കൊറോണ എത്ര കോടി പ്രണയങ്ങള്‍ തകര്‍ത്ത് കാണും ?

Glint Desk
Tue, 14-07-2020 08:42:36 PM ;

രേഷ്മ, വയസ്സ് 26. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ മള്‍ട്ടി നാഷ്ണല്‍ കമ്പനിയിലെ ഐ.ടി വിദഗ്ധ. ചെന്നൈയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. പെരുമ്പാവൂര്‍ വെങ്ങോലക്കാരി. താമസം കാക്കനാട് ഹോസ്റ്റലില്‍. കാഴ്ചയില്‍ സുന്ദരി. രണ്ട് വര്‍ഷത്തിലേറെയായി രേഷ്മയുടെ അച്ഛനും അമ്മയും മാട്രിമോണിയില്‍ തിരയുന്നു. റിട്ടേര്‍ഡ് കോളേജ് പ്രൊഫസര്‍മാരായ രേഷ്മയുടെ അച്ഛന്റെയും അമ്മയുടെയും ഉണര്‍ന്നിരിക്കുന്ന സമയത്തില്‍ ഏതാണ് 75-80 ശതമാനവും മാട്രിമോണി സൈറ്റിന് മുന്നിലാണ്. ലോക് ഡൗണ്‍ തുടങ്ങുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പാണ് രേഷ്മ കൊച്ചിയിലേക്കെത്തുന്നത്. അതുവരെ പല ഞായറാഴ്ചകളിലും രേഷ്മയ്ക്ക് ആവശ്യമില്ലാതെ ഫ്‌ളൈറ്റ് ടിക്കറ്റ് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. തന്നേക്കാണാന്‍ വരുന്നവരുടെ മുന്നില്‍ നില്‍ക്കുന്നതിന് വേണ്ടി. 

'ഒരോ തവണ ചെന്നൈയിലേക്ക് യാത്രയാക്കാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടിലെത്തും. അച്ഛന്‍ എന്റെ കൂടെ നടക്കുമെങ്കിലും എയര്‍പോര്‍ട്ട് ആദ്യം കാണുന്നതുപോലെ നാലുപാടും തെരഞ്ഞുനോട്ടമാണ്. ആള്‍ക്കൂട്ടത്തിനിടയിലോ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഇടയിലോ എനിക്ക് വേണ്ടിയുള്ള ചെക്കനുണ്ടോ എന്നുള്ള തിരച്ചില്‍. ഒരു ദിവസം ഞങ്ങള്‍ മൂന്ന് പേരും ലുലു മാളില്‍ പോയിട്ടാണ് എയര്‍ പോര്‍ട്ടില്‍ എത്തിയത്. ലുലുവില്‍ വച്ചും അച്ഛന്‍ തിരച്ചില്‍ നടത്തി. വിമാനത്താവളത്തിലേക്ക് കയറ്റിവിടുന്നതിന് മുമ്പ് അച്ഛന്‍ ചോദിക്കും. നിന്റെ കൂടെ ജോലി ചെയ്യുന്ന പിള്ളേരില്‍ ആരെയങ്കിലും സ്വന്തമായി കണ്ടെത്താന്‍ പറ്റില്ലേ എന്ന്. ഒടുവിലത്തെ തവണ അച്ഛന്‍ പറഞ്ഞു ജാതിയും മതവും ഒന്നും പ്രശ്‌നമില്ല. അങ്ങനെയിരിക്കെയാണ് കൊച്ചിയിലേക്കെത്തുന്നത്. ഇവിടെ ഇന്‍ഫോപാര്‍ക്കില്‍ എത്തിയപ്പോള്‍ ചുള്ളന്മാര്‍ക്ക് ഒരു ക്ഷാമവും ഇല്ല. 

അങ്ങനെ, പുതിയ കൂട്ടുകാരൊക്കെ ആയിവന്ന സമയം. കൂട്ടത്തില്‍ ഒരു ചുള്ളനെ കാഴ്ചയില്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പുള്ളി തൊട്ടടുത്ത കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിന്റെ പേര്,  ആളെങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്ന് കണ്ടെത്താമെന്ന് മനസ്സില്‍ ചെറിയ പദ്ധതിയൊക്കെ ആയി വന്നതായിരുന്നു. അപ്പോഴേക്കും ദേ വന്നു കൊറോണയും ലോക് ഡൗണും. ഇന്‍ഫോപാര്‍ക്ക് അടച്ചു. വര്‍ക്ക് ഫ്രം ഹോമായി. എന്റെ വര്‍ക്ക് പൂര്‍ണമായിട്ടും വീട്ടില്‍ ഇരുന്ന് ചെയ്യാന്‍ പറ്റുന്നതുമല്ല. അതുകാരണം ലോക്‌ഡോണ്‍ പിന്‍വലിച്ച ആദ്യഘട്ടത്തില്‍ തന്നെ എനിക്ക് വീണ്ടും ഇന്‍ഫോപാര്‍ക്കിലേക്ക് വരേണ്ടി വന്നു. 

പല സ്ഥാപനങ്ങളിലും എന്നേപ്പോലെ ആള്‍ക്കാര്‍ ജോലിക്കായി എത്തിയിട്ടുണ്ട്. എന്റെ മനസ്സില്‍ കയറിക്കൂടിയ യുവാവിന്റെ കോംപ്ലക്‌സിലും ആള്‍ക്കാല്‍ ജോലിക്കെത്തി. എന്ത് ചെയ്യാം എന്റെ മനസ്സില്‍ കയറിക്കൂടിയ ചുള്ളന്‍ ആരാണെന്ന് ഇനി എങ്ങനെ അറിയാന്‍ കഴിയും? ഇന്‍ഫോപാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഓരോ മുഖംമൂടിക്കാരനെ കാണുമ്പോഴും ഞാന്‍ നോക്കുന്നുണ്ട്, അച്ഛന്‍ ലുലു മാളിലും എര്‍പോര്‍ട്ടിലുമൊക്കെ നോക്കിയിരുന്നതുപോലെ. എന്റെ നോട്ടം കണ്ട് ചിലര്‍ തിരിച്ച് തുറിച്ച് നോക്കി. അവരുടെയൊക്കെ നേര്‍ക്ക് ഞാന്‍ വിശാലമായി ചിരിച്ചുകൊടുക്കും. പാവം അവരറിയുന്നില്ലല്ലോ ഞാന്‍ ചിരിക്കുകയാണെന്ന്. എന്നാലും എന്റെ മനസ്സില്‍ കയറിക്കൂടിയ ചുള്ളന്‍ ഞാന്‍ കാണുന്ന മാസ്‌കുകള്‍ക്ക് പിന്നില്‍ ഉണ്ടാവുമോ ആര്‍ക്കറിയാം. പ്രണമൊന്നുമാകാതിരുന്ന സ്ഥിതിക്ക് മനസ്സിന് ഇഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടുകഴിഞ്ഞാല്‍ അതുമാകാവുന്നതേ ഉള്ളൂ. പക്ഷേ എങ്ങനെ കാണും. പരിചയമില്ലാത്തവരുടെ അടുത്ത് പോയി ചേട്ടാ മുഖംമൂടിയൊന്ന് മാറ്റിയേ നോക്കിക്കോട്ടെ ഇഷ്ടപ്പെട്ടാല്‍ കല്യണം കഴിക്കാനാ എന്ന് പറയാന്‍ പറ്റുമോ? അപ്പോഴാണ് ആലോചിച്ചത് ഈ കൊറോണ ഒരു പ്രേമ വിരോധിയാണല്ലോ എന്ന്. എത്ര കോടി പ്രണയങ്ങളാണ് ഈ കൊറോണ കാലത്ത് നടക്കാതെ പോയത്. എന്റേതുള്‍പ്പെടെ.' രേഷ്മ പറഞ്ഞ് നിര്‍ത്തി.

Tags: