സ്മാർട്ട് കാലത്തെ സ്മാർട്ട് കൃഷിക്കാരികൾ

താരാ കൃഷ്ണൻ
Sat, 14-09-2013 02:45:00 PM ;

'കേരളത്തിലെ, ഏറ്റവും നല്ല കൃഷിക്കാർ ആരെന്നറിയുമോ?' പ്രശസ്തമായ ഐ.ടി. പാർക്കിൽ കോഫീ ഷോപ്പു നടത്തുന്ന സുഹൃത്തിന്റേതാണു ചോദ്യം. കുടിയേറ്റക്കാരെയാണോ അതോ ഐ.ടി. വിട്ട് മണ്ണിലേക്കിറങ്ങിയ വല്ല എക്‌സ് ടെക്കികളെയുമാണോ ഉന്നം വെയ്ക്കുന്നതെന്നു ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ഉത്തരവും അവർ തന്നെ നല്കി.

'ഒരു സംശയവും വേണ്ട, അത് നമ്മുടെ പെൺകുട്ടികളാണ്.'

ഞാൻ ദിവസവും നേരിൽ കാണുന്നതല്ലേ? എന്നൊരു അനുഭവസാക്ഷ്യവും.

 

പഴ്‌സ് മറക്കുന്ന പെൺകുട്ടികൾ

         

കണ്ണും കഴുത്തും നടുവും കളഞ്ഞുള്ള പണിയുടെ ഇടവേളകളിൽ വിശപ്പും മടുപ്പും മാറ്റാൻ കോഫീഷോപ്പിലേയ്ക്ക് ഒഴുകിയെത്തുന്ന യുവത്വം കണ്ണിനിമ്പമുള്ള കാഴ്ചയാണ്. കളിയും ചിരിയും കളിയാക്കലും കെട്ടിമറിയലുമൊക്കെയായി ആ 'മിന്നാമിന്നിക്കൂട്ടം' കോഫീഷോപ്പിനെ പൊതിഞ്ഞങ്ങനെ തിളങ്ങിനില്ക്കും. ചെറുപ്പത്തിന്റെ തട്ടുതകർക്കലും തമാശകളും ആസ്വദിക്കുന്നയാളാണ് സുഹൃത്ത്. ആണും പെണ്ണും ഇടകലർന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷം കാണുമ്പോൾ, കുറച്ചുനാൾ മുൻപേ ജനിച്ചുപോയി എന്നൊരു നിരാശ മാത്രമേയുള്ളൂ.

 

ചുറുചുറുക്കിന്റേയും മിടുക്കിന്റേയും ലോകത്ത് വേറിട്ട മുഖങ്ങൾ വളരെ കുറവ്. സ്മാർട്ട് ആകാനും ആണെന്നറിയിക്കാനുമുള്ള ശ്രമങ്ങളാണെവിടെയും. വലിയ വിശപ്പൊന്നുമില്ലെങ്കിലും, 'വിശന്നു ചാകാൻ പോകുന്നു, പെട്ടെന്ന് എന്തെങ്കിലും വാങ്ങിച്ചു താടാ!!' എന്നു പറഞ്ഞു നില്ക്കുന്ന പെൺകുട്ടികൾ. പരസ്പരം കളിയാക്കിയും കാലുവാരിയും 'ദാസനും വിജയനും കളി'ക്കുന്ന ആൺകുട്ടികൾ. അങ്ങനെ ചെറുതും വലുതുമായ സംഘങ്ങൾ അന്നം കണ്ടിട്ടില്ലാത്ത മട്ടിൽ ആർത്തിയോടെ കോഫിയും സ്‌നാക്‌സുമെല്ലാം അകത്താക്കും.

 

ഇനിയാണ് പ്രതിസന്ധിഘട്ടം. കാശ് കൊടുക്കണം. എന്തു ചെയ്യാം? നമ്മുടെ പെങ്കൊച്ചുങ്ങൾ വലിയ മറവിക്കാരാണ്. മിക്കവരും പഴ്‌സ് എടുക്കാൻ വിട്ടുപോകും. പാവം പയ്യന്മാർ! 'എന്നെങ്കിലും നീയൊക്കെ പഴ്‌സ് എടുക്കാൻ ഓർക്കുമോടീ? ഓ, അല്ലേലും നീയൊക്കെ ഇങ്ങനെയാ!' എന്നെല്ലാം പരിതപിച്ചു പണം എണ്ണിക്കൊടുത്തിട്ടുപോകും. ഇത് ഒരു ദിവസത്തെയോ, ഒരാഴ്ചത്തെയോ കഥയല്ല. മെഗാ സീരിയൽ കഥയാണ്. അപ്പോൾ പിന്നെ ഈ പെൺകൊടികൾക്ക് കർഷകോത്തമയാണോ കർഷകരത്‌നയാണോ കൊടുക്കേണ്ടതെന്ന ചോദ്യം ന്യായമല്ലേ?

 

പഴയ തലമുറയിലെ പെൺകുട്ടികൾ ഏറ്റവും ശ്രദ്ധിച്ചിരുന്നത്, താൻ ഭക്ഷണം കഴിച്ചതിന്റെ പണം ആൺകുട്ടികളാരും കയറി കൊടുത്തുകളയാതിരിക്കാനായിരുന്നത്രേ! അതോടെയുണ്ടാകാനിടയുള്ള 'ഭാരിച്ച വിധേയത്വ'ത്തെ അത്രമാത്രം ഭയത്തോടെയാണ് അന്നവർ കണ്ടിരുന്നത്.

 

ഇത് ജോലിക്കിടയിലെ സ്ഥിതി. ഇനി ജോലി കഴിഞ്ഞാൽ പലവിധ ആഘോഷപരിപാടികളാണ്. ചുരുക്കത്തിൽ മാസാവസാനം ചെക്കന്മാരുടെ കീശ കാലി. കഴുത്തു പറ്റെ സ്റ്റൈലിൽ കിടന്ന മാല പിന്നെ കുറച്ചു ദിവസത്തേക്കു കാണില്ല. ഐ ടി പാർക്കിനുള്ളിൽ തന്നെയുള്ള ബാങ്കിൽ അത് സുരക്ഷിതമായിരിക്കും. ക്രെഡിറ്റ് കാർഡ് വീശി ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവർക്കു ദാരിദ്ര്യം വന്നുകേറുന്നത് ഒരുപാടു വൈകിയേ തിരിച്ചറിയൂ. ഇനി കൃഷിക്കാരികളുടെ സ്ഥിതിയോ? വലിയ മെച്ചമൊന്നുമല്ല. തിന്നാനും കുടിക്കാനും പണമിറക്കില്ലെന്നേയുള്ളൂ. നല്ല നല്ല ബൊട്ടീക്കുകളിലും സൗന്ദര്യവർദ്ധകങ്ങളും ആക്‌സസ്സറീസും വില്ക്കുന്ന കടകളിലുമായി അവരുടെ പണവും തട്ടിത്തൂവിപ്പോകും. എങ്കിലും ആൺകുട്ടികളെപ്പോലെ തീർത്തും നിസ്വരാവില്ല അവർ.

 

വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ച്, ജോലി കിട്ടുമ്പോൾ മുതൽ അതടച്ചു തീർക്കാൻ പാടുപെടുന്ന ഒരു വിഭാഗവും ഇവർക്കിടയിലുണ്ട്. അച്ഛനമ്മമാരെയും സഹോദരങ്ങളേയും താങ്ങി നിർത്തേണ്ടവർ. ഈ പ്രാരാബ്ധക്കാരുടെ കാര്യമാണു കഷ്ടം. കൈവിട്ടു ചിലവാക്കാൻ മടിക്കുന്ന ഇക്കൂട്ടർക്ക് വലിയ ജനപിന്തുണയും അംഗീകാരവും ഒന്നുമില്ല. അടിക്കടി സർപ്രൈസ് ഗിഫ്റ്റ് കൊടുത്ത് പ്രസാദിപ്പിക്കാൻ പാങ്ങില്ലാത്തവന് പെൺകുട്ടികൾക്കിടയിൽ  എന്ത് ഡിമാന്റ്?

 

ഇതെല്ലാം കാണുമ്പോൾ സുഹൃത്തിന് ഇരുപത്തിയഞ്ചു കൊല്ലം മുമ്പത്തെ തന്റെ കോളേജ് കാലം ഓർമ്മവരും. അന്നത്തെ സാമാന്യം 'വിപ്ലവകാരി' ആയിരുന്നു കക്ഷി. മഹാരാജാസിലെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം കോഫീഹൗസിലൊക്കെ പോകാനുള്ള മഹാധൈര്യവും ഒന്നു രണ്ടുപ്രാവശ്യം കാണിച്ചിട്ടുണ്ട്. പക്ഷേ അന്നവർ ഏറ്റവും ശ്രദ്ധിച്ചിരുന്നത്, താൻ ഭക്ഷണം കഴിച്ചതിന്റെ പണം ആൺകുട്ടികളാരും കയറി കൊടുത്തുകളയാതിരിക്കാനായിരുന്നത്രേ! അതോടെയുണ്ടാകാനിടയുള്ള 'ഭാരിച്ച വിധേയത്വ'ത്തെ അത്രമാത്രം ഭയത്തോടെയാണ് പഴയ തലമുറയിലെ പെൺകുട്ടികൾ കണ്ടിരുന്നത്. അങ്ങോട്ടൊരു സമ്മാനം വാങ്ങിക്കൊടുത്താലും തിരിച്ചൊന്നു സ്വീകരിക്കുന്നത് അഭിമാനക്ഷതമായിരുന്നു അന്ന്. ഇന്നിപ്പോൾ ആൺസുഹൃത്തുക്കളെ കുത്തുപാളയെടുപ്പിക്കുന്നതാണ് ട്രെന്റ്. ''സുന്ദരികളായ ഞങ്ങളെ കണ്ടും മിണ്ടിയും ചിരിച്ചുമൊക്കെ നടക്കണമെങ്കിൽ കുറച്ചു ചിലവൊക്കെയുണ്ട്. നിനക്കൊക്കെ വേണേൽ മതി'' എന്ന മട്ടാണു കുട്ടികൾക്ക്. ഈ പെൺമിടുക്കു കണ്ടു മനംനിറഞ്ഞ സുഹൃത്ത്, ഐറ്റംസ് കൂട്ടി ഷോപ്പ് വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ്.

 

പുരുഷൻ ശാക്തീകരിക്കപ്പെടുമോ?

 

പെൺകുട്ടികളുടെ ആവശ്യങ്ങൾക്കു മുന്നിൽ എന്നും ഇവരിങ്ങനെ ദുർബ്ബലരായി തുടരുമോ? ഇല്ലെന്നാണുത്തരം. ചുരുക്കം ചിലരൊഴികെ മറ്റുള്ളവരെല്ലാം ക്രമേണ കരുത്തരാകും. പക്ഷേ അതിനു പിന്നിലും വളയിട്ട കൈകൾ തന്നെയാവും എന്നതാണു രസകരം. കൂട്ടമായി വന്ന് അടിച്ചുപൊളിച്ച് കാശും ചെലവാക്കി പോയിരുന്നവർക്കിടയിൽ തന്നെ ഒരു കാമുകിയും കാമുകനും ജനിക്കുന്നതോടെ കഥ മാറും. കാമുകന്റെ പഴ്‌സ് നിറയേണ്ടതും ഒഴിയേണ്ടതും തനിക്കുവേണ്ടി മാത്രമാണെന്ന കാര്യത്തിൽ പെൺകുട്ടികൾക്കു സംശയമേയില്ല. 'ഇനി നിന്റെയൊന്നും കൃഷിയും കൊള്ളയും ഇവന്റടുത്തു വേണ്ട' എന്നു കൂട്ടുകാരോട് പരസ്യമായി പറയാനും ഉറച്ച നിലപാടെടുക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. കാമുകി ഭാര്യയാകുകയോ അല്ലെങ്കിൽ മറ്റൊരാൾ ഭാര്യയായി വരികയോ ചെയ്യുന്നതോടെ പയ്യനും സ്വന്തം പോക്കറ്റ് സംരക്ഷിക്കാൻ പ്രാപ്തനാകും. അതുവരെ അല്പം 'സുഖമുള്ള കൊള്ളയടി'ക്കു നിന്നുകൊടുക്കുകയല്ലാതെ വേറേ വഴിയില്ല.

 

ഇതിനിടയിൽ കോഫീഷോപ്പ് കഥകൾ കേട്ടിരുന്ന മറ്റൊരു സുഹൃത്തിനു ഹാലിളകി. 'പെൺകുട്ടികളിങ്ങനെ വല്ലവന്റേയുമൊക്കെ ചിലവിൽ ജീവിക്കുന്നതു മാന്യതയാണോ? യാഗാശ്വത്തെപ്പോലെ നടക്കുന്ന, ഇതിനെയൊക്കെ ആരു പിടിച്ചു കെട്ടും?' എന്നു തുടങ്ങി ഇവരുടെയൊക്കെ മാതാപിതാക്കളെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന പരിഹാരനിർദ്ദേശം വരെയായി. തികഞ്ഞ അച്ചടക്കത്തിൽ, മാതൃകാപരമായി വളർത്തി, നല്ല നിലയിൽ കെട്ടിച്ചും വിട്ട തന്റെ പെണ്മക്കളെക്കുറിച്ചുള്ള അഭിമാനവും കൂടി രേഖപ്പെടുത്തിയേ ആ അമ്മ അടങ്ങിയുള്ളൂ.

 

'ലോകം മാറിപ്പോയി, ഭായീ!'

 

സത്യത്തിൽ ഈ പെൺകുട്ടികളെല്ലാം മഹാകുഴപ്പക്കാരികളായതു കൊണ്ടൊന്നുമല്ല ഇങ്ങനെ പെരുമാറുന്നത്. ഇതൊരു കാലത്തിന്റെ ശീലമാവാം. പുതിയ തൊഴിൽ മേഖലകളും തൊഴിലിടങ്ങളുമുണ്ടായപ്പോൾ അതിനനുസ്സരിച്ചൊരു സംസ്‌കാരവും രൂപപ്പെടുന്നതു സ്വാഭാവികം. അവർ കാണുന്നതും കേൾക്കുന്നതും അറിയുന്നതുമെല്ലാം ഈ ലോകത്തെയാണ്. മാതാപിതാക്കളും തങ്ങളറിയാതെ തന്നെ ഈ മാറ്റത്തിന് വിധേയരാകുന്നില്ലേ? അവരുടെ മാതാപിതാക്കൾ അടിച്ചേല്പിച്ചിരുന്ന കർശന നിയന്ത്രണങ്ങളോ നിഷ്‌ക്കർഷിച്ചിരുന്ന അതിർവരമ്പുകളോ ഇന്നത്തെ ബഹുഭൂരിപക്ഷം രക്ഷിതാക്കളും മുറുകെ പിടിക്കാത്തതു തന്നെ മാറ്റത്തിന്റെ തെളിവല്ലേ? ഇപ്പോഴത്തെ കുട്ടികളുടെയടുത്ത് വലിയ ചിട്ടയൊന്നും നടപ്പില്ല, എന്നു പറയുമ്പോഴും അത്ര വലിയ 'ചിട്ട'കളുടെയൊന്നും ആവശ്യമില്ല, കുട്ടികൾ കുറേയൊക്കെ സ്വതന്ത്രരായും സുഖമായും ജീവിക്കണം എന്ന ആഗ്രഹം കൂടി അതിനു പിന്നിലുണ്ട്. ഒഴിവാക്കാനാവാത്ത മാറ്റങ്ങൾക്കു മുന്നിൽ മുഖം ചുളിച്ചും മുട്ടിടിച്ചും നിന്നിട്ടു കാര്യമില്ലല്ലോ.

 

പണ്ട്, 'ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു. നന്നാക്കാൻ 25 രൂപ ഉടനെ അയച്ചുതരണം' എന്നു കോളേജ് ഹോസ്റ്റലിൽ നിന്ന് വീട്ടിലേയ്ക്കു കമ്പിയടിച്ചു എന്നു പറഞ്ഞാൽ തമാശയായിരുന്നു. ഇന്നതു കേട്ടാൽ സർദാർജിയും, ടിന്റുമോനും, ഡുണ്ടുമോളും മൊബൈൽ തമാശകളും കഴിഞ്ഞ് ഇനിയെന്ത് എന്നറിയാതെ നില്ക്കുന്ന പിള്ളേരു ഒരു നോട്ടം നോക്കും. ''കട്ടിങ്ങും ഷേവിങ്ങും രണ്ടും ഓരോ പ്ലേറ്റു പോരട്ടെ''യെന്നു പറഞ്ഞ തളത്തിൽ ദിനേശനെ ഭാര്യ നോക്കിയ അതേ നോട്ടം. അതു വേണോ?