സംഭവം നടക്കുമ്പോള്‍ നഗരത്തിലെ ഒരു ഹൗസിംഗ് കോളനിയില്‍ നമ്മുടെ നായകന്‍ വീടിന്റെ അടുത്തുള്ള ഇടവഴിയില്‍ കാര്‍ നിര്‍ത്തിയിട്ട് അതിലിരുന്ന്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു. സംസാരം മുറുകിയിട്ടോ മറ്റോ കാര്‍ പതുക്കെ നിരങ്ങി വീടിനു മുന്നിലെ ഇടുങ്ങിയ വഴിയിലെത്തി. അവിടെ പിന്നീട് അതേ നില്‍പ്പ് നിന്നു. പത്തു മിനിറ്റ്. നായകന്റെ അംഗവിക്ഷേപങ്ങളില്‍ നിന്ന് സംസാരം കൊടുമ്പിരി കയറുന്നത് കാണാം.
ഇതൊന്നും അറിയാതെ പതിവുപോലെ മേലുദ്യോഗസ്ഥയായ യുവതിയെ കൊണ്ടുപോകാനായി ആ പയ്യന്‍ കാര്‍ പതുക്കെ വളവു തിരിച്ചു അതേ വഴിയിലേക്ക് കടന്നു വരുന്നു. വീടിനടുത്തെത്തിയതും നമ്മുടേ നായകന്‍ വണ്ടിയില്‍ നിന്നിറങ്ങി പയ്യന് നേരെ ആക്രോശിച്ചടുത്തു. ‘എന്റെ വണ്ടി കിടക്കുന്നത് കണ്ടൂടെ’ എന്ന ചോദ്യത്തിന്റെ മുന്‍പില്‍ പകച്ചു നിന്നു പയ്യന്‍. കുറച്ചു പുറകിലേക്ക് വണ്ടി എടുക്കുന്നതിനു പകരം സ്വന്തം വീടിന്റെയുള്ളിലെക്ക് പ്രയാസപ്പെട്ടു കയറ്റി മുന്‍പില്‍ പാഞ്ഞു പോയി നായകന്‍.
രണ്ട് വണ്ടികളുടെയും യാത്ര ഒരേ ദിശയിലേക്കായത് യാദൃച്ഛികമായാണ്. റോഡിലും നായകന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. പയ്യനും വാശി കൂടിയ മട്ട് തന്നെ. ഇരുവരും കണ്ണാടി നോക്കിയാണ് വണ്ടി പറത്തുന്നത്. പെട്ടെന്നായിരുന്നു ഒരു ലോറിയുടെ പുറകില്‍ ഇഞ്ചോടിഞ്ച് തട്ടി തട്ടിയില്ല എന്ന അവസ്ഥയില്‍ ഇരുവരുടെയും കണ്ണുകള്‍ ഏറ്റുമുട്ടുന്നത്. സംഗതി സ്വന്തം ആയുസ്സിന്റെ പ്രശ്നമാണെന്നു ബോധം വന്ന പോലെ കാറിലിരുന്ന യുവതി പയ്യനോട് “അടങ്ങാന്‍” നിര്‍ദേശിച്ചു. പയ്യന്‍ സ്വബോധം വീണ്ടെടുത്തു. സ്ഥിതി ശാന്തം!
എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് നായകന്‍ അടുത്ത തിരിവില്‍ പയ്യനെയും കാത്തു നിന്നു. തിരക്കിട്ട് മുന്‍പിലൂടെ കുറുകെയൊരു ചാട്ടം! നായകന്റെ മുഖത്ത് വിജയിച്ചവന്റെ സായൂജ്യം. പയ്യന്റെ മുഖത്ത് പരാജിതന്റെ മ്ലാനത. യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസം...
ഇനിയൊരു ഫ്ലാഷ്ബാക്ക്...
നമ്മുടെ നായകന്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ കേസ് കൊടുത്തു “അനുകൂലവിധി” കാത്തിരിക്കുന്ന ആളാണ്. ദിവസവും ഒരു നേരമെങ്കിലും ആരോടെങ്കിലും ഭാര്യയെ കുറിച്ച് നാല് വാക്ക് ദോഷം പറയുക എന്നതാണ് ഇപ്പോഴത്തെ ആശ്വാസം. അങ്ങനെയൊരു കുറ്റം പറച്ചില്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോഴാണ് പയ്യന്റെ വരവും ബാക്കി സംഭവങ്ങളും.
ഇവിടെ ഭാര്യയോടുള്ള നായകന്റെ അരിശത്തിന്റെ തീക്ഷ്ണതയാണ് അപരിചിതനായ പയ്യനോടും പിന്നീട് നിരത്തിലും പ്രകടിപ്പിച്ചത്. സ്വന്തം വണ്ടിയൊന്നു പുറകിലേക്കെടുത്താല്‍ അഭിമാനം പോവുമെന്നു കരുതുന്നവരുണ്ട്. വിട്ടുവീഴ്ചാമനോഭാവം എത്രകണ്ട് ഉണ്ടെന്നത് പ്രകടമാക്കുന്നതാണ് ഇത്തരം ചെറിയ സംഭവങ്ങള്‍.
സമൂഹത്തിന്റേയും യാഥാര്‍ഥ്യത്തിന്റേയും നടുവിലെ ഒരു കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നു പലപ്പോഴും “ഞാന്‍” എന്ന ഭാവം. സമൂഹമോ യാഥാര്‍ഥ്യമോ ആ ഭാവത്തിനെ ചോദ്യം ചെയ്യുകയോ, താങ്ങാവുന്നതില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയോ ചെയ്യുമ്പോള്‍ മനസ്സ് ഭയപ്പെട്ടുപോകുമെന്നത് സ്വാഭാവികം തന്നെ. പിന്നീട് നടക്കുന്നത് നമ്മുടെ അഹംഭാവത്തിനെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടുകളാണ്. അതിന്റെ അനുരണനങ്ങള്‍ ചിലര്‍ക്ക്പരിഭ്രമമായും മറ്റുചിലര്‍ക്ക് ദേഷ്യമോ ആലോസരമോ ആയും രൂപാന്തരപ്പെടും.
ജീവിതത്തിലെ ഇത്തരം പ്രതിബന്ധങ്ങള്‍ നേരിടാന്‍ നമ്മുടെ ഉപബോധ മനസ്സ് ചില നുറുങ്ങു വിദ്യകള്‍ കാണിക്കും. അതിലൊന്നാണ് ‘സ്ഥാനഭ്രംശം (Displacement)’. ചുരുക്കി പറഞ്ഞാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പ്രതിഭാസം! നിര്‍ദോഷങ്ങളായ ഇമ്മാതിരി സംഭവങ്ങള്‍ പലതും എല്ലാവരുടേയും ജീവിതത്തില്‍ നടക്കാറുണ്ട്. എന്നാല്‍, ചിലരില്‍ മനസ്സിന്റെ ദുര്‍ബലത സമ്മതിക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോഴെങ്കിലും മറ്റു പലരേയും ബാധിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഈ ദുരഭിമാനം അക്രമ മനോഭാവത്തിലും ചെന്നവസാനിക്കാറുണ്ടെന്നത് ദൗര്‍ഭാഗ്യകരം തന്നെ. ഭാര്യയോടുള്ള ദേഷ്യം വീട്ടിലെ നായയോട് തീര്‍ക്കുന്നവരും മേലുദ്യോഗസ്ഥന്‍ ദേഷ്യപ്പെട്ടതിന്റെ അരിശം ചോറ് വലിച്ചെറിഞ്ഞു തീര്‍ക്കുന്നവരും മുതല്‍ സ്വന്തം താല്‍പ്പര്യത്തിനു കുഞ്ഞിനെ നോക്കാന്‍ വേണ്ടി ജോലി ഉപേക്ഷിച്ച് അവസാനം കരിയര്‍ നശിപ്പിച്ചതിനു ഭര്‍ത്താവിനെ ക്രൂശിക്കുന്നവരും മഴ പെയ്യാത്തതിനു മന്ത്രിസഭയെ കുറ്റം പറയുന്നവരും ഒക്കെ പ്രയോഗിക്കുന്നത് ഇതേ രീതി തന്നെ.
നന്മ നിറഞ്ഞ ചിന്തയേക്കാളും ദുഷ്ചിന്തകള്‍ക്ക് പെരുമാറ്റത്തില്‍ വേഗം സ്വാധീനം ചെലുത്താനാകും. അത് പ്രാവര്‍ത്തികമാക്കാനും എളുപ്പം തന്നെ. എന്നാല്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ കുറെ നിരപരാധികളെയും ബാധിക്കുമെന്നതാണ് സങ്കടകരം. മനസ്സു ബോധത്തെ കീഴടക്കുന്നത് അതിവേഗമാണ്. അതുകൊണ്ടുതന്നെ, പ്രതികരിക്കുന്നതിനു മുന്‍പേ അവസരത്തിനെ വിലയിരുത്താന്‍ എപ്പോഴും അല്‍പ്പം സമയം നല്‍കുക എന്നത് ഓരോരുത്തരും ബോധത്തില്‍ ഊട്ടിയുറപ്പിക്കേണ്ട ഒന്നാണ്. പ്രശ്നങ്ങളോട് അതിന്റെ മൂലകാരണം മനസ്സിലാക്കി മാത്രം പ്രതികരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതെല്ലാം എല്ലായ്പ്പോഴും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം പെരുമാറ്റത്തിലെ ഇത്തരം പാളിച്ചകള്‍ മനസ്സിലാക്കുന്നത് തന്നെ തീര്‍ച്ചയായും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും.
ശ്രദ്ധയും മനസ്സാന്നിധ്യവും വേണ്ടുന്ന ജോലികളില്‍ ഏര്‍പ്പെടുന്ന എല്ലാവരും ഈ കാര്യം മനസ്സിരുത്തേണ്ടത് തന്നെയാണ്. രാവിലെ ആദ്യത്തെ ഓട്ടം തുടങ്ങുന്നതിനു മുന്‍പ് വണ്ടി കഴുകി വളയം തൊട്ടുവണങ്ങുന്ന ഒരു ശീലം കണ്ടിട്ടുണ്ട്. എന്നാല്‍, സ്വന്തം നന്മക്കും നിരത്തിലൂടെ പോകുന്ന മറ്റുള്ളവരുടെ നന്മക്കും വേണ്ടി വണ്ടിയോടിക്കും മുന്‍പ് മനസ്സ് മാലിന്യവിമുക്തമാക്കുക എന്നതാണ്ആദ്യം ശീലമാക്കേണ്ടത്. ആശകളും മോഹങ്ങളും ചുമന്നു പോകുന്ന മനുഷ്യജീവിതങ്ങള്‍ ബാലിശമായ മത്സരത്തിന്റെയും അഹന്തയുടെയും പിടിവലിയില്‍ കിടന്നു പിടയേണ്ടി വരുന്നത് തടയാന്‍ നമ്മള്‍ ഒരോരുത്തരും ശ്രമിച്ചാല്‍ സാധിക്കാവുന്നതെയുള്ളൂ.
വാല്‍: വിജയാഘോഷത്തോടെ പാഞ്ഞു പോയ നായകന്‍ വീടിന്റേയും വണ്ടിയുടേയും താക്കോല്‍ കാറിനുള്ളില്‍ വച്ചു അബദ്ധവശാല്‍ പൂട്ടിപ്പോവുകയും പിന്നീട് പിശുക്കിനെ കടിച്ചമര്‍ത്തി 300 രൂപ കൊടുത്ത് ഓട്ടോ വിളിച്ചു തിരികെ വന്നു പയ്യനെ ദുശ്ശകുനമെന്നു മുദ്രകുത്തിയതും ചരിത്രം.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.