Skip to main content

km mani and pj kurien

 

ഉപരാഷ്ട്രപതി സ്ഥാനമോഹവുമായി കേരളത്തിൽ നിന്ന് രണ്ടു പേർ. കേരളാ കോൺഗ്രസ്സ് നേതാവ് കെ.എം.മാണിയും രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് നേതാവുമായ  പ്രൊഫ. പി.ജെ കുര്യനുമാണ് ഈ വിഷയത്തില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയുന്നത്.

 

എൻ.ഡി.എയിലേക്കു ചേക്കേറുന്നതിന്റെ ഭാഗമായി കെ.എം മാണി മൂന്നു വട്ടം ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി. തന്നെ ഉപരാഷ്ട്രപതി ആക്കണമെന്നായിരുന്നു ആദ്യം മുന്നോട്ടുവച്ച ഉപാധി. എന്നാൽ ബി.ജെ.പി. നേതൃത്വം അത് പാടേ തള്ളിക്കളഞ്ഞു. തുടർന്ന് തന്റെ മകൻ ജോസ് കെ. മാണിക്ക് ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ വേണമെന്ന നിർദ്ദേശം മാണി തന്നോട്ടുവച്ചതായാണറിയുന്നത്. എന്നാൽ അത്തരം ഉപാധികൾ ഒന്നും തന്നെ സ്വീകാര്യമല്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. വേണമെങ്കിൽ ജോസ് കെ. മാണിക്ക് സഹമന്ത്രി സ്ഥാനം പരിഗണിക്കാം എന്ന പ്രത്യാശ മാത്രം നൽകുകയാണുണ്ടായത്‌.

 

ബി.ജെ.പിയുമായുള്ള ചർച്ചയുടെ പരാജയത്തെ തുടർന്നാണ് കെ.എം മാണി സി.പി.ഐ.എമ്മുമായി ധാരണയുണ്ടാക്കി എൽ.ഡി.എഫിൽ പ്രവേശിക്കാൻ കരുക്കൾ നീക്കിയത്. കോൺഗ്രസ്സിനെ പുറത്താക്കിക്കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്തിൽ അധികാരത്തിൽ വന്നതങ്ങനെയാണ്. എന്നാൽ, പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നും എൽ.ഡി.എഫിൽ സി.പി.ഐയുടെ ഭാഗത്തു നിന്നുള്ള എതിർപ്പിനെ തുടർന്നും കെ.എം മാണിയുടെ എൽ.ഡി.എഫ് പ്രവേശം സാധ്യമല്ലാതായി. ആലപ്പുഴയിലെ വെളിയനാട്ടും കോട്ടയം മോഡൽ നടപ്പാക്കി കോൺഗ്രസ്സിനെ താഴെയിറക്കാൻ മാണി പദ്ധതിയിട്ടിരുന്നതായാണറിയുന്നത്. പുതിയ പശ്ചാത്തലത്തിൽ അതുപേക്ഷിക്കുകയാണുണ്ടായത്. വീണ്ടും വിലപേശൽ നടത്തി യു.ഡി.എഫിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിയുന്നത്. ആ നീക്കമാകട്ടെ മാണി നേരിട്ടല്ല നടത്തുന്നത്.

 

രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന് ബി.ജെ.പിയിലെ ചില നേതാക്കളിൽ നിന്ന് തന്നെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ഉറപ്പില്ലാത്ത ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ഡെപ്യൂട്ടി സ്പീക്കറുടെ സൗഹാർദ്ദപരമായ സേവനം ബി.ജെ.പിക്ക് ആവശ്യമാണ്. അത്തരത്തിലുള്ള സമീപനം ബി.ജെ.പിക്ക് കിട്ടുകയും ചെയ്യുന്നുണ്ട്. ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയാണ് കുര്യനെതിരെയുണ്ടായ പീഡനക്കേസ്സ് സുപ്രീം കോടതിയിൽ വാദിച്ച് രക്ഷപ്പെടുത്തിക്കൊടുത്തത്. ജയ്റ്റ്ലിയുമായുള്ള സൗഹൃദവും പ്രൊഫ. കുര്യന്റെ ഉപരാഷ്ട്രപതി സ്വപ്നത്തെ തഴപ്പിക്കുന്നുണ്ട്. ബി.ജെ.പി പ്രീതിക്കുവേണ്ടി കുര്യന്‍ രാജ്യസഭയിൽ കോൺഗ്രസ്സ് അംഗങ്ങളോട് മോശമായി പെരുമാറുന്നുവെന്നും കോൺഗ്രസ്സ് നേതാക്കൾക്ക് ആക്ഷേപമുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനോട് ക്ഷോഭിച്ച് പെരുമാറിയത് ഉദാഹരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

എന്നാൽ കുര്യന്റെ സ്വപ്ന സാക്ഷാത്ക്കാരം അത്ര എളുപ്പമല്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. തല്‍ക്കാലത്തേക്ക് കുര്യന്റെ ആവശ്യം അവർക്കുണ്ട്. അതിനു വേണ്ടിയാകാം ചെറിയ മോഹം നൽകിയിട്ടുള്ളതെന്നും അവർ പറയുന്നു. കുര്യൻ ഈ മോഹവുമായി പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് കെ.എം മാണി ശ്രമിച്ചതെന്നും പറയപ്പെടുന്നു. കുര്യനെ സ്വീകരിക്കുന്നതിലൂടെ പാർട്ടി ലക്ഷ്യം വയ്ക്കുന്ന കാര്യവും നടക്കും, കൂട്ടത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയേയും ലഭിക്കുമെന്ന ഉപാധിയിലൂടെ.

Tags