ഫെബ്രുവരി പത്തിന് നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി അത്ഭുതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഒന്നുകില്‍ ആം ആദ്മി പാര്‍ട്ടി അല്ലെങ്കില്‍ ബി.ജെ.പി - ഈ രണ്ട് പാര്‍ട്ടികളിലൊന്ന് അധികാരത്തില്‍ വരും. തൂക്കുമന്ത്രിസഭയുണ്ടാകാനും ഇടയില്ല. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ചില സര്‍വേകള്‍ സൂചിപ്പിക്കുന്നു. അതേ സമയം മറ്റ് ചില സര്‍വേകള്‍ ബി.ജെ.പിക്കാണ് അവസരമെന്നും പ്രവചിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ടുകള്‍ ദില്ലി രാഷ്ട്രീയത്തെ കുറിച്ച് മാത്രമല്ല, കോണ്‍ഗ്രസ്സ് പാര്‍ട്ടി നേരിടാന്‍ പോകുന്ന ഗതികേടിലേക്ക് കൂടിയാണ് സൂചന നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടുസീറ്റ് വാങ്ങിയാണ് മൂന്ന് തവണ തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസ്സിന് തൃപ്തിയടയേണ്ടി വന്നത്. എന്നാല്‍ ഇക്കുറി വിജയിക്കുന്ന സീറ്റുകള്‍കൊണ്ട് ദില്ലി നിയമസഭയില്‍ മേല്‍വിലാസം കുറിക്കാന്‍ കഴിഞ്ഞാല്‍ അത് വന്‍ നേട്ടമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ തവണ രാഷ്ട്രീയ കൂട്ടുകെട്ടിനോ പുറത്തു നിന്നുള്ള പിന്തുണ പ്രായോഗികമായി സ്വീകരിച്ചുകൊണ്ട് ഭരണം തുടരാനോ ആം ആദ്മി പാര്‍ട്ടിക്ക് കഴിയാതെ വന്നതാണ് വീണ്ടും ദില്ലിയില്‍ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. തന്റെ സര്‍ക്കാര്‍ രാജിവെച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന് തന്നെ പിന്നീട് തോന്നി. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിക്ക് ഭരിക്കാന്‍ അറിയില്ല, പ്രക്ഷോഭം നടത്താനാണ് അവര്‍ക്ക് വശമുള്ളതെന്ന ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു 49 ദിവസം മാത്രം നീണ്ടു നിന്ന അവരുടെ ദില്ലി ഭരണം. അതിനിടയില്‍ മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പെരുമാറ്റവും മന്ത്രിസഭയുടെ ചില തീരുമാനങ്ങളുമൊക്കെ അവരുടെ പിടിപ്പില്ലായ്മയെ എടുത്തു കാട്ടുന്നതായിരുന്നു. അതിനു ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ അരവിന്ദ് കേജ്രിവാളിന്റെ ഏകാധിപത്യ താല്‍പ്പര്യമാണ് നടക്കുന്നതെന്ന് ആരോപിച്ച് ചില നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്തുപോവുകയുമുണ്ടായി. ഏറ്റവുമൊടുവില്‍ സ്ഥാപകനേതാവും ആം ആദ്മി പാര്‍ട്ടിയുടെ മുഖം കൂടിയായിരുന്ന മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ് അരവിന്ദ് കേജ്രിവാളിനെതിരെ പരസ്യമായി രംഗത്തുവന്നു. അതും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം. അതുപോലെ തന്നെ കഴിഞ്ഞ തവണ ജനങ്ങളില്‍ ഉയര്‍ത്തിയ അത്രയും പ്രതീക്ഷയും ആവേശവും ആം ആദ്മി പാര്‍ട്ടിക്ക് നിരവധി കാരണങ്ങള്‍ കൊണ്ട് ഉണര്‍ത്താന്‍ കഴിഞ്ഞില്ല.
അതേസമയം മോഡി പ്രഭാവത്തില്‍ ബി.ജെ.പി തിളങ്ങി നില്‍ക്കുകയും ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ ദില്ലിയും ഭരിക്കുന്നതാകും നല്ലതെന്ന് ദില്ലിയിലുള്ളവര്‍ ചിന്തിക്കാതിരിക്കാന്‍ കാരണമൊന്നും നിരീക്ഷകര്‍ കാണുന്നില്ല. ദില്ലിയോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശൊഴികെ ബാക്കിയെല്ലാം ഭരിക്കുന്നത് ബി.ജെ.പിയാണ്. ദില്ലിയുടെ കുടിവെള്ളത്തിന് ഹരിയാണയുടെ സഹകരണം ആവശ്യവുമാണ്. അതിനാല്‍ എന്തുകൊണ്ടും ദില്ലിയില്‍ ബി.ജെ.പി വരുന്നതാണ് നല്ലതെന്ന് വോട്ടര്‍മാര്‍ ചിന്തിക്കാനിടയുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്ന പ്രഭാവം നഷ്ടപ്പെടുകയും ബി.ജെ.പി മോഡിയിലൂടെ തിളങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയുടെ ചിത്രമാണ്.
വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് പാഴാക്കാന്‍ തയ്യാറാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ്സിനൊപ്പം നിന്ന വോട്ടര്‍മാര്‍ ഇക്കുറി വന്‍തോതില്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഒട്ടേറെ ന്യൂനതകളുടെ നടുവില്‍ നില്ക്കുന്ന ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരും ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയൊരു ഭാഗവുമാണ് ഇങ്ങനെ ചിന്തിക്കുന്നവര്‍. അവര്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുകയാണെങ്കില്‍ അത് പരോക്ഷമായി ബി.ജെ.പിയെ സഹായിക്കലാകും. അതിനാല്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് ദില്ലിയില്‍ കോണ്‍ഗ്രസ്സിനു കിട്ടിക്കൊണ്ടിരുന്ന പിന്തുണ പാടേ ഇക്കുറി ആം ആദ്മി പാര്‍ട്ടിയുടെ പെട്ടിയില്‍ വീഴുമെന്ന് കണക്കാക്കപ്പെടുന്നത്. അതിനാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലെങ്കിലും കോണ്‍ഗ്രസ്സിന് ജയിച്ചു കയറാന്‍ കഴിയുമെന്ന കാര്യം സംശയമാണെന്ന് പറയപ്പെടുന്നു. ഏതെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് സ്ഥാനാര്‍ഥിയുടെ മാത്രം മികവുകൊണ്ടായിരിക്കും.
കോണ്‍ഗ്രസ്സിന് ഇതുവരെ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധമുള്ള പ്രചാരണം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. അജയ് മാക്കനാണ് അവര്‍ ഉയര്‍ത്തിക്കാണിക്കുന്ന നേതാവ്. അദ്ദേഹമാകട്ടെ തെല്ലും ജനസമ്മതിയില്ലാത്ത നേതാവും. ദേശീയ നേതൃത്വത്തില്‍ നിന്ന് ആരെങ്കിലും ഇറങ്ങാമെന്ന് വിചാരിച്ചാല്‍ അപ്പോഴും ജനസമ്മതിയുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സിനില്ല. നേതൃത്വപരമായും സംഘടനാപരമായും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനു നേരിടാവുന്ന ദുരന്തമുഖത്തു നിന്നുകൊണ്ടാണ് കോണ്‍ഗ്രസ്സ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.