തേവരെക്കാണുമോ അതോ മാല സൂക്ഷിക്കുമോ?

Glint staff
Tue, 05-09-2017 12:15:15 PM ;

temple crowd

ദക്ഷിണേന്ത്യയിലെ പ്രമുഖമായ ക്ഷേത്രം. മണിക്കൂറുകള്‍ നീളുന്ന ഭക്തരുടെ നിര. അല്‍പ്പം നീണ്ട ഇടനാഴിയിലൂടെ  നടന്നാണ് ശ്രീകോവിലിനു മുന്നിലെത്തുക. ഇടനാഴിയുടെ ശ്രീകോവിലിനടുത്തേക്ക് ഇറങ്ങുന്നിടത്തെ വാതിലാണ് നട തുറക്കുന്നതിനു മുന്‍പ് അടച്ചിടുക. ഉച്ച നടതുറക്കാറായി. ഭക്തജനത്തിരക്ക് നല്ലവണ്ണം, സ്ത്രീ-പുരഷന്മാര്‍ക്ക് പ്രത്യേക നിരയില്ല. എല്ലാവരും ഇടകലര്‍ന്നും ഞെങ്ങിയും ഞെരുങ്ങിയുമാണ് നില്‍പ്പ്. പെട്ടന്ന് സമീപത്തുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ മുന്നറിയിപ്പ്. എല്ലാവരും മാലയും വളയുമൊക്കെ ശ്രദ്ധിച്ചുകൊള്ളണം. പെട്ടെന്ന് സ്ത്രീജനങ്ങളെല്ലാം അവരുടെ മാലയിലേക്കും വളയിലേക്കുമൊരു നോട്ടം. ഒപ്പം പുരുഷന്മാരും.കാരണം മാലയില്ലാത്ത പുരുഷന്മാരും കുറവ്. ആ നോട്ടം പെട്ടന്ന് ആ ആള്‍ക്കുട്ട അടുക്കില്‍ ചെറിയൊരനക്കം സൃഷ്ടിച്ചു. ചില സ്ത്രീകള്‍ തൊഴുകൈയ്ക്കുള്ളില്‍ മാലയും അകത്താക്കി ഭദ്രമാക്കുന്നുണ്ടായിരുന്നു.
     

 

പെട്ടെന്ന് നട തുറന്നു, ഡാമിന്റെ വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്കു ചാടുന്ന വെള്ളത്തിലെ തുള്ളിയുടെ അനുഭവം എന്താണെന്ന് നേരിട്ടറിയാവുന്ന അവസ്ഥ. പോലീസുകാര്‍ക്ക് ക്ഷാമമില്ല. വനിതകളും പുരുഷന്മാരുമുണ്ട്. എല്ലാവരും അലര്‍ച്ചയിലാണ്, അവര്‍ അബോധാവസ്ഥയില്‍ പറയുന്നതാണ്. കാരണം ശീലമതാണല്ലോ എന്നിട്ട് വെറുതേ ശ്രീകോവിലിന്റെ മുന്നിലേക്കു നീങ്ങുന്നവരെ തള്ളുന്നു. ശ്രീകോവിലിന്റെ മുന്നിലെത്തിയപ്പോള്‍ അവിടെ നില്‍ക്കുന്നവരുടെ അലര്‍ച്ച ചെവിക്കല്ലു പൊട്ടിക്കുന്ന വിധം. കൂട്ടത്തില്‍ ശ്രീകോവിലിലെ വിഗ്രത്തിലേക്കു നോക്കുന്നതിനു മുന്‍പു തന്നെ മുന്‍പില്‍ നില്‍ക്കുന്ന പോലീസ് വലിയും പിന്നില്‍ നില്‍ക്കുന്നവര്‍ തള്ളലും. രണ്ടും ഒരുമിച്ച്.
     

 

മനുഷ്യര്‍ അവരുടെ പുരോഗതിയില്‍ നേടിയ പ്രപഞ്ചവിജ്ഞാനത്തെ ആത്യന്തിക ജ്ഞാനവുമായി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയതാണ് ക്ഷേത്രവും ക്ഷേത്രസംസ്‌കാരവും. അതില്‍ സംശയം വേണ്ട. ഇന്നും എന്നും ഉപയോഗിക്കാവുന്ന സാങ്കേതികതയുടെ ഗണിതശാസ്ത്ര പൂര്‍ണ്ണതയും ക്ഷേത്രങ്ങളില്‍ കാണാം. മനുഷ്യാലയങ്ങള്‍ എങ്ങനെ വാസയോഗ്യമായി നിര്‍മ്മിക്കണമെന്ന സാമൂഹ്യ ബോധവും ക്ഷേത്രങ്ങള്‍ പേറി നില്‍ക്കുന്നുണ്ട്. അതിനേക്കാളുപരി ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ഒരേ പോലെ ആത്മീയ ഉണര്‍വുണ്ടാക്കി എങ്ങനെ മനസ്സിന് ശാന്തതയും അതിലൂടെ സമൂഹത്തില്‍ ശാന്തമായ സാമൂഹിക ജീവിതം നയിക്കണമെന്നുമൊക്കെയുള്ള താല്‍പ്പര്യങ്ങളാണ് ക്ഷേത്രവും ക്ഷേത്ര സംസ്‌കാരവും വിളിച്ചറിയിക്കുന്നത്. എന്നാല്‍ മനുഷ്യന് സ്വാഭാവികമായി സംഭവിക്കുന്ന അജ്ഞതയുടെ കട്ടി മൂലം ക്ഷേത്രവും ക്ഷേത്രസംസ്‌കാരവും ജീര്‍ണ്ണത അനുഭവിക്കും. ഭൗതികമായും ജീര്‍ണ്ണതയുണ്ടാകും. അതുകൊണ്ടാണ് ക്ഷേത്ര പുനരുദ്ധാരണം എല്ലാ അര്‍ഥത്തിലും പ്രസക്തമാകുന്നത്. മാനസികമായി മനുഷ്യനെ ചിട്ടപ്പെടുത്താന്‍ ക്ഷേത്രങ്ങള്‍ സഹായിക്കുന്നു, മറ്റ് ആരാധനായങ്ങളുടെയും ലക്ഷ്യം അതു തന്നെ.
      

 

എന്നാല്‍ മനുഷ്യന്‍ സന്തോഷത്തിന്റെ കാര്യത്തില്‍ അജ്ഞത നിലനില്‍ക്കുന്നതു കാരണം കാര്യസാധ്യത്തിന് കൈക്കൂലിയുമായാണ് ഇപ്പോള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്. അതാണ് ഇപ്പോള്‍ ക്ഷേത്ര സംസ്‌കാരം നേരിടുന്ന മുഖ്യ ജീര്‍ണ്ണത. ഈ ധാരണയിലാണ് ബന്ധപ്പെട്ട ദേവസ്വങ്ങളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഭക്തര്‍ ശ്രീകോവിലിനു മുന്നിലെത്തുമ്പോള്‍ അലര്‍ച്ചയും മുന്നറിയിപ്പും പിടിച്ചുവലിയും പിടിച്ചു തളളലുമൊക്കെ നടത്താന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
         

 

മനുഷ്യന്റെ മനസ്സിനെ ഏകാഗ്രമാക്കാനും ചിന്തകളില്‍ നിന്ന് കുറച്ചു നേരം മുക്തമാക്കുകയുമാണ് ക്ഷേത്രദര്‍ശനത്തിന്റെ താല്‍പ്പര്യം. ആ രീതിയില്‍ നോക്കിയാല്‍ അതു വളരെ ശാസ്ത്രീയവുമാണ്. മനുഷ്യന്റെ ഗുണവും ശേഷിയും എല്ലാം ബന്ധപ്പെട്ടിരിക്കുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സിന്റെ ഏകാഗ്ര ശേഷിയിലാണ്. മറ്റു ചിന്തകള്‍ വന്ന് വലിക്കുമ്പോഴാണ് ഏകാഗ്രത നഷ്ടമാകുന്നത്. അപ്പോള്‍ പലപല ചിന്തകള്‍ വരും. അവ തമ്മില്‍ പൊരുത്തമില്ലാത്തതാകും. അപ്പോള്‍ സംഘര്‍ഷം. സമാധാനം നഷ്ടമായി. ഇതെല്ലാം സംഭവിക്കുന്നത് പലവിധ പേടിയില്‍ നിന്നും. പേടിയാണ് ആശങ്കയും വ്യക്തതയില്ലായ്മയുമുള്ള ചിന്തകളെ പറത്തിവിട്ട് മനസ്സിന്റെ ഏകാഗ്രശേഷിയെ ഇല്ലായ്മ ചെയ്യുന്നത്. മനസ്സിന്റെ ധൈര്യം വീണ്ടെടുത്ത് ഉള്ളിലുള്ള പ്രാപഞ്ചിക ശക്തിയെ അറിഞ്ഞ് അതായി ധൈര്യവും ശക്തിയും നേടുക തന്നെയാണ് ക്ഷേത്ര ദര്‍ശനത്തിന്റെ പിന്നിലെ പൊരുള്‍.
         

 

ക്ഷേത്ര ദര്‍ശനത്തിനു നടയ്ക്കുള്ളില്‍ കയറിയാല്‍ ഉറ്റവര്‍ പോലും പരസ്പരം ശരീരത്തില്‍ തൊടുകയോ സംസാരിക്കാനോ പാടില്ല. നോട്ടം ഉള്ളിലേക്കാകാന്‍ വേണ്ടിയാണത്. ഉള്ളിലേക്കുള്ള നോട്ടത്തിലൂടെ മാത്രമേ വ്യക്തിക്ക് മനുഷ്യന്റെ തലത്തിലേക്ക് ആ മേന്മയോടെ ഉയരാന്‍ കഴിയുകയുളളു. പരസ്പരം തൊടരുതെന്നും സംസാരിക്കരുതെന്നും പറയുന്നത് ഏകാഗ്രത നഷ്ടപ്പെട്ട് മറ്റ് ചിന്തകള്‍ മനസ്സിലേക്ക് കടന്നു വരാതിരിക്കാനാണ്.ഏകാഗ്രത എന്നാല്‍ മനസ്സിന്റെ അഗ്രത്തില്‍ ഏകമായത്.  അങ്ങനെ ശ്രീകോവിലിലേക്കു കയറാന്‍ നില്‍ക്കുന്ന സമയത്ത് മാലയും വളയും സൂക്ഷിക്കണം എന്നു പറയുമ്പോള്‍ തന്നെ വിഗ്രഹത്തില്‍ നിന്നും ശ്രദ്ധ മാറിക്കഴിഞ്ഞു. വിഗ്രഹത്തിലൂടെ ഈശ്വരനെയാണ് ആരാധിക്കുക എന്നതും ഓര്‍ക്കണം. പാവം ഭക്തര്‍ക്ക് ഈശ്വരനെ പോയിട്ട് വിഗ്രഹത്തില്‍ പോലും ശ്രദ്ധയര്‍പ്പിക്കാന്‍ കഴിയില്ല. കാരണം മാലയും വളയും പോകുമോ എന്ന പേടിയായിരിക്കും മനസ്സില്‍ . വെറുതെ വീട്ടിലിരുന്ന വിളക്കു കൊളുത്തി തൊഴുതാല്‍ കിട്ടുന്ന സുഖത്തിന്റെ ആയിരത്തിലൊരംശം പോലും ഈ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്നതിനിടയില്‍ നിന്ന് മാലയും വളയും പോകുമോ എന്ന ഭീതിയില്‍ നിന്നാല്‍ കിട്ടില്ല. ചിലരൊക്കെ പതിനായിരക്കണക്കിന് രൂപുയും ചെലവഴിച്ചാണ് ഈ ദര്‍ശനത്തിനെത്തുന്നതെന്നുമോര്‍ക്കണം.  ഉറ്റബന്ധുക്കളായാലും പരസ്പരം തൊടരരുത് എന്നുള്ളിടത്താണ്  ഞെങ്ങി ഞെരുങ്ങി നില്‍പ്പ്. ഈ ഞെരുക്കത്തിനിടയില്‍ സ്ത്രീകളും ഉള്ളത് സമ്മിശ്ര വികാരങ്ങളിലേക്കും ചിന്തകളിലേക്കും സ്ത്രീകളേയും പുരുഷന്മാരെയും എത്തിക്കുന്നുണ്ട്. എങ്ങാനും വല്ലാതെ അമങ്ങിയാല്‍ കേസ്സാകുമോ എന്ന പേടി  ഇപ്പോള്‍ പുരുഷന്്മാരെ അലട്ടാനിടയുണ്ട്. അതില്‍ ചില വിരുതന്മാര്‍ ആ ഞെരുക്കത്തെ സ്ത്രീകളുമായി ഉരുമിനില്‍ക്കാനുള്ള അവസരവുമാക്കുന്നു. ഈ സാഹചര്യത്തില്‍ അതിനു സമാനമായ വൈകാരികതകളില്‍ അറിഞ്ഞും അറിയാതെയും സ്ത്രീകളും പെടുന്നു. അതിന്റെ കൂട്ടത്തിലാണ് മാലയും വളയും സൂക്ഷിച്ചോളാനുള്ള മുന്നറിയിപ്പും പിടിച്ചു തള്ളലും പിടിച്ചു വലിയും.
      

 

ജ്ഞാനത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള സാങ്കേതികതയുടെയും പ്രയോഗമാണ് ക്ഷേത്രങ്ങള്‍. അതിന്റെ വാസ്തു ശില്‍പ്പ പ്രകൃതിയിലേക്കും ക്ഷേത്ര നിര്‍മ്മാണത്തില്‍ പാലിച്ചിട്ടുള്ള സാങ്കേതികത്വത്തിലേക്കും നോക്കിയാല്‍ അറിയാന്‍ കഴിയും. പല ക്ഷേത്രങ്ങളുടെ ച്ട്ടക്കൂടുകളോ നടപന്തലുകളോ വാതില്‍ ഗോപുരങ്ങളോ പൊളിച്ചു കഴിഞ്ഞാല്‍ അത് തിരികെ അതേ പോലെ സ്ഥാപിക്കാന്‍ ഇപ്പോള്‍ കഴിയാത്തത് അത് നിര്‍മ്മിച്ച കാലഘട്ടത്തിലെ സാങ്കേതികമികവിന്റെ സൂചനയാണ്. ലഭ്യമായ നൂതനാമായ സാങ്കേതികത്വമാണ് പ്രയോഗിച്ചിരിക്കുന്നത്. അതു പോലെ ക്ഷേത്രങ്ങള്‍ പുരാതന കാലത്ത് രൂപം കൊണ്ടതാകാം. എന്നാല്‍ ക്ഷേത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഭൂതകാലത്തെ അല്ലേ അല്ല. ഭൂതവും ഭാവിയുമില്ലാത്ത വര്‍ത്തമാനത്തെ മാത്രമേ ക്ഷേത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുള്ളു. ദീപാരധനയ്ക്ക് മണിമുഴക്കത്തോടെ ശ്രീകോവില്‍ തുറക്കുമ്പോള്‍ നിമിഷ നേരത്തേക്ക് എത്ര ചിന്തകളുള്ള മനസ്സാണെങ്കിലും ചിന്തകള്‍ അകന്ന് വിഗ്രത്തിലേക്ക് ശ്രദ്ധ വരുന്നു.
     

 

ക്ഷേത്രങ്ങള്‍ മനുഷ്യ പുരോഗതിയുടെ ഏറ്റവും നൂതനമായ ഭാവങ്ങളാണ് അതിന്റെ അടിസ്ഥാന തത്വത്തെ അപ്രതിഷ്ഠിതമാക്കാത്ത വിധം ക്ഷേത്രങ്ങളില്‍ ഇന്നും പ്രയോഗിച്ച് പുനുരുദ്ധരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മനുഷ്യന്റെ മനസ്സിന് ശാന്തതയും ഏകാഗ്രതയും അതു വഴി ശേഷിയും സമാധാനവും ലഭിക്കാന്‍ ഇന്ന് തിരക്കു വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ സംവിധാനം ഉണ്ടാക്കണം.കൂടെയുള്ള അച്ഛനെയോ അമ്മയെയോ ഭര്‍ത്താവിനെയോ ഭാര്യയോ മക്കളെയോ ആരെയും കുറിച്ചുള്ള ചിന്തപോലും മനസ്സിലേക്കു പ്രവേശിക്കാത്ത വിധം ഭക്തര്‍ക്ക് ഏകാഗ്രതയുണ്ടാക്കുന്ന ദര്‍ശന സൗകര്യം ക്ഷേത്രങ്ങളില്‍ വേണം. അതിന് ചുരുങ്ങിയ പക്ഷം ശ്രീകോവിലിലേക്കു എത്തുന്ന സ്ഥലം മുതലെങ്കിലും ശ്രീകോവിലിന്റെ മുന്‍പിലെത്തി അവിടെ നിന്ന് ഭക്തര്‍ പിന്മാറുന്ന വിധം കണ്‍വേയര്‍ ബല്‍റ്റ് സംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്. അങ്ങനെയാവുമ്പോള്‍ നിര്‍ദ്ദിഷ്ട സമയം ഭക്തര്‍ക്ക് ശ്രീകോവിലിന്റെ മുന്നിലെത്തി വിഗ്രഹം കണ്ടു തൊഴാം. മാത്രമല്ല, അതുവഴി ചന്തയില്‍ പോലുമില്ലാത്ത ബഹളവും അട്ടഹാസവും ശാരീരികമായ അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ കഴിയും.
       

 

ദര്‍ശനത്തിന് കണ്‍വെയര്‍ ബല്‍റ്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അട്ടഹസിക്കാനും പിടിച്ചു വലിക്കാനും തള്ളാനുമൊന്നും പോലീസുകാരെ ആവശ്യവുമില്ല. അതിലൂടെ ലാഭിക്കുന്ന തുകയുടെ ചെറിയൊരംശം മതി ഇത്തരം സംവിധാനമുണ്ടാക്കാന്‍. തിരക്കുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിനാവശ്യമായ ധനത്തിന് തെല്ലും പരിമിതിയുമില്ല. അല്ലെങ്കില്‍ ക്ഷേത്ര സംസ്‌കാരത്തിന് വിരുദ്ധമായ സംസ്‌കാരമായിരിക്കും ക്ഷേത്രങ്ങളില്‍ നിന്നും സമൂഹത്തിലേക്കു പ്രവഹിക്കുക.

Tags: