Skip to main content

 

സെപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് മുൻപത്തേക്കാളും പ്രതികരണം കേരളത്തിനു പുറത്തുണ്ടാക്കി. ബാംഗ്ലൂരില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. സിലിഗുരി മേയർ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി. കേരളത്തിൽ സംസ്ഥാന ഭരണകൂടം നേതൃത്വം നൽകിയ ബന്ദ് പതിവുപോലെ ആഘോഷമായി. മന്ത്രിമാർ കാൽനടയായി തലസ്ഥാന നഗരിയിലൂടെ  നടന്ന് തിരുവനന്തപരത്തുകാർക്ക് ഒരു മുൻകൂർ പൈങ്കുനി ആറാട്ടെഴുന്നള്ളിപ്പും സമ്മാനിച്ചു. ചരിത്രത്തിലാദ്യമായി ഐ.എസ്.ആർ.ഒയുടെ പ്രവർത്തനവും നിലച്ചു. എന്നാൽ, ടെക്‌നോപാർക്കിൽ പോലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥരെ എത്തിച്ച് പ്രവർത്തനം തടസ്സപ്പെടുത്താതെ സംസ്ഥാന സർക്കാർ ജാഗ്രത പാലിച്ചു. ടെക്‌നോപാർക്കിലെ ജോലി തടസ്സപ്പെട്ടാൽ വിദേശ കമ്പനികളുടെ ജോലി തടസ്സപ്പെടും.

 

രാജ്യവ്യാപകമായി പണിമുടക്കിന് തൊഴിലാളികളിൽ നിന്ന് മുൻപത്തേക്കാൾ അനുകൂല പ്രതികരണം വളരെ ചെറിയ തോതിലാണെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്. തൊഴിൽ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങൾ അത്രയ്ക്ക് ഗൗരവമായതിനാലും വർത്തമാനകാലത്തിന്റെ ഞെരിപിരി അനുഭവിക്കേണ്ടി വരുന്നതിനാലുമാണ് ആ പ്രതികരണമുണ്ടായത്. എന്നാൽ കേരളത്തിലെ ബന്ദ്, പണിമുടക്കിന്റെ അർഥം നഷ്ടപ്പെട്ട അവസ്ഥയിലായി. അതുകൊണ്ടു തന്നെ കേരളത്തിൽ ബന്ദ് എന്നു കേൾക്കുമ്പോൾ പുറത്തിറങ്ങേണ്ടി വരുന്നവരിൽ ഭീതിയും അകത്തിരിക്കാൻ തീരുമാനിക്കുന്നവരിൽ ചിരിയുമാണ് ഉണ്ടാവുക.

 

തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും മൂർച്ചയേറിയ സമരായുധമാണ് പണിമുടക്ക്. എന്നാൽ, ആവശ്യത്തിനും അനാവശ്യത്തിനും അതെടുത്തു പ്രയോഗിച്ച് ആ ആയുധത്തിന്റെ മുന നഷ്ടമായി. ഉത്തരവാദിത്വമില്ലായ്മയാണ് കേരളത്തിൽ ഈ പണിമുടക്കിൽ പ്രകടമാകുന്നത്. സ്വന്തം നാടിനു നഷ്ടമുണ്ടാക്കുന്നതിൽ ഒരു ലഹരി കണ്ടെത്തുന്നതു പോലെ. ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് പണിമുടക്കിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഒരു സ്ഥാപനത്തിന്റെ പോലും തൊഴിലിനെ ബാധിക്കാത്ത വിധം ടെക്‌നോപാർക്കിലെ ജീവനക്കാർ ജോലിക്കെത്തുന്നതിന് സംവിധാനമൊരുക്കിയത്. ഇവിടെയാണ് പണിമുടക്ക് ഉത്തരവാദിത്വമില്ലാത്ത പ്രഹസനമായി മാറുന്നത്.

 

പണിമുടക്കുകൊണ്ടുദ്ദേശിക്കുന്നത് പ്രധാനമായും തൊഴിലാളികൾ നേരിടുന്ന പ്രശ്‌നം ജനമസ്സുകളിലേക്കും അധികാരികളിലേക്കും തൊഴിലുടമകളിലേക്കും അതിന്റെ ഗൗരവത്തിൽ സന്നിവേശിപ്പിച്ച് അതിലൂടെ മാറ്റത്തിനു വഴിയൊരുക്കുക എന്നതാണ്. ഇന്ന് സന്ദേശം കൈമാറുന്നതിന് പണിമുടക്കിനേക്കാൾ അനുയോജ്യമാണ് ദൃശ്യ-ശ്രാവ്യ-ഓൺലൈൻ മാധ്യമങ്ങൾ. എന്നാൽ അത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് അറിയില്ല. മാറുന്ന കാലത്തിനനുസരിച്ച് അവസരങ്ങൾ പ്രയോജനപ്പെടുത്തി രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതത്തെ ചൂഷണവിമുക്തവും മെച്ചവുമാക്കണമെന്ന ദിശയിലേക്ക് നേതാക്കളുടെ ചിന്ത തിരിയാത്തതാണ് ഇതിനു കാരണം.

 

രാഷ്ട്രീയ പ്രവർത്തനം ജനങ്ങളുമായുള്ള നിത്യസമ്പർക്കത്തിലൂടെ നീങ്ങേണ്ടതാണ്. ആ സമ്പർക്കത്തിലൂടെ മാത്രമേ തൊഴിലാളികൾക്ക് നേതാക്കളിൽ ആത്മവിശ്വാസം വരികയും അവർ പറയുന്നതനുസരിച്ച് ചലിക്കാനും കഴിയുകയുള്ളു. ആ സമ്പർക്ക പരിപാടിക്കു പകരമായി വാര്‍ത്താസമ്മേളനം വിളിച്ച് ഭീഷണി പൊതിഞ്ഞ് എല്ലാവരും പണിമുടക്കിൽ പങ്കെടുക്കണമെന്ന് നേതാക്കൾ ചാനലുകളിലൂടെ പറയുന്നു. കേരളത്തിൽ പ്രമുഖ പാർട്ടിയോ മുന്നണിയോ നടത്തുന്ന ബന്ദ് വിജയിക്കാൻ അതു ധാരാളം. കാരണം പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന ഭീതി ജനത്തിൽ ഉണ്ടാകുന്നു.

 

ജനങ്ങളിൽ നിന്ന് ഭീതി അകറ്റുന്നതാവണം പ്രാഥമികമായി രാഷ്ട്രീയ പ്രവർത്തനം. ജനായത്തത്തിന്റെ കാതൽ തന്നെ അതാണ്. ഭീതിയിലാണ് എല്ലാ വിധ പൈശാചികത്വങ്ങളും ഉടലെടുക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ ജനസമ്പർക്കം ഊർജ്ജിതമായി നടത്തുകയാണെങ്കിൽ, അതിനൊരു ദിശയുണ്ടെങ്കില്, സ്വാഭാവികമായും ഇന്നത്തെ മാദ്ധ്യമ പരിസ്ഥിതിയിൽ അവയ്ക്ക് വൻ പ്രചാരം ലഭിക്കും. അതുതന്നെ ഒരു രാഷ്ട്രീയ പ്രക്രിയായി മാറും. ആ പ്രക്രിയയുടെ അഭാവം തന്നെയാണ് ഇന്ന് വിവിധ തൊഴിൽ മേഖലകൾ നേരിടുന്ന മുഖ്യ പ്രശ്‌നം. എല്ലാവിധ ചൂഷണങ്ങൾക്കും കാരണമാകുന്നതും അതു തന്നെ. അനുദിനം വർധിതമാകുന്ന പേടിയിൽ, നിരാലംബത്വത്തിൽ തൊഴിലാളികൾക്ക് സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലാതെയും വരുന്നു. ഇതു തന്നെയാണ് തൊഴിലുടമകൾക്കും, അവർക്ക് സഹായകമായ നിലപാടു സ്വീകരിക്കാൻ സർക്കാരുകൾക്കും ശക്തി പകരുന്നത്. ഈ ഗതികേടിന്റെ പശ്ചാത്തലത്തിലാണ് ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പണിമുടക്ക് കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും ഒറ്റപ്പെട്ട പണിമുടക്കുകളും നഴ്‌സുമാരുൾപ്പടെയുള്ളവരുടെ പ്രതിഷേധ പ്രകടനങ്ങളും നടക്കാൻ കാരണം.

 

ഈ ആയുധം ആയുധമല്ലാതാകാൻ കാരണം മുഖ്യമായും സി.പി.ഐ.എം തന്നെയാണ്. ഈ പണിമുടക്കിനെ പശ്ചിമ ബംഗാളിൽ സി.പി.ഐ.എം. മുഖ്യമന്ത്രി മമതയ്‌ക്കെതിരെയുള്ള സമരമാക്കി. അവിടെയും പണിമുടക്കിന്റെ ലക്ഷ്യം മാറുന്നതും മറ്റ് താൽപ്പര്യം പ്രകടമാകുന്നതും കാണാം. സി.പി.ഐ.എം ഭരിക്കുന്ന കേരളത്തിൽ ഐ.ടി മേഖലയെ പണിമുടക്ക് തെല്ലും ബാധിക്കാതിരുന്നപ്പോൾ അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ അതേ മേഖലയെ പണിമുടക്ക് ബാധിക്കുകയുണ്ടായി. ഒരു വാര്‍ത്താസമ്മേളനത്തിലുള്ള പ്രഖ്യാപനവും ബന്ദു ദിവസം ഒന്നോ രണ്ടോ മന്ത്രിമാരുടെ കാൽനടയും സൈക്കിളുചവിട്ടുമൊക്കെയായി മാത്രമൊതുങ്ങുന്ന കാഴ്ചവസ്തു മാത്രമായി കേരളത്തിൽ ബന്ദ്.