മാറ്റിവയ്ക്കല്‍ രോഗം വരുത്തുന്ന അപകടങ്ങള്‍

Glint Guru
Thu, 02-06-2016 03:39:40 PM ;

 

ആത്മാഭിമാനത്തേക്കാൾ അതിന് യോജ്യമായ പദം സ്വയം ബഹുമാനമാണെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. ആ സുഹൃത്ത് സ്വയം ബഹുമാനിക്കുന്ന സുഹൃത്താണ്. പക്ഷേ അൽപ്പം മാറ്റിവയ്ക്കൽ സ്വഭാവം ഉള്ള കൂട്ടത്തിലാണ്. അത് അദ്ദേഹത്തിനു തന്നെ അറിയാം. അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്ത്. കുടുംബങ്ങൾ തമ്മിലും സൗഹൃദമുണ്ട്. അദ്ദേഹം ഒരു പുതിയ വീട്ടിലേക്ക് താമസം മാറി. അവർ തമ്മിലുള്ള ഒരു കുഞ്ഞു സംഭാഷണം നോക്കാം.

 

രണ്ടാമൻ: എങ്ങനെയുണ്ട് ഫ്ലാറ്റ് താമസമൊക്കെ.

ഒന്നാമൻ: അയ്യോ അതു പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്, ഞാനിപ്പോ ഞങ്ങളുടെ ഫ്ലാറ്റിലെ അസ്സോസിയേഷന്റെ ട്രഷററാണ്. അടുത്ത ദിവസം ഒരു മീറ്റിംഗുണ്ട്. എന്റെ കാലാവധി തീരാൻ പോവുകയാണ്. കുരിശ് ഊരി ആരെയെങ്കിലും ഏൽപ്പിക്കുകയും വേണം. കണക്കെല്ലാം എഴുതി ശരിയാക്കണം. എപ്പോഴും വിചാരിക്കും, അപ്പപ്പോ കണക്ക് എഴുതി രസീതുകളുമെല്ലാം ശരിയാക്കി വയ്ക്കണമെന്ന്. ഒന്നും നടന്നിട്ടില്ല. ഇനിയിപ്പോ എല്ലാം ഒന്നിച്ചിരുന്നു ശരിയാക്കണം.

രണ്ടാമൻ: താങ്കളുടെ ഈ ജോലിത്തിരിക്കിനിടയ്ക്ക് ഈ പദവി വഹിക്കൽ മറ്റാരുടെയെങ്കിലും മുകളിലേക്ക് ഇടാൻ പാടില്ലായിരുന്നോ?

ഒന്നാമൻ: അതല്ലേ പ്രശ്നം, ഞങ്ങളുടെ ഫ്ലാറ്റിൽ കൂടുതൽ ആൾക്കാരും വാടകക്കാരാ. അവരെ ഭാരവാഹികളാക്കാൻ പറ്റില്ല. അതുകാരണം എന്റെ മേൽ വന്നു വീണതാണ്.

രണ്ടാമൻ: നിങ്ങളുടെ ഫ്ലാറ്റൊക്കെ എങ്ങിനെയുണ്ട്?

ഒന്നാമൻ: ഓ, നാട്ടിൻപുറത്ത് വിശാലമായ പറമ്പുള്ള വീട്ടിലൊക്കെ താമസിച്ച് ശീലിച്ചിട്ട് ഇവിടെ വന്നിങ്ങനെ കൂട്ടിനകത്ത് ഒതുങ്ങിയ പോലെ തോന്നും. എന്നാലും കുട്ടികൾക്കും എനിക്കുമൊക്കെ സൗകര്യമാണ്.

രണ്ടാമൻ: നിങ്ങളുടെ ഫ്ലാറ്റിതുവരെ കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട്.

ഒന്നാമൻ: പിന്നെന്താ. പക്ഷേ ഉടനെ വരേണ്ട.

രണ്ടാമൻ: എന്തു പറ്റി?

ഒന്നാമൻ: ഒന്നും പറ്റിയിട്ടൊന്നുമില്ല. ഇപ്പോ അങ്ങോട്ടു വന്നു കയറാൻ പറ്റാത്ത അവസ്ഥയാ. എല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നതുപോലെയാ. പിന്നെ കൂറേ നാളായി വിചാരിക്കുന്നു, ബാത്ത് റൂമിൽ യൂറോപ്യൻ ക്ലോസറ്റിന്റെ സീറ്റൊന്നു മാറ്റണമെന്ന്. സീറ്റിന് കുഴപ്പമൊന്നുമില്ല. പുറമേ നിന്ന് ആരെങ്കിലും വന്നാൽ അവർക്ക് ഇത്തിരി വിഷമമുണ്ടാകും. അത്രയേ ഉള്ളു. ഒരു ദിവസം അവിടെ പോയി യോജിച്ച സാധനം വാങ്ങണം. ഇതുവരെ നടന്നില്ല.

 

ഇദ്ദേഹം സ്വയം ബഹുമാനമുള്ള വ്യക്തിയാണ്. പക്ഷേ മാറ്റിവയ്ക്കൽ രോഗം അൽപ്പം ഉള്ളതിനാൽ സ്വയം ബഹുമാനം നൽകുന്നതിൽ ഇത്തിരി താമസം നേരിടുന്നു. ആ താമസം നേരിടുന്നതിനാൽ ചില ഒത്തുതീർപ്പു വേണ്ടിവരുന്നു. ആ ഒത്തുതീർപ്പാണ് സീറ്റ് മോശമായിട്ടും അതു ഉപയോഗിക്കാൻ നിർബന്ധിതമാകുന്നത്. ഇത് അൽപ്പം അപകടമുണ്ടാക്കുന്നതാണ്. കാരണം കുട്ടികളിലേക്കും അവരറിയാതെ അദ്ദേഹത്തിന്റെ ഈ മാറ്റിവയ്ക്കൽ രോഗം പകർന്നേക്കാനിടയുണ്ട്.  മാത്രവുമല്ല, അദ്ദേഹത്തിന് ആ സീറ്റ് മോശമാണെന്നു തോന്നുന്നതു പോലെ കുട്ടികൾക്ക് തോന്നണമെന്നുമില്ല. കാരണം ഒന്നാമതു അവർ കുട്ടികളാണ്. ദിവസവും ഉപയോഗിക്കുന്നതു കാരണം അവർക്കതു വലിയ പ്രശ്നമാണെന്നു തോന്നുകയുമില്ല. അതിനാൽ ആ അവസ്ഥയെ തികച്ചും സാധാരണ പ്രതിഭാസമായി മാത്രമേ ചിലപ്പോൾ അവർ കാണുകയുള്ളു. ഇത് അവരുടെ സ്വയം ബഹുമാനിക്കാനുള്ള ശേഷിയില്‍ അവരറിയാതെ സ്വാധീനമായി മാറും.

 

ക്ലോസറ്റിന്റെ സീറ്റ് എത്ര തന്നെ വൃത്തിയുള്ളതാണെങ്കിലും കാഴ്ചയ്ക്കതു വൃത്തിയല്ലെങ്കിൽ അത് വൃത്തിയില്ലാത്തതു തന്നെയാണ്. അവിടെയുണ്ടാവുന്ന ഒത്തുതീർപ്പ് വൃത്തിയില്ലായ്മയുമായി ഒത്തുതീർപ്പുണ്ടാക്കുന്ന സമീപനത്തെ അറിയാതെ സൃഷ്ടിക്കുകയും ചെയ്യും. ഇദ്ദേഹത്തിന്റെ കുട്ടികളിൽ അങ്ങനെ ചില സമീപനങ്ങളുണ്ടായാൽ അത് അദ്ദേഹത്തിന്റെ സ്വയം ബഹുമാനമില്ലായ്മയിൽ നിന്നുണ്ടാകുന്നതല്ല, മറിച്ച് മാറ്റിവയ്ക്കൽ സ്വഭാവത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഫലത്തിൽ മാറ്റിവയ്ക്കലും സ്വയം ബഹുമാനമില്ലായ്മയിൽ കലാശിക്കുമെന്നുള്ളതിന്റെ ഉദാഹരണമാണിത്.

Tags: