രാവിലെ നാലേകാൽ മണി. എറണാകുളം ജങ്ക്ഷന്‍ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം വെള്ളവും ലോഷനും കലർത്തി വൃത്തിയാക്കുന്ന സ്ത്രീജീവനക്കാർ. അവരുടെ പ്രവൃത്തിയാണങ്കിൽ അങ്ങേയറ്റം പ്രശംസനീയം. അത്രയ്ക്ക് ശുചിയായിട്ടാണ് അവിടം വൃത്തിയാക്കുന്നത്. തുടച്ചു കഴിഞ്ഞാൽ അനാവശ്യമായി ഒരു തുള്ളി വെള്ളം പോലും തളം കെട്ടിനിൽക്കാത്ത വിധമുള്ള വൃത്തിയാക്കൽ. താഴെ ട്രാക്കാണെങ്കിലോ, അതും കഴുകി വൃത്തിയാക്കിയത് വെള്ളം വലിഞ്ഞ് വെടിപ്പായി വരുന്നു. അഴുക്കിന്റെ ഒരു ചെറിയ ശകലം പോലുമെങ്ങുമില്ല. ശരിക്കും ഒരു ക്ഷേത്രാങ്കണം പോല വൃത്തിയായിരുന്നു സൗത്ത് റെയിൽവേ സ്‌റ്റേഷൻ ആ സമയത്ത്. പ്ലാറ്റ്‌ഫോമിൽ ചിലർ കസേരയിലും മറ്റു ചിലർ തറയിലുമൊക്കെ കിടന്നുറങ്ങുന്നുണ്ട്. ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള തീവണ്ടിയില്‍ കയറാനായി ആളുകള്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അനൗൺസ്‌മെന്റ് വന്നിട്ടില്ലാത്തതിനാൽ വിളക്കുകള്‍ മുഴുവനും തെളിഞ്ഞിട്ടില്ല. ആ മനോജ്ഞമായ പ്രഭാതത്തിൽ ഒരു യുവാവ് ചായ കുടിച്ചിട്ട് കൂടെയുള്ളയാളുമായി സംസാരിച്ചുകൊണ്ട് ആ കപ്പ് ട്രാക്കിലേക്ക് ഒറ്റ ഏറ്. വൃത്തിയായ ട്രാക്കിൽ ഒരു മഹാ അശ്ലീലം പോലെ ആ വെള്ളക്കപ്പ് വീണു. ആ യുവാവിന്റെ തൊട്ടു പിന്നിൽ കുപ്പത്തൊട്ടി ഇരിപ്പുണ്ട്. ആ എറിയുന്നതിന്റെയത്രയും ബുദ്ധിമുട്ടില്ലായിരുന്നു കുപ്പത്തൊട്ടിയില്‍ ആ കപ്പ് നിക്ഷേപിക്കുന്നതിന്.
ആ യുവാവിന്റെ ബാഹ്യലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ മലയാളി തന്നെയാണ്. മലയാളവുമാണ് സംസാരിച്ചുകൊണ്ടിരുന്നതും. എന്തുകൊണ്ട് ആ യുവാവ് അവ്വിധം പെരുമാറി? അദ്ദേഹത്തിന് ബോധപൂർവ്വം അവിടം വൃത്തികേടാക്കണമെന്ന വാശി കൊണ്ടാണോ? ആകാൻ വഴിയില്ല. അതൊരു ശീലത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. പക്ഷെ, എത്ര ശീലസ്വാധീനമുണ്ടായാലും മറ്റൊരു ചവറുമില്ലാത്ത ഒരിടത്തേക്ക്, അതും പ്രകടമായി വൃത്തിയായി കിടക്കുന്ന സ്ഥലത്തേക്ക് ചവറ് എറിയണമെങ്കിൽ അതിനൊരു പ്രത്യേക മാനസികാവസ്ഥ വേണം. ആ വൃത്തി ആ യുവാവ് കണ്ടില്ല. പുറത്തു കാണുന്നത് എന്തും അകത്തു നാം അറിയുന്നതാണ്. പ്രഭാതത്തിൽ വളരെ വൃത്തിയായി കിടന്ന ആ ട്രാക്ക് അയാൾ കണ്ടില്ല എന്നുവെച്ചാൽ ആ വൃത്തി അയാളിൽ അനുഭവമായി ഉണ്ടായില്ല. മറിച്ച് തന്റെ മനസ്സിൽ ഉള്ള ട്രാക്ക് വൃത്തികേടുകളാൽ പൂരിതമായ ഒന്നാണ്. അതിനാൽ അവിടേക്ക് എറിയുന്നു. ഒരാൾ ഒരിടത്ത് വേസ്റ്റിട്ടാൽ പിന്നീട് മറ്റുള്ളവർ കൊണ്ടിടുന്നതുപോലെ. ആ വ്യക്തിയുടെ മനസ്സിന് വൃത്തിയുടെ സുഖം ആസ്വദിക്കാൻ കഴിയുന്നില്ല. മാത്രമല്ല, തന്റെയുള്ളിൽ വൃത്തികെട്ട ട്രാക്കാണുള്ളത്. അതു തന്നെ അയാൾ പുറത്തു കാണാനും ആഗ്രഹിക്കുന്നു. ഇതയാൾ അറിയാതെ ചെയ്തുപോകുന്നതാണ്. വൃത്തിയേക്കാൾ ആ മനസ്സിനെ സ്വാധീനിക്കുന്നത് വൃത്തികേടാണ് എന്നുള്ളതാണ് ആ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്.
തന്റെ ഉളളിൽ വൃത്തിയുള്ള ഇടം സൃഷ്ടിക്കുമ്പോഴാണ് ഒരു വ്യക്തി സ്വയം ബഹുമാനിക്കുന്നത്. അഴുക്കു നിറഞ്ഞ സ്ഥലം വൃത്തിയാക്കുമ്പോൾ അവിടം വൃത്തിയാകുന്നു. അപ്പോഴാണ് ഭംഗിയുണ്ടാകുന്നത്. ദുർഗന്ധം വമിക്കുന്ന ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശി പുറത്തിറങ്ങുന്നവരിൽ അഴുക്ക് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും. കാരണം അഞ്ചാറു മണിക്കൂറുകൾ കഴിയുമ്പോൾ സുഗന്ധദ്രവ്യത്തിന്റെ സുഗന്ധം വിട്ട് അത് ശരീരത്തിലെ വിസർജ്യങ്ങളുമായി ഇണചേർന്ന് മറ്റൊരു ദുർഗന്ധവും അഴുക്കുമായി മാറും.
സർക്കാരും സ്ഥാപനങ്ങളും എത്ര തന്നെ ശ്രമിച്ചാലും പൊതു പരിസരങ്ങൾ മലിനമാകാനുള്ള കാരണം പ്രദേശവാസികളിലെ സ്വയം ബഹുമാനമില്ലായ്മകൊണ്ടാണ്. ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുന്ന കൈയ്യുറയും മറ്റുമൊക്കെ ധരിച്ച യുവതി അതു വഴി വന്നപ്പോൾ ഈ കപ്പ് വീണു കിടക്കുന്നതു കണ്ട് ട്രാക്കിലേക്കിറങ്ങി മുഖത്ത് ഒരു പരിഭവമോ കുറ്റപ്പെടുത്തലോ ഇല്ലാതെ ആ പേപ്പർ ഗ്ലാസ്സ് എടുത്ത് കരയക്ക് വച്ച് പിന്നാലെ അവരും പ്ലാറ്റ്ഫോമിലേക്ക് കയറി ആ കപ്പ് കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചു. ആ കപ്പെറിഞ്ഞ യുവാവ് അവിടെ നിൽപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹവും അതു ശ്രദ്ധിച്ചില്ല. ആരുടെയെങ്കിലും ശ്രദ്ധയിൽ അതു പെടണമെന്ന വ്യഗ്രതയോ ആഗ്രഹമോ ആ യുവതിയിൽ കണ്ടതുമില്ല. അവർ ആ ട്രാക്കിൽ കിടക്കുന്ന ചവറു കണ്ടപ്പോൾ അവരിൽ സുഖമില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ടാകും. കാരണം ആ ഒരു കപ്പ് മാത്രമാണ് അവിടെ വീണിട്ടുള്ള ചവറ്. ആ യുവതിയോട് ആരും നിർദ്ദേശിച്ചിട്ടുമല്ല അങ്ങനെ ചെയ്തത്. അത് അവർ അവരോടു തന്നെ കാട്ടിയ ബഹുമാനമാണത്. കാരണം ആ ചവറ് അവിടെ കിടക്കുന്നതു കണ്ടപ്പോൾ അവരുടെ മനസ്സിൽ അതൊരു അഭദ്രകാഴ്ചയെ സൃഷ്ടിച്ചു. അതിൽ നിന്നും സ്വയം മോചിതമാകാനുള്ള ശ്രമമാണ് അവർ നടത്തിയത്. അല്ലെങ്കിൽ അടുത്ത ഊഴത്തിന് മാത്രം വൃത്തിയാക്കേണ്ട ഉത്തരവാദിത്വമേ അവർക്കുള്ളു.
ഈ കപ്പെറിഞ്ഞ യുവാവിനോട് അങ്ങനെ ചെയ്തത് മോശമായെന്നും കഴിവതും ഇനി മേൽ കുപ്പത്തൊട്ടി ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ആരെങ്കിലും പറയുന്നുവന്നിരിക്കട്ടെ. ഒരു സംശയവും വേണ്ട ആ യുവാവ് ആ നിർദ്ദേശവുമായി വരുന്നവരെ വാക്കുകൾ കൊണ്ട് ആക്രമിക്കും. കാരണം അസ്വസ്ഥമായ മനസ്സിന്റെ ഉടമ കൂടിയാണ് ആ വ്യക്തി. മനസ്സിൽ കുന്നുകൂടുന്ന മാലിന്യ ചിന്തകളാണ് മനസ്സിനെ അസ്വസ്ഥമാക്കുന്നത്.