Skip to main content

 

ലോകത്തെ ഏറ്റവും കരുത്തുറ്റ അധികാര സ്ഥാനത്തിനായുള്ള മത്സരത്തിന് ചൂടുപിടിക്കുകയാണ്. യു.എസ് പ്രസിഡന്റ് പദത്തിലേക്ക് രാജ്യത്തെ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹില്ലാരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപും 2016 നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തേടും.

 

എന്നാല്‍, ജനവിധിയനുസരിച്ച് ആകണമെന്നില്ല ഒരു സ്ഥാനാര്‍ഥി പ്രസിഡന്റ് പദത്തില്‍ എത്തുന്നതെന്ന പ്രത്യേകതയും യു.എസ് തെരഞ്ഞെടുപ്പിനുണ്ട്. ഇത് 2000-ത്തിലെ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. ജനകീയ വോട്ടില്‍ മുന്നില്‍ നിന്നത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അല്‍ ഗോര്‍ ആയിരുന്നുവെങ്കിലും ഇലക്ടറല്‍ കോളേജിലെ അംഗങ്ങളില്‍ കേവല ഭൂരിപക്ഷം ലഭിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോര്‍ജ് ഡബ്ലിയു. ബുഷിനാണ്. (അനുജന്‍ ജെബ് ബുഷ്‌ ഗവര്‍ണര്‍ ആയിരുന്ന ഫ്ലോറിഡയിലെ വിവാദമായ, യു.എസ് സുപ്രീം കോടതി വരെയെത്തിയ നേരിയ വിജയമാണ് ചേട്ടന്‍ ബുഷിനെ പ്രസിഡന്റ് പദത്തില് എത്തിച്ചത്. ജെബ് ബുഷ്‌ ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ചെങ്കിലും ആവശ്യത്തിന് പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണ സമാഹാരിക്കാനാകാതെ പിന്മാറി.)

 

അതായത്, യു.എസിലെ 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്‌ടണ്‍ അടങ്ങുന്ന കൊളംബിയ ജില്ലയും തെരഞ്ഞെടുത്തയക്കുന്ന 538 ഇലക്ടര്‍മാരാണ് ആത്യന്തികമായി യു.എസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഈ ഇലക്ടര്‍മാരെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്ത് നിന്ന്‍ യു.എസ് നിയമനിര്‍മ്മാണ സഭയായ കോണ്‍ഗ്രസിലുള്ള  അംഗങ്ങളുടെ തുല്യ എണ്ണം ഇലക്ടര്‍മാരാണുള്ളത്. ഉദാഹരണത്തിന് ഫ്ലോറിഡയെ തന്നെയെടുത്താല്‍, അവിടെ നിന്ന്‍ ജനപ്രതിനിധി സഭയില്‍ (ഇന്ത്യയിലെ ലോകസഭയ്ക്ക് സമാനം) 27 പേരും സെനറ്റില്‍ (രാജ്യസഭയ്ക്ക് സമാനം) രണ്ടു പേരുമാണ് ഉള്ളത്.   അതായത്, ആകെ 29 ഇലക്ടര്‍മാര്‍. (സാന്ദര്‍ഭികമായി പറയട്ടെ, രാജ്യസഭയും യു.എസ് സെനറ്റും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുമുണ്ട്. ഇന്ത്യയില്‍ നിന്ന്‍ വ്യത്യസ്തമായി യു.എസ് സെനറ്റില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തുല്യ പ്രതിനിധികള്‍ - രണ്ടു പേര്‍ - ആണുള്ളത്. യു.എസ് ജനപ്രതിനിധി സഭയില്‍ മാത്രമേ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നിശ്ചയിക്കുന്നുള്ളൂ. നമ്മുടെ രാജ്യസഭയിലാകട്ടെ ലോകസഭയിലേത് പോലെ ജനസംഖ്യാനുപാതികമായിട്ടാണ് അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. മറ്റൊന്ന്, യു.എസ് സെനറ്റര്‍മാരെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുമ്പോള്‍ രാജ്യസഭയിലെ അംഗങ്ങളെ ജനങ്ങള്‍ പരോക്ഷമായിട്ടാണ് - സംസ്ഥാന നിയസമഭാംഗങ്ങള്‍ വഴി - തെരഞ്ഞെടുക്കുന്നത്.)

 

ഇങ്ങനെ, ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ ആകെ എണ്ണത്തിന് തുല്യമായ 435-ഉം സെനറ്റിലെ അംഗങ്ങളുടെ ആകെ എണ്ണത്തിന് തുല്യമായ 100-ഉം കോണ്‍ഗ്രസില്‍ പ്രാതിനിധ്യമില്ലാത്ത കൊളംബിയ ജില്ലയില്‍ നിന്നുള്ള മൂന്നു പേരും ചേര്‍ന്നതാണ് ഇലക്ടറല്‍ കോളേജ്. ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 270 പേരുടെ പിന്തുണ നേടുന്നവര്‍ പ്രസിഡന്റ് പദവിയില്‍ എത്തും. ഇലക്ടറല്‍ കോളേജില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍  പ്രസിഡന്റിനെ ജനപ്രതിനിധി സഭയും വൈസ് പ്രസിഡന്റിനെ സെനറ്റുമാണ് തെരഞ്ഞെടുക്കുക.

 

രണ്ട് വര്‍ഷ കാലാവധിയുള്ള ജനപ്രതിനിധി സഭയിലേക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിനങ്ങളും നിയമം മൂലം വ്യവസ്ഥിതമാക്കിയിട്ടുള്ളതാണ്. നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് (ജനകീയ) വോട്ടെടുപ്പ് ദിനമെങ്കില്‍ ഡിസംബറിലെ രണ്ടാം ബുധനാഴ്ച കഴിഞ്ഞുള്ള തിങ്കളാഴ്ചയാണ് ഇലക്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുക. ഈ വര്‍ഷം ഇത് 19-നാണ്. അത് കഴിഞ്ഞ് ജനുവരി ആറിന് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ജനുവരി 20-നു പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന അമ്പത്തി എട്ടാമത്തെ തെരഞ്ഞെടുപ്പാണിത്.

 

തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനങ്ങളാണ്. ഇലക്ടര്‍മാരെ നിര്‍ണ്ണയിക്കുന്ന രീതി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും സംസ്ഥാനങ്ങള്‍ക്ക് ഉണ്ട്. ജനകീയ വോട്ടില്‍ മുന്നിലെത്തുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ മുഴുവന്‍ ഇലക്ടര്‍മാരെയും തെരഞ്ഞെടുക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യുക. (മെയ്നിലും നെബ്രാസ്കയിലും രണ്ട് പേരെ സംസ്ഥാന അടിസ്ഥാനത്തിലും ബാക്കിയുള്ളവരെ ജില്ലാ അടിസ്ഥാനത്തിലും ലഭിക്കുന്ന വോട്ടു നോക്കിയാണ് ഇലക്ടര്‍മാരെ നിശ്ചയിക്കുന്നത്.) അതായത്, ജനകീയ വോട്ടിന് ആനുപാതികമായിട്ടല്ല ഇലക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത് എന്നതിനാല്‍ ഒരു സംസ്ഥാനത്ത് 49 ശതമാനം വോട്ടു നേടിയാലും നിങ്ങള്‍ക്ക് ഒരു ഇലക്ടര്‍ പോലും ലഭിക്കില്ല. സാങ്കേതികമായി, ഒരു സ്ഥാനാര്‍ഥി എല്ലാ സംസ്ഥാനങ്ങളിലും 49 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തായാല്‍ ഇലക്ടറല്‍ കോളേജില്‍ ഒരു പ്രതിനിധി പോലുമില്ലാത്ത സ്ഥിതി ഉണ്ടാകാം. എന്നാല്‍, രാഷ്ട്രീയമായി കൂടുതല്‍ പ്രസക്തം, കടുത്ത മത്സരം നടക്കുന്ന അവസരങ്ങളില്‍ 2000-ത്തിലേത് പോലെ ജനകീയ വോട്ടില്‍ മുന്നിലെത്തിയാലും ആവശ്യത്തിന് ഇലക്ടര്‍മാരെ ലഭിക്കണമെന്നില്ല എന്നതാണ്. ക്ലിന്റണും ട്രംപും അത്തരമൊരു മത്സരത്തിലേക്ക് നീങ്ങുന്ന ചിത്രമാണ്‌ അഭിപ്രായ സര്‍വേകളില്‍ ഇപ്പോള്‍ തെളിയുന്നത്.