രണ്ടാമതു കാപ്പിയുണ്ടാക്കും മുൻപേ

Glint Guru
Sun, 22-12-2013 02:38:00 PM ;

 

അച്ഛനും യുവതിയായ മകളും. അമ്മ വീട്ടിലില്ലാത്ത സമയം. മകൾ അച്ഛന് കാപ്പിയുണ്ടാക്കി. കാപ്പി കുടിക്കാൻ നേരം അൽപ്പം പാൽ കൂടിപ്പോയോ എന്ന് അച്ഛന് സംശയം. അച്ഛൻ ആ സംശയം പ്രകടിപ്പിച്ചുകൊണ്ട് മകൾക്കു കുടിക്കാനുള്ള കാപ്പിയെവിടെ എന്നന്വേഷിച്ചു. അപ്പോൾ തനിക്കപ്പോൾ വേണ്ടെന്നും കുറച്ചു കാപ്പി ഉണ്ടെന്നും പറഞ്ഞുകൊണ്ട് ഒരു മഗ് ചൂണ്ടിക്കാണിച്ചു. അതിൽ കുറച്ചു കാപ്പി. അതിലേക്ക് കുറച്ചു കാപ്പികൂടി അച്ഛൻ ഒഴിക്കാൻ നോക്കി. അപ്പോൾ മകൾ സോറി മുഖഭാവത്തോടെ പറഞ്ഞു - അയ്യോ അച്ഛാ, പാല് കൂടിപ്പോയേ വേറെ ഉടനുണ്ടാക്കിത്തരാം. ആ കിണുങ്ങൽ മകൾ ഒറ്റ ശ്വാസത്തിൽ പലവുരു ആവർത്തിച്ചു. അച്ഛൻ മകളുടെ മഗ്ഗിലേക്ക് ചായ കുറച്ച് ഒഴിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്നു. അടുക്കളയിൽ അരങ്ങേറിയ ആ നിമിഷം തികച്ചും സ്വാഭാവികം. മകൾക്ക് അച്ഛനോടുള്ള സ്നേഹം കൊണ്ടുതന്നെയാണ് പാൽ കൂടിപ്പോയെങ്കിൽ കാപ്പി വേറെയിട്ടു കൊടുക്കാമെന്ന് പറഞ്ഞത്. അച്ഛൻ കാപ്പി കുടിച്ചുനോക്കി.  നല്ല കാപ്പി. അതു പറഞ്ഞപ്പോൾ മകൾക്ക് ഒരു വിശ്വാസക്കുറവ്.  അതിനാൽ മകൾ ഒന്നുകൂടി ആവർത്തിച്ചുറപ്പിച്ചു, ശരിക്കും നല്ല കാപ്പിയാണോയെന്ന്. അതേയെന്നു പറഞ്ഞിട്ട് ഇനി വേറെ കാപ്പിയിടേണ്ട ആവശ്യമുണ്ടോ എന്നായി അച്ഛൻ. ചെറുചിരിയോടെ, എന്നാൽ എന്തിനുവേണ്ടിയാണ് ചിരിക്കുന്നതെന്നറിയാതെ മകൾ പറഞ്ഞു, വേണ്ട.

 

അച്ഛൻ- എന്തുകൊണ്ടാ വേറെ കാപ്പിയിട്ടു തരാമെന്നു പറഞ്ഞത്.

മകൾ- അച്ഛൻ പാല് കൂടിയെന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു, കാപ്പി ശരിയായിക്കാണില്ലെന്ന്

അ- അതെന്തിനാ വിചാരിച്ചത്. ഞാൻ തൊട്ടു മുൻപിൽ തന്നെ നിൽക്കുകയല്ലേ. അപ്പോൾ എന്നോട് ചോദിച്ചാൽ പോരേ, കാപ്പി മോശമായോ ഇല്ലയോ എന്ന്.

മ- അല്ല, പാല് കൂടിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ ...

അ- പാല് ലേശം കൂടിപ്പോയെന്ന് പറഞ്ഞത് ശരി. അതിന്റെ അർഥം കാപ്പി മോശമായെന്നാണോ?

മ- അല്ല.

അ- ഈ സോഫ്റ്റ് വെയർ മഹാ അപകടകാരിയാണ്. ഇതിനെ ഒഴിവാക്കി നല്ല ആന്റിവൈറസ് ഇടണം. അല്ലെങ്കിൽ  ഈ വൈറസ് എപ്പോൾ എവിടെ കേറി അടിക്കുമെന്ന് പറയാൻ പറ്റില്ല. ഏത് പ്രോഗ്രാമിലാ ഈ വൈറസ് ആക്രമണം നടത്തി മൊത്തം സിസ്റ്റത്തിനെ തകരാറിലാക്കുന്നതെന്ന് അതു കഴിയുമ്പോഴേ അറിയാൻ പറ്റുകയുളളു.

മ- സംഗതി മനസ്സിലായി. കരുതിക്കുരുതി ചെയ്യണം.

അ- എന്താണ്?

മ- കരുതിയെ കുരുതി ചെയ്യണമെന്ന് മനസ്സിലായി.

അ- അടിക്കുറിപ്പ് ആവശ്യം.

മ- കരുതി തീരുമാനമെടുക്കുന്ന, ‌ടേക്കൺ ഫോർ ഗ്രാന്റഡ് വൈറസിനെ കുരുതിചെയ്യണം.

അ- അരേ വാഹ്! കാസ്പറോസ്‌കി എന്ന ആന്റിവൈറസിന്റെ പേര് പോലെ കൊള്ളാം. ഈ കരുതി വൈറസ് എങ്ങിനെയാ സിസ്റ്റത്തെ താറുമാറാക്കുന്നതെന്ന് അറിയുമോ.

മ- ഏകദേശം അറിയാം. ഇപ്പോള്‍ കൂടുതൽ മനസ്സിലായി. പാല് കൂടിയെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അടുത്ത കാപ്പിയിടാനുള്ള തീരുമാനമെടുത്തു. അതായത് കാപ്പി മോശമാണെന്ന് അച്ഛൻ നിശ്ചയിച്ചുവെന്ന് ഞാൻ സ്വന്തം നിലയ്ക്ക് തീരുമാനിച്ചു. അച്ഛന്റെ തീരുമാനം ഇന്നതാണെന്ന് അച്ഛൻ പറയാതെ തന്നെ ഞാൻ തീരുമാനിച്ച് അതനുസരിച്ച് നടപടിയെടുക്കാൻ തുടങ്ങി. പക്ഷേ അച്ഛൻ കാപ്പി രുചിച്ച് മനസ്സിലാക്കിയത് മറിച്ചായിരുന്നു. അപ്പോൾ എന്റെ തീരുമാനം തെറ്റുന്നു. തെറ്റായ തീരുമാനം ആവശ്യമില്ലാതെ എന്നെ കാപ്പിയുണ്ടാക്കാൻ പ്രേരിപ്പിച്ചു. ഇതുപോലെ തെറ്റായ തീരുമാനങ്ങളിലേക്ക് ഈ വൈറസ് നയിക്കും. അതു പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

മ- ഉഗ്രൻ. അതുതന്നെ സംഗതി. മിക്ക മനുഷ്യരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഈ വൈറസ് സൃഷ്ടിക്കുന്നതാണ്. വിശേഷിച്ചും ഏറ്റവും അടുത്തവർ തമ്മിൽ. ചിലപ്പോൾ ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്നവർ തന്നെ അകൽച്ചയിലാകാൻ ഇതു കാരണമാക്കും. ഒരാളുടെ തീരുമാനം എന്താണെന്ന് അറിയാൻ നാം അയാളോട് തന്നെ ചോദിക്കണം. ചോദിക്കാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ. പക്ഷേ നമ്മൾ പലപ്പോഴും അങ്ങ് വിചാരിക്കുന്നു. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അവിടെയാണ് ഈ വൈറസിനെ ഒഴിവാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണത്. അല്ലെങ്കിൽ വൈറസ് മാറ്റാൻ ശ്രമിച്ച് ആകെ താറുമാറാകുന്ന അവസ്ഥയാകും. എന്തുകൊണ്ട്, എങ്ങനെയാണ് ഈ വൈറസ് പ്രവർത്തിക്കുന്നതറിയാമോ

മ- അറിയാമെങ്കിലും അത്ര തെളിച്ചം പോരാ.

 

അ- മനുഷ്യരുടെ മാത്രം ശേഷിയാണ് ചിന്തിക്കാനുള്ള കഴിവ്. അതിനാൽ അവര്‍ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കും. ചിന്ത കൊണ്ടു മാത്രമാണ് അവര്‍ മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാവുന്നത്. അതുകൊണ്ടാണ് എപ്പോഴും ചിന്തകൾ വന്നുകൊണ്ടിരിക്കുന്നത്. അത് ശീലമാണ്. ശീലം സ്വാഭാവികമായി എപ്പോഴും സ്വാധീനിക്കും. ചിന്ത, അപ്പോൾ വേണ്ടതാണ്. തെളിച്ചവും വ്യക്തവുമായ ചിന്തയാണ് മനുഷ്യന്റെ ഗുണത്തെ നിശ്ചയിക്കുന്നത്. അതനുസരിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. അങ്ങനെ, തെളിഞ്ഞ ബുദ്ധിയിൽ, അനുഭവത്തിന്റെ പശ്ചാത്തല ജ്ഞാനത്തിൽ കരുതൽ ശേഷി കൊണ്ടാണ് നാം ഓരോ നിമിഷവും തീരുമാനങ്ങള്‍ എടുക്കുന്നത്. ഈ കരുതൽ പ്രക്രിയയുടെ സഹായത്താലാണ് നാം റോഡ് മുറിച്ചുകടക്കുന്നതും വാഹനമോടിക്കുന്നതും കറിക്കുപ്പിടുന്നതുമെല്ലാം. അതിനാൽ ഈ കരുതൽ ശേഷിയും ആവശ്യമാണ്. അതും ജീവിതത്തിന്റെ ഭാഗവും ശീലവുമായതിനാൽ അത് എപ്പോഴും പ്രവർത്തന സജ്ജമാകും. അവസരത്തിലും അനവസരത്തിലും. അതനുസരിച്ച് നമ്മൾ തീരുമാനമെടുക്കും. പിന്നെ തൻകുഞ്ഞ് പൊൻകുഞ്ഞ്. അതും തന്റെ കുഞ്ഞിനെ ശ്രദ്ധയോടെ നോക്കാൻ പ്രകൃതി നിക്ഷേപിച്ചിട്ടുള്ള ശേഷിയാണ്. അതിനാൽ തന്റെ അഭിപ്രായത്തോട് മമത അഥവാ ഒട്ടൽ വരുന്നു. ഒട്ടുന്നത് ചേർന്നിരിക്കും. ഒട്ടിക്കഴിഞ്ഞാൽ ഒന്നായി മാറുന്നതു പോലെയാണ്. ഒട്ടുന്നതുമായി വ്യത്യാസം തോന്നില്ല. ഒട്ടിയിരിക്കുന്നതും നമ്മുടെ ഭാഗമാണെന്ന് അനുഭവപ്പെടും. അപ്പോൾ ഒരു അഭിപ്രായത്തോട് ഒട്ടിക്കഴിഞ്ഞാൽ ആ അഭിപ്രായം നമ്മളാണെന്ന് തോന്നും. ആരെങ്കിലും ആ അഭിപ്രായത്തെ തള്ളിപ്പറഞ്ഞാൽ ഒട്ടിയിരിക്കുന്നതിനാൽ അത് നമ്മളെ തള്ളിപ്പറയുകയാണെന്ന് നമുക്ക് തോന്നും. നമ്മളെ ആരെങ്കിലും സ്വീകരിക്കാതെ തള്ളിപ്പറഞ്ഞാൽ നമുക്ക് വിഷമം. ഉള്ളിൽ വേദന വന്നു കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കും. പലപ്പോഴും നാം വിചാരിക്കുന്നത് നമ്മെ വേദനിപ്പിക്കുന്നവരെ  അതേപോലെ തിരിച്ചു വേദനിപ്പിച്ചാൽ നമുക്ക് വേദനയിൽ നിന്ന് പുറത്തു വന്ന് നമുക്ക് സുഖം ലഭിക്കുമെന്നാണ്. അങ്ങനെയാണ് അടുത്തവർ തമ്മിൽ പരസ്പരം വാക്കുകൾകൊണ്ട് കുത്തിനോവിക്കുന്നത്. ഒടുവിൽ അത് ശാരീരികമായി പോലും വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അടിപിടി, വെട്ട്, കുത്ത്, കൊലപാതകം വരെ. മോളിട്ട കാപ്പിയുമായി മോൾ ഒട്ടി. അതിനാൽ ആ കാപ്പി  നല്ലതെന്നു പറയുമ്പോൾ മോൾക്കു സുഖം ലഭിക്കുന്നു. അതു മോശമെന്നു വന്നാൽ മോളുടെ ചിന്ത മോളോടു പറയുന്നു, മോൾ മോശമാണെന്ന്. അവിടെയെല്ലാം ഈ കരുതൽ വൈറസ് പ്രവർത്തിക്കുന്നത് കാണുന്നില്ലേ. മോശത്തിനെ ആരെങ്കിലും സ്വീകരിക്കുമോ. ഇല്ല. നമ്മൾ സാധനം വങ്ങുമ്പോൾ തിരയുന്നതെന്തിനാ. മോശമായതിനെ ഒഴിവാക്കാൻ. അപ്പോൾ മോശമായതിനെ ഒഴിവാക്കേണ്ടതാണെന്ന തോന്നൽ സൃഷ്ടിക്കുന്ന അന്തരാളത്വം ആലോചിച്ചുനോക്കൂ. അതിൽ നിന്നു രക്ഷപ്പെടാൻ പെട്ടെന്നു കണ്ട വഴിയാണ് വേറെ കാപ്പിയിട്ട് നല്ലതാവുക എന്നത്.

 

മ- ഒരു സംശയം. അപ്പോൾ ആരെങ്കിലും നമ്മൾ ഇട്ട കാപ്പിയോ ചായയോ നല്ലതാണെന്നു പറഞ്ഞാൽ സന്തോഷം തോന്നേണ്ടന്നാണോ?

അ- സന്തോഷിക്കാം. കാരണം താൻ ചെയ്ത പ്രവൃത്തി മറ്റൊരാൾക്ക് സന്തോഷമായി. അതിനാൽ അയാൾ സന്തോഷിക്കുന്നു. അയാളുടെ സന്തോഷം നമ്മളുടേയും സന്തോഷമാണ്. മറ്റൊരാളുടെ സന്തോഷത്തിനും വേണ്ടിയാണ് നമ്മുടെ പ്രവൃത്തിയെന്നുള്ള അറിവ് ആവശ്യമാണ്. മറിച്ച്, മറ്റൊരാൾ നന്നായി എന്നു പറയുന്നത് കേൾക്കുമ്പോള്‍ തനിക്കുണ്ടാകുന്ന സന്തോഷത്തിനായാണ് ഒരു പ്രവൃത്തി ചെയ്യുന്നതെന്നു വരുമ്പോൾ എല്ലാ പ്രവൃത്തിയും സന്തോഷം പ്രതീക്ഷിച്ച് ചെയ്യുന്നതായിരിക്കും. അങ്ങനെ വരുമ്പോൾ എപ്പോഴും ചെയ്യുന്ന ജോലിയുമായി ഒട്ടി സന്തോഷം കാംക്ഷിച്ചിരിക്കും. അപ്പോൾ കാപ്പി ഇത്തിരി മോശമായി എന്ന് ആരെങ്കിലും പറഞ്ഞാൽ സങ്കടമായി. സങ്കടം വേദനയാണ്. വേദനിപ്പിക്കുന്നവരോട് സ്നേഹം തോന്നുമോ. ഇല്ല. അവർക്ക് സ്നേഹമില്ലെന്ന് വിചാരിക്കുന്നു. തീരുമാനിക്കുന്നു. തീരുമാനങ്ങളെടുക്കുന്നു. എന്തുകൊണ്ടാണ് കാപ്പി മോശമായതെന്ന് മനസ്സിലാക്കാനുള്ള അവസരം നഷ്ടമാകുന്നു. അതുവഴി കാപ്പിയുണ്ടാക്കലിലെ വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള അവസരം നഷ്ടമാകുന്നു. കർമ്മശേഷി കുറയുന്നു. കുറയുന്ന കർമ്മശേഷി കഴിവിനെ ബാധിക്കുന്നു. കഴിവില്ലായ്മ പ്രകടമാകുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങൾ ചിന്തനീയം.

 

മ- അപ്പോള്‍, ഈ വൈറസ്സിനെ എങ്ങനെ ഒഴിവാക്കാമെന്നാ അച്ഛൻ പറയുന്നെ?

അ- ഇതേ ചിന്തകൊണ്ട് ഒരു തീരുമാനം ആവർത്തിച്ചുറപ്പിക്കുക. വസ്തുതകൾ മനസ്സിലാക്കിയേ തീരുമാനമെടുക്കൂ. അതാവർത്തിക്കുകയാണെങ്കിൽ അതാവും ശക്തമാകുക. സൂക്ഷിക്കണം, ആ പ്രക്രിയ എല്ലാത്തിലും സംശയം ജനിപ്പിക്കുന്ന ശീലത്തിലേക്ക് വഴുതിവീഴാതെ നോക്കണം. അതിന് കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിയെ സഹായത്തിനുണ്ട് എന്നുറപ്പിച്ചാൽ മതി. റോഡ് മുറിച്ചുകടക്കാൻ ഇരുവശങ്ങളിലും നോക്കിയിട്ട് പരിഭ്രമമില്ലാതെ ദൂരെനിന്ന് വരുന്ന വാഹനങ്ങളെ വിലിയിരുത്തി മുറിച്ചുകടക്കുന്നില്ലേ, അതുപോലെ. അവിടെയും കരുതൽ തന്നെയാണ് നടത്തുന്നത്. പക്ഷേ വസ്തുതകളുടെ അടിസ്ഥാനത്തിൽ. ഇവിടെ അച്ഛനോട് പറയാം. കാപ്പി കുടിച്ചുനോക്കൂ, കൊള്ളാമോയെന്ന്. അപ്പോൾ രുചിച്ചു നോക്കും. ആ രുചിച്ചു നോക്കുന്നയാളുടെ മുഖം ശ്രദ്ധിച്ചാൽ തന്നെ അറിയാൻ കഴിയും, കാപ്പി കൊള്ളാമോ ഇല്ലയോ എന്ന്. അല്ലെങ്കില്‍ ചോദിച്ചുനോക്കാം, വേറൊരു കാപ്പിയിടട്ടോ എന്ന്. വെപ്രാളമില്ലാതെ സ്നേഹത്തോടെ ചോദിച്ചാൽ യഥാർഥമായ ഉത്തരം കിട്ടും. മറിച്ച് ഒട്ടലിൽ വെപ്രാളത്തോടെ കാപ്പിയിടാൻ പോവുകയാണെന്ന് പറഞ്ഞാൽ കേൾക്കുന്നവർക്കറിയാം, മോൾക്ക് വിഷമമായെന്ന്. കൂടുതൽ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടായെന്ന് പറഞ്ഞെന്നിരിക്കും. അപ്പോൾ മോൾക്ക് കൂടുതൽ വിഷമമാകും. അത് കുറേ നേരത്തേക്കു നിലനിൽക്കുകയും ചെയ്യും. നന്നാക്കാനുള്ള അവസരം നഷ്ടമായത് ആലോചിച്ച് ഒത്തിരി ചിന്തകൾ വന്നുപോകും. പിന്നെ മോശമായതിനു കാരണം കണ്ടെത്തി, തന്റെ കുഴപ്പം കൊണ്ടല്ല അങ്ങിനെ സംഭവിച്ചതെന്നു സ്വയം മനസ്സിലാക്കാനും ചിലപ്പോൾ മറ്റുള്ളവരെ മനസ്സിലാക്കിപ്പിച്ച് സ്വയം സുഖം കണ്ടെത്താനും ശ്രമിക്കും. അതാണ് പറഞ്ഞത് ഈ വൈറസ് ആക്ടീവ് ആയാൽ മഹാ അപകടമാകുമെന്ന്.

മ- എന്നുവെച്ചാൽ നമുക്ക് ആവശ്യമുള്ള സോഫ്റ്റ് വെയറിനെ വൈറസാകാതെ മാറാതെ സൂക്ഷിക്കുന്നതാണ് ഈ വൈറസിനെ ഒഴിവാക്കുന്ന പ്രക്രിയ അല്ലേ.

അ- അരേ വാഹ്! എത്ര ലളിതവും വ്യക്തവുമായി മോൾ അത് മനസ്സിലാക്കിയിരിക്കുന്നു. അത്യുഗ്രം. ഈ തെളിച്ചം പ്രദാനം ചെയ്ത അതേ സംഗതി തന്നെയാണ് അച്ഛൻ മനസ്സിലാക്കിയെന്ന് കരുതി മോൾ തീരുമാനമെടുത്തത്. ഈ സംഗതി വേറെ കുഴപ്പങ്ങളും സൃഷ്ടിക്കും . അതായത് മോളോടുള്ള സ്നേഹം കൊണ്ടാണ് മഗ്ഗിലേക്ക് കുറച്ചു കാപ്പികൂടി ഒഴിക്കാൻ അച്ഛൻ തീരുമാനിച്ചത്. അത് മോൾ മനസ്സിലാക്കിയത് കാപ്പി മോശമായതിനാൽ അച്ഛൻ കാപ്പി കഴിയുന്നതും ഒഴിവാക്കുകയാണെന്ന്. നോക്കൂ, സ്നേഹം മഗ്ഗിലേക്ക് കാപ്പിയുടെ രൂപത്തിൽ പകർന്നു തരാൻ പോയപ്പോൾ മോൾക്ക് അത് സ്വീകരിക്കാൻ കഴിയാതെ വേദന അനുഭവിക്കേണ്ടി വന്നു. സ്നേഹം കിട്ടുമ്പോൾ അത് സ്വീകരിക്കാൻ നാം അത് അറിയണം. അതുപോലെയാണ്, ഒരാൾ തരാൻ ശ്രമിക്കുന്ന സ്നേഹം നിഷേധിച്ചാൽ അയാൾക്കുണ്ടാവുന്ന വിഷമം. സ്നേഹമാണ് ലഭിക്കുന്നത് എന്നറിയാത്തതു കൊണ്ടാണ് നിഷേധിക്കുന്നത്. സ്നേഹത്തെ തിരിച്ചറിയാൻ തടസ്സമായി നിൽക്കുന്നത് ഈ വൈറസാണ്. എത്ര അടുപ്പമുള്ളവരായാലും സ്നേഹം ആവർത്തിച്ച് നിരസിച്ചാൽ അവരിലുണ്ടാവുന്ന വിഷമം സ്നേഹം തിരസ്കരിക്കുന്നവരേക്കാൾ കൂടുതലാവും. നോക്കൂ, ഈ വൈറസിന്റെ കളികൾ. അതിനാൽ മോൾ പറഞ്ഞതുപോലെ ഏറ്റവും ആവശ്യമുള്ള സോഫ്റ്റ് വെയറിനെ വൈറസ്സാകാതെ സൂക്ഷിക്കുക. ഒന്നു ശ്രദ്ധിച്ചാൽ മതി. ലളിതമാണ്. ശ്രദ്ധപോയാൽ ലളിതവുമല്ല.