ഈ മുതലാളിയുടെ കട പൂട്ടും!

Glint Guru
Wed, 09-03-2016 05:13:00 PM ;

 

 

മാമലയിലുള്ള കട. മുതലാളി പരാജയപ്പെട്ട സ്വകാര്യബസ്സ് മുതലാളി. കുറേ ബസ്സുകളുണ്ടായിരുന്നു. ഇപ്പോൾ പഴവും സ്റ്റേഷനറിയും കൂട്ടത്തിൽ ഇറച്ചിക്കോഴിയും വിൽക്കുന്ന കട. മുൻപൊരിക്കൽ അദ്ദേഹത്തിന്റെ കടയിൽ പഴം വാങ്ങാനെത്തിയപ്പോൾ ഒരു കുറിപ്പിന് വക കിട്ടിയിരുന്നതാണ്. അത്ര മികച്ചതല്ലെങ്കിലും നാടൻ ഏത്തപ്പഴം തൂങ്ങിക്കിടന്നത് അദ്ദേഹത്തിന്റെ കടയിലേക്കടുപ്പിച്ചു. അദ്ദേഹം ‌മൊബൈൽ ഫോണിൽ സംസാരിക്കുകയാണ്. ഉള്ളിൽ സഹായി കോഴിയെ നന്നാക്കുന്നു. അദ്ദേഹം കണ്ട പാടെ ഒരു ചിരി സമ്മാനിച്ചു. ആ ചിരിയിൽ ഒരു ചെറുജാമ്യം കൂടിയുണ്ട്. അതായാത് ഏത്തപ്പഴം മുതലാളി എടുത്തു തരും. കാരണം താന്‍ കോഴിയെ ശരിയാക്കിക്കൊണ്ട് നിൽക്കുകയാണ്. നേരത്തേ സഹായിയുടെ താൽപ്പര്യം കണ്ടപ്പോൾ ഒരു സംശയമുണ്ടായിരുന്നു അദ്ദേഹവും കടയിലെ കൂട്ടുകച്ചവടക്കാരനായിരിക്കുമെന്ന്. അത്രയ്ക്കാണ് അദ്ദേഹം പ്രകടമാക്കുന്ന ആത്മാർഥത. ഇക്കുറി മനസ്സിലായി അദ്ദേഹം ശമ്പളത്തിനു നിൽക്കുന്ന വെറും സഹായി തന്നെയാണെന്ന്.

 

ഏത്തപ്പഴം നോക്കിയപ്പോൾ രണ്ടു പടല വാങ്ങാൻ കൊള്ളാവുന്നതുണ്ട്. അത് വേണമെന്ന് ആംഗ്യഭാഷയിൽ മേശയ്ക്ക് പിന്നിലിരുന്ന മുതലാളിയോട് പറഞ്ഞു. പക്ഷേ അദ്ദേഹം സംഭാഷണം തുടർന്നുകൊണ്ടിരുന്നു. അതും നല്ല ഉച്ചത്തിൽ. സ്വകാര്യബസ്സ് സംബന്ധമായ ക്ഷേമനിധിയുടെ കാര്യമാണ് സംസാരിക്കുന്നത്. പറഞ്ഞതു തന്നെയാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആ പേപ്പർ കൊടുത്ത കാര്യവും അതവിടത്തന്നെയുണ്ടെന്നുമൊക്കെ. ഒരു സാമാന്യ മര്യാദയ്ക്ക് ഒരു വ്യക്തി ഫോൺ ചെയ്യുന്നത് അവസാനിപ്പിക്കാൻ സമയം വേണമെങ്കിൽ ഉപഭോക്താവിന് കൊടുക്കാവുന്നതാണ്. കാറിനകത്ത് വേറെ ആളിരിക്കുന്നതിനാൽ കാർ ഓഫാക്കാതെ ഉള്ളിൽ എസിയിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നോക്കാൻ തുടങ്ങി. ഒന്നു രണ്ടു തവണ തടിച്ച പുരികം കൊണ്ട് അയാൾ കഥകളി മുദ്ര കാട്ടി. അർഥവും പിടികിട്ടി. അങ്ങനെ ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു. ഇതിനിടെ രണ്ടു മൂന്നു തവണ ഉളളിൽ നിന്ന് കോഴിയെ നന്നാക്കുന്ന അദ്ദേഹം മുതലാളിയുടെ നേർക്കും കഥകളി കാട്ടി. അതിന് മുതലാളി തലയാട്ടുകയും ചെയ്തു.

 

കുറച്ചു കഴിഞ്ഞപ്പോൾ മുതലാളി എഴുന്നേറ്റു. എഴുന്നേറ്റു വന്ന് അദ്ദേഹമിരുന്ന മേശയ്ക്കും പഴക്കുലയ്ക്കുമിടയിൽ നിന്നുകൊണ്ടായി ഫോൺ സംഭാഷണം. അതും ആവർത്തനം തന്നെ. ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു. ക്ഷമയെക്കാളുപരി, അതിലധികം കാത്തുനിൽക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കി എങ്കിൽ പഴം വാങ്ങാതെ പിന്തിരിയാം എന്ന് മനസ്സിൽ ഉറപ്പിക്കാൻ തുടങ്ങിയപ്പോൾ കോഴിയെ നന്നാക്കിക്കൊണ്ടു നിന്ന സഹായി അൽപ്പം കനത്ത മുഖഭാവത്തോടെ അവിടെനിന്ന് പുറത്തിറങ്ങി, ഒഴിഞ്ഞ ടാർവീപ്പയിൽ കരുതിയിരുന്ന വെള്ളം എടുത്ത് കൈയ്യിൽ പുരണ്ടിരുന്ന ചോര കഴുകിക്കളഞ്ഞു. എന്നിട്ട് വന്ന് പഴം പടലയോടെ ഉരിഞ്ഞ് വെട്ടി തന്നു. എന്തായാലും മുഴുവൻ കുലയും വിൽക്കാനുള്ള ശ്രമം നടന്നില്ല.

 

സഹായി പഴം കവറിലാക്കി തന്നതും മുതലാളിയുടെ സംഭാഷണം കഴിഞ്ഞു. പേരിനൊപ്പം മാമല എന്നു പേരുള്ള ഒരു ഗ്രന്ഥകർത്താവ് എഴുതിയ ഓർമ്മച്ചെപ്പുകൾ എന്ന പുസ്തകം മുതലാളി ഫോൺ വരുന്നതിനു മുൻപ് വായിച്ചിരിക്കുകയായിരുന്നു. താൻ പഴയ ബസ്സ് മുതലാളിയുടെ അവസ്ഥയിൽ നിന്ന് പഴം-കോഴിക്കടയുടെ മുതലാളിയായതു സ്വയം അംഗീകരിക്കാൻ വയ്യാത്തതുകൊണ്ടായിരിക്കാം പഴം വെട്ടിക്കൊടുക്കേണ്ടത് മുതലാളിയുടെ പണിയല്ല, അത് സഹായി തന്നെ ചെയ്യണമെന്ന് അദ്ദേഹം കരുതുന്നതായി തോന്നി. അതുകൊണ്ട് അദ്ദേഹം മന:പൂർവ്വം ഫോൺ സംഭാഷണം തുടരുകയായിരുന്നോ അതോ മറുതലയ്ക്കൽ ഫോൺ അവസാനിച്ചിട്ടും വെറുതേ തുടർന്നുകൊണ്ടിരിക്കുകയായിരുന്നോ എന്നൊരു സംശയവും ഉണ്ടായി.

 

എന്തുകൊണ്ടാണ് സ്വകാര്യബസ്സ് സർവ്വീസ് നടത്തി അദ്ദേഹം പരാജയപ്പെടാൻ കാരണമായതെന്ന് വ്യക്തമായി. താമസിയാതെ പഴം-കോഴിക്കച്ചവടവും പൂട്ടുന്ന ലക്ഷണം കാണുന്നുണ്ട്. അത് അദ്ദേഹത്തിനുമറിയാവുന്നതുകൊണ്ടാകണം ക്ഷേമനിധിയുടെ കാര്യത്തിൽ അതീവ താൽപ്പര്യത്തോടു കൂടി അദ്ദേഹം സംസാരിച്ചതെന്നു തോന്നുന്നു. ഈ ഉപഭോക്താവ് ഒരുപക്ഷേ കടയിൽ മുതലാളിയുടെ സഹായി മറ്റ് പണിയിലൊന്നും ഏർപ്പെട്ടിരിക്കുകയല്ലെങ്കിലും നല്ല പഴം കണ്ടാലും ഇനിയും കയറിയെന്നിരിക്കും. ആ തീരുമാനം ഈ കുറിപ്പെഴുതാൻ തുടങ്ങിയതിനു ശേഷമുണ്ടായതാണ്. അതിനു മുൻപ് ഇനിമേൽ ടിയാന്റെ കടയിൽ നിന്ന് പഴം വാങ്ങേണ്ടന്നായിരുന്നു തീരുമാനം. അകാരണമായി പത്തു മിനിട്ടിലേറെ വേറെ ഒരു ഉപഭോക്താവു പോലും കടയിൽ ഇല്ലാതിരുന്നിട്ടും കാത്തിരിക്കേണ്ടി വന്നത് അത്രയ്ക്ക് അസഹനീയമായിത്തോന്നി. എന്നാൽ ഈ കുറിപ്പെഴുതാൻ ഒരു വക കിട്ടിയതിന്റെയടിസ്ഥാനത്തിൽ, ഓരോ തവണയും ഓരോ കഥ കാണാമല്ലോ എന്ന ചിന്ത ഉണർന്നു. അതിനാലുമാണ് ഇനിയും പഴം കാണുന്നപക്ഷം കയറുമെന്ന് തീരുമാനിച്ചത്. പത്തു മിനിട്ടിലേറെ നിന്നിട്ടും ഒരു ഉപഭോക്താവു പോലും വരാതിരുന്നതും മുതലാളിയുടെ മുതലാളിത്തമനോഭാവം നിമിത്തമാണോ എന്നറിയില്ല.

gandhi customer quote

 

'ഉപഭോക്തൃ ദേവോ ഭവ' മഹാത്മാ ഗാന്ധി എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന മന്ത്രമാണ്. കടയിൽ കയറി വരുന്ന ഉപഭോക്താവിനെ ദൈവമായി കരുതണം. അദ്ദേഹത്തെ സേവിക്കാൻ അവസരം കിട്ടിയതിനു നന്ദി പറയണം എന്നുമൊക്കെ അദ്ദേഹം ഉണർത്തിച്ചതിന് പല തലങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം കടയിൽ വന്നു കയറുന്ന വ്യക്തിയോട് നന്നായി പെരുമാറുക എന്നതു തന്നെ. ഇത് ആധുനിക മാർക്കറ്റിംഗ് പശ്ചാത്തലത്തിൽ ആളുകളെക്കൊണ്ട് യാന്ത്രികമായിപ്പോലും മുതലാളിമാർ ചെയ്യിക്കാറുണ്ട്. ഇവിടെ പഴയ ബസ്സ് മുതലാളി ചെയ്തത് അൽപ്പം കടന്ന അപരാധമായിപ്പോയി. പഴം വാങ്ങാനെത്തിയ ഉപഭോക്താവിനെ ശിക്ഷിക്കുന്നതിനു തുല്യമായിപ്പോയി. ദൈവമായി കണ്ടില്ലെങ്കിലും ചെകുത്താനായെങ്കിലും അദ്ദേഹം ഈ ഉപഭോക്താവിനെ കണ്ടിരുന്നുവെങ്കിൽ ഇത്രയധികം കാത്തു നിൽപ്പിക്കില്ലായിരുന്നു. ഉപഭോക്താവിനെ ദൈവമായി കാണുമ്പോൾ മറ്റു തലങ്ങൾ വളരെ വിപുല സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് ദൈവത്തിനെ അളവിലും തൂക്കത്തിലും കബളിപ്പിക്കരുത്, ദൈവത്തിന് വിഷം കൊടുക്കരുത് എന്നൊക്കെയുള്ള പ്രായോഗികതയിലേക്ക്. യഥാർഥത്തിൽ ഉപഭോക്താവിനെ അങ്ങനെ കണ്ടു തുടങ്ങിയാൽ അതു സാധ്യമായിപ്പോകും. എത്ര അജ്ഞനാണെങ്കിലും ഏറ്റവും വലിയ അറിവിന്റെ അടിസ്ഥാനത്തിൽ കളവും ചതിയുമില്ലാത്ത വ്യക്തിയുടെ ഭാഗത്തു നിന്നുള്ള സമീപനം ഉപഭോക്താവിനു ലഭിക്കും.

 

മാമലയിലെ കടയിലെ പഴയ ബസ്സുമുതലാളിയുടെ ആവശ്യമാണ് ഉപഭോക്താവ് വീണ്ടും തന്റെ കടയിലെത്താൻ പാകത്തിൽ പെരുമാറേണ്ടത്. ആ രീതിയിലേക്ക് സഹായിയെ പരിശീലിപ്പിച്ചെടുക്കേണ്ട വ്യക്തിയാണ് മുതലാളി. ഈ മുതലാളി പരാജയപ്പെടാൻ കാരണം വേറൊന്നുമല്ല. എന്താണ് ചെയ്യേണ്ടതെന്ന് ചേയ്യേണ്ട സമയത്ത് അറിയാൻ കഴിയാത്ത ആളായിപ്പോയി അദ്ദേഹം. സഹായി കോഴിയെ നന്നാക്കുകയാണെങ്കിൽ രണ്ടു പടല പഴം കൊടുക്കാൻ മുതലാളിക്ക് ആവുന്നതേ ഉള്ളു. മുതലാളിയും സഹായിയും ഏതാണ്ട് ഒരേ പ്രായക്കാരുമാണ്. അതല്ല, താൻ അത്തരം പണികളൊന്നും ചെയ്യില്ല എന്ന ബോധത്തിൽ കഴിയുകയാണെങ്കിൽ താൻ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്ന ആളിനെക്കൊണ്ട് പണിയെടുപ്പിക്കാൻ അറിയണം. സഹായിയോട് കൈ കഴുകിയിട്ട് ഉപഭോക്താവിനെ കാത്തു നിൽപ്പിക്കാതെ പഴം കൊടുക്കാൻ മുതലാളി പറയണമായിരുന്നു. അതു പറയാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാലാകണം ഫോൺ സംഭാഷണം നീട്ടിക്കൊണ്ടുപോയി സഹായിയെ സഹികെടുവിപ്പിച്ച് പഴം എടുത്തുകൊടുക്കാനുള്ള ശ്രമം ആ മുതലാളി നടത്തിയത്. ഒന്നുകിൽ ചെയ്യേണ്ടത് അറിഞ്ഞു ചെയ്യണം. അല്ലെങ്കിൽ ചെയ്യിപ്പിക്കാനുള്ള ശേഷി വേണം. ഇതു രണ്ടുമില്ലാത്ത ആൾ കച്ചവടം ചെയ്യുക എന്നുവെച്ചാൽ പരാജയപ്പെടാൻ വേണ്ടി മാത്രമായിരിക്കും.