|
രണ്ട് ദശകങ്ങള്‍ നീണ്ട രാഷ്ട്രീയ വൈരത്തിന് ശേഷം ബീഹാറില്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദും നിതീഷ് കുമാറും വൈശാലി ജില്ലയില്‍ നടന്ന റാലിയില്‍ പരസ്പരം കൈകോര്‍ത്തു. സംസ്ഥാനത്തെ പത്ത് നിയമസഭാ സീറ്റുകളിലേക്ക് ആഗസ്ത് 21-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയിലായിരുന്നു മര്‍മ്മഭേദകമായ വാക്ശരങ്ങള്‍ക്ക് പേരുകേട്ട ഇരു നേതാക്കളും ഒന്നിച്ചത്. ബീഹാറില്‍ യാഗാശ്വം കണക്കെ പായുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ മെരുക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിനൊപ്പമുള്ള ‘മഹാസഖ്യ’ത്തിനും ഈ വേദിയില്‍ തുടക്കമായി. നേരത്തെ, ബീഹാറില്‍ നിന്നുള്ള ഏതാനും രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യ ജനതാദളും രാഷ്ട്രീയ ജനതാദളും ധാരണയില്‍ എത്തിയപ്പോള്‍ തന്നെ വരാനിരിക്കുന്ന സഖ്യത്തിന്റെ സൂചനകള്‍ വ്യക്തമായിരുന്നു.
“അപകടകരമായ കൈകളിലേക്ക് ഇന്ത്യ വീണിരിക്കുന്നു. അധികാരത്തില്‍ തുടരുന്നതിനായി സമൂഹത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കാന്‍ കാവിസംഘത്തെ തങ്ങള്‍ അനുവദിക്കില്ല. ഇതിനായിട്ടാണ് ലാലുജിയും ഞാനും കൈകോര്‍ത്തത്.” നിതീഷ് റാലിയില്‍ പറഞ്ഞു. ദളിത് വിഭാഗങ്ങളിലും പിന്നോക്കജാതികളിലും ഉള്‍പ്പെടുന്നവരുടെ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യം ലാലു പ്രസാദ് മറച്ചുവെച്ചില്ല. “ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള പോരാട്ടം അവസാനിച്ചിരിക്കുന്നു. മണ്ഡല്‍-കമണ്ഡല്‍ പോരാട്ടം (മറ്റ് പിന്നോക്ക ജാതി സംവരണവും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ളത്) വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ പിന്നോക്കവിഭാഗങ്ങളും ഒന്നിക്കേണ്ടത് ആവശ്യമാണ്.” ലാലു പറഞ്ഞു. സഖ്യത്തെ പരാമര്‍ശിക്കവേ, തങ്ങളുടെ സിമന്റും മണലും കരുത്തുറ്റതാണെന്ന് തന്റെ അനനുകരണീയ ശൈലിയില്‍ ലാലു വിശേഷിപ്പിച്ചു.
സംസ്ഥാനത്തെ 80 ലോകസഭാ സീറ്റുകളില്‍ 71-ഉം ബി.ജെ.പി കരസ്ഥമാക്കിയ ഉത്തര്‍ പ്രദേശില്‍ സമാജവാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിനോടും ബഹുജന്‍ സമാജവാദി പാര്‍ട്ടി നേതാവ് മായാവതിയോടും സമാനമായ സഖ്യം രൂപീകരിക്കാനും ലാലു അഭ്യര്‍ഥിച്ചു. ലാലു മധ്യസ്ഥത വഹിക്കുകയാണെങ്കില് സഖ്യസാദ്ധ്യത പരിഗണിക്കാമെന്ന് മുലായം പറഞ്ഞെങ്കിലും ബി.എസ്.പി നിര്‍ദേശം ആദ്യമേ തന്നെ തള്ളി. അവസരവാദ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന മുലായം വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടിലാണെന്ന് മായാവതി ആരോപിച്ചു. ലാലുവിനും മുലായത്തിനും ആത്മാഭിമാനത്തിനും മുകളിലാണ് അധികാരമെന്നും എന്നാല്‍ തനിക്ക് ആത്മാഭിമാനമാണ് അധികാരത്തേക്കാളും പ്രധാനമെന്നും മായാവതി പറഞ്ഞു.
കണക്കുകൂട്ടലുകള്‍
രാഷ്ട്രീയപരമായി വീക്ഷിക്കുമ്പോഴും സാമൂഹ്യ-സാമ്പത്തിക നിലകള്‍ പരിഗണിക്കുമ്പോഴും ശക്തവും, അതേസമയം വിരുദ്ധതാല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്നതുമായ രണ്ട് ജാതി സംഘങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ജെ.ഡി(യു) നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദും. യഥാക്രമം കുര്‍മികളേയും യാദവുമാരേയും. എണ്ണത്തില്‍ വിപുലമായ ഈ സംഘങ്ങള്‍ പക്ഷെ, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിളര്‍ന്നു മാറുകയായിരുന്നു. ബീഹാറില്‍ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 38.8 ശതമാനം വോട്ട് നേടിയപ്പോള്‍ ആര്‍.ജെ.ഡി, ജെ.ഡി(യു), കോണ്‍ഗ്രസ് എന്നീ മൂന്ന്‍ പാര്‍ട്ടികള്‍ക്കും കൂടി 44.3 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഒരു കോടിയിലധികം വോട്ടുകളാണ് മൂന്ന്‍ പാര്‍ട്ടികളും കൂടി നേടിയത്. ആര്‍.ജെ.ഡി 20.6 ശതമാനവും ജെ.ഡി(യു) 15.8 ശതമാനവും കോണ്‍ഗ്രസ് 8.2 ശതമാനവും. എന്നാല്‍, 29 ശതമാനം വോട്ട് നേടിയ ബി.ജെ.പി സംസ്ഥാനത്തെ 40-ല്‍ 22 സീറ്റുകള്‍ വിജയിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി മത്സരിച്ച എഴില്‍ ആറു സീറ്റിലും വിജയിച്ചു. ബീഹാര്‍ നിയമസഭയിലേക്ക് 2010-ല്‍ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കെടുത്താല്‍ ഇപ്പോഴത്തെ ‘മഹാസഖ്യ’ത്തിലെ പാര്‍ട്ടികള്‍ മൂന്നും കൂടി നേടിയത് 49.83 ശതമാനം വോട്ടാണ്. പാസ്വാന്റെ എല്‍.ജെ.പി അടങ്ങുന്ന ഇപ്പോഴത്തെ എന്‍.ഡി.എയ്ക്ക് ലഭിച്ചത് 23.21 ശതമാനവും. ബീഹാറില്‍ ബി.ജെ.പി കവര്‍ന്നെടുത്ത നിലം തിരിച്ചുപിടിക്കാന്‍ ഈ കണക്കുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്‍.ജെ.ഡി-ജെ.ഡി(യു)-കോണ്‍ഗ്രസ് ത്രിമൂര്‍ത്തികള്‍.
എന്നാല്‍, സഖ്യം സൃഷ്ടിച്ച ആവേശത്തിനൊപ്പം അനിശ്ചിതത്വങ്ങളും പ്രഹേളികകളും കുറവല്ല. റാലിയുടെ തന്നെ കാര്യമെടുത്താല്‍, കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എക്കാലവും പരസ്പര വൈരികളായ കുര്‍മികളും യാദവുമാരും എങ്ങനെ ഒരുമിക്കും എന്നതാണ് പ്രധാന പ്രശ്നം. ഈ ജാതികള്‍ക്കുള്ളില്‍ തന്നെ പിളര്‍പ്പില്ലാതെ ഒരുമിപ്പിക്കാന്‍ കഴിയുമോ എന്നതും ഒരു പ്രശ്നമാണ്. ദളിത് വിഭാഗത്തിന്റെ ശാക്തീകരണത്തിനും സാമൂഹ്യ വികാസത്തിനും നിതീഷ് സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തിലെ 40 ശതമാനത്തിലധികം വോട്ട് എന്‍.ഡി.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ചപ്രയിലും പാടലീപുത്രത്തിലും ലാലുവിന്റെ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ കാരണവും യാദവ് വോട്ടുകളില്‍ ഉണ്ടായ വന്‍ ഭിന്നിപ്പാണ്. മോദി തരംഗത്തെ അതിജീവിച്ച് ജെ.ഡി(യു) കഷ്ടിച്ച് ജയം നേടിയെങ്കിലും നളന്ദയിലും കുര്‍മി വോട്ടുകള്‍ വിഭജിക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന്‍ പാര്‍ട്ടികളും ഒരുമിച്ച് വരുന്നത്തിലൂടെ മുസ്ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടേക്കില്ല എന്നതാണ് ആകെയുള്ള ആശ്വാസം. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മുസ്ലിം വിഭാഗത്തിന് കാര്യമായ സ്വാധീനമില്ല. മാത്രവുമല്ല, മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ വൈശാലി അടക്കം പലയിടത്തും ബി.ജെ.പിയ്ക്ക് കൈവന്നിരിക്കുന്ന മേല്‍ക്കൈയ്യും സഖ്യം അതിജീവിക്കേണ്ടതുണ്ട്.
ജെ.ഡി(യു) ബീഹാര്‍ മേധാവി ബസിഷ്ഠ നാരായണ്‍ സിങ്ങ് ഈ ആശങ്കകളെ പ്രധാനമായി കരുതുന്നില്ല. ഇത് ഗണിതശാസ്ത്രമല്ല എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ‘മഹാസഖ്യം’ പരിപൂര്‍ണ്ണ യോജിപ്പില്‍ എത്തിയ ഒരു സാമൂഹ്യ തത്വശാസ്ത്രവും വര്‍ഗീയ മനോഘടനയെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയ്ക്കെതിരെ സാമൂഹ്യനീതി ശക്തികളുടെ ഒരുമിക്കലുമാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍, നിതീഷ് സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി ആയിരുന്ന സുശീല്‍ കുമാര്‍ മോദി ‘മഹാസഖ്യം’ അവിശുദ്ധമാണെന്നും നിലനില്‍പ്പില്ലാത്തതാണെന്നും പറയുന്നു. ‘കാട്ടുഭരണ’ത്തിന്റെ രണ്ടാം അധ്യായമാണിതെന്ന്‍ മോദി കളിയാക്കി. ലാലു പ്രസാദും ഭാര്യ റാബ്രി ദേവിയും നയിച്ച ആര്‍.ജെ.ഡി സര്‍ക്കാറുകളെ ‘കാട്ടുഭരണം’ എന്ന് വിശേഷിപ്പിച്ച് അതിനെ തകര്‍ക്കാന്‍ ജെ.ഡി(യു)വും ബി.ജെ.പിയും ഒരുമിച്ച് പോരാടിയതും സുശീല്‍ കുമാര്‍ മോദി ഓര്‍മ്മിപ്പിച്ചു.
പരീക്ഷണങ്ങള്‍
ഉപതെരഞ്ഞെടുപ്പ് ബീഹാറിലെ എല്ലാ രാഷ്ട്രീയ സഖ്യങ്ങള്‍ക്കും തികച്ചും ഒരു പരീക്ഷണമായിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ 40-ല്‍ 31-ഉം നേടിയ എന്‍.ഡി.എയ്ക്ക് മുന്നില്‍ മോദി തരംഗം സഹായത്തിനുണ്ടാകില്ല എന്ന വസ്തുതയുണ്ട്. മെച്ചപ്പെട്ട ഒരു പ്രകടനത്തിലൂടെ ലോകസഭാ തെരഞ്ഞെടുപ്പ് വിജയം കേവലം യാദൃച്ഛികമായിരുന്നില്ലെന്ന് മുന്നണിയ്ക്ക് തെളിയിക്കണം. സാരമായ പരാജയം 2015-ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ദൗത്യത്തിന് വിലങ്ങുതടിയാകുകയും ചെയ്യും. ‘മഹാസഖ്യ’ത്തെ സംബന്ധിച്ചിടത്തോളം ബീഹാറിലെ വിജയം എന്‍.ഡി.എ ഇതര ശക്തികള്‍ക്കിടയില്‍ പുതിയൊരു യോജിപ്പിന് വഴിതെളിച്ചേക്കാം. പ്രത്യേകിച്ചും ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയം നേരിട്ട പശ്ചാത്തലത്തില്‍. എന്നാല്‍, പരാജയം സഖ്യത്തിന്റെ അവസാനമായേക്കുമെന്ന് മാത്രമല്ല, ആര്‍.ജെ.ഡിയിലും ജെ.ഡി(യു)വിലും വന്‍ പിളര്‍പ്പുകള്‍ക്കും കാരണമായേക്കാം. ഒപ്പം, ലാലുവിന്റേയും നിതീഷിന്റേയും രാഷ്ട്രീയഭാവി തന്നെ അപകടത്തില്‍ ആക്കുകയും ചെയ്യും.
റാലിയില്‍ നിതീഷിന്റെ മുതിര്‍ന്ന സഹോദരന്‍ ആയി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ലാലു തന്റെ സൂത്രശാലിത്വം വെളിവാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തി തനിക്കാണെന്ന സന്ദേശം സൂക്ഷ്മമായി നിതീഷിന് നല്‍കുകയാണ് ഇതിലൂടെ ലാലു ചെയ്തിരിക്കുന്നത്. ലാലുവുമായി വഴിപിരിഞ്ഞാണ് നിതീഷ് 1994-ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമത പാര്‍ട്ടി രൂപീകരിച്ചത്. 1998-ലെ എന്‍.ഡി.എ സര്‍ക്കാറിന്റെ ഭാഗമായിരുന്ന സമത 2003-ല്‍ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ഐക്യജനതാദളില്‍ ലയിക്കുകയായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തിലൂടെ 2005-ല്‍ ലാലുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നിതീഷിന് കഴിഞ്ഞു.
കടലാസിലെ ജാതിസമവാക്യങ്ങള്‍ അതേപടി സംഭവിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് ഒരു മുതിര്‍ന്ന ജെ.ഡി(യു) നേതാവ് സമ്മതിക്കുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് ഇതിലും മെച്ചപ്പെട്ട ഒരു തന്ത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബീഹാറിലെ ഈ പുനരൈക്യം യഥാര്‍ത്ഥത്തില്‍ പൊതുവായ അതിജീവനം ഉറപ്പ് വരുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണാതെയുള്ള ഒരു ശ്രമം തന്നെയാണെന്ന് സിംഗപ്പൂര്‍ ദേശീയ സര്‍വ്വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠന ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാജീവ് ആര്‍. ചതുര്‍വേദി അഭിപ്രായപ്പെടുന്നു. 15 വര്‍ഷം സംസ്ഥാനം ഭരിച്ച ലാലുവിന്റെ കാട്ടുഭരണത്തെ കുറിച്ച് നിതീഷ് ജനങ്ങളെ തുടര്‍ച്ചയായി ഓര്‍മിപ്പിച്ച് കൊണ്ടിരുന്നത് മറക്കാന്‍ സമയമായിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലാലു ബീഹാറി ജനതയുടെ അഭിലാഷങ്ങള്‍ അടിച്ചമര്‍ത്തുകയും സംസ്ഥാനത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ സംസ്കാരത്തെ പരിഹാസപാത്രമാക്കുകയും ചെയ്യുകയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ഈ വികസനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിച്ചാണ് ബി.ജെ.പി പിന്തുണയോടെ 2005 നവംബറില്‍ നിതീഷ് വിജയം നേടിയത്. അത് അദ്ദേഹം തുടരുകയും ജനങ്ങള്‍ വീണ്ടും അദ്ദേഹത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. അഗാധ ഗര്‍ത്തത്തില്‍ നിന്ന്‍ ബീഹാറിനെ തിരികെ കൊണ്ടുവന്ന ആ നിതീഷ് കുമാര്‍ ഇന്ന്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം തന്റെ എതിരാളിയുമായി കൈകോര്‍ക്കുന്നത് വിശ്വസിക്കുക തന്നെ ബുദ്ധിമുട്ടാണെന്ന്‍ ചതുര്‍വേദി പറയുന്നു.
ലാലുവുമായുള്ള സഖ്യത്തിലൂടെ പിന്നോക്കജാതികളെ ഒരുമിപ്പിക്കുന്ന ഒറ്റമൂലിയായ മണ്ഡല്‍ രാഷ്ട്രീയം വീണ്ടും അരങ്ങിലെത്തിക്കാനാണ് നിതീഷിന്റെ ശ്രമം. ജെ.ഡി(യു)വിന് ഇത് ഒരു അഗ്നിപരീക്ഷ ആയേക്കും ഇത്. ഇതില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് മറ്റൊരവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതേസമയം, ‘വികാസ് പുരുഷ്’ എന്നാ പേരില്‍ നിതീഷ് സൃഷ്ടിച്ച വികസന പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകും ഈ രാഷ്ട്രീയം. ലാലുവുമായി കൂട്ടുചേരുന്നതിലൂടെ ‘അവസരവാദി’ എന്ന പ്രതിച്ഛായ ലഭിക്കാനുള്ള സാധ്യത കൂടുന്നു എന്ന്‍ മാത്രമല്ല, തന്റെ സദ്ഭരണം സംബന്ധിച്ച അവകാശവാദങ്ങളുടെ മുന നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രകടമായും പൊരുത്തക്കേടുകളുടെ ഒരു വിവാഹമാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്നെയും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ലാലുവും നിതീഷും തമ്മില്‍ ഉളവായേക്കാവുന്ന മത്സരവും ഈ പുത്തന്‍ സഖ്യത്തെ പരീക്ഷിക്കും.