മോദിയെ ചിരിപ്പിക്കുന്ന രാഹുലിന്റെ അവകാശവാദം

Glint Staff

Thursday, March 10, 2016 - 11:13am

rahul gandhi

 

2016-17 കേന്ദ്രബജറ്റില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ (ഇ.പി.എഫ്) നിന്ന്‍ തുക പിന്‍വലിക്കുന്നതിന് പലിശ ചുമത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിച്ചു. രാജ്യവ്യാപകമായി അതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. സ്വാഭാവികമായും പ്രതിപക്ഷവും കോൺഗ്രസ്സ് ഉപാദ്ധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധിയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ നിർദ്ദേശം പിൻവലിച്ചുകൊണ്ടുള്ള ധനമന്ത്രി അരുൺ ജയ്റ്റിലിയുടെ അറിയിപ്പ് വന്നയുടൻ രാഹുൽ ഗാന്ധി അവകാശവാദവുമായി രംഗത്തെത്തി. തന്റെ എതിർപ്പുമൂലമാണ് കേന്ദ്രസർക്കാർ ആ നിർദ്ദേശം പിൻവലിച്ചതെന്ന്.

 

രാഹുലിന്റെ ഈ പ്രസ്താവന കേട്ട് തല തല്ലി ചിരിച്ചിട്ടുണ്ടാവുക മോദിയും ജയ്റ്റ്‌ലിയുമായിരിക്കും. വർഷങ്ങൾക്കു ശേഷം യാഥാർഥ്യബോധത്തോടെയും അതേസമയം സാമാന്യം സർഗ്ഗാത്മകമായും അവതരിപ്പിക്കപ്പെട്ട ബജറ്റാണ് 2016-17ലേത്. കാർഷിക രംഗത്തിനും ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ബജറ്റ്. അതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ എണ്ണവിലയിലുണ്ടായ ഇടിവിന്റെ പ്രതിഫലന നേട്ടം സ്വരൂപിച്ചുകൊണ്ടാണ് ഈ നീക്കമെന്നുളളത് പ്രത്യേകം ശ്രദ്ധയർഹിക്കുകയും ചെയ്യുന്നു. ഈ ബജറ്റിൽ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ബി.ജെ.പിയുടെ വോട്ടുബാങ്കു കൂടിയായ നഗരകേന്ദ്രീകൃത ഇടത്തരക്കാരെ തീർത്തും അവഗണിച്ചത്. സാധാരണ ഈ വിഭാഗത്തെ സുഖിപ്പിക്കുന്നതായിരിക്കും ബി.ജെ.പി ബജറ്റുകൾ.

 

ഒരു വെടിക്ക് ഒരുപാട് കിളികളെയാണ് ഒറ്റ നിർദ്ദേശത്തിലൂടെ ഈ ബജറ്റിൽ ജയ്റ്റ്‌ലി ചെയ്തത്. ഇടത്തരക്കാരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു ഇ.പി.എഫ് പലിശ നിർദ്ദേശം. തങ്ങൾക്ക് ആനുകൂല്യങ്ങൾ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല, ഉള്ളത് നഷ്ടമാകുന്ന നിർദ്ദേശം. ഇതേ തുടർന്നാണ് രാജ്യവ്യാപകമായ പ്രതിഷേധം പൊന്തി വന്നത്. ഇടത്തരക്കാർ ആശങ്കയിലാണ്ടപ്പോൾ അവരുടെ ആശങ്കയ്ക്ക് നിവൃത്തിയായി, പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നു വരുത്തി അതു പിൻവലിച്ചു. ഇടത്തരക്കാർക്ക് ഇതിലും വലിയ ആശ്വാസമില്ല. നോക്കൂ, ഒന്നും ചെയ്തു കൊടുക്കാതെ തന്നെ ഇടത്തരക്കാരെ ആശ്വസിപ്പിച്ചിരിക്കുന്നു.

 

ബജററിൽ ഇത്തരം കുസൃതികൾ മൻമോഹൻ സിങ്ങുൾപ്പടെയുള്ളവർ ചെയ്തിട്ടുണ്ട്. പിൻവലിക്കാനായി എന്തെങ്കിലും നിർദ്ദേശം വെക്കും. അതിൽ തൂങ്ങിപ്പിടിച്ചായിരിക്കും പ്രതിപക്ഷവും സംഘടനകളും പ്രതിഷേധിക്കുക. അതുവഴി കാതലായ പല ബജറ്റ് നിർദ്ദേശങ്ങളും ജനശ്രദ്ധയിൽ പെടാതെ പോവുകയും ചെയ്യും. ഇത് എല്ലാ മന്ത്രിസഭകളും ചെയ്യുന്നതാണ്. ഈ നിർദ്ദേശം വന്നപ്പോഴും സാമാന്യബുദ്ധിയിൽ അറിയാവുന്നതായിരുന്നു, ഇത് പിൻവലിക്കാനുള്ള നിർദ്ദേശമാണെന്ന്. അതങ്ങനെ സംഭവിക്കുകയും ചെയ്തു. ഇക്കാര്യമെങ്കിലും അതേ രീതിയിൽ മനസ്സിലാക്കി ജനമദ്ധ്യത്തിലും പാർലമെന്റിലും അവതരിപ്പിക്കേണ്ടിയിരുന്നു, രാഹുൽ ഗാന്ധി. കാരണം ഇത്തരം ചെപ്പടിവിദ്യകൾ ഏതു സർക്കാരും അവലംബിക്കുന്നത് ശരിയല്ല.

 

രാഹുൽ ഗാന്ധിക്ക് കേന്ദ്രസർക്കാരിന്റെ ഈ വിദ്യ മനസ്സിലായില്ലെന്നു മാത്രമല്ല, കേന്ദ്രസർക്കാരിന്റേയും തന്റെ തന്നെ പാർട്ടിക്കുള്ളിലുള്ളവരുടെ പോലും പരിഹാസത്തിനു പാത്രമാവുകയും കൂടി ചെയ്തിരിക്കുന്നു. ഇത് രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദൗർബല്യമുഖമാണ് വെളിവാക്കുന്നത്. ദുർബലമായ പ്രതിപക്ഷം ധാർഷ്ട്യത്തിനും ചെപ്പടിവിദ്യകൾക്കും തഴച്ചുവളരാൻ ഫലഭൂയിഷ്ടമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വിശേഷിച്ചും അംഗസംഖ്യയിൽ ദുർബലമായിരിക്കെ നേതാക്കളിലൂടെ ശക്തി തെളിയിക്കേണ്ട അവസ്ഥയിലാണ്, ഭരണപക്ഷം ഉദ്ദേശിച്ചതിനേക്കാൾ നേട്ടം അവർക്കുണ്ടാകുന്ന വിധം അവരുടെ ചെപ്പടിവിദ്യയെ രാഹുൽ വിജയിപ്പിച്ചിരിക്കുന്നത്.

Tags: