കുടുംബ വഴക്കുകള്‍

എസ്. സുരേഷ്

Saturday, May 3, 2014 - 5:20pm
ദില്ലി ഘട്ട്

suresh s.യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


സംയമനത്തിന്റെ നാട്യങ്ങള്‍ അവസാനിക്കുകയാണ് ഇന്ത്യയിലെ ഒന്നാം രാഷ്ട്രീയ കുടുംബത്തില്‍. ബന്ധുത്വത്തിന്റെ ഊഷ്മളതകളെ ഉരുക്കുന്ന ചൂടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഉയര്‍ത്തുന്നത്. എത്ര പ്രകോപനമുണ്ടായാലും നെഹ്രു-ഗാന്ധി കുടുംബത്തില്‍ ആരും പരസ്പരം വിമര്‍ശനം ഉന്നയിക്കില്ല എന്ന അലിഖിത നിയമം ലംഘിക്കപ്പെടുന്നതാണ് പ്രചാരണം മുറുകുമ്പോള്‍ കാണുന്നത്.

 

സമചിത്തയെന്ന്‍ പൊതുവേ കരുതപ്പെടുന്ന പ്രിയങ്ക വദ്രയാണ് ഈ പുതിയ അങ്കത്തിന് തുടക്കം കുറിച്ചത്. തങ്ങളില്‍ നിന്നും അകന്നുകഴിയുന്ന തന്നെക്കാള്‍ എട്ടു വയസ്സിന് ഇളയ പിതൃസഹോദര പുത്രന്‍ വരുണ്‍ ഗാന്ധിയെ നേരിട്ടു വിമര്‍ശിക്കുകയായിരുന്നു 42-കാരിയായ പ്രിയങ്ക. ഗാന്ധിമാരുടെ ഉരുക്കുകോട്ടകളായ അമേത്തിയ്ക്കും റായ് ബറേലിയ്ക്കും സമീപമുള്ള സുല്‍ത്താന്‍പുരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ഇത്തവണ വരുണ്‍.

 

വീട്ടിലെ ചായസല്‍ക്കാരമല്ല, ഒരു പ്രത്യയശാസ്ത്ര യുദ്ധമാണ് 2014 തെരഞ്ഞെടുപ്പ് എന്ന പ്രിയങ്കയുടെ പരാമര്‍ശം കൃത്യമായും വരുണിനെ ലാക്കാക്കിയുള്ള വാക്ശരമായിരുന്നു. പിലിഭിത്തില്‍ നിന്നുള്ള എം.പിയായ വരുണ്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തെയാണ് പ്രിയങ്ക ഓര്‍മ്മിപ്പിച്ചത്. സഹോദരനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി അമേത്തിയില്‍ പ്രചാരണം നടത്തവേ ആ പ്രസംഗത്തെ തന്റെ കുടുംബത്തോട് ചെയ്ത വഞ്ചനയായാണ്‌ പ്രിയങ്ക വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് തന്റെ അച്ഛന്‍ മരിച്ചതെന്നും തന്റെ മകനാണ് ഇതുപോലെ എന്തെങ്കിലും ചെയ്തിരുന്നതെങ്കില്‍ താന്‍ ക്ഷമിക്കുകയില്ലായിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

rajiv, rahul, priyanka, varun at indira gandhi's funeral

         ഇന്ദിര ഗാന്ധിയുടെ സംസ്കാര ചടങ്ങില്‍ രാജീവ്, രാഹുല്‍, പ്രിയങ്ക, വരുണ്‍ എന്നിവര്‍

 

പ്രിയങ്ക മര്യാദയുടെ അതിരുകള്‍ ലംഘിക്കരുതെന്നും തന്റെ ഹൃദയ വിശാലതയെ ദുര്‍ബ്ബലതയായി കാണരുതെന്നുമായിരുന്നു വരുണിന്റെ തിരിച്ചടി. അമേത്തിയിലും റായ് ബറേലിയിലും തന്റെ സഹോദരന്റേയും അമ്മയുടേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രിയങ്ക മുന്‍പ് മറ്റൊരു യോഗത്തില്‍ വരുണിന് വഴിതെറ്റിപ്പോയെന്നും ജനങ്ങള്‍ നേര്‍വഴി കാണിച്ചുകൊടുക്കണമെന്നുമുള്ള ചൊടിപ്പിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. അന്ന്‍ നിശബ്ദത പാലിച്ച വരുണിനെ പ്രതിരോധിച്ചത് അമ്മ മനേക ഗാന്ധിയായിരുന്നു.      

 

എന്നാല്‍, സുല്‍ത്താന്‍പുരില്‍ നിന്ന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്കയ്ക്ക് തുറന്ന് മറുപടി പറയാന്‍ വരുണ്‍ തയ്യാറായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ താന്‍ മര്യാദയുടെ ലക്ഷ്മണരേഖ കടന്നിട്ടില്ലെന്ന്‍ വരുണ്‍ പറഞ്ഞു. മര്യാദയുടേയും തത്വാധിഷ്ഠിതവുമായ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും സംവാദത്തിന്റെ നിലവാരം ഉയര്‍ത്താനാണ്, താഴ്ത്താനല്ല നമ്മള്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ വിമര്‍ശനങ്ങളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിലൂടെ നിര്‍ണ്ണായക വിഷയങ്ങളില്‍ നിന്ന്‍ വ്യതിചലിക്കുകയാണെന്നും പ്രതീക്ഷയുടെ രാഷ്ട്രീയത്തിലേക്ക് ഇന്ത്യ നീങ്ങണമെങ്കില്‍ ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.  

 

തന്റെ ‘വഴി’യെ ചൊല്ലി നടക്കുന്ന സംഭാഷണങ്ങള്‍ സൂചിപ്പിച്ച വരുണ്‍, രാജ്യത്തിന്റെ വഴിയാണ് താന്‍ കൂടുതല്‍ പ്രധാനമായി കരുതിയിട്ടുള്ളതെന്ന് പറഞ്ഞു. രാജ്യത്തിന്റെ പാത ശക്തിപ്പെടുത്താനാണ് നം ശ്രദ്ധ കൊടുക്കേണ്ടതെന്നും ഇതിന് വ്യക്തിപരമായ കുത്തുവാക്കുകളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് മൂല്യാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവുമായ രാഷ്ട്രീയമാണ് വേണ്ടതെന്നും വരുണ്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്കെതിരെ ദോഷം പറഞ്ഞും അയാളെ ചെറുതാക്കാന്‍ ശ്രമിച്ചും സ്വന്തം ഔന്നത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഉപകാരപ്രദമാകില്ലെന്ന മുന്നറിയിപ്പും വരുണ്‍ നല്‍കി. തന്റെ ജീവിതകാലത്ത് രാഷ്ട്രനിര്‍മ്മാണത്തിനായി ക്രിയാത്മകമായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി താന്‍ കരുതുമെന്നും വരുണ്‍ പറഞ്ഞു.

 

അച്ഛന്‍ സഞ്ജയ്‌ ഗാന്ധിയുടെ പേരുപയോഗിച്ച് സുല്‍ത്താന്‍പുരില്‍ മണ്ണിന്റെ മകന്‍ പ്രതിച്ഛായ സൃഷ്ടിക്കാനാണ് വരുണിന്റെ ശ്രമം. താന്‍ മണ്ഡലത്തില്‍ എവിടെ പോയാലും സഞ്ജയ്‌ ഗാന്ധി ജീവിച്ചിരുന്നെങ്കില് എന്നാണ് കേള്‍ക്കുന്നതെന്ന് വരുണ്‍ പറയുന്നു. വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന സഞ്ജയ്‌ ഗാന്ധിയ്ക്ക് കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളൂ. അദ്ദേഹം മരിക്കുമ്പോള്‍ തനിക്ക് നൂറു ദിവസം മാത്രമായിരുന്നു പ്രായം. ഇന്ന്‍, സുല്‍ത്താന്‍പുരില്‍ എത്തുമ്പോള്‍ താന്‍ അച്ഛനെ ഓര്‍ക്കുന്നുവെന്നും എന്നാല്‍, ആ നഷ്ടം ജനങ്ങള്‍ തങ്ങളുടെ സ്നേഹത്തിലൂടെ നികത്തുകയാണെന്നുമായിരുന്നു വരുണിന്റെ വികാരഭരിതമായ വാക്കുകള്‍.

 

അമേത്തിയിലും റായ് ബറേലിയിലും പ്രചാരണം നടത്താന്‍ വരുണ്‍ എന്നും വിസമ്മതിക്കുകയാണ് പതിവ്. ഇവിടെ പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് താന്‍ സഞ്ജയ്‌ ഗാന്ധിയുടെ മകനാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് വരുണിന്റെ മറുപടി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സമയത്ത് കുടുംബാംഗങ്ങള്‍ക്കെതിരെയോ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയോ സംസാരിക്കില്ലെന്ന് വരുണ്‍ പറഞ്ഞിരുന്നു.കുടുംബാഗങ്ങളെ എതിരാളികളായി താന്‍ കാണുന്നില്ലെന്നും അതേസമയം, രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പോലും സംസാരിക്കാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും വരുണ്‍ വിശദീകരിക്കുന്നു.    

 

സുല്‍ത്താന്‍പുരില്‍ ബി.ജെ.പിയുടെ വിജയം കോണ്‍ഗ്രസിന് നാണക്കേടായിരിക്കും. എന്നാല്‍, 1991-നും 1998-നും ഇടയിലെ മൂന്ന്‍ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ബി.ജെ.പി ജയിച്ചിട്ടുണ്ട്. 1999-ലും 2004-ലും ബി.എസ്.പിയാണ് ജയിച്ചത്. 2009-ല്‍ കോണ്‍ഗ്രസ് സഞ്ജയ്‌ സിങ്ങിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. അന്ന്‍ ഇവിടെ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് 44,425 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അച്ഛന്റെ പേരുപയോഗിച്ചും മണ്ഡലത്തെ തന്റെ കര്‍മ്മഭൂമിയായി പ്രഖ്യാപിച്ചും വരുണ്‍ മത്സരത്തെ അഭിമാന പോരാട്ടമാക്കി മാറ്റിയതോടെ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുകയാണ്.  

 

പ്രിയങ്കയ്ക്കും സുല്‍ത്താന്‍പുരിലെ മത്സരം അഭിമാന പ്രശ്നമാണ്. അമേത്തിയ്ക്കും റായ് ബറേലിയ്ക്കും പുറമേ ഇവിടേയും പ്രിയങ്ക പ്രചാരണം നടത്തുന്നുണ്ട്. വരുണിനെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്ന അമിത സിങ്ങ് യഥാര്‍ഥത്തില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ഥിയാണ്. സിറ്റിംഗ് എം.പി സഞ്ജയ്‌ സിങ്ങിനെ രാജ്യസഭയിലേക്ക് അയക്കാനും ഭാര്യ അമിതയെ പകരം മത്സരിപ്പിക്കാനുമുള്ള തീരുമാനമുണ്ടായത് പ്രിയങ്കയുടെ സ്വാധീനഫലമായിട്ടാണെന്നാണ് കരുതപ്പെടുന്നത്.  

 

നെഹ്രു കുടുംബാഗം എന്ന നിലയില്‍ തെറ്റായ പാര്‍ട്ടിയില്‍ തെറ്റായ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുകയാണ് വരുണ്‍ എന്ന്‍ പ്രിയങ്ക കരുതുന്നു.  എന്നാല്‍, ഭീതിയാണ് പ്രിയങ്കയുടെ വിമര്‍ശനത്തിന്റെ അടിസ്ഥാനമെന്ന് മനേക ഗാന്ധി കുറ്റപ്പെടുത്തുന്നു. പ്രിയങ്ക ആദ്യം ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോട് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്തെന്ന് ചോദിച്ചതിനു ശേഷം വരുണിന്റെ പ്രത്യയശാസ്ത്രം വിലയിരുത്തട്ടെ എന്ന്‍ മനേക പറയുന്നു. അപ്പോള്‍ രണ്ടിന്റേയും വ്യത്യാസം അറിയാന്‍ സാധിക്കുമെന്നും മനേക പരിഹസിക്കുന്നു.  

 

വരുണിനെതിരെയുള്ള പ്രിയങ്കയുടെ അസ്വഭാവികമായ പൊട്ടിത്തെറി പെട്ടെന്നുണ്ടായ ആവേശത്തള്ളിച്ചയെക്കാളേറെ വ്യക്തമായി ചിന്തിച്ചുറപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമാകാമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ മതം. അശ്വമേധം പോലെ രൂപാന്തരപ്പെട്ടിരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന രീതിയില്‍ ജനങ്ങളെ ഇളക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗമെങ്കിലും കരുതുന്നുണ്ട്.  

 

എന്തായാലും, അമേത്തി, റായ് ബറേലി, സുല്‍ത്താന്‍പുര്‍ എന്നീ മൂന്ന്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്റെ അഭിമാനം മാത്രമല്ല, പിണങ്ങിക്കഴിയുന്ന കുടുംബാംഗങ്ങളുടെ രാഷ്ട്രീയ മോഹങ്ങളും തീരുമാനിക്കപ്പെടും. മത്സരത്തിന്റെ സമ്മര്‍ദ്ദങ്ങളാകാം പ്രിയങ്കയുടെ പ്രസ്താവനകള്‍ക്ക് മുന്‍പുണ്ടായിരുന്ന സൂക്ഷ്മത ഇല്ലാതാക്കിയത്. അമേത്തിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ജനകീയതയില്‍ പിന്നില്ലല്ല എന്നുള്ളതും മണ്ഡലത്തില്‍ രാഹുലിന്റെ സാധ്യതകള്‍ക്ക് മേല്‍ സംശയം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ വിജയം ഉറപ്പിക്കാനും ഒപ്പം, കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാനും പ്രചാരണത്തിന്റെ കുന്തമുനയായി സ്വയം മാറാന്‍ പ്രിയങ്ക തീരുമാനിച്ചതും അത് കൊണ്ടായിരിക്കാം.   

Tags: