിരിക്കാനുളള ഉപാധി കൂടിയാണത്. അശ്രദ്ധയിൽ വീണുപോകാതെ ശ്രദ്ധയിൽ തുടരാനും ഈ ശീലം സഹായിക്കും. ആരും ഡിം ചെയ്യാതെ നീങ്ങുമ്പോൾ ചുരുങ്ങിയ പക്ഷം ഒരാളത് ചെയ്താൽ അതു മറ്റുളളവരേയും അതിലേക്ക് നയിക്കും. ബോധം നശിക്കുമ്പോഴാണ് സ്വയം ബഹുമാനവും നശിക്കുന്നത്. ഡിം ശീലമാക്കുന്നതോടെ അത് സ്വയം ബഹുമാനിക്കാനും കൂടുതൽ ശ്രദ്ധയിലേക്കും വരാൻ സഹായിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. കൂട്ടത്തിൽ അപകട സാദ്ധ്യത പരമാവധി കുറയ്ക്കാനും സഹായിക്കും. ഈ ഡ്രൈവർ പറഞ്ഞ സ്വഭാവം അദ്ദേഹത്തിനും അദ്ദേഹത്തെ പോലുള്ളവർക്കും ഡ്രൈവിംഗിൽ മാത്രം ഒതുങ്ങി നിൽക്കില്ല. അവരുടെ എല്ലാ ബന്ധങ്ങളിലും അത് പ്രേരകശക്തിയായി പ്രവർത്തിച്ചുകൊണ്ടിരിക്കും. അതനുസരിച്ച് അവരുടെ ജീവിതവും അശകൊശയായിക്കൊണ്ടിരിക്കുമെന്നുളളതിൽ സംശയത്തിന്റെ ആവശ്യമില്ല. മറ്റുളളവർ ഡിം ചെയ്യാത്തപ്പോൾ ഡിം ശീലമാക്കിയാൽ ആ ‘ഒരുത്തൻ’ കൂടുതൽ ശ്രദ്ധയിലേക്ക് വരികയും ബഹുമാനിതനാവുകയും ചെയ്യും. അതു അശ്രദ്ധയുടെ ദേശീയപാതയിൽ ശ്രദ്ധയുടെ കണ്ണടച്ചു തുറക്കലുമാകും.