രാഹുലിന്റെ യുക്തിഭംഗങ്ങള്‍

എസ്. സുരേഷ്

Saturday, June 14, 2014 - 3:39pm
ദില്ലി ഘട്ട്

suresh s.യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ഔദ്യോഗികമായി അത് പ്രഖ്യാപിച്ചിരുന്നില്ല. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതോടെ ഈ വിഷയത്തിന് പ്രസക്തിയില്ലാതായി എന്ന് പറയാം. അതേസമയം, പാര്‍ട്ടിയുടെ ലോകസഭാ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിസമ്മതിച്ചത് വിചിത്രമായ നേരമ്പോക്കാണെന്നും പറയേണ്ടിയിരിക്കുന്നു.

 

കഴിഞ്ഞ യു.പി.എ മന്ത്രിസഭയില്‍ ആദ്യം തൊഴില്‍ വകുപ്പിലും പിന്നീട് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കുറച്ചുനാള്‍ റെയില്‍വേ വകുപ്പിലും മന്ത്രിയായിരുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കാണ് ഈ ബാറ്റണ്‍ രാഹുല്‍ കൈമാറിയിരിക്കുന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഖര്‍ഗെ കര്‍ണാടക നിയമസഭയിലേക്ക് ഒന്‍പത് വട്ടം തുടര്‍ച്ചയായും തുടര്‍ന്ന്‍ ലോകസഭയിലേക്ക് രണ്ടുവട്ടവും വിജയിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രമുഖനായോ പാര്‍ട്ടിയുടെ നിലപാടുകള്‍ ആവിഷ്കരിക്കുന്നതിലും സ്പഷ്ടമാക്കുന്നതിലും പ്രത്യേക മികവ് പ്രകടിപ്പിക്കുന്ന നേതാവായോ കണക്കാക്കപ്പെടുന്ന ഒരാളല്ല ഖര്‍ഗെ. ട്രഷറി ബഞ്ചുകളിലെ കനത്ത ഭൂരിപക്ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ തന്റെ പുതിയ ഉത്തരവാദിത്വത്തില്‍ എത്രത്തോളം ശോഭിക്കാന്‍ ഖര്‍ഗെയ്ക്ക് കഴിയുമെന്നത് കണ്ടുതന്നെ അറിയേണ്ടതാണ്.

 

വിജയത്തിലെന്ന പോലെ പരാജയത്തിലും ഒരു നേതാവിന്റെ കഴിവ് പരീക്ഷിക്കപ്പെടുന്നുണ്ട്. രാഹുലാകട്ടെ ഇപ്പോള്‍ തന്നെ ക്ഷീണിതനായിരിക്കുന്നു എന്ന തോന്നലാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച രാഹുലിന് പരാജയം അംഗീകരിച്ചുകൊണ്ടുതന്നെ പാര്‍ട്ടിയെ മുന്നില്‍ നയിക്കേണ്ട ബാധ്യത ഉണ്ട്. ഏത് നേതാവും അതാണ്‌ ചെയ്യേണ്ടത്. എന്നാല്‍, കൂടുതല്‍ ആശ്ചര്യകരമായിരിക്കുന്നത് രാഹുലിന്റെ ഈ തീരുമാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്ന രീതിയാണ്‌. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റേയും പുനര്‍നവീകരിക്കേണ്ടതിന്റേയും ഉത്തരവാദിത്വമുള്ളതിനാല്‍ ലോകസഭയിലെ നേതൃസ്ഥാനം പോലെ ‘ശ്രമകരമായ’ ജോലി കൂടി രാഹുല്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ന്യായീകരണം. ലോകസഭയിലെ 44 അംഗങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസ് എന്നും, രാജ്യത്തെ വീടുകളിലും തെരുവുകളിലും ഗ്രാമങ്ങളിലും പാര്‍ട്ടി ഉണ്ടെന്നും ഒരു നേതാവ് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ നടപടി ആവശ്യമായി വരുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കാണാമെന്നും ഈ ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണത്തിന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട ചുമതലയാണ് രാഹുല്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഈ നേതാവ് വിശദീകരിക്കുന്നു.

rahul gandhi

 

ഇത്തരം ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ പാദസേവയെ ഒരു കലയായിട്ടാണോ കാണുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ സംഘടനാ അടിത്തറയും പ്രവര്‍ത്തകരുടെ ആത്മവീര്യവും ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനവും ലോകസഭയിലെ കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയിലെ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്ന വാദത്തിന് പ്രത്യേകിച്ച് മറ്റ് അടിസ്ഥാനമൊന്നുമില്ല. നിര്‍ണ്ണായക പദവികള്‍ ഏറ്റെടുക്കുന്നതില്‍ ഒരിക്കല്‍ കൂടി രാഹുല്‍ വിമുഖത കാണിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതാകട്ടെ, ഇതാദ്യവുമല്ല. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് തയാറാകാത്തത് നേരത്തെ കണ്ടതാണ്. കഴിഞ്ഞ പത്ത് വര്‍ഷവും എല്ലാ അര്‍ത്ഥത്തിലും ലോകസഭയിലെ ഒരു പിന്‍ബഞ്ചുകാരന്‍ ആയിരുന്നു രാഹുല്‍. പ്രധാന ചര്‍ച്ചകളില്‍ നിര്‍ണ്ണായകമായ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയും അദ്ദേഹത്തെ കണ്ടിട്ടില്ല. കഴിഞ്ഞ രണ്ടു ലോകസഭകളിലും തന്റെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആണുണ്ടായിരുന്നതെന്നും പ്രഗല്‍ഭരായ ഒട്ടേറെ നേതാക്കള്‍ സഭയില്‍ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നതും കാരണം അന്നത് സാരമായ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പ്രമുഖരായ ഒട്ടേറെ പേര്‍ പരാജയപ്പെടുകയും 44 അംഗങ്ങള്‍ മാത്രം പാര്‍ട്ടിയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭയില്‍ പാര്‍ട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വം രാഹുലിന് ഏറ്റെടുക്കാമായിരുന്നു.  

 

തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ സാധാരണ ചെയ്യാറുള്ളത് പോലെ ഒരു ‘ആന്റണി കമ്മിറ്റി’യും ഇത്തവണ കോണ്‍ഗ്രസ് രൂപീകരിച്ചിട്ടില്ല. നെഹ്‌റു-ഗാന്ധി കുടുംബം നേരിട്ട് തന്നെയാണ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതെന്നാണ് ഇതിന്റെ സൂചന. തങ്ങളുടെ കാലിനടിയില്‍ നിന്ന്‍ ഈ രീതിയില്‍ മണ്ണൊലിച്ച് പോയതിന്റെ കാരണങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലും നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പടലപ്പിണക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളുമെല്ലാം ഒഴിവാക്കാന്‍ നേതാക്കള്‍ക്ക്‌ ഇവര്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. മുന്‍പ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുകയാണ് പതിവ്. ഈ കമ്മിറ്റിയുടെ മേധാവി സാധാരണ എ.കെ ആന്റണിയായിരിക്കുകയും ചെയ്യും. പ്രവര്‍ത്തകരുടെ ദേഷ്യം തണുപ്പിക്കുക എന്നതാണ് ഇത്തരത്തിലുള്ള നടപടി കൊണ്ട് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇത്തവണ, വൈകാതെ തന്നെ ഒരു ചിന്താശിബിരം വിളിച്ചുചേര്‍ക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തന രീതികളില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായിരിക്കും ഈ ശിബിരം എന്ന് കരുതപ്പെടുന്നു. എ.ഐ.സി.സിയിലും ഇത് മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും.

 

അതേസമയം, സംഘടനയുടെ ശ്രദ്ധ വൈകാതെ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് തിരിയേണ്ടതുള്ളതിനാല്‍, പാര്‍ട്ടിയില്‍ രാഹുല്‍ ലക്ഷ്യമിടുന്ന നവീകരണം എളുപ്പമാകാന്‍ ഇടയില്ല. പാര്‍ട്ടിയ്ക്ക് എതിരെ രാജ്യവാപകമായുള്ള ജനവികാരം പരിഗണിക്കുമ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും പരാജയത്തെ പാര്‍ട്ടി മുന്നില്‍ കാണുകയാണ്. തങ്ങളുടെ ആത്മവീര്യം ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. വിമത പ്രവര്‍ത്തനങ്ങളും കൂറുമാറ്റവും വര്‍ധിക്കാനുള്ള സാധ്യതയും പാര്‍ട്ടിയുടെ മുന്നിലുണ്ട്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പൃഥിരാജ് ചവാനെ നീക്കണമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്ന നാരായണ്‍ റാണെ ഒരുദാഹരണം. ഹരിയാനയിലും ഉത്തര്‍ പ്രദേശിലും ഉത്തരഖണ്ഡിലും തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഏതാനും പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

 

കഴിഞ്ഞ പത്ത് വര്‍ഷമായി മൂന്ന്‍ കാര്യങ്ങളിലാണ് രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചിരുന്നത്: സംഘടനാ തെരഞ്ഞെടുപ്പ്, ടാലന്റ് ഹണ്ടുകള്‍, യുവനേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നിവ. എന്നാല്‍, ഇനിയും കവചത്തില്‍ ഉറങ്ങുന്ന പ്യൂപ്പയെപ്പോലെ കഴിയാതെ പാര്‍ട്ടിയെ മുന്നില്‍ നിന്ന്‍ നയിക്കാന്‍ രാഹുല്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ‘പ്രഥമ കുടുംബ’ത്തിനെതിരെയുള്ള നേര്‍ത്ത മുറുമുറുപ്പുകളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും കടുത്തതും ആകാന്‍ സാധ്യത ഏറെയാണ്‌. 

Tags: