പതിനേഴുകാരികളുടെ പിന്നിൽ ചാഞ്ചാടിയ അപ്പൂപ്പൻ വിരലുകൾ

Glint Guru
Fri, 14-02-2014 02:29:00 PM ;

ഒരു വിവാഹ നിശ്ചയച്ചടങ്ങ്. ഉച്ചഭക്ഷണം ആരംഭിച്ചു. ബുഫേ സംവിധാനം. പെട്ടന്ന് നിര നീണ്ടു. ചിലരൊക്കെ വന്ന് മാറിനിന്നിട്ട് പിന്നെ കയറി. നിരയ്ക്കപ്പോഴും നീളം. ഇടയ്ക്ക് രണ്ട്  പതിനേഴുകാരികൾ എത്തി. വളരെ സ്വാഭാവികമെന്നോണം അവർ നിരയിൽ പ്ലേറ്റുകൾ അടുക്കിവച്ചിരിക്കുന്ന സ്ഥലത്തിന് സമീപമെത്തി നിരയിൽ ഇടയ്ക്ക് നിന്നു കയറാനുള്ള പദ്ധതിയുമായി വന്നു. അവർ നിരയിൽ നിൽക്കുന്നവർക്ക് സമാന്തരമായി ചേർന്നു നിന്നു. അവരുടെ ഭാവം വളരെ ലളിതം, തങ്ങൾ നിര തെറ്റിക്കുകയാണെന്നുള്ള ലക്ഷണമൊന്നുമില്ലാതെ, വളരെ സ്വാഭാവികം. അവർ തമ്മിൽ സംസാരിക്കുന്നുമുണ്ട്. അത് കൂടുതൽ സ്വാഭാവികത നൽകി. നിരയിൽ നിൽക്കുന്നവർ നിൽക്കുന്ന അതേ ദിശയിലാണ് അവരുടേയും നിൽപ്പ്.

 

കുറച്ചു കഴിഞ്ഞപ്പോൾ നിരയിൽ അവരുടെ പിന്നിലായി നിന്ന നല്ല പാന്റ്‌സും ഷർട്ടുമൊക്കെ ധരിച്ച പ്രായം കൊണ്ട് ആ കുട്ടികളുടെ മുത്തച്ഛനാകാൻ പ്രായമുള്ള ഒരാൾ അവരെ വിളിക്കാൻ ശ്രമിച്ചു. വേണമെങ്കിൽ മക്കളേ എന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പരിഷ്കാരത്തിനു ചേർന്നവിധം ഒരു സ്റ്റൈലൻ ഹലോ വിളിയിലൂടെയോ അവരുടെ ശ്രദ്ധ ആകർഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷേ അദ്ദേഹം അവരെ ചെറുതായൊന്നു തട്ടിവിളിക്കാനാണ് തീരുമാനിച്ചത്. ധൈര്യപൂർവ്വം അവരുടെ തോളിൽ തട്ടി വിളിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഏതു പ്രായക്കാർക്കും. പക്ഷേ ഈ മുത്തച്ഛന്റെ കൈ അവരുടെ നേർക്ക് നീണ്ടതിനുശേഷം അവരുടെയടുത്തെത്തി എന്തു ചെയ്യണം എവിടെ തൊടണം എന്നറിയാതെ നന്നായി വിഷമിച്ചു. ഒരുവേള അദ്ദേഹത്തിന്റെ ശങ്ക വളരെ വ്യക്തമായി അദ്ദേഹത്തിന്റെ വിരലുകൾ സംസാരിച്ചു. പിൻവാങ്ങിയാലോ എന്ന തോന്നൽ. എന്നിട്ട് വീണ്ടും ആ കൈകൾ നിമിഷനേരം കൊണ്ട് ആ പ്രദേശങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ പരതി. എന്തായാലും അദ്ദേഹം ഒപ്പിച്ചു. ആ ബാല്യക്കാരികളിൽ ഒരാളുടെ അൽപ്പം മുകളിലേക്കു പൊന്തിനിന്ന മെഗാസ്ലീവിന്റെ മുകളിൽ നടുവിരലിന്റെ പിന്നാമ്പുറംകൊണ്ട് ചെറുതായി തട്ടി. പതിനേഴുകാരികൾ രണ്ടുപേരും കൂടി തിരിഞ്ഞു. തട്ടപ്പെട്ടയാൾ തിരിയുന്നതുകണ്ട് സ്വാഭാവികമായി മറ്റേയാളും തിരിഞ്ഞതാണ്. പക്ഷേ ഏതാണ്ട് ഒരേ സമയം രണ്ടുപേരും തിരിഞ്ഞു. ഒരു ചെറു ചിരിയോടെ, വിദ്വേഷം പ്രകടിപ്പിക്കാതെ എന്നാൽ അൽപ്പം അധികാരത്തിൽ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് ആ മുത്തച്ഛൻ പറഞ്ഞു - അങ്ങ് പിന്നിൽപ്പോയി ക്യൂവിൽ നിൽക്ക്. പതിനേഴുകാരികൾ പദ്ധതി പൊളിഞ്ഞ ചമ്മലിൽ കുണുങ്ങിയുള്ള ചെറുചിരിയോടെ പിന്നിലേക്ക് മിന്നൽ വേഗത്തിൽ ഊളിയിട്ടുപോയി.

 

നിരയിൽ നിന്ന ചിലർ ചെത്തപ്പൂപ്പനെ നോക്കി. നിരയിൽ നിന്നവർക്കു വേണ്ടിക്കൂടിയാണല്ലോ അദ്ദേഹം ഈ സാഹസം ചെയ്തത്. അപ്പൂപ്പന്റെ മുഖത്ത് വിജയിയുടെ ചിരി. എന്നാൽ ആ ചിരിയിൽ നൈസർഗികതയുണ്ടായില്ല. അൽപ്പം പാടുപെട്ട് സ്റ്റൈലായി ചിരിക്കുന്ന പോലെ തോന്നി. മറ്റുള്ളവർ എന്തർഥത്തിലാണ് ചിരിച്ചതെന്ന് തനിക്ക് വ്യക്തമായി, എന്നാൽ വ്യക്തമാകാത്തതായി ഭാവിക്കുന്നതു പോലെയായിരുന്നു ആ ചിരി. ചില ചിരിയുടമസ്ഥരുടെ കണ്ണ് അപ്പൂപ്പന്റെ മുഖത്ത് വിശ്രമിച്ചപ്പോൾ അപ്പൂപ്പൻ പറഞ്ഞു - ഇപ്പോഴേ പഠിക്കട്ടെ ചില നിയമങ്ങളും അച്ചടക്കങ്ങളും.  അതായത് ആ കുട്ടികളിൽ നല്ല ശീലം വളർത്തിയെടുക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായാണ് താൻ അവരെ പറഞ്ഞ് നിരയടെ പിന്നിലേക്കയച്ചതെന്നു ചുരുക്കം. ആരും ചോദിക്കാതെ അദ്ദേഹം തന്നെ ചോദ്യം സ്വയം സങ്കൽപ്പിച്ച് ഉത്തരം പറഞ്ഞതാണ്.

 

സദ്യയും ബുഫെയും സംസ്കാരവും

 

നാലോ അഞ്ചോ സെക്കൻഡുകൾ മാത്രം കൊണ്ട് അവിടെയുണ്ടായ വ്യവഹാരം ഇന്ന് നാമും നമ്മുടെ സമൂഹവും എവിടെ നിൽക്കുന്നുവെന്ന് സുന്ദരമായി വായിച്ചെടുക്കാം. ഇലക്ട്രിസിറ്റി ഓഫീസിൽ ബില്ലടയ്ക്കാനായി നിൽക്കുന്ന നിരയല്ല അത്. എല്ലാവരും  ഒരു മംഗള കർമ്മത്തിൽ പങ്കാളിയാകാനെത്തിയവർ. അവിടെ കൂടിയവരെല്ലാവരും അന്ന് വിവാഹനിശ്ചയം നടത്തപ്പെടുന്ന മിഥുനങ്ങളുടേയും അവരുടെ അച്ഛനമ്മമാരുടേയും ബന്ധുക്കളും സുഹൃത്തുക്കളും. പെൺകുട്ടിയുടെ ഭാഗത്തുനിന്നാണ് നിശ്ചയം നടത്തപ്പെടുന്നതിനാൽ അവിടെ എത്തിയിട്ടുള്ള അവരുടെ ആൾക്കാരെല്ലാം ഭാവിവരന്റെ കൂട്ടരുടെ ആതിഥേയയരാണ്. മുൻപ് വളരെ കർശനമയി പാലിക്കപ്പെട്ടിരുന്ന ഒന്നാണ് വരന്റെ ആൾക്കാർ ഭക്ഷണത്തിനിരുന്നതിന് ശേഷമേ ആതിഥേയരുടെ ആൾക്കാർ അതായത് ആതിഥേയർ ഇരിക്കുകയുള്ളുവെന്ന്. അത് പങ്കെടുക്കാനെത്തുന്നവർ തന്നെ സന്തോഷപൂർവ്വം നിർവഹിച്ചിരുന്ന മര്യാദയായിരുന്നു. വരന്റെ ആൾക്കാരാരെങ്കിലും ഇരിക്കാനുണ്ടെങ്കിൽ അവരെ ശ്രദ്ധാപൂർവ്വം ആദ്യം വിളിച്ചിരുത്തുന്നതിലും ആതിഥേയരുടെ ആൾക്കാർ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു സമൂഹം  ഒന്നായി തങ്ങളുടെ അടുത്തേക്കെത്തുന്ന സമൂഹത്തെ അതിഥികളായി സ്വീകരിക്കുന്ന മനോഹരവും ഹൃദ്യവുമായ രീതിയായിരുന്നു അത്. അതിഥികളായെത്തിയവർ കഴിക്കുന്നതിനു മുൻപ് പെൺവീട്ടുകാരോ അവരുടെ ആൾക്കാരോ ഭക്ഷണം കഴിക്കാനിരിക്കുന്നതു കണ്ടാൽ മഹാമോശമായിപ്പോലും കരുതപ്പെട്ടിരുന്നു. ഇപ്പോൾ ബുഫേ ആയപ്പോൾ ആ രീതി അപ്രത്യക്ഷമായി. നമ്മുടെ നാടിന്റെ സാംസ്കാരികതയോടു ചേർന്നു നിൽക്കുന്നതാകണമെങ്കിൽ മംഗളകർമ്മങ്ങൾക്കൊപ്പം സദ്യ അല്ലെങ്കിൽ സൽക്കാരമാണ് വേണ്ടത്.

 

സദ്യ എന്നത് വെറും ഭക്ഷണം കഴിപ്പല്ല. അതുകൊണ്ടാണ് സദ്യ എന്ന പേരു വന്നത്. ഈ നാടിന്റെ സംസ്കാരത്തിന്റെ ശ്രുതിയിൽ വൈവിദ്ധ്യമാർന്ന ലോകത്ത് വൈവിദ്ധ്യങ്ങളുടെ രുചിലോകം തീർത്ത് എങ്ങനെ എല്ലാവരും ഒന്നിച്ച് ഒന്നായി  മധുരതരമായി ജീവിക്കണമെന്ന ശാസ്ത്രീയ ആവശ്യകതയുടെ കാവ്യാത്മകമായ സാമൂഹ്യ ആവിഷ്‌കാരമാണ് സദ്യ. അതുകൊണ്ടാണ് ആ വാക്ക് സദ് ധാതുവിൽനിന്ന് ജന്യമായ പദവുമായത്. അതവിടെ നിൽക്കട്ടെ. വിഷയത്തിലേക്കു വരാം.  ഈ ആതിഥേയ-അഥിതി കൂട്ടായ്മ സൗഹൃദത്തിന്റേതും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതിന്റേതുമാണ്. എല്ലാ പൊതു ചടങ്ങുകളുടേയും ഉദ്ദേശ്യം മനുഷ്യൻ ഒന്നാണെന്നും ഒറ്റസമൂഹം എന്ന കാഴ്ചപ്പാടിൽ അവര്‍ ജീവിക്കണം എന്നതും ഓർമ്മിപ്പിക്കാനാണ്. അതായത് ഞങ്ങളും നിങ്ങളുമില്ല നമ്മൾ മാത്രമേ ഉള്ളു എന്ന ഓർമ്മിപ്പിക്കൽ.  

 

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവും. അതും സ്വാഭാവികം. എന്നിരുന്നാലും ചിലത് മാറാതെയും നോക്കേണ്ടതുണ്ട്. എങ്കിലേ മാറ്റങ്ങളിൽ ആടാതിരിക്കുകയുള്ളു. അല്ലെങ്കിൽ മാറ്റങ്ങളിൽ ആടിയുലഞ്ഞ് വീണുപോകും. മൂളയുടെ മൂട് പോലെയുണ്ടാവണം. എത്രവലിയ കാറ്റു വന്നാലും മുള അതനുസരിച്ച് ആടും. ഏതു ദിശയിലേക്കു വേണമെങ്കിലും. പക്ഷേ കടപുഴകില്ല. അതാണ് മൂടിന്റെ ശക്തി. എന്നാൽ കണ്ടാൽ പേടിയാവുന്ന ഓക്ക് മരങ്ങൾ നല്ലൊരു കാറ്റു വന്നാൽ തകർന്നൊടിഞ്ഞു വീഴും. ഇതാണ് സാംസ്കാരികമായി ഉറച്ച അടിത്തറയും ബാഹ്യമായി മാറാൻ തയ്യാറാകാത്ത മൗലികവാദവും തമ്മിലുള്ള വ്യത്യാസം. അതുകൊണ്ട് ഏതുമാറ്റവും മുളയുടേതു പോലെയാകണം. അടിയുടെ ബലം കൂട്ടുന്നതായിരിക്കണം. ബോധപൂർവ്വം അടിമാന്തിക്കൊണ്ട് മാറ്റം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ എത്ര നല്ല മുളയായാലും ഒന്നുകിൽ വീണുപോകും അല്ലെങ്കിൽ ഉണങ്ങിപ്പോകും. അത് മാറ്റത്തിന്റെ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യം.

 

സദ്യയ്ക്ക് ഇപ്പോഴും മാറാത്ത ചില ചുറ്റുവട്ടങ്ങൾ ഉള്ളതു കാരണം സദ്യയുമായി ബന്ധപ്പെട്ട സംസ്കാരം ഇപ്പോഴും അവശേഷിക്കുന്നു എന്നുള്ളതു നല്ല കാര്യം. ബുഫേയുടെ സംസ്കാരത്തിൽ ചില മര്യാദകളാണ് പാലിക്കേണ്ടത്. ഭക്ഷണം വിളമ്പുന്നിടത്ത് കൂട്ടം കൂടി നിന്നാലുണ്ടാകുന്ന അസൗകര്യവും അഭംഗിയും ഒഴിവാക്കാനാണ് ബുഫേയിൽ ക്യൂ സമ്പ്രദായം.  ബുഫേയാണെങ്കിൽ അത് ആവശ്യവുമാണ്. സംശയമില്ല. അത് ഓരോ വ്യക്തിയും സ്വയം ഏറ്റെടുക്കേണ്ട ചുമതല. എന്നാൽ ഇതുപോലൊരു മംഗളകർമ്മത്തിൽ പങ്കെടുക്കാനെത്തിയവർ ടിക്കറ്റെടുക്കാനോ ബില്ലടയ്ക്കാനോ നിരയിൽ നിൽക്കുന്നവരെ പോലെ പെരുമാറാൻ പാടില്ല. അത് അഭംഗിയും അമംഗളവുമാണ്. അവിടെ എത്തുന്ന ഓരോ മനസ്സും ശരീരവും സന്തോഷം അറിയുമ്പോൾ മാത്രമേ അത് മംഗളകർമ്മവും ചടങ്ങുമാവുകയുള്ളു. അതിലും എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. അത് നൈസർഗികമായി വരേണ്ടതാണ്. അത് ഏറ്റവും ഭംഗിയോടെ, നൈസർഗികതയോടെ കാണിക്കേണ്ടത് ഭക്ഷണത്തിനു മുന്നിലും. മറ്റൊരാളുടെ സന്തോഷമാകണം പങ്കെടുക്കുന്ന ഓരോ വ്യക്തിയുടേയും ലക്ഷ്യം. അവിടം പുതുസൗഹൃദങ്ങളുടേയും ബന്ധുത്വത്തിന്റേയും വേദി കൂടിയാണ്. അവിടം പരസ്പരം സ്നേഹം ചൊരിയേണ്ട വേദിയാണ്. സംസ്കാരത്തിൽ ലീനമായി കിടക്കുന്ന സ്നേഹത്തിന്റെ പൂവിടലും അതിന്റെ സൗരഭ്യവും നിറയേണ്ട സ്ഥലം. അതുകൊണ്ടാണ് ഇങ്ങനെയുള്ള ചടങ്ങിനെത്തുന്നവർ നന്നായി ഒരുങ്ങി വരേണ്ടതും. പരസ്പരമുള്ള കാഴ്ചകൾ മനോഹരവും ഭദ്രവുമായിരിക്കണം. ഞങ്ങളും നിങ്ങളും മാറി നമ്മളാവുമ്പോഴുണ്ടാവുന്ന ഭംഗിയുടെ ആവിഷ്കാര വേദിയാണത്. ഒന്നാലോചിച്ചു നോക്കിയാൽ മതി. ഒരു കല്യാണച്ചടങ്ങിലോ നിശ്ചയച്ചടങ്ങിലോ ജീവനക്കാരുടെ യൂണിയൻ മീറ്റിംഗിന് എത്തുന്നവരെപ്പോലെ എത്തിയാലുണ്ടാവുന്ന അരോചകത്വം.

 

പെണ്‍കുട്ടികളിലെ അസുരക്ഷിത ഉപബോധം

 

ഇവിടുത്തെ പതിനേഴുകാരികൾ നന്നായി വേഷം ചെയ്ത് ആ ചടങ്ങിന് മാറ്റ് കൂട്ടിയ കുട്ടികൾ തന്നെയായിരുന്നു.  വളരെ നേരത്തേയുള്ള മുന്നൊരുക്കങ്ങളൊക്കെ അവരുടെ വേഷത്തിനു വേണ്ടി അവർ എടുത്തിട്ടുണ്ടെന്ന് ആ വേഷം ശ്രദ്ധിച്ചാൽ കാണാവുന്നതേയുള്ളു. അവർക്കാണ് ആദ്യം ഉറപ്പില്ലായ്മ ഉണ്ടായത്. ക്യൂവിനിടയിൽ കയറുന്നത് നല്ല മര്യാദയല്ലെന്ന് അവർക്ക് തന്നെ അറിയാമായിരുന്നു. ഏതു മനുഷ്യനും ഏതു സമയത്തും എന്തു ചെയ്യണം എന്തു ചെയ്യാൻ പാടില്ല എന്നറിയാം. എന്നിരുന്നാലും ചില സൗകര്യങ്ങൾക്കു വേണ്ടി ചെയ്തുപോകുന്നു. അത് അവന്റെ അല്ലെങ്കിൽ അവളുടെ ദു:ഖത്തിന് കാരണമാകുന്നു. ഇത് അടിസ്ഥാന പ്രണാമം. അതുകൊണ്ടാണ് അങ്ങനെ കാര്യങ്ങൾ ചെയ്യുന്നവർക്ക് ആത്മവിശ്വാസം ഉണ്ടാവാത്തത്. അതുകൊണ്ടു തന്നെ ചെയ്യുന്ന കാര്യം ഭംഗിയാവില്ല. അങ്ങനെ ഭംഗിയാകാതെ വരുമ്പോൾ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ ചുമത്താൻ നോക്കുന്നു. ഇതൊക്കെ എപ്പോഴും എവിടേയും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇവിടുത്തെ പതിനേഴുകാരികൾക്കുമറിയാം ക്യൂവിൽ ഇടയ്ക്കു കയറുന്നത് ശരിയല്ലെന്ന്. അതു മറച്ചുവയ്ക്കാൻ വേണ്ടിയാണ് അസ്വാഭാവികമായി ഒന്നും ചെയ്യുന്നില്ല എന്ന ഭാവത്തിൽ തന്ത്രപൂർവ്വം നിരയ്‌ക്കൊപ്പം വന്നു നിന്നത്. ആ സമയം  ആ കുട്ടികൾ ആവശ്യമില്ലാതെ ഉളളിൽ സംഘർഷം അനുഭവിക്കുന്നു.  തങ്ങൾ അരുതാത്തതു ചെയ്യുന്നു എന്ന തോന്നൽ അവരിൽ വന്നു. അപ്പോൾ മുഖത്തുനിന്നും ശരീരത്തിൽ നിന്നും സന്തോഷം അപ്രത്യക്ഷമാകും. അവർ സന്തോഷത്തോടെ വരുന്ന പക്ഷം ക്യൂവിൽ നിൽക്കുന്ന ആർക്കു വേണമെങ്കിലും സ്വാഗതമരുളി അൽപ്പമൊന്നു പിന്നിലേക്കു മാറി അവരെ മുന്നിൽ നിൽക്കാൻ ക്ഷണിക്കാവുന്നതാണ്. കാരണം അത്തരമൊരു ചടങ്ങും ഭക്ഷണത്തിനു മുന്നിലുമാണ്. മനുഷ്യൻ മനുഷ്യനാകേണ്ട ഏറ്റവും മുഖ്യമായ നിമിഷങ്ങളാണ് ഭക്ഷണത്തിനു മുന്നിലെത്തുമ്പോൾ.

 

വർത്തമാനകാലത്തെ സാമൂഹ്യാന്തരീക്ഷം ആ പതിനേഴുകാരികളുടെ  ഉപബോധമനസ്സിൽ സൃഷ്ടിച്ചിരിക്കുന്ന വിശ്വാസമില്ലായ്മയുടെ അസുരക്ഷിത്വമാണ് ധൈര്യപൂർവ്വം, സന്തോഷത്തോടെ,  സ്നേഹത്തോടെ, ആത്മവിശ്വാസത്തോടെ ക്യൂവിനിടയിലേക്ക് കയറാന്‍ അവരെ തടയുന്നത്. എന്നിരുന്നാലും അവരിൽ ചെറിയ ഒരു വിശ്വാസവും അവശേഷിച്ചിരുന്നു, തങ്ങളോട് ചിലപ്പോൾ പിന്നിലേക്കു പോകാൻ ആരും പറയില്ലെന്ന്. ആ വിശ്വാസവും അന്നത്തോടെ തകർന്നിട്ടുണ്ടാവും. വളരെ നന്നായി ഒരുങ്ങി ആഘോഷപൂർവ്വം ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന വേളയിൽ അവർ പരസ്യമായി ആക്ഷേപിക്കപ്പെട്ട അവസ്ഥയിലെത്തി. അവരുടെ തോളുകൾ താഴ്ന്ന്‍ ശരീരം ചുരുങ്ങുന്നത് കാണാമായിരുന്നു. അവരിനി നിരയുടെ ഇടയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചില്ലെന്നിരിക്കും. ജീവിതത്തിലൊരിക്കലും. കാരണം അത്രയ്ക്ക് മാത്രം ക്ഷതം ഈ പ്രായത്തിൽ അവരുടെ ഉപബോധമനസ്സിൽ ഏറ്റിട്ടുണ്ടാവാം. അതു നല്ല കാര്യം തന്നെ. അതേ സമയം ഈ പതിനേഴുകാരികളിൽ നിന്ന് നഷ്ടപ്പെട്ട വിശ്വാസവും സമൂഹത്തേക്കുറിച്ച് അവരുടെയുള്ളിൽ ഇതിനകം അടിഞ്ഞുകൂടിയിട്ടുള്ള പേടിയും വിശ്വാസമില്ലായ്മയും വർധിക്കും. ഇതവരുടെ വ്യക്തിത്വത്തെ ബാധിക്കും. ആരിലും വിശ്വാസമില്ലാത്ത സ്വഭാവം വളർന്നു വരുന്നതിനെ ഇത് വർധിതമാക്കും.

 

മാധ്യമനിയന്ത്രിതമായ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിന്റെ പരസ്പര വിശ്വാസമില്ലായ്മയുടേയും മറ്റൊരാൾക്ക് തന്നേക്കാൾ അല്‍പ്പം നേരത്തേ ഭക്ഷണം കിട്ടുന്നതുപോലും സഹിക്കാൻ വയ്യാത്ത യുക്തിയിലേക്ക് നീതിബോധം പരിണമിക്കുന്ന  അവസ്ഥയുടേയും പ്രതിഫലനമായിരുന്നു അത്. തന്റെ ചെറുമക്കളായിരുന്നു ആ വന്നിരുന്നതെങ്കിൽ ഒരുപക്ഷേ ആ അപ്പൂപ്പൻ അവരെ വിളിച്ച് തന്റെ മുന്നിൽ നിർത്തിയേനെ. അതുമല്ലെങ്കിൽ വലിയ നീതിമാനാണെന്ന് സ്വയം കരുതുകയും അതു മറ്റുള്ളവരെ ധരിപ്പിക്കുകയും വേണമെന്ന് നിർബന്ധവുമുണ്ടായിരുന്നെങ്കിൽ അവർക്ക് വൃണപ്പെടാത്തവിധം സ്നേഹത്തിൽ പൊതിഞ്ഞ കൗതുക നർമ്മ സംഭാഷണത്തിലൂടെ അവരെ മോശക്കാരാക്കാതെ പിന്നിലേക്ക് പറഞ്ഞയച്ച് ആ നിമിഷത്തെ വാത്സല്യത്തിന്റെ നിമിഷങ്ങളാക്കി മാറ്റുമായിരുന്നു. ആ വയോധികന്റെ കൈകൾ ആ പതിനേഴുകാരികളുടെ പിന്നിൽ അൽപ്പനേരം ചാഞ്ചാടിയത് പേടികൊണ്ടാണ്. അതായത് താൻ അവരുടെ ദേഹത്തു തൊട്ടാൽ അതു പീഡനമായിപ്പോകുമോ, അപകടമാകുമോ എന്നൊക്കെയുളള ഭീതി. അത് സാമൂഹികാന്തരീക്ഷം വ്യക്തിയിൽ സൃഷ്ടിക്കുന്ന വൈയക്തിക മാനസികാവസ്ഥയാണ്. നന്നായി ഒരുങ്ങി മുന്നിൽ നിൽക്കുന്ന പതിനേഴുകാരികൾ തീർത്ത സൗന്ദര്യത്തെ അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിയാതെ വന്നു. കാരണം സ്ത്രീയെ വെറും ശരീരമായി കാണുന്ന തലത്തിലേക്ക് അനുനിമിഷം സാമൂഹ്യ സാഹചര്യങ്ങൾ എത്തി. മുഖ്യമായ പങ്ക് മാധ്യമങ്ങൾക്കു തന്നെ. ഏതു പരിപാടിയാണെങ്കിലും തൊട്ടടുത്ത നിമിഷം ലൈംഗികതയെ ഉണർത്തുന്ന തരത്തിലാവുന്നു. പരസ്യമായിക്കൊള്ളട്ടെ  ജനപ്രിയ പരിപാടിയായിക്കൊള്ളട്ടെ. അതല്ല വാർത്തകളിലേക്കു വന്നാൽ പീഡനം പലവിധം. ചർച്ചകളിലേക്കു വന്നാലും അതുതന്നെ. എപ്പോഴും കാഴ്ചയും ചിന്തയും സ്ത്രീ-ലൈംഗികത എന്ന കേന്ദ്രബിന്ദുവിൽ ചുറ്റിപ്പറ്റി  ദൃശ്യങ്ങളും ചർച്ചകളും നിലനിൽക്കുന്നു.

 

നഷ്ടമാകുന്ന സൗന്ദര്യാസ്വാദനം

 

കുഞ്ഞുകുട്ടി മുതൽ വയോധിക വരെ സ്ത്രീകളെ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ള ശരീരമായി കാണുന്ന പൊതു അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തിയതാണ് ഇതിന്റെ ഫലം. അതിനാൽ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. മനുഷ്യനു മാത്രം വിധിച്ചിട്ടുള്ള ഒരു സംഗതിയാണ് സൗന്ദര്യാസ്വാദനം. ആ ആസ്വാദനത്തിലൂടെ വേണം മനുഷ്യൻ അവന്റെ മനുഷ്യത്വവും സംസ്കാരവും തേച്ചുമിനുക്കിയെടുത്ത് ഉയരേണ്ടത്. ഈ വൃദ്ധനിൽ പോലും സൗന്ദര്യാസ്വാദനം വരാതെ മാംസചിന്ത ആധിപത്യം നേടി. അദ്ദേഹം അറിയാതെ അദ്ദേഹത്തിൽ സംഭവിച്ചതാണ്. സൗന്ദര്യാസ്വാദനത്തിന്റേയും പ്രസക്തി ഇവിടെയാണ്. അനായാസം അറിയാത്ത വിധം ഉദാത്തമായ സൗന്ദര്യം സ്ഫുരിക്കുന്ന സ്വഭാവങ്ങളിലേക്ക് മനുഷ്യൻ അനുനിമിഷം പ്രവേശിക്കണം. സൗന്ദര്യത്തിന്റെ  ധർമ്മം അതാണ്. അതുകൊണ്ടാണ് എന്തു ചെയ്യുമ്പോഴും ഭംഗിയായി ചെയ്യണമെന്ന് പറയുന്നത്. മനുഷ്യൻ ഇടപെടുന്നിടത്തെല്ലാം സൗന്ദര്യം വേണം. അവിടെയാണ് സ്നേഹവും ഉണ്ടാവുക. അതുകൊണ്ടാണ് സ്‌നേഹം സൗന്ദര്യമായി മാറുന്നത്.

 

തനിക്ക് തന്നെക്കുറിച്ചു തന്നെയുളള വിശ്വാസമില്ലായ്മ. അല്ലെങ്കിൽ സ്നേഹപൂർവ്വം അവരുടെ തോളിലോ കൈത്തണ്ടയിലോ തലയിലോ എവിടെയാണ് ആ നിൽപ്പിൽ സൗകര്യമെന്നു തോന്നുന്നത് അവിടെ തട്ടിവിളിച്ചാൽ ആ കുട്ടികൾക്ക് ഒന്നും തോന്നുകയില്ല. അങ്ങിനെ വിളിക്കാനുള്ള മാനസികാവസ്ഥയുണ്ടാവുന്ന പക്ഷം ആ പതിനേഴുകാരികളെ ആഘോഷപൂർവ്വം മുന്നിൽ കയറ്റിനിർത്തി അവർക്ക് അവസരം കൊടുക്കുകയും ചെയ്യും. അങ്ങിനെ വിളിക്കണമെങ്കിൽ വിളിക്കുന്നവരുടെയുള്ളിൽ അവരോട് സ്നേഹം ഉണ്ടാവണം. മറിച്ച് എന്റെ അവസരം അവർ തട്ടിയെടുക്കുന്ന എന്ന ചിന്ത വന്നാൽ അവരോട് ദേഷ്യമായി. ആ ദേഷ്യത്തിൽ  സ്നേഹം അപ്രത്യക്ഷമാകും. ഇരുട്ടു നിറഞ്ഞ മനസ്സിൽ എന്തും കയറിവരും. സൗന്ദര്യം പോയിട്ട് ഒന്നും തന്നെ കാണാൻ പറ്റില്ല. അതിന് പ്രായം തടസ്സമല്ല. ആ വയോധികന്റെ മനസ്സിലും അഭദ്രചിന്തകൾ ഇളക്കം കൂട്ടിയതിനാലാണ് ആ കൈകൾ ഒരു നിമിഷം വിറകൊണ്ട് എവിടെ തൊടണമെന്നറിയാതെ പതറിയത്. കാരണം ആ വിരലിന്റെ ഉടമസ്ഥന്റെ മനസ്സ് ആ കുട്ടികളുടെ ശരീരത്തിൽ ഭംഗിക്കു പകരം കാമം കണ്ടു. അതിനാലാണ് ആ വിറയൽ വന്നതും പാടുപെട്ട് തുണിയുടെ തുമ്പിൽ തട്ടി അവരുടെ ശ്രദ്ധ ആകർഷിച്ചതും. ഇതൊക്കെ അദ്ദേഹം  അറിയാതെ സംഭവിച്ചതാണ്. നിരന്തരം കേൾക്കുന്ന അശുഭവാർത്തകളും തുടർന്നുണ്ടാകുന്ന ക്ഷുദ്ര ചർച്ചകളുമൊക്കെ സംയുക്തമായി സമൂഹമനസ്സിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ. എന്നാൽ, ആ കുട്ടികൾ അപമാനിതരായിപ്പോയോ എന്ന് അദ്ദേഹത്തിന് അടുത്ത നിമിഷം തോന്നിയിട്ടുണ്ടാവണം. അതുകൊണ്ട് തന്നെത്തന്നെ സമാധാനിപ്പിക്കാനെന്നോണം  ഇപ്പോഴേ നല്ല ശീലങ്ങൾ പഠിക്കട്ടെ എന്നൊരു ന്യായീകരണം കൊടുത്ത് ക്യൂവിൽ നിന്ന മറ്റുള്ളവരുടെ അംഗീകാരം തേടിയത്. അതായത് താൻ ആ കുട്ടികളോടുള്ള സ്നേഹം കൊണ്ടാണ് അല്ലാതെ തന്റെ സ്വാർഥത കൊണ്ടല്ല അവരോട് പിന്നിൽ പോയി നിൽക്കാൻ പറഞ്ഞതെന്ന്. അദ്ദേഹത്തിന്റെ ഉള്ളിലുമറിയാം ആ കുട്ടികളോട് തനിക്ക് സ്നേഹമാണ് ഉണ്ടാവേണ്ടതെന്ന്. പക്ഷേ സാമൂഹ്യസ്വാധീനവശാൽ വ്യക്തിമനസ്സിന്റെ ആ തലം അടിയിലേക്ക് തള്ളപ്പെടുന്നു. ഇതേ അവസ്ഥ തന്നെയാണ് ക്യൂവിന് ഇടയിലേക്ക് കയറാനായി ആ പതിനേഴുകാരികൾക്ക് ആത്മവിശ്വാസം നൽകാതിരുന്നതും.  സ്നേഹിക്കേണ്ടവരാണെന്ന് അറിയാമെങ്കിലും സ്നേഹിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പെരുമാറ്റങ്ങളും രീതികളും മാറ്റത്തിന്റെ പേരിൽ സംഭവിക്കുമ്പോഴുണ്ടാവുന്ന അപഭ്രംശങ്ങളുടെ നിമിഷപ്രതിഫലനമാണ് കണ്ണാടിയിൽ തെളിയും പോലെ ആ  അപ്പൂപ്പന്റെ മനസ്സ് പതിനേഴുകാരികളുടെ പിന്നിൽ ചാഞ്ചാടിയതും അവരെ പറഞ്ഞ് പിന്നിലേക്കയച്ചതും.  സ്നേഹത്തോടെ ആരെയും എവിടെവച്ച് വേണമെങ്കിലും തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താൽ ആലിംഗനം ചെയ്യുന്നവർക്കും കണ്ടുനിൽക്കുന്നവർക്കും സന്തോഷമേ ഉണ്ടാവുകയുള്ളു. അതു ബോധപൂർവ്വം വ്യക്തിയിൽ ഉണ്ടാവേണ്ടതല്ല. നൈസർഗികമായി സംഭവിക്കേണ്ടതാണ്. അതിനുതകുന്ന വഴികളിലൂടെ മുന്നേറുമ്പോൾ സംഭവിക്കുന്നതാണ് ആ നൈസർഗികത. ആ നൈസർഗികതയേക്കുറിച്ചുള്ള അറിവിന്റെ വ്യാപനത്തിന് ബോധപൂർവ്വമായ ശ്രമങ്ങൾ അനിവാര്യവും. അതെ അൽപ്പം വൈരുദ്ധ്യാത്മികം തന്നെ. ഭൗതികമാണെങ്കിൽ കൂടി.