മകനോട് പക തീര്‍ക്കുന്ന അമ്മ, കേരളം ജീര്‍ണതയുടെ പടുകുഴിയിലേക്ക്‌

Glint Desk
Fri, 25-12-2020 06:46:23 PM ;

അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ 57 കാരനെയാണ് ഒരു മാസത്തേക്ക് തടവിലാക്കാന്‍ ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ നീതിയുറപ്പാക്കുന്ന വിധിയാണെന്ന് തോന്നാം. എന്നാല്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയുടെ യഥാര്‍ത്ഥ മുഖം ഈ ഉത്തരവിനുള്ളില്‍ പൊതിഞ്ഞിരിക്കുന്നുണ്ട്. ഒരു സമൂഹം അതിന്റെ ജീര്‍ണതയുടെ പാര്യമത്തിലെത്തുമ്പോഴാണ് വയോജനങ്ങള്‍ അരക്ഷിതരാകുന്നതും പരിരക്ഷിക്കപ്പെടാതെ വരുന്നതും. വയോജനങ്ങളുടെ ജീവിതത്തെ എങ്ങനെ എന്ന് നോക്കി സമൂഹത്തിന്റെ സാംസ്‌കാരിക സ്ഥിതിയെ അളക്കാവുന്നതാണ്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് വയോജനങ്ങള്‍ പരിരക്ഷിക്കപ്പെടാത്ത അവസ്ഥ കേരളത്തില്‍ വ്യാപകമാകുന്നുണ്ട്. ആ വര്‍ദ്ധനയുടെ തോത് കണക്കിലെടുത്താണ് 2007ല്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം നിലവില്‍ വന്നത്. ഇത്തരമൊരു നിയമം നിര്‍മ്മിക്കാന്‍ ഇടയായത് തന്നെ കേരള സമൂഹം ജീര്‍ണതയുടെ ഒരു ഘട്ടം അതിക്രമിച്ചിരിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ്. ആ നിയമം ഇപ്പോള്‍ വന്‍തോതില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. മാധ്യമങ്ങളിലൂടെ നടതള്ളുന്ന അച്ഛനമ്മമാരുടെയും ഒറ്റപ്പെട്ട് പോകുന്ന വയോധികരുടെയും വാര്‍ത്തകള്‍ കൊടുക്കുകയും പിന്നാലെ നടപടി വരുന്നതുമൊക്കെ നമ്മള്‍ കാണാറുണ്ട്. 

ഈ ചുടുവാലത്തൂരിലെ അമ്മയുടെയും മകന്റെയും വിഷയത്തിലക്ക് വരുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. അമ്മയ്ക്ക് മകനോടുള്ള സ്‌നേഹമില്ലായ്മയാണ് ഇത്തരമൊരു സാഹചര്യമുണ്ടായതിന്റെ കാരണമെന്ന് കാണാന്‍ കഴിയും. മക്കള്‍ സ്‌നേഹത്തെ ക്കുറിച്ച് അറിയുന്നത് അമ്മയില്‍ നിന്ന് കിട്ടുന്ന ബാലപാഠങ്ങള്‍ വഴിയാണ്. ഇവിടെ 57 കാരന്‍ ഇപ്പോഴും നേരിടുന്ന പ്രശ്‌നം സ്‌നേഹമെന്താണ് അയാളുടെ അമ്മയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. അമ്മയോട് സ്‌നേഹം ഉള്ളില്‍ നിലനില്‍ക്കുന്ന മക്കള്‍ക്ക് ഒരിക്കലും ഇത്തരം സര്‍ക്കാന്‍ ഇടപെടല്‍ ആവശ്യമായി വരില്ല. ഇവിടെ അമ്മ മെയിന്റനന്‍സ് ട്രിബ്യൂണലിന് കൊടുത്തിരിക്കുന്ന പരാതി വളരെ ശ്രദ്ധേയമാണ്. ചുടുവാലത്തൂരിലെ വീടിന് സമീപമാണ് മൂത്തമകന്റെ പാത്ര നിര്‍മാണ മണ്‍ചൂള, ഈ മണ്‍ചൂളയില്‍ നിന്ന് വരുന്ന പുക കാരണം തനിക്ക് ശ്വസംമുട്ട് ഉണ്ടാകുന്നു എന്ന് അമ്മ ചൂണ്ടിക്കാട്ടുന്നു. തന്നെ മറ്റ് മക്കള്‍ പരിപാലിക്കുന്നുണ്ടെങ്കിലും മൂത്തമകന്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് അമ്മയുടെ പരാതി. 

ഇവിടെ അമ്മയുടെ പരിപാലനക്കുറവല്ല പ്രശ്‌നം, മൂത്തമകന്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ്. തന്റെ മൂത്തമകനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുക എന്ന ഒരമ്മയുടെ മാനസികാവസ്ഥയാണ് ഈ പരാതിയില്‍ നിന്ന് വ്യക്തമാകുന്നത്. ആ അമ്മയ്ക്ക് മൂത്തമകനോടുള്ള പകയാണ് പരാതിയായി മാറിയത്. അമ്മയുടെയും മക്കളുടെയും തുല്യ അവകാശത്തിലുള്ള വീട് ഭാഗം വയ്ക്കാന്‍ മൂത്തമകന്‍ അനുവദിച്ചിരുന്നില്ലത്രെ. ഇവിടെ സ്വത്ത് തര്‍ക്കവും വരുന്നുണ്ട്. അതിനും കാരണം ഈ അമ്മയ്ക്ക് മകന്‍ കുഞ്ഞായിരുന്നപ്പോള്‍ അവനില്‍ നിക്ഷേപിക്കാന്‍ കഴിയാതെ പോയ സ്‌നേഹനമാണ്. ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത് മൂത്തമകന്‍ 4000, രൂപയും മറ്റ് രണ്ട് മക്കള്‍ 3000 രൂപ വീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ്. ട്രിബ്യൂണിലേന്റേത് ഒരു ഏകപക്ഷീയ തീരുമാനണെന്ന് വിലയിരുത്താം. സബ്കളക്ടര്‍ നിയമത്തെ മുന്‍നിര്‍ത്തി വെറും സാങ്കേതികമായ തീരുമാനമെടുക്കുകയായിരുന്നു. ഇത്തരം ഉന്നത ഉദ്യോഗസ്ഥര്‍ സാങ്കേതികതയ്ക്കപ്പുറം സാമൂഹ്യവശം കൂടി മനസ്സിലാക്കിവേണം പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍. എങ്കിലേ സ്ഥായിയായി പ്രശ്‌നങ്ങല്‍ പരിഹരിക്കപ്പെടുകയൊള്ളൂ. എന്നാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ സാങ്കേതികതയില്‍ ഊന്നി മാത്രം തീരുമാനം കൈക്കൊള്ളുകയാണ്. സമൂഹത്തില്‍ നിരന്തരം ഇടപെടുകയും ആ സമൂഹം നേരിടുന്ന ജീര്‍ണതകളെ തിരിച്ചറിഞ്ഞ് തീരുമാനങ്ങളെടുക്കുകയും ചയ്യേണ്ട ഉദ്യോഗസ്ഥര്‍ മറിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീര്‍ണാവസ്ഥ കൂടുതല്‍ വഷളാവുകയേയുള്ളൂ. അതാണ് ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലിലൂടെ നടപടിയിലൂടെ തെളിയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ നിയമത്തിന്റെ ദുരുപയോഗത്തെ മാത്രമല്ല, നിയമത്തിന്റെ താല്‍പര്യം മനസ്സിലാക്കി ഒരു വിഷയം പഠിക്കുന്നതിലുള്ള സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റിന്റെ ശേഷിക്കുറവിനെയും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു.

Tags: