യൗവനം ചോർന്നു പോകുന്ന കല്യാണച്ചടങ്ങുകൾ

Glint Guru
Sat, 09-04-2016 11:58:00 AM ;

wedding ceremony

 

കേരള സർക്കാറിൽ അത്യാവശ്യം ഉയർന്ന ഓഫീസർ തസ്തികയിൽ നിന്ന് വിരമിച്ചിട്ട് അധിക നാളായിട്ടില്ലാത്തയാൾ. അദ്ദേഹത്തിന്റെ മകളുടെ കല്യാണം. ഐ.ടി പ്രൊഫഷണലാണ് യുവതി. വരന്‍ യു.എസില്‍ ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നു. തെക്കൻ കേരളത്തിലെ ഒരു നഗരത്തിലെ വിശാലമായ കല്യാണമണ്ഡപത്തിൽ  കല്യാണം. കെങ്കേമമായി അതു നടന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലത്തെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനവും പങ്കെടുത്തു.

 

ഏതാണ്ട് രണ്ടായിരത്തിലേറെ പേർ കല്യാണച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടാകും. പങ്കെടുത്തവരുടെ ശരാശരി വയസ്സ് 57-58-ല്‍ നിൽക്കും. മിക്കവരും ദമ്പതികളായിത്തന്നെയാണ് എത്തിയിട്ടുള്ളത്. മിക്കവരും മുടിയിൽ പെയിന്റടിച്ചവർ. പെയിന്റടിച്ചിട്ടുള്ളവരിൽ മിക്കവരുടെയും അരികും മൂലയുമൊക്കെ വെളുത്തു തുടങ്ങിയിട്ടുമുണ്ട്. സ്ത്രീകളും ഏതാണ്ട് അതുപോലെ തന്നെ. ചില സ്ത്രീകൾ ബ്യൂട്ടി പാർലറിൽ പോയി മുഖത്ത് എത്രയോ തച്ച് പണി നടത്തിയതിന്റെ ലക്ഷണം. കാരണം, മുഖത്തെ തൊലിയെല്ലാം വല്ലാതെ പുഴുങ്ങിയെടുത്ത പോലെ ചിലരിൽ കാണപ്പെട്ടു. മറ്റു ചിലരുടെ കണ്ണുകൾ വീങ്ങിയതുപോലെ. കാരണം മുഖത്തെ അദ്ധ്വാനം കണ്ണുകളെ ബാധിച്ചതാകാനാണിട. ഇതിനെല്ലാം പുറമേ മിക്ക സ്ത്രീകളും നന്നായി തടിച്ചവരും. അതു കാരണം സദസ്സ് വളരെ സമൃദ്ധമായിരുന്നു. എല്ലാവരും പരസ്പരം കണ്ടുമുട്ടുന്നതിന്റെ സന്തോഷം എല്ലായിടത്തും പ്രകടമായിരുന്നു.

 

ചടങ്ങുകൾക്കും ചില പ്രായമുണ്ട്. പൊതുവെ, കല്യാണച്ചടങ്ങിന്റെ പ്രായം യൗവ്വനമാണ്. കാരണം ചെറുപ്പക്കാരുടെ ഒരു അരങ്ങ് തകർക്കൽ മിക്ക കല്യാണങ്ങളുടെയും അഴകാണ്. വിശേഷിച്ചും പെൺകുട്ടികളുടെ. അവരുടെ വൈവിദ്ധ്യമാർന്ന ഒരുക്കങ്ങളും പ്രത്യേക വസ്ത്രങ്ങളുമൊക്കെ അണിഞ്ഞ് കല്യാണപ്പെണ്ണിനെപ്പോലെ തന്നെ കൗതുകം ഉണർത്തുന്ന സാന്നിദ്ധ്യവും. ഒരുങ്ങിവരുന്ന സുന്ദരികളെ കാണാനും സൗന്ദര്യം ആസ്വദിക്കാനും ആൺപിള്ളേരും ഉണ്ടാവുക സ്വാഭാവികം. ഇങ്ങനെയാണ് കല്യാണച്ചടങ്ങ് വധൂവരന്മാരുടെ സാന്നിദ്ധ്യത്തിനു പുറമേ യൗവ്വനമാർജിക്കുന്നത്. ഇക്കൂട്ടർക്കു പുറമേ ചെറുബാല്യക്കാരും കൗതുകമാർന്ന വസ്ത്രങ്ങളണിഞ്ഞ് ചടങ്ങിന് കൗതുകമേറ്റും.

 

ഈ കല്യാണച്ചടങ്ങ് ശ്രദ്ധിക്കപ്പെട്ടത് അതിന്റെ വാർധക്യത്താലാണ്. അത് കേരളത്തിന്റെ ഒരു സൂചിക പോലെ അനുഭവപ്പെട്ടു. പെണ്ണിന്റേയും ചെറുക്കന്റേയും സഹോദരങ്ങളൊഴികെ പ്രത്യേകം ശ്രദ്ധയിൽ പെടുന്ന യുവതീ-യുവാക്കന്മാരെ ആരെയും ആ രണ്ടായിരത്തോളം ആൾക്കാരുടെയിടയിൽ കാണാൻ കഴിഞ്ഞില്ല. സാധാരണ ഓടിയും നടന്നുമുള്ള ചില നടത്തിപ്പിന്റെയൊക്കെ ഉത്തരവാദിത്വം ചെറുപ്പക്കാരാണ് ഏറ്റെടുക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാരാണ് കല്യാണത്തിന്റെ ആദ്യാവസാനം നടത്തുന്നത്. അതിനാൽ പെണ്ണുവീട്ടുകാർക്ക് പ്രത്യേകിച്ച് പണിയൊന്നും ഓഡിറ്റോറിയത്തിൽ ചെയ്യാനില്ല.

 

പരസ്പരം കണ്ടുമുട്ടുന്നവർ കുശലം അന്വേഷിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന ശബ്ദം വിദേശ രാജ്യങ്ങളുടേത്. ആസ്ത്രേലിയലിയ, കാനഡ, ന്യൂസിലാണ്ട്, അയര്‍ലാൻഡ്, അമേരിക്ക, റഷ്യ എന്നിങ്ങനെ പോകുന്നു ആ പേരുകൾ. കാരണം, മിക്കവർക്കും ഒന്നോ രണ്ടോ മക്കൾ. അവർ പഠനം കഴിഞ്ഞ് വിദേശ രാജ്യങ്ങളിൽ ജോലി സംഘടിപ്പിച്ച് പോയിരിക്കുന്നു. നാട്ടിൽ സർവ്വീസിൽ നിന്നു വിരമിച്ച് അച്ഛനും അമ്മയും. ഏതെങ്കിലും കല്യാണത്തിനു വിളിച്ചാൽ രണ്ടു പേരും ഒരു മടിയുമില്ലാതെ പോകും. അതിനു കാരണങ്ങൾ പലതാണ്. അന്നു വീട്ടിൽ പാചകം ഒഴിവാക്കാം. പിന്നെ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്നതു ഒഴിവാക്കാം. പിന്നെ മംഗളകർമ്മത്തിൽ പങ്കെടുക്കാം. അത്യാവശ്യം അണിഞ്ഞൊരുങ്ങി ആൾക്കൂട്ടത്തിൽ പ്രത്യക്ഷപ്പെടാം. പിന്നെ കൂട്ടത്തിൽ പരിചയമുള്ളവരെ കാണുകയും ചെയ്യാം.

 

സർവ്വീസിൽ നിന്നു വിരമിച്ചവരുടെ മക്കൾ നാട്ടിലില്ലാത്തതാണ് കല്യാണ വേദിയിൽ യുവതീ യുവാക്കളെ കാണാതിരുന്നതിന്റെ മുഖ്യ കാരണം. അടുത്ത ബന്ധുക്കളാണെങ്കിൽ പോലും വിദൂര സ്ഥലങ്ങളിൽ നിന്നു വരുന്നത് ഒഴിവാക്കുന്നു. വിദ്യാസമ്പന്നരായ യുവതീ-യുവാക്കൾ കേരളത്തിൽ നിൽക്കാതെ പോകുന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ആ കല്യാണഹാളിൽ കണ്ട ചെറുപ്പക്കാരില്ലാത്ത, വിരമിച്ചവരുടെ കൂട്ടായ്മ.

 

ഒരു പ്രദേശമെന്ന നിലയിലും കേരളം ഇതു മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാരണം പുതുതലമുറകളിലേക്ക് ഒരു ദേശത്തിന്റെ സംസ്കാരം അനായാസവും അനർഗളവുമായി പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഇത്തരം പൊതു ചടങ്ങുകൾക്ക്. അതുപോലെ മുതിർന്നവരുടെ നേതൃത്വത്തിൽ പുതു തലമുറയ്ക്ക് നാട്ടിലെ ഇത്തരത്തിലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുക വഴി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനാവശ്യമുള്ള കൂട്ടായ്മാ ബോധവും ടീംവർക്ക് അനുഭവവും നേതൃപാടവുമൊക്കെയാണ് പകർന്നു കിട്ടിക്കൊണ്ടിരുന്നത്. അതെല്ലാം മറിഞ്ഞുപോകുന്നതിന്റെ ലക്ഷണമാണ് ഈ കല്യാണച്ചടങ്ങിലൂടെ കാണപ്പെട്ടത്.

 

സമൂഹത്തിന്റെ ചില സാംസ്കാരിക ഘടകങ്ങൾ ഇത്തരം പൊതു ചടങ്ങുകളിലൂടെയാണ് ജൈവമായി സൂക്ഷിച്ചുവച്ചിട്ടുള്ളത്. അതൊക്കെ പരമ്പരയായി കൈമാറി വരുന്നതുമാണ്. അതിനെല്ലാം അതതുപ്രദേശങ്ങളുമായുള്ള അതിസൂക്ഷ്മ ജൈവബന്ധമുള്ളതുമായിരിക്കും. അത് ആ പ്രദേശത്തേയും അവിടുത്തെ ജനങ്ങളെയും വിശിഷ്ടരീതിയിൽ ജൈവമായി ബന്ധിപ്പിക്കുന്നതുമായിരിക്കും. അത് മുറിയുമ്പോഴാണ് ഒരു സംസ്കാരം കണ്ണിപൊട്ടിത്തുടങ്ങുന്നത്. കണ്ണി ചിലപ്പോൾ പെട്ടെന്നു പൊട്ടും. മറ്റു ചിലപ്പോൾ തേഞ്ഞ് തേഞ്ഞ് പൊട്ടും. അങ്ങനെ തേയുന്നതിന്റെ ചിത്രമാണ് ഈ കല്യാണവേദിയിൽ ചെറുപ്പക്കാരുടെ അഭാവത്തിലൂടെ കാണപ്പെട്ടത്.


(ചിത്രം പ്രതിനിധാനപരം)

Tags: