വഴിയിലെ പൂച്ചെടികളും ഹായ്-ഹോ വീട്ടമ്മയും

Glint Guru
Mon, 02-05-2016 03:57:39 PM ;

 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര. ദേശീയപാതയിൽ നിന്ന് വിമാനത്താവളത്തിലേക്ക് കാർ തിരിഞ്ഞു. അവിടെ നിന്ന് വിമാനത്താവളം വരെ നിരത്തിലെ നടുതിട്ടയിൽ വൈവിദ്ധ്യമാർന്ന പൂച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. മേടമാസമായതിനാൽ പറയുകയും വേണ്ട. കാറിനുള്ളിലുണ്ടായിരുന്ന സൗന്ദര്യാസ്വാദകയും ചെടിപ്രേമിയുമായ വീട്ടമ്മ അറിയാതെ ഹായ് പറഞ്ഞുപോയി. അങ്ങനെ ആസ്വദിച്ചു പോകുന്നതിനിടെ ഒരു ഭാഗം മുഴുവൻ വെള്ളപ്പൂക്കൾ വിടർത്തി നിൽക്കുന്ന ചെടിനിര. അതു കണ്ട മാത്രയിൽ, 'അയ്യോ, നമ്മുടെ വീട്ടിലെ ചെടിയെന്താ ഇങ്ങനെ പൂക്കാത്തത്' എന്ന്‍ ആ വീട്ടമ്മ വിലാപസ്വരത്തിൽ പറഞ്ഞു. ആ വെള്ളപ്പൂക്കൾ അവരെ അവരുടെ വീട്ടിലേക്ക് പെട്ടെന്ന് കൊണ്ടുപോയി. വല്ലാതെ ആഗ്രഹിച്ച് നിത്യവും വെള്ളമൊഴിച്ചും ആവശ്യത്തിനുള്ള വളവുമൊക്കെ കൊടുത്തിട്ടും ഉദ്ദേശിച്ച ഫലം കിട്ടാത്തതിന്റെ പ്രതിഫലനമായിരുന്നു ആ സ്വരത്തിൽ. അതേസമയം ആദ്യം കണ്ട ഓറഞ്ചും മഞ്ഞയും വിതറിനിൽക്കുന്ന രാജമല്ലിപ്പൂക്കൾ കണ്ടപ്പോൾ ആ വീട്ടമ്മയുടെ ഹൃദയം ആനന്ദമറിഞ്ഞു. ആ ഭംഗി മോന്തി. ആ ഹായിലൂടെ പ്രവഹിച്ച ഊർജ്ജം ആ രാജമല്ലിപ്പൂക്കളുടേതായിരുന്നു. രാജമല്ലിപ്പൂക്കൾക്ക് കാഴ്ചഭംഗിയാണ്.ഗന്ധസൗരഭ്യമല്ല. എന്നാൽ ആ ഹായിൽ ഗന്ധസൗരഭ്യവും അനുഭവപ്പെട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡ് സ്വതവേ ഡ്രൈവർമാരിൽ വേഗത അൽപ്പം കൂട്ടാൻ പ്രേരിപ്പിക്കുന്നതാണെങ്കിലും ആ പൂക്കളുടെ ചിരിയെ അലോസരപ്പെടുത്താതെ ഓരോ ചെടിയുടെ ചിരിയേയും അറിഞ്ഞുകൊണ്ട് വർത്തമാനത്തിൽ ഡ്രൈവ് ചെയ്യാൻ കഴിഞ്ഞു. ആ ചെടികൾ ശരിക്കും നമ്മെ നോക്കി ചിരിക്കുന്നതു പോലെ അനുഭവപ്പെടും. അവയുടെ ചിരിയാണ് മിന്നൽ വേഗത്തിൽ അതുവഴി വിട്ടു പോയാൽ നഷ്ടമാകുക. മാത്രമല്ല സമയവുമുണ്ടെങ്കിൽ തീർച്ചയായും ആസ്വദിച്ചു തന്നെ പോകാം. കാരണം വിമാനത്താവളത്തിൽ ചെന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

 

രാജമല്ലിപ്പൂക്കൾ ഈ വീട്ടമ്മയ്ക്ക് പെരുത്ത ഇഷ്ടം തന്നെ. എന്നാൽ വീട്ടിലില്ല. വിമാനത്താവള റോഡിലെ നടുവരമ്പിലെ ചെടികൾ കണ്ടാൽ അതിൽ നിന്ന് ഒരെണ്ണം പറിച്ചെടുക്കണമെന്ന് ആർക്കും തോന്നില്ല. അതുകൊണ്ടു കൂടി അത്രയും ഭംഗി കണ്ടിട്ടും വീട്ടമ്മ അതൊരെണ്ണം തന്റെ വീട്ടിൽ വയ്ക്കണമെന്ന ചിന്തയിലേക്ക് വഴുതി വീണില്ല. അതുകൊണ്ടാണ് അതിന്റെ ഭംഗി അവർക്ക് പൂർണ്ണമായ തോതിൽ വർത്തമാനത്തിൽ നിന്നുകൊണ്ട് അറിയാൻ കഴിഞ്ഞത്.

 

വെള്ളപ്പൂക്കൾ കണ്ടപ്പോൾ അതിനെ വീട്ടമ്മ താനുമായി അറിയാതെ തന്നെ ബന്ധപ്പെടുത്തി ഞൊടിയിടയിൽ കണ്ടു. അതിനാൽ നടുവരമ്പിലെ വെള്ളപ്പൂച്ചെടി കണ്ടുവെങ്കിലും വീട്ടമ്മ കണ്ടത് പൂക്കാൻ മടിച്ചു നിൽക്കുന്ന തന്റെ വീട്ടിലെ അതേ ചെടികളാണ്. അതിനാൽ അവരിൽ രാജമല്ലിപ്പൂക്കൾ ഉണർത്തിയ ഹായിൽ നിന്ന് അറിയാതെ ഒരു നഷ്ടബോധത്തിന്റെ ഹോ...യിലേക്കു പോയി. അവരുടെ മുന്നിൽ പൂത്തുലഞ്ഞു നിൽക്കുന്ന വെളളപ്പൂക്കളില്ലാതായി. വർത്തമാനം അവർക്ക് നഷ്ടമായി. അവരുടെ ഹോ... മനസ്സിലാക്കിയ ഡ്രൈവർ പെട്ടെന്ന്‍ ചിന്തയിലേക്ക് ഊളിയിട്ടു. ഈ നടുവരമ്പിലെ ചെടികളെല്ലാം ഇങ്ങനെ ഒരേപോലെ പൂത്തുനിൽക്കുന്നത് മരുന്നു പ്രയോഗത്താലാണ്. മരുന്നു പ്രയോഗിച്ചു പുഷ്പിപ്പിക്കുന്നത് പ്രകൃതിയോടും സസ്യലോകത്തിനോടും ആത്യന്തികമായി നമ്മോടും നാം ചെയ്യുന്ന പാതകമാണ് എന്നുള്ള അനേകം ചിന്തകളും കൂടെ താലമെടുത്തു വന്നു. അതിനേക്കുറിച്ച് ബോധ്യപ്പെടുത്തി വീട്ടമ്മ ചെറുതായി വീണ വിഷാദത്തിൽ നിന്ന് കരകയറ്റാം എന്ന ചിന്ത സജീവമായപ്പോൾ ഇടതുവശത്തുകൂടി ഒരു ചീറിപ്പായൽ. വീട്ടമ്മ അറിയാതെ അയ്യോന്ന് വിളിച്ചു പോയി. കാരണം, അവിടെ റോഡ് വികസനം നടക്കുന്നതിനാൽ ഇടതുഭാഗത്ത് വൻ ഗർത്തങ്ങൾ ഉണ്ടാക്കിയിട്ടിരിക്കുകയാണ്. അതിനാൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത ഒരു എസ്.യു.വി ഈ കാറിനോട് ചേർത്ത് അവർ വന്ന സ്പീഡിൽ കടന്നു പോയി. ഹായിൽ നിന്ന് ഹോയിലേക്ക് വീണ അന്തരീക്ഷത്തിൽ വീട്ടമ്മ സഞ്ചരിച്ച കാറിലെ ഡ്രൈവറുടെ ശ്രദ്ധയിൽ ആ കാറിന്റെ വരവ് പെട്ടില്ല.

 

ആഗ്രഹം – ദുഃഖം

 

മനുഷ്യൻ അനുനിമിഷം പെട്ടുകിടക്കുന്ന അവസ്ഥയാണിത്. ഇടതുവശത്തുകൂടി അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തു പോയ വാഹനത്തിന്റെ ഡ്രൈവറും അതേ അവസ്ഥയിൽ തന്നെ. ഹായ് ഹോ കാറും അമിത വേഗക്കാറും എയർപോർട്ടിലെത്തിയത് തൊട്ടു മുന്നിലും പിന്നിലുമായാണ്. മാത്രവുമല്ല അനുവദനീയമായ വേഗത്തിൽ കൂടുതലുമായിരുന്നു അവരുടെ വേഗം. മിക്ക മനുഷ്യരുടെയും ജീവിതം കുഞ്ഞുകുഞ്ഞു ദുരിതവും മുട്ടൻ മുട്ടൻ ദുരിതവും കൊണ്ടു നിറയുന്നതിന്റെ കാരണവും ഈ വീട്ടമ്മ ഹായിൽ നിന്ന് ഹോയിലേക്ക് പതിച്ചതിന്റെ അതേ കാരണം കൊണ്ടാണ്. ഹായ് പരക്കുന്നതുപോലെ തന്നെ ഹോ...യും പരക്കും. മറ്റുള്ളവരെ സ്വാധീനിക്കും. ആ അവസ്ഥയിൽ നിന്ന് കരകയറുക എന്നതാണ് മനുഷ്യന്റെ ദൗത്യം. ഓരോ മനുഷ്യനും കിടന്ന് പാടുപെടുന്നതും അതിനു തന്നെ. എന്നാൽ അതുകൊണ്ടൊന്നും അതിൽ നിന്ന് കരകയറാൻ പറ്റുകയുമില്ല.

 

എവിടെയോ ഒരിടത്ത് പൂത്തു നിൽക്കുന്ന വെള്ളപ്പൂച്ചെടി കണ്ടപ്പോൾ ഈ വീട്ടമ്മയുടെ മനസ്സിൽ ഒരു കുമിള പൊട്ടി- ആഗ്രഹം. ആ ചെടി എനിക്കു വേണം. തന്റെ വീട്ടിൽ അത് പൂത്തു നിൽക്കുന്നത് ഞൊടിയിടയിൽ ആ വീട്ടമ്മ കണ്ടു. അതോർത്തപ്പോൾ സന്തോഷം. ആ സന്തോഷം വേണമെങ്കിൽ ആ ചെടി സ്വന്തമാകണം. അങ്ങനെ ചെടി സ്വന്തമാക്കി. ചെറിയ സന്തോഷം അതു കിട്ടിയ നിമിഷത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പിന്നെ അതു വീട്ടുമുറ്റത്ത് നട്ടു. വെള്ളമൊഴിച്ചു, വളം ചെയ്തു. പ്രതീക്ഷയിലാണ് ആ പൂക്കളെ പരിപാലിച്ചത്. പൂക്കുമെന്നു പ്രതീക്ഷിച്ച കാലമായിട്ടും പൂക്കുന്നില്ല. അപ്പോഴേക്കും വിഷമം. അതാ മറ്റൊരിടത്ത് അതു പൂത്തു നിൽക്കുന്നു. ആ പൂക്കൾ കണ്ടപ്പോൾ ആ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ തന്റെ വീട്ടുമുറ്റത്തെ പൂക്കാത്ത ചെടിയെ കണ്ട് ദുഃഖം. ആ ദുഃഖം അടുത്തിരുന്ന ഡ്രൈവറിലേക്ക് പടരുന്നു. അയാളും ആ പൂക്കൾ ആസ്വദിക്കാതെ വീട്ടമ്മയെ ആശ്വസിപ്പിച്ചാലാണ് തനിക്ക് സന്തോഷം കിട്ടുക എന്നു ധരിച്ച് അതിനുള്ള വഴി ആരായുന്നു. അപ്പോൾ പൂത്തു നിൽക്കുന്ന ആ ചെടികൾ എന്തുകൊണ്ടാണ് ഇങ്ങനെ പൂത്തു നിൽക്കുന്നതെന്നും അത് ആസ്വദിക്കത്തക്കതല്ലെന്നും അതിനാൽ അതിന്റെ പൂക്കൽ കണ്ട് വിഷമിക്കേണ്ട എന്നതുമാണ് ഈ ഡ്രൈവർ പറയാൻ ഉദ്ദേശിച്ചതിന്റെ പിന്നിലെ താൽപ്പര്യം.

 

സന്തോഷത്തിന് കാരണമായി വസ്തു താനുമായി ചേർന്നു നിൽക്കണമെന്ന അബദ്ധ ധാരണ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഒട്ടൽ ഏറിയും കുറഞ്ഞും പലരിലും ഉണ്ടാകുന്നു. ഈ ഒട്ടൽ കൂടിയതാണ് പൊതുസ്ഥലങ്ങൾ വൃത്തിഹീനമാകുന്നതിനു മുഖ്യകാരണം. സ്വന്തം വീട് വൃത്തിയാണെങ്കിലും വീട്ടിനുള്ളിൽ എപ്പോഴും വ്യക്തികൾ തമ്മിൽ പുകച്ചിലും ചീറ്റലും പൊട്ടലും ഉണ്ടാകാൻ കാരണവും ഈ ഒട്ടൽപ്പശയുടെ കാഠിന്യം നിമിത്തമാണ്. ഈ വീട്ടമ്മയെ ഒന്നോർമ്മിപ്പിച്ചാൽ റോഡിലെ നടുവരമ്പിലെ ചെടികളിലേക്ക് പെട്ടന്ന് മടങ്ങി വരാൻ കഴിയും. അവർക്ക് ആ വെള്ളപ്പൂക്കളുടെ ഭംഗി ആസ്വദിക്കാൻ കഴിയും. കാരണം രാജമല്ലിപ്പൂക്കൾ കണ്ടപ്പോൾ അവരിലുണ്ടായ പ്രതിഫലനം അത് വ്യക്തമാക്കുന്നു. ആ പൂക്കൾ കണ്ണിൽ പെടാതെ പോകുന്നവരും കണ്ണിൽ പെട്ടാൽ തന്നെ മറ്റു പലതും പറഞ്ഞും ആലോചിച്ചും പോകുന്നവരുമുണ്ടായിരിക്കും. എന്നിരുന്നാലും അവരിൽ പോലും ഈ പൂത്തുലഞ്ഞ പൂക്കൾ അവരറിയാതെ തന്നെ ചെറിയ തോതിലെങ്കിലും ആസ്വാദ്യത സൃഷ്ടിക്കും. ചിലപ്പോൾ മറ്റെവിടെയെങ്കിലും ഇമ്മാതിരി പൂത്തു നിൽക്കുന്ന ചെടികൾ കാണുമ്പോൾ അവരിൽ ഈ നടുവരമ്പിലെ ചെടികൾ ഉണർന്നു വന്നെന്നിരിക്കും.

 

ഇത്തരം ഒട്ടലൊന്നുമില്ലാതെ എപ്പോഴും സന്തോഷമായിരിക്കാൻ കഴിയുന്ന ജന്തുവാണ് മനുഷ്യൻ. അതോർമ്മിപ്പിക്കുകയാണ് പ്രസാദ്, സന്തോഷ്, അച്യുതൻ, ആനന്ദൻ, അച്യുതാനന്ദൻ, ജോളി, ജോയ് എന്നൊക്കെ ആൾക്കാർക്ക് പേര് വീഴാനുള്ള ആദികാരണം. ഈ ഒട്ടൽ എല്ലാവരിലും ഉണ്ടാകും. അതിൽ നിന്ന് മോചിതരാവുകയാണ് എല്ലാ പ്രവൃത്തികളിലും പ്രകടമാകേണ്ട സംസ്കാരം.അവിടെയാണ് സൗന്ദര്യത്തിന്റെ പ്രസക്തി. പഴയകാല കെട്ടിടനിർമ്മാണ ശൈലികളിൽ ഈ വസ്തുത ഉൾപ്പെടുത്തിയിരുന്നു. സൗന്ദര്യത്തിന് മനുഷ്യമനസ്സുകളെ ശാന്തമാക്കാനുള്ള കരുത്തുണ്ട്. രാജമല്ലിപ്പൂക്കൾ സൃഷ്ടിച്ച ഹായ് പോലെ. അത് വർത്തമാനത്തിലേക്ക് അഥവാ ശ്രദ്ധയിലേക്ക് മനുഷ്യമനസ്സിനെ കൊണ്ടുവരുന്നു. 'ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു' ദേശീയപാതയിൽ പ്രദർശിപ്പിച്ചിട്ടുള്ള ബോർഡ് ഈ സന്ദര്‍ഭത്തില്‍ ഓർക്കാവുന്നതാണ്. ഇവിടെയാണ് ഒരു പ്രദേശത്തിന്റെ ആർക്കിടെക്ചർ അല്ലെങ്കിൽ വാസ്തുശിൽപ്പരീതികൾ എന്തായിരിക്കണമെന്നു നിശ്ചയിക്കപ്പെടേണ്ടത്. ഭരണകൂടം അവയുടെ താത്വികമായ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതും. കാരണം സൗന്ദര്യബോധത്തിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന അവയ്ക്ക് ആ നാടിന്റെ കാലാവസ്ഥയും പ്രത്യേകതയുമായി ജൈവബന്ധമുണ്ടാകും. അത് അവിടുത്ത ജനങ്ങളിൽ ജൈവമായി നിൽക്കേണ്ടത് അവിടുത്തെ ആവാസ വ്യവസ്ഥയുടെ ഭദ്രതയ്ക്ക് അനിവാര്യമാണ്. അതിന്റെ ഫലമാണ് മണലാരണ്യത്തിൽ കാണപ്പെടുന്ന വിധമുള്ള ബഹുനില ചില്ലുകൊട്ടാരങ്ങൾ കേരളത്തിലും ഉയരുന്നത്. 2016ലെ ചൂട് മരുഭൂമിയിലെ ചൂടിനേക്കാൾ അതിതീഷ്ണമായി അനുഭവപ്പെട്ടതിൽ ഇത്തരം കെട്ടിട നിർമ്മിതികളുടെ സംഭാവന വളരെ കൂടുതലാണ്. കൊച്ചി ഇൻഫോപാർക്ക് ഉത്തമ ഉദാഹരണം. ഒന്നാംതരം പുഴ. വശങ്ങളിലെല്ലാം നല്ല കാട്. എന്നിട്ടും അവയുടെ നടുക്ക് കെട്ടിയുയർത്തിയിരിക്കുന്ന സമുച്ചയങ്ങൾ എല്ലാം സദാസമയവും എ.സിയുണ്ടെങ്കിൽ മാത്രമേ പ്രവർത്തനസജ്ജമാകുകയുള്ളു. എന്നിട്ട് ആ കെട്ടിടങ്ങൾക്കുള്ളിൽ പ്രകൃതിയുടെ അനുഭവമുണ്ടാകാൻ പ്ലാസ്റ്റിക് ചെടികൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. ആറ് മാസം മഴക്കാലവുമാണ് കേരളത്തിൽ. അപ്പോഴും ഈ സമുച്ചയങ്ങൾ എ.സിയിലാണ് പ്രവർത്തിക്കുന്നത്. 

 

ഏതു കാഴ്ചയും മനുഷ്യമനസ്സിനെ സ്വാധീനിച്ചുകൊണ്ടിരിക്കും. കാരണം പുറത്തു കാണുന്ന കാഴ്ചയിൽ നിന്ന് മിക്ക മനുഷ്യരും ഉള്ളിലെ കാഴ്ചയിലേക്കാണ് പോകുന്നത്. അതുകൊണ്ടാണ് പരിചയമുള്ള ആളെ മനുഷ്യൻ തിരിച്ചറിഞ്ഞ് കാണുന്ന മാത്രയിൽ ചിരിക്കുന്നതും അപരിചിതരെ നോക്കി ചിരിക്കാത്തതും. പരിചയം എന്നാൽ ഉള്ളിൽ ഉള്ളത്. അതിനെയാണ് നാം കാണുന്നത്. അല്ലാതെ പുറത്തുള്ളതിനെയല്ല. പുറം കാഴ്ചകളിൽ വാസ്തുശിൽപ്പ മാതൃകയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. അതുകൊണ്ടാണ് വീടു നോക്കി വ്യക്തിയെ അറിയാം എന്നു പറയുന്നത്. രാജമല്ലിപ്പൂക്കൾ വീട്ടമ്മയിൽ ഹായ് സൃഷ്ടിച്ചതുപോലെ അടച്ചുകെട്ടിയ ചതുരക്കട്ടപോലുള്ള, എം വി ദേവന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണിൽ കുത്തുന്ന കെട്ടിടങ്ങൾ, തീർച്ചയായും തുറന്ന മനസ്സുകളെ പോലും അടപ്പിക്കും. സൗന്ദര്യവും ജീവനും ജീവിതവും പ്രകൃതിയും പരസ്ഥിതിയും ഒക്കെയായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും സൗന്ദര്യം നശിക്കുമ്പോൾ മരുഭൂമി ഉണ്ടാകുന്നുവെന്നും 2016ലെ വേനൽക്കാലം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

Tags: