Skip to main content

 

സർ, മാഡം, ചേട്ടാ, ചേച്ചി, അ/ഇച്ചായ, ഇക്ക,താത്ത എന്നിങ്ങനെ പലവിധം ആളുകള്‍ പലരെയും വിളിക്കാറുണ്ട്. ഈ വിളികളെല്ലാം വിളിക്കുന്ന ആളിലേക്ക് ശ്രദ്ധിക്കാൻ വേണ്ടിയാണ്. വിളിക്കുന്ന ആളും വിളിക്കപ്പെടുന്ന ആളും ശ്രദ്ധയിൽ നിലനിൽക്കുമ്പോഴാണ് അവർ തമ്മിലുള്ള ആശയവിനിമയം പരമാവധി നടക്കുകയുള്ളു. എന്നിരുന്നാലും പൂർണ്ണമാകില്ല. ഈ വിളികളിലെ ആയുസ്സ് കൂടുതലുള്ളത് സർ, മാഡം ഒഴികെയുള്ള വിളികൾക്കാണ്. കാരണം, അത് ഒന്നുകിൽ പ്രായത്തിൽ മൂത്തവരായതുകൊണ്ട് ചെറുതിലെ വിളിച്ചു വന്നതാകാം. അല്ലെങ്കിൽ വിളിക്കപ്പെടേണ്ട വ്യക്തിയുമായുള്ള പ്രായവ്യത്യാസം സ്വയം കണക്കിലെടുത്തു വിളിക്കുന്നതുമാകാം. ആ വിളിയിൽ പൊതിഞ്ഞിരിക്കുന്നത് സ്നേഹവും പരിഗണനയുമാണ്. അതു വിളിക്കുന്ന വ്യക്തിയും വിളിക്കപ്പെടുന്ന വ്യക്തിയും ഒരുപോലെ അറിയും. അതാണ് അതിന്റെ സുഖം. ആ സുഖമാണ് ആശയവിനിമയത്തിലെ സമനിലം. ആ സമനിലമാണ് പരമാവധി മനസ്സിലാക്കലിന് സഹായിക്കുന്നത്. ഒറ്റ നോട്ടത്തിൽ അത് വളരെ നിസ്സാരമെന്നു തോന്നും. പക്ഷേ ആ സമനിലത്തിന്റെ വ്യാപ്തി അളക്കാവുന്നതിനുമപ്പുറമാണ്. പരസ്പരം സ്വീകരിക്കുന്നു എന്നുള്ളതാണ് ആ വിളിയിൽ സ്നേഹമുണർന്നാൽ സംഭവിക്കുന്നത്. അതാകട്ടെ പരസ്പരം ബോധപൂർവ്വമായി, എന്നാല്‍ അറിയാതെ സംഭവിക്കുന്നതുമാണ്.

 

കൊച്ചിക്കാർ പ്രായഭേദമില്ലാതെ മൂത്തവർ ഇളയവരെയുൾപ്പടെ ചേട്ടാ, ചേച്ചീ വിളിക്കാറുണ്ട്. അതും പരസ്പരം ആശയവിനിമയ തലം തുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ ഓരോ പ്രദേശത്തും ഓരോ അഭിസംബോധന രീതികളുണ്ട്. ഇവയെല്ലാം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ലയത്തിനു വേണ്ടിയുള്ളതാണ്. പരസ്പരം അഭിസംബോധന ചെയ്ത് സംസാരിക്കാൻ കഴിയാതെ വരുന്ന അവസരത്തിൽ അറിയാൻ കഴിയും, സംസാരിക്കുന്നവർ തമ്മിൽ ഉടലെടുക്കുന്ന അകലം. അതുപോലെ ആശയസംവേദനത്തിലെ ബുദ്ധിമുട്ടും. തിരുവനന്തപുരത്ത് മുതിർന്നവരെ അണ്ണൻ എന്നു വിളിക്കുന്നത് പലർക്കും ഇഷ്ടമാണ്. അത് സാർവ്വത്രികമായതാണ് എന്തരണ്ണാ പ്രയോഗവും. ഇത്തരം വിളികൾ ചേർത്തായിരിക്കും അവരുടെ അഭാവത്തിൽ പോലും അങ്ങനെ വിളിക്കുന്നവർ അവരെക്കുറിച്ചു പരാമർശിക്കുക. ഉദാഹരണത്തിന് 'കോശിച്ചായൻ അത് എന്നോട് പറഞ്ഞതാണല്ലോ' എന്നൊക്കെയുള്ള സംഭാഷണങ്ങൾ.

 

സർ എന്ന വിളിയും സ്നേഹത്തെ വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് പഠിപ്പിച്ച അദ്ധ്യാപകർ. അതുപോലെ  അയ്യപ്പപ്പണിക്കര്‌ സാർ, കൃഷ്ണൻ നായർ സാർ, സുഗതകുമാരി ടീച്ചർ എന്നൊക്കെയാണ് പലരും ഇവരെയൊക്കെ പരാമർശിക്കുമ്പോൾ പറയുക.സുഗതകുമാരി ടീച്ചറെ പരിചയമുള്ളവർക്ക് അവരെ അങ്ങനെയല്ലാതെ അവരുടെ അഭാവത്തിൽ പറയാൻ കഴിയില്ല. ഏറ്റവും കൂടുതൽ സമൂഹത്തിൽ വിളിക്കപ്പെടുന്നത് ഒരുപക്ഷേ സർ ആയിരിക്കും. ഇതിൽ ചിലർ തങ്ങളെക്കാൾ മുതിർന്നവരോ അല്ലെങ്കിൽ സ്ഥാനമാനങ്ങളോ ഉള്ളവരാണെങ്കിൽ സർ എന്നു വിളിക്കും. ഒരു പരിചയവുമില്ലെങ്കിലും മര്യാദയ്ക്ക് വിളിക്കപ്പെടുന്നതാണ് സർ.

 

ചിലർ ചിലരെ സർ എന്ന് വളരെ ഭവ്യതയോടെ നേരിട്ടു വിളിക്കും. എന്നാൽ അഭാവത്തിൽ പച്ചയായി പേരു പറയും. പേരു പറഞ്ഞതുകൊണ്ട് ഒരു ദോഷവുമില്ല. കേൾക്കെയും പേരു പറയാവുന്നതാണ്. മാതൃഭൂമി പത്രത്തിൽ പ്രായഭേദമന്യേ എല്ലാവരും മുൻപ് പേര് മാത്രമായിരുന്നു വിളിക്കുക. അതിൽ വലിപ്പച്ചെറുപ്പവും ഇല്ലായിരുന്നു. അത് പ്രത്യേക ഊഷ്മളതയും സമനിലയും സൗഹൃദവും സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ചില ആധുനിക സ്ഥാപനങ്ങൾ പരസ്പരം പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത് വ്യാപകമായി വരുന്നുണ്ട്. അവർ പുറത്തുള്ളവരെയും അതേപടി വിളിക്കുമ്പോൾ അരോചകവും അകൽച്ചയും സൃഷ്ടിക്കുന്നുണ്ട്. വിഷയത്തിലേക്കു വരാം. ചിലർ ഒരാളെ കേൾക്കെ സർ അല്ലെങ്കിൽ സാർ എന്നു വിളിക്കുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ പേര് മാത്രം പറയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വ്യക്തികൾ സ്വയം ബഹുമാനം കുറഞ്ഞവരാണ്. കാരണം കാര്യസാധ്യത്തിനുവേണ്ടിയോ പദവി നിഷ്‌കർഷിക്കുന്നതുകൊണ്ടോ ആണ് സർ എന്നു വിളിക്കേണ്ടി വരുന്നത്. നേരിട്ട് പേരു വിളിച്ചാൽ തന്റെ താൽപ്പര്യങ്ങൾക്കും നിലനിൽപ്പിനും അപകടമാകുമെന്നു കണ്ടാണ് അവർ അതിനു തുനിയാത്തത്. സ്വന്തം ശക്തിയിൽ മതിപ്പില്ലാത്തവരാണ് പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നത്. ഇക്കൂട്ടർ ഓരോ തവണയും താൻ സാർ എന്നു വിളിക്കുന്നവരെ അങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ ഉളളിൽ അപകർഷതാ ബോധം അനുഭവിക്കും. അപകർഷതാ ബോധം വേദന സൃഷ്ടിക്കും. ഈ വേദനയിൽ നിന്നു തൽക്കാലം പുറത്തുകടക്കാനുള്ള ശ്രമം കൂടിയാണ് അവരുടെ അഭാവത്തിൽ അവരെ പേര് മാത്രം വിളിച്ച് പരാമർശിക്കുന്നത്. അതും തനിക്ക് ഒരുവിധം വേണ്ടപ്പെട്ടവരോടായിരിക്കും അങ്ങനെ പറയുക. അപ്പോഴും ഓർക്കുക ഒരുവിധം മാത്രം വേണ്ടപ്പെട്ടവരായിരിക്കും അവരും. കാരണം അവരുടെ മുൻപിൽ തന്റെ ബോസ്സിനെ കുറിച്ച് അല്ലെങ്കിൽ ബഹുമാന്യനായ മറ്റൊരു വ്യക്തിയെ കുറിച്ച് പേര് മാത്രം പറയുമ്പോൾ ആ വ്യക്തിയെക്കാൾ ഒട്ടും കുറഞ്ഞ വ്യക്തിയല്ല താനെന്ന് തന്റെ സുഹൃത്തിനെ ധരിപ്പിച്ച് അപകർഷതാ ബോധത്തിന്റെ വേദനയിൽ നിന്ന് അൽപ്പമെങ്കിലും പുറത്തു ചാടാനുള്ള ശ്രമമാണ് അതിലൂടെ നടത്തുന്നത്. അപ്പോൾ ആ സുഹൃത്തുമായി നടത്തുന്ന ആശയവിനിമയമെന്നത് ആശയവിനിമയമല്ലാതെയുമാകുന്നു. കാരണം തന്റെയുള്ളിലുള്ള ആശയം തന്റെ സുഹൃത്തുമായി പങ്കു വക്കുക എന്നതല്ല അവിടെ അപ്പോൾ ആ വ്യക്തിയുടെ ലക്ഷ്യം. മറിച്ച്, തൊട്ടടുത്തു ലഭ്യമായ സുഹൃത്തിനെ ഉപയോഗിച്ച് തന്റെ അപകർഷതാ ബോധത്തിൽ നിന്ന് അൽപ്പമെങ്കിലും പുറത്തു കടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിലൂടെ ആ സുഹൃത്തിനേക്കാൾ അൽപ്പം കേമൻ അല്ലെങ്കിൽ കേമത്തിയാണ് താനെന്ന് സ്വയം കരുതാനും സുഹൃത്തിനെക്കൊണ്ട് തോന്നിപ്പിക്കാനുമാണ് ഈ വ്യക്തി ശ്രമിക്കുന്നത്. ഇതെല്ലാം ഒരു പരിധിവരെ അബോധപൂർവ്വമായിട്ടായിരിക്കും ഇങ്ങനെയുളളവർ ചെയ്യുക. ആണുങ്ങളാണെങ്കിൽ ഇങ്ങനെയുള്ളവരിൽ നല്ലൊരു ശതമാനവും മദ്യപിച്ചിരിക്കും. കാരണം സ്വയം ബഹുമാനമില്ലാത്തവരാണ് മദ്യത്തിൽ അഭയം കണ്ടെത്തുക.

 

മറ്റൊരു വ്യക്തിയെ സാന്നിദ്ധ്യത്തിലായാലും അഭാവത്തിലായാലും സ്നേഹത്തോടെ പരാമർശിക്കുമ്പോൾ ആ പരാമർശം നടത്തുന്ന വ്യക്തി ഒരു സുഖം അറിയും. ആ സുഖം അയാൾക്കവകാശപ്പെട്ടതാണ്. സുഖത്തിൽ അകന്നു നിൽക്കുന്നത് സംഘട്ടനമാണ്. സുഖത്തിലാവട്ടെ സംഘടിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സംഘടിച്ച് ശക്തരാകുവിൻ എന്ന് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്. വിദ്യകൊണ്ട് പ്രബുദ്ധരായതിന് ശേഷമാണ് സംഘടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതെന്നുള്ളതും ശ്രദ്ധേയമാണ്. അല്ലാതെ നാമിപ്പോൾ കാണുന്ന സംഘടനകളിലൂടെ ശക്തരാവാനല്ല പറഞ്ഞത്. ഇപ്പോഴുള്ള സംഘടനകൾ വലിയ ഒറ്റപ്പെട്ട വ്യക്തിയെപ്പോലെ ആയി സ്വാർഥമായ കാര്യങ്ങൾ നേടിയെടുക്കാനായുള്ളതാണ്. അത് 'സം'ഘടനയല്ല. ഒരു വ്യക്തിക്ക് സ്വയം ബഹുമാനിക്കാനുള്ള എളുപ്പവഴി മറ്റുള്ളവരെ ബഹുമാനിച്ചു ശീലിക്കുന്ന ആചാരമാണ്. ആ വ്യക്തിയിൽ പലമാനങ്ങൾ കാണുന്നതാണ് ബഹുമാനം.അങ്ങനെ കണ്ടുതുടങ്ങുമ്പോൾ തന്റെ മാനങ്ങളും കാണാൻ കഴിയും. ക്രമേണ സംഘട്ടനം ഇല്ലാതാകും. രണ്ടായി തോന്നി അകലം കൂടുമ്പോഴാണ് സംഘട്ടനം ഉണ്ടാവുക. സംഘട്ടനം കുറയുമ്പോൾ സുഖം അനുഭവപ്പെടും. ആ സുഖത്തിന്റെ മറ്റൊരു പേരാണ് സ്വയം ബഹുമാനം. സാർ വിളികേട്ട് സുഖിക്കുന്നവരുടെ കാര്യവും ഇതുപോലെ തന്നെ. അത് പിന്നീട് നോക്കാം.