കല്യാണത്തിന് ഒപ്പിട്ടു മടങ്ങുമ്പോൾ

Glint Guru
Thu, 31-10-2013 11:15:00 AM ;

namasteഅർപ്പണബോധത്തോടെ കാര്യങ്ങൾ ചെയ്യുക. ഇത്രയും കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള പ്രയോഗമുണ്ടോ എന്നു സംശയം. മുതലാളി തൊഴിലാളിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നു. നേതാക്കന്മാർ അണികളിൽ നിന്നും രാജ്യം ജനങ്ങളിൽ നിന്നുമെല്ലാം പ്രതീക്ഷിക്കുന്നത് ഇതാണ്. എന്താണ് അർപ്പണബോധത്തോടെ? അത് സമർപ്പണം തന്നെയാണ്. അവിടുന്നും പോയി. എന്താണീ സമർപ്പണം? ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്യുക. അതു തന്നെ. പക്ഷേ എങ്ങിനെ നന്നായി ചെയ്യും. ഉത്സാഹത്തോടെ ചെയ്യുക. ശരിയാണ്. എങ്ങനെ ഈ ഉത്സാഹം വരും. മുതലാളിയാണെങ്കിൽ ചില പ്രലോഭനം നൽകും. അതിന് ഇൻസെന്റീവ് എന്നൊക്കെ പറയും. എന്തായാലും ഇപ്പോൾ ഈ അർപ്പണബോധം , സമർപ്പണത്തോടെ എന്നൊക്കെയുള്ള പ്രയോഗം കൊണ്ട് പൊതുവേ മനസ്സിലാക്കപ്പെടുന്ന കാര്യം ലളിതമാണ്. അതായത് സ്വയം ബുദ്ധിമുട്ടി മറ്റൊരാൾക്ക് ഗുണമുണ്ടാകുന്ന വിധം പ്രവർത്തിക്കുക. അങ്ങിനെ ഗുണമുണ്ടാവുമ്പോൾ ആ ഗുണത്തിന്റെ ഒരു പങ്ക് ചിലപ്പോൾ അർപ്പണബോധത്തോടെ ചെയ്യുന്ന ചങ്ങാതിക്കും കിട്ടും.

 

സംഗതി ഇതൊക്കെത്തന്നെ. എന്നാൽ ഇതല്ല താനും. സമർപ്പണമായാലും അർപ്പണബോധമായാലും അതിന്റെ ആത്യന്തിക ഗുണഭോക്താവ് അതിലേർപ്പെടുന്നവർ തന്നെയാണ്. ഇത് പലരും അറിയുന്നില്ല. അറിയാതെ അർപ്പണബോധമെന്ന് കരുതി ചെയ്യുന്നത് പലപ്പോഴും കഠിനാധ്വാനമായി മാറുകയാണ്. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി  ചിലത് നേടുന്നുവെങ്കിലും സഹിക്കുന്ന നഷ്ടം വളരെ വലുതാണ്. കഠിനാധ്വാനത്തിലൂടെ നേടുന്നതിന്റെ എത്രയോ അധികം കാഠിന്യമില്ലാതെ, അനായാസം അർപ്പണബോധത്തിലൂടെ നേടാൻ കഴിയും. അത് ശീലമാണ്. ജോലിയിൽ മാത്രം പ്രതിഫലിക്കേണ്ട ഒന്നല്ല. ജോലിസ്ഥലത്തൊരു സ്വഭാവം, ജീവിതത്തിൽ വേറൊരു സ്വഭാവം. ഇത് സംഘട്ടനാത്മകമായ വ്യക്തിത്വ ലക്ഷണമാണ്. വ്യക്തിപരമായി ഒരാൾ നേടുന്ന സ്വഭാവത്തിന്റെ സവിശേഷതകളാണ് അയാളെ വ്യക്തി എന്ന നിലയിലും അയാൾ ഏർപ്പെടുന്ന തൊഴിലിലും അർപ്പണബോധമുള്ള വ്യക്തിയാക്കുന്നത്. കാരണം അയാൾ ചെയ്യുന്നതെന്തും അയാളുടെ സന്തോഷത്തിനായിരിക്കും. അതാണ് സമർപ്പണം.

 

വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയുടെ  കല്യാണത്തിനു പോകുന്നു. ചിലപ്പോൾ സുഹൃത്താകാം, സുഹൃത്തിന്റെ മകളോ മകനോ ആകാം. ഇപ്പോൾ കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ വേദിയിലെത്തി  ഒപ്പുവയ്ക്കുക എന്നതാണ്. അതായത് വിളിച്ച വ്യക്തിയുടെ ശ്രദ്ധയിൽ പെട്ടതിനു ശേഷം സ്ഥലം കാലിയാക്കുക. തിരക്കോട് തിരക്ക്. ഇങ്ങിനെ പങ്കെടുക്കുന്ന വ്യക്തി തന്നോടു തന്നെ നീതികേടു കാണിക്കുന്നു. താൻ പങ്കെടുക്കാൻ വരുന്നത് വളരെ മംഗളകരമായ ഒരു കാര്യത്തിനാണെന്നും, ജീവിതത്തിൽ  ഒന്നായിത്തീരുന്ന യുവമിഥുനങ്ങളെ ആശംസിക്കുവാനുമാണ് വരുന്നതെന്നും  അറിയുന്നില്ല. കല്യാണവേദിയിലെ ഓരോ മുഹൂർത്തവും പങ്കെടുക്കുന്നവരെ സംബന്ധിച്ച് വളരെ ആനന്ദപ്രദമാണ്. എന്നാൽ ഇന്ന് പലപ്പോഴും ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ ഒരു ദിവസം പോക്കാണ് എന്ന മട്ടിലാണ് നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുക്കുക. വരുന്ന ഓരോ വ്യക്തിയേയും  ഉദ്ദേശിച്ചുകൊണ്ടാണ് കല്യാണവേദിയും അനുബന്ധ  ഏർപ്പാടുകളും ഒരുക്കപ്പെട്ടിട്ടുള്ളത്. ഇതൊന്നും പങ്കെടുക്കാൻ വരുന്നവർ അറിയുന്നില്ല. അവിടെവച്ച് പല സുഹൃത്തുക്കളേയും കണ്ടുമുട്ടാൻ അവസരമുണ്ടായാലും ഒപ്പുവെച്ച് മടങ്ങാനാണ് പലർക്കും തിടുക്കം.

thali

 

ചിലർ ഒപ്പുവെച്ചുകഴിഞ്ഞാൽ ഉടൻ സ്ഥലം വിടും. ഒരു വമ്പൻ കല്യാണത്തിൽ പങ്കെടുത്ത മൂന്നുപേർ.

ഒന്നാമൻ: വാവാ, നമുക്ക് വേഗം പോകാം. ഒപ്പിട്ടുകഴിഞ്ഞില്ലേ.

രണ്ടാമൻ: അതെ, നമുക്കുടൻ സ്ഥലം വിടാം. കുറച്ചുകഴിഞ്ഞാൽ വണ്ടിയെടുക്കാൻ ബുദ്ധിമുട്ടായെന്നിരിക്കും.

ഗ്ലിന്റ് ഗുരു: അല്ല, ഊണ് കഴിക്കാതെ പോകുന്നത് നല്ലതാണോ. സമയമാണെങ്കിൽ ഉച്ചയുമായല്ലോ

ഒന്നാമൻ: ശ്ശെ, ആരായിഷ്ടാ ഇപ്പോ സദ്യയ്ക്കു നിൽക്കുക. വാ പോകാം. കല്യാണത്തിനു വരികയെന്നാൽ ഒപ്പിടുക സ്ഥലം വിടുക. ആരായിപ്പോ അറിയുക നമ്മളൂണു കഴിച്ചിട്ടില്ലെന്ന്.

രണ്ടാമൻ: അത്രയേ ഉള്ളു. ഏയ്, ഒന്നോരണ്ടോ കറികൂട്ടി  സ്വസ്ഥമായി കഴിക്കുക. അല്ലാതെ ഈ തിരക്കിൽ പോയിക്കിടന്ന് ഇടികൂടി കഴിച്ച് സമയം കളയേണ്ട ആവശ്യമെന്താ. മാത്രവുമല്ല, എനിക്ക് ഉള്ള കറിയും കൂട്ടി വീട്ടീന്ന് കഴിക്കുന്നതാ സുഖം തോന്നുന്നത്.

ഗ്ലിന്റ് ഗുരു: ഇത്തരമൊരു ചടങ്ങ് അതിന്റെ പൂർണ്ണതയിലേക്കെത്തിക്കുക എന്നതിൽ നമുക്കൊരു ഉത്തരവാദിത്വമില്ലേ.

ഇണ്ടാമൻ: എന്തുത്തരവാദിത്വം. ആ ഉത്തരവാദിത്വം നമ്മൾ നല്ലപോലെ നിർവഹിക്കുകയും ചെയ്തല്ലോ. വന്നു അദ്ദേഹത്തിനെ കണ്ടു. അതിലപ്പുറം എന്താ.

ഗ്ലിന്റ് ഗുരു: ഒന്നാമനോട്, അങ്ങ് അങ്ങയുടെ മകളുടെ വിവാഹം നടത്തിയപ്പോൾ  കല്യാണത്തിൽ പങ്കെടുക്കാൻ വരുന്നവർ ഊണ് കഴിക്കാതെ പോകണമെന്നായിരുന്നോ  ആഗ്രഹിച്ചത്?

ഒന്നാമൻ: അതല്ല,

ഗ്ലിന്റ് ഗുരു: ഏതല്ല. നമ്മൾക്കുവേണ്ടി കരുതിയിട്ടുള്ള സദ്യ നമ്മൾ സ്വീകരിക്കേണ്ടതല്ലേ. നമ്മൾ ഒരു ചടങ്ങു നടത്തുമ്പോൾ നമ്മളാൽ ക്ഷണിക്കപ്പെട്ടവർ വന്ന് നമ്മൾ ഒരുക്കിയിട്ടുള്ള  സൽക്കാരം സ്വീകരിക്കുന്നതല്ലേ നമ്മളുടെ സന്തോഷം. നമ്മൾക്ക് ലഭ്യമാകുന്ന സന്തോഷം മറ്റുള്ളവർക്കും നമ്മളാൽ ലഭ്യമാക്കാൻ നമുക്കും ഉത്തരവാദിത്വമില്ലേ.

രണ്ടാമൻ: ഏയ്, ഇവിടെ അത്രയൊന്നും നമ്മൾ കാടുകയറേണ്ട ആവശ്യമില്ല. സ്വസ്ഥമായി  വീട്ടിൽ പോയി ഉള്ളത് കഴിക്കുക. എനിക്കാലേചിക്കുമ്പോൾ സുഖം തോന്നുത് അതാണ്.

ഗ്ലിന്റ് ഗുരു: നമ്മൾ ആരുടെ സുഖത്തിനാണ് ഈ കല്യാണത്തിൽ പങ്കെടുത്തത്

രണ്ടാമൻ: അതിപ്പോ, അങ്ങനെയൊന്നും ചിന്തിച്ചുവശാവേണ്ട കാര്യമൊന്നുമില്ല. എത്രയും നേരത്തേ സ്ഥലം കാലിയാക്കുക അത്രയേ ഞാനുദ്ദേശിച്ചിട്ടുള്ളു.

ഒന്നാമൻ: പറഞ്ഞത് ശരിയാണ്. നമ്മള് നടത്തുന്ന ചടങ്ങിൽ വരുന്നവർ ഭക്ഷണം കഴിക്കാതെപോയാൽ നമുക്ക് സന്തോഷമുണ്ടാകില്ല. പക്ഷേ ഞാൻ പറയാൻ കാരണം ഞാൻ വല്ലപ്പോഴുമാണ് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടാണ് സദ്യ ഒഴിവാക്കാമെന്ന് വിചാരിച്ചത്.

 

ചർച്ച ഇങ്ങനെ നീണ്ടുപോയപ്പോൾ ഒന്നാമനും രണ്ടാമനും ഊണു കഴിക്കാതെ പോകുന്നതിൽ താത്വികമായി യോജിപ്പില്ലെന്ന് സമ്മതിക്കാനുള്ള മഹാമനസ്കതയുണ്ടായി. എങ്കിലും എടുത്ത തീരുമാനത്തിൽ നിന്നും മാറാൻ കഴിയാത്തവിധം ദൂരത്ത് വണ്ടിയിട്ടിരുന്ന സ്ഥലത്തെത്തിക്കഴിഞ്ഞു.

 

കല്യാണത്തിൽ പങ്കെടുക്കുന്നവർക്ക് കിട്ടുന്ന അസുലഭനിമിഷമാണ് അവിടെ ഉരുത്തിരിഞ്ഞു വരുന്ന മംഗളനിമിഷങ്ങളെല്ലാം. അതിലെ ഓരോ നിമിഷത്തിലും പങ്കുചേരുകയാണെങ്കിൽ അത്യധികം  ഉത്സാഹം ലഭിക്കുന്നതായിരിക്കും. മുഹൂർത്ത സമയത്ത് യുവമിഥുനങ്ങൾക്ക് നാം ഉള്ളിൽ ആത്മാർഥമായി ആശംസ നേർന്നാൽ അത് നേരുന്നവരുടെ മനസ്സിൽ സംഭവിക്കുന്നത് കല്യാണം. അതായത് മംഗളം. ഹിന്ദു വിവാഹമാണെങ്കിൽ മുഹൂർത്ത സമയത്തെ  നാദസ്വരക്കച്ചേരി  പൊതു ധ്യാനാവസ്ഥയെ സൃഷ്ടിക്കാൻ പര്യാപ്തമാണ്. അവിടെയുള്ള എല്ലാ മനസ്സുകളിൽ നിന്നും അൽപ്പനേരം ചിന്തയകന്ന് നിൽക്കുന്ന നിമിഷം. ചിന്തയകലുമ്പോൾ ഞാൻ നീ എന്ന് വ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നാണെന്ന അറിയുന്ന അവസ്ഥ നാദസ്വരത്തിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് പങ്കെടുക്കുന്ന ഒരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. സ്ത്രീയും പുരുഷനും രണ്ടല്ല ഒന്നാണ് എന്ന തലത്തിലേക്കുയരുന്നതാണ് ആ മുഹൂർത്തം. വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ ഉദാത്തമായ തലത്തിലേക്കു പ്രവേശിക്കുന്ന സാമൂഹിക ചടങ്ങ്. ആത്മാർഥമായി ആ അവസ്ഥയിലേക്ക് നീങ്ങുന്നതോടുകൂടി പങ്കെടുക്കുന്ന വിവാഹിതർക്കും അവിവാഹിതർക്കും അതൊരു നവീകരണ പ്രക്രിയയായി മാറുകയും ചെയ്യുന്നു. അപ്പോഴാണ് ആചാരങ്ങളും വളരെ പ്രസാദാത്മകമായ അന്തരീക്ഷവുമെല്ലാം അർഥവത്താകുന്നത്. അല്ലെങ്കിൽ എല്ലാം വെറും വഴിപാടുപോലെ. വഴിപാടുപോലെ അർഥമറിയാതെ ഓരോന്നിലുമേർപ്പെടുന്നതാണ് ജീവിതത്തിൽ വിരസത സൃഷ്ടിക്കുന്നത്. ആ വിരസത  മനസ്സിനെ അസ്വസ്ഥമാക്കും. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിച്ചുകൊണ്ടിരിക്കും. അതേസമയം കല്യാണത്തിന്റെ മുഹൂർത്ത സമയം  ആത്യന്തികമായി മനുഷ്യൻ തേടുന്ന പൂർണതയുടെ അഥവാ സത്യത്തിന്റെ സാമൂഹിക പ്രയോഗമാണെന്ന അറിവിൽ മുഴുകുമ്പോൾ കല്യാണത്തിലേർപ്പെടുന്ന വധൂവരന്മാർക്കൊപ്പം അതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും അവർ കടന്നുപോകുന്ന നവ്യാനുഭൂതിയിലൂടെ കടന്നുപോകാൻ കഴിയും. ഈ തോന്നലിൽ ഒപ്പിടീൽ വേണ്ടിവരില്ല. കാരണം ആരെയും  ബോധിപ്പിക്കാനല്ല താൻ  ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന അറിവ്  മനസ്സിന്റെ അടിത്തട്ടിലുണ്ടാവും. മനോഹരമൂഹൂർത്തം സൃഷ്ടിച്ച ഊർജ്ജം ലഭിച്ച സന്തോഷം വേറെയും.

sadya

 

കല്യാണത്തിൽ പങ്കെടുക്കുന്നതിലൂടെ വ്യക്തികൾ വെവ്വേറെയല്ലന്നുള്ള അറിവിലേക്കാണ് നമുക്ക് ഉയരാൻ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് നാം സാമൂഹ്യജീവിയാകുന്നത്. വേറിട്ടതല്ല എന്ന ബോധത്തിലേക്ക് ചെറുതായെങ്കിലും ഉയർത്തപ്പെടുന്ന അവസ്ഥയാണ് സാമൂഹ്യബോധചിന്തയിൽ നിന്ന് ലഭ്യമാകുന്നത്. അങ്ങിനെ വരുമ്പോൾ വിവാഹം നടത്തുന്ന വ്യക്തിയും ക്ഷണിക്കപ്പെട്ട വ്യക്തിയും തമ്മിലുള്ള അകലം കുറയുന്നു. ഒന്നാണെന്ന തോന്നലിലേക്ക് ക്ഷണിക്കപ്പെടുന്നയാൾ ഉയരുമ്പോൾ  ആ ചടങ്ങ് തന്റെ സാന്നിധ്യം കൊണ്ട് എങ്ങിനെ  നന്നാക്കാം എന്ന ചിന്ത ഉയരും. അത് ഉത്തരവാദിത്വമേറ്റെടുക്കലാണ്. അവിടെയാണ് പങ്കെടുക്കൽ എന്ന പ്രക്രിയ പൂർണ്ണമാവുക. അതായത് പങ്കെടുക്കുന്ന വ്യക്തിയും നടത്തിപ്പുകാരനാവുന്ന അവസ്ഥ. ആയിരമാൾക്കാർക്കിടയിൽ ഞാൻ ഊണ് കഴിക്കാതെ പോയാൽ ആരറിയാൻ എന്ന ചിന്തയാണ് ഊണു കഴിക്കാതെ സ്ഥലം കാലിയാക്കാൻ പ്രേരിപ്പിക്കുന്നത്.അത് യഥാർഥത്തിൽ സ്വയം വില  കൽപ്പിക്കാൻ കഴിയാത്തതുമൂലം സംഭവിക്കുന്ന പ്രതിഭാസമാണ്. സ്വയം വില കൽപ്പിച്ചാലേ നമുക്ക് മറ്റൊരാളുടെ വിലയും അറിയാൻ കഴിയുകയുള്ളൂ. അതാണ് അറിയൽ. താനായി മറ്റൊരാളെ അറിയുന്നതിന്റെ സ്വയം പ്രഖ്യാപിക്കലാണ് രണ്ടു വ്യക്തികൾ കണ്ടുമുട്ടുമ്പോൾ നമസ്‌തേ പറയുന്നത്. അഹം നമ: തേ. ഞാൻ അങ്ങയെ അറിയുന്നു. അത് അറിവാണ്. ആ അറിവ് തന്റെയുള്ളിലുണ്ടെന്നും ആ അറിവ് തന്നെയാണ് താങ്കളെന്നും ആ അറിവിൽ നമ്മൾ രണ്ടല്ലെന്നുമാണ് ആ അഭിവാദ്യത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. പ്രതീകാത്മകമായി രണ്ട് കൈപ്പത്തികൾ ഒന്നിച്ച് ചേർത്ത് തൊഴുകൈ ആവുമ്പോൾ അവിടെ രണ്ടില്ലാതെ ഒന്ന് മാത്രമാവുകയും ചെയ്യുന്നു.

 

കല്യാണത്തിനു വരുന്നവരെല്ലാം ഒപ്പിട്ട് മടങ്ങുകയാണെങ്കിൽ ഒരുക്കിയിരിക്കുന്ന സദ്യ മുഴുവൻ ഉപയോഗശൂന്യമാകും. നമ്മളൊരാൾ മാത്രം വിചാരിച്ചാൽ ഈ നാടു നന്നാവുമോ എന്ന് ചോദിച്ചുകൊണ്ട് മാലിന്യം വലിച്ചെറിയുന്നതും ഈ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. മറിച്ച് മംഗള നിമിഷങ്ങൾ ആസ്വദിച്ചതിനു ശേഷം പിന്നെ നീങ്ങുന്നത് സദ്യയിലേക്കാണ്. സദ് വിഭവങ്ങൾ. നോക്കൂ എത്ര മനോഹരമാണ് ആ പദം തന്നെ. സദ്യ. സദ് ധാതുവിൽ നിന്നു ജന്യം. സദ്യയിലേക്കു നോക്കുക.  അഹം വൈശ്വാനരോ ഭൂത്വാ എന്നു തുടങ്ങി പചാമ്യന്നം ചതുർവിധം എന്നവസാനിക്കുന്ന ഗീതാശ്ലോകത്തിന്റെ  പരിഭാഷയാണ് സദ്യ. ഭക്ഷണത്തിലൂടെ നാം തൊട്ടുമുൻപ് സാക്ഷ്യം വഹിച്ച മൂഹൂർത്തത്തിന്റെ വ്യാഖ്യാനത്തെ രുചിച്ചറിയുന്നു. അതുകൊണ്ടാണ് അത് സദ്യയായി മാറുന്നത്. സദ്യ വെറും വയറുനിറയാൻ കഴിക്കുന്നതല്ല. അത് ശാസ്ത്രവിധി പ്രകാരവും ശാസ്ത്രീയവുമായിരിക്കണം. അങ്ങിനെ സദ്യകഴിക്കുമ്പോൾ അത് മറ്റൊരു അനുഭവ തലത്തിലേക്കുള്ള പ്രവേശമാകുന്നു. അതും കഴിഞ്ഞ് കല്യാണത്തിനു ക്ഷണിച്ചയാളെ കണ്ട് ഇത്രയും മനോഹരമായ ഒരു ദിവസം സദ്യയോടെ ഒരുക്കിത്തന്നതിനു നന്ദി രേഖപ്പെടുത്തി പറഞ്ഞിറങ്ങുകയാണെങ്കിൽ അത് പങ്കെടുക്കുന്ന വ്യക്തിയുടെ ആനന്ദ അനുഭവമായി  മാറുകയായി. അങ്ങിനെ ചെയ്തു ശീലിച്ചാൽ വഴിപാടിന്റെ വിരസതയിൽ നിന്നും   മുക്തി നേടാം. ജീവിതത്തിന്റെ ഓരോ നിമിഷവും അർഥവത്തായി അനുഭവപ്പെടുകയും ചെയ്യും. അവിടെയാണ ശരിക്കും പങ്കെടുക്കുന്ന വ്യക്തിയുടെ യഥാർഥ കൈയ്യൊപ്പ് പതിയുന്നത്. അത് ഒപ്പിടീലാവില്ല, കൈയ്യൊപ്പായിരിക്കും. അങ്ങിനെ ആഘോഷത്തിലൂടെ സ്വന്തം വികാസത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഒരു വ്യക്തിയിൽ സമർപ്പണം എന്ന ഭാവവും അർഥവും വിരിയുക. അവിടെ സമർപ്പണവും അർപ്പണബോധവും മുതലാളിയുടെ ലാഭക്കൊതിയൂടെ പൂർത്തീകരണത്തിനുള്ള ഉപാധിയാവില്ല.അതേ സമയം ചിലപ്പോൾ മുതലാളി ഉദ്ദേശിക്കുന്നതിൽ കൂടുതൽ ലാഭം ഇങ്ങിനെയുള്ളവർ നേടിക്കൊടുത്തെന്നുമിരിക്കും. അവർക്ക് ഇൻസന്റീവ് പ്രതീക്ഷയുമുണ്ടാകില്ല. മറ്റൊരാളുടെ ബോധ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്ന വ്യക്തിത്വവുമായിരിക്കില്ല അവരുടേത്.

Tags: