ഒരു സർക്കാർ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം എഴുപതു കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്ക് ഔദ്യോഗികമായി കാറിൽ പോകുന്നു. ഇത്തരം യാത്രകളിൽ വിഷയങ്ങൾ പലതും ചർച്ചയ്ക്ക് പാത്രമാകും.അങ്ങനെ ചർച്ച ചെയ്തു പോകവേ കണ്ണൂരിലെ ഒരു കൊലപാതകം വിഷയമായി. അച്ഛനെ കൊന്നയാൾ ജയിൽ വാസത്തിനിടെ പുറത്തിറങ്ങിയപ്പോൾ അയാളെ മകൻ കൊന്നു. കൊലയും അക്രമവും സൃഷ്ടിക്കുന്ന ഭീതിയെ നിഴലിപ്പിച്ചുകൊണ്ടാണ് സംഘത്തിലെ ഒരാൾ (രാജേഷ് എന്നു വിളിക്കാം) ഇക്കാര്യം അറിയിച്ചത്. അപ്പോൾ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി (അവരെ മഞ്ജു എന്നു വിളിക്കാം) വിഷയം ഏറ്റുപിടിച്ചു. ഓൻ അയാളെ കൊന്നില്ലെങ്കിൽ ഓനാൺകുട്ടിയാണോ എന്നായിരുന്നു അവരുടെ പ്രതികരണം. ചർച്ച അതിവൈകാരികതയുടെ തലത്തിലേക്ക് ഉയർന്നു.
കാറിലുണ്ടായിരുന്ന അഞ്ചു പേർ രണ്ടു ചേരികളിലായി ചർച്ച പുരോഗമിച്ചു. അച്ഛനെ കൊന്നവനെ മകൻ കൊന്നതിൽ തെറ്റൊന്നുമില്ലെന്നു പറഞ്ഞ കണ്ണൂർ സ്വദേശിനിയാണ് ഒരു പക്ഷത്തെ നയിച്ചത്. അവർ രാജ്യത്തെ തന്നെ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഉന്നത ബിരുദം നേടിയിട്ടുള്ള ആളാണ്. മൂന്നു മക്കളുടെ അമ്മയും. ആ ചർച്ചയിലുടനീളം അവർ തന്റെ ന്യായത്തിന് ഉപോദ്ബലകമായി കൂട്ടുപിടിച്ചത് അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും സ്നേഹവുമായിരുന്നു. അച്ഛൻ നഷ്ടപ്പെടുന്നതിന്റെ വേദനയേക്കാൾ വലിയ വേദനയില്ലെന്നും തന്റെ അച്ഛനെ കൊന്നവരോട് ക്ഷമിക്കാൻ ഒരു യഥാർഥ മകന് അസാധ്യവുമായിരിക്കുമെന്നാണ് അവരുടെ വാദം. എന്നാൽ നാട്ടിലെ നിയമമനുസരിച്ച് നടപടി സ്വീകരിക്കപ്പെടുകയും കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന കാര്യം മറുവാദം ഉന്നയിച്ച ആളും ഉയർത്തിക്കാട്ടി. അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരാൾ മാത്രമേ ഉള്ളു. അതും അനുകൂലിക്കുന്നുവെന്നു പറയുക വയ്യ. കാരണം അദ്ദേഹം ഇത്തരം യാത്രകളിൽ കണ്ടെത്തുന്ന ഹരം യാത്രാവേളയിൽ ഉറങ്ങുകയാണെന്നുള്ളതാണ്. ഇടയ്ക്കിടെ ചർച്ച മൂക്കുന്നതിനനുസരിച്ച് ഇടയ്ക്ക് കണ്ണു തുറന്നൊന്നു നോക്കുകയും ചെയ്യും. സമദ് എന്നദ്ദേഹത്തെ വിളിക്കാം. ആൾ മലപ്പുറം സ്വദേശി.
രാജേഷ്: സ്നേഹത്തിൽ നിന്ന് എങ്ങനെയാണ് അക്രമവും കൊല്ലും കൊലയുമൊക്കെയുണ്ടാവുന്നത്?
മഞ്ജു: അതാപ്പാ നന്നായെ. സ്നേഹത്തിന്റെ പേരിൽ ഒരു മകൻ അച്ഛനുവേണ്ടി അവന്റെ ജീവനാണ് ത്യാഗം ചെയ്തിരിക്കുന്നത്. അത് സ്നേഹമില്ലാഞ്ഞിട്ടാ.
രാജേഷ്: ഒരാൾക്ക് ഒരാളെ കൊല്ലണമെങ്കിൽ, പോട്ടെ ഒന്ന് തല്ലണമെങ്കിൽ പോലും അയാളോട് വിദ്വേഷവും വിരോധവും ഇല്ലാതെ പറ്റില്ല.
മഞ്ജു: അതുശരി, അപ്പോള്‍ അച്ഛനെ കൊല്ലുന്നവരോട് സ്നേഹം വേണോന്നാ നിങ്ങള് പറേന്നെ.
രാജേഷ്: അവരോട് സ്നേഹമൊന്നും കാട്ടേണ്ട. അവരെ കൊല്ലുന്നതിനു പകരം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്
മഞ്ജു: നിയമമൊക്കെ അതിന്റെ വഴിയേ പോകും. കണ്ണൂരിൽ കൊല നടത്തിയിട്ടുള്ള എത്ര പേർ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇയാളും അവന്റെ അച്ഛനെ കൊന്ന കേസ്സിലല്ല അകത്തു പോയത്. അതറിയുവോ.
രാജേഷ്: ശരിയായ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനല്ലെ നോക്കേണ്ടത്?
മഞ്ജു: അതൊക്കെ പറയാൻ നല്ലെളുപ്പമാ. അച്ഛൻ നഷ്ടപ്പെട്ടവനേ അവന്റെ വേദന അറിയൂ
രാജേഷ്: അച്ഛന്റെ കൊലയാളിയെ കൊല്ലുന്ന മകന് അവന്റെ വേദന മാറുമോ? അച്ഛനെ തിരിച്ചു കിട്ടുമോ?
മഞ്ജു: പിന്നല്ലാതെ, അച്ഛനെ തിരിച്ചുകിട്ടത്തില്ലെന്നാർക്കാ അറിയാത്തെ?
രാജേഷ്: അപ്പോള്‍ നാട്ടിലെ നിയമോം വ്യവസ്ഥേം ഒന്നും നോക്കേണ്ട കാര്യമില്ലേ?
മഞ്ജു: അതു നടന്നിട്ടാണോ യഥാർഥ കൊലയാളിക്കു പുറത്തു നടക്കുമ്പോൾ വേറെ ആൾക്കാര് പിടികൊടുക്കുന്നെ?
രാജേഷ്: ഈ കൊല്ലപ്പെട്ട അച്ഛൻ തന്റെ കൊലയാളിയെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുമോ?
മഞ്ജു: എന്താ സംശയം?
രാജേഷ്: അപ്പോൾ മക്കളുടെ ജീവിതം പകയ്ക്ക് വേണ്ടി ജയിലഴിക്കുള്ളിലായാലും സന്തോഷിക്കുന്ന മാനസികാവസ്ഥയുള്ള അച്ഛൻമാരുണ്ടോ?
ഇങ്ങനെ നീണ്ടു പോയി ആ സംഭാഷണം. ഇതിനിടെ ദൃശ്യം സിനിമയുടെ വിജയവും ഒക്കെ ചർച്ചയ്ക്കിടയിൽ കയറിവന്നു. ഒരു പ്രദേശത്തിന്റെ വൈകാരികതയാണോ മഞ്ജുവിലൂടെ പ്രകടമായത്. സ്വാധീനമുണ്ടാകാം. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും വഹിക്കുന്ന ഒരു സ്ത്രീ ഇത്തരത്തിൽ ചിന്തിക്കുന്നത് വൈകാരികത അവരുടെ സമചിത്തതയെ കീഴടക്കുന്നതുകൊണ്ടാണ്. തന്നോട് എങ്ങനെ മറ്റൊരാൾ പെരുമാറുന്നുവോ അതനുസരിച്ച് തിരിച്ചും പെരുമാറുന്നവരുടെ സ്വഭാവത്തിന്റെ രീതിയാണിത്. ഇത് കണ്ണൂർ രാഷ്ട്രീയത്തിലും പ്രകടമാകുന്നുണ്ട്. ഏതു രാഷ്ട്രീയകക്ഷിയായാലും. രാഷ്ട്രീയം വ്യക്തിയുടെ വൈകാരികതയെ ആഴത്തിൽ സ്വാധീനിക്കുന്നതുകൊണ്ടാകാം അവർ ഇത്തരത്തിലൊരു നിലപാടെടുക്കാൻ കാരണം.
ഇങ്ങനെയുള്ളവർക്ക് തീക്ഷ്ണമായ ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. അത് ചിലപ്പോൾ മാറിമറിഞ്ഞെന്നിരിക്കും. വളരെ ഇഷ്ടമുള്ളയാൾ എന്തെങ്കിലും ഇഷ്ടക്കേടു കാണിച്ചാൽ ബദ്ധശത്രുതയിലേക്കു നീങ്ങാനും സാധ്യതയുണ്ട്. അതുപോലെ ഇത്തരക്കാർ കാര്യങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്നവരുമായിരിക്കും. അതിനെ ചിലപ്പോൾ അവരുടെ ഗുണപരമായ സ്വഭാവവിശേഷമായി ചിത്രീകരിക്കപ്പെട്ടെന്നുമിരിക്കും. അതവർക്ക് അവരുടെ വൈകാരികതയെ നിയന്ത്രിക്കാൻ കഴിയാതെയാവുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ആ വൈകാരികത അവരുടെ ഗുണായി ആളുകൾ പറയുന്നതും അവർ കേൾക്കാനിടവന്നിട്ടുണ്ടാകും. മറ്റുള്ളവരുടെ അംഗീകാരവും ഇത്തരക്കാർ എപ്പോഴും തേടിക്കൊണ്ടിരിക്കും. അതിനാൽ തന്റെ ഈ ഗുണം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നതുകൊണ്ട് ആ സ്വഭാവത്തെ അവർ താലോലിക്കുകയും ചെയ്യും. അതനുസരിച്ച് അവരുടെ നിയന്ത്രണമില്ലാത്ത വൈകാരികത വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വൈകാരികത ആധിപത്യം നേടിക്കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന്റെയും പദവിയുടെയുമൊക്കെ ഗുണങ്ങൾ അങ്ങനെയുള്ള വ്യക്തിയിൽ നേതൃസ്ഥാനത്തേക്ക് വരില്ല. പലപ്പോഴും അങ്ങനെയുള്ളവർ നീതിരഹിതമായ തീരുമാനങ്ങളെടുക്കാനും കാരണമാകുന്നത് ഇതുകൊണ്ടാണ്. അവർ ചിലപ്പോൾ തങ്ങളുടെ മേഖലയിൽ പ്രാവീണ്യമുള്ളവരുമാകും. അതിനാൽ ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെട്ടെന്നുമിരിക്കും. സ്വാഭാവികമായും തീരുമാനങ്ങൾ എടുക്കേണ്ട സ്ഥാനങ്ങളുമാകും. അപ്പോൾ തീരുമാനങ്ങൾ വിചാരത്തിന്റെ പാതയിലൂടെ നീങ്ങുന്നതിനു പകരം വികാരത്തിന്റെ പാതയിലൂടെയായിരിക്കും നിശ്ചയിക്കപ്പെടുക. അതുകൊണ്ട് ഇവ്വിധമുള്ളവർ ചില ഗുലുമാലുകളിലും ചെന്നു പെടാനുള്ള സാധ്യത ഏറെയാണ്.
കാർചർച്ച നീണ്ടുപോകുന്നതിനിടെ സമദ് ഒന്ന് നന്നായി ഉണർന്നു. 'എന്താണീ കൊലയും കൊലപാതകവുമൊക്കെ. നിങ്ങക്ക് വേറൊന്നും ചർച്ച ചെയ്യാനില്ലെ? ആ ചങ്ങായി അച്ഛനക്കൊന്നവനെ അവന്റെ പാട്ടിന് വിട്ടിരുന്നെങ്കിൽ സുഖമായി പൊരേക്കിടന്ന് ഉറങ്ങാൻ മേലാരുന്നോ'
സമദിന്റെ ചോദ്യം കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചത് മഞ്ജുവാണ്. കൂട്ടത്തിൽ മറ്റുളളവരും.