സംഗീതം സാന്ത്വനമാണ്. അതാസ്വദിക്കുന്നവർ അറിഞ്ഞും അറിയാതെയും അനുഭവിക്കുന്നത് ആ വികാരം തന്നെ. സാന്ത്വനമെന്നാൽ ശാന്തത തന്നെ. ദാസേട്ടന്റെ സ്വരത്തിൽ അന്തർലീനമായി ലയിച്ചുകിടക്കുന്ന അടിസ്ഥാനഭാവം സാന്ത്വനത്തിന്റേതാകാം. ആകാമെന്നല്ല. അതാണ്. ദാസ്സേട്ടൻ എന്ന വ്യക്തിയെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ സംഗീതത്തേക്കാളുപരി ആ സാമീപ്യം പകർന്നുതരുന്ന സാന്ത്വന സാന്നിദ്ധ്യമാണ് ഓർമ്മ വരിക. ഒരുപക്ഷേ ദാസ്സേട്ടനെ വേറിട്ട ഗായകനാക്കുന്നതും ആ സാന്ത്വന ഘടകമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗവും ഭാവവുമാണ്. സംഗീതത്തിലൂടെ അത് സ്നേഹരൂപത്തിൽ ഓരോ മലയാളിയും അറിയുന്നു. ദാസ്സേട്ടന്റെ ആ ഭാവത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങൾ ഓർമ്മയിൽ നിന്നും പെറുക്കിയെടുക്കാൻ കഴിയും. എന്നാൽ എന്നെ ഏറെ സ്പർശിച്ച സംഭവം 2016 ജൂണിൽ നടന്ന ഒന്നാണ്.
ജീവൻ ടി.വിയിലെ ക്യാമറാമാനാണ് കോട്ടയം രാമപുരം സ്വദേശിയായ ഉണ്ണി. അദ്ദേഹത്തിന്റെ മകൾ രേഷ്മ. പത്താംക്ലാസ്സ് വിദ്യാർഥിനി. രേഷ്മയ്ക്ക് ഒരു രോഗം നിമിത്തം നടക്കാനുള്ള ശേഷി നഷ്ടമായി. അതുമൂലം സ്കൂളിൽ പോക്ക് പത്താം ക്ലാസ്സാരംഭത്തിൽ മുടങ്ങി. ചെയ്യാവുന്ന ചികിത്സകളൊക്കെ ഉണ്ണി ലഭ്യമാക്കുന്നുണ്ട്. എന്നിട്ടും കാര്യമായ മാറ്റം കാണുന്നില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ രേഷ്മയുടെ പ്രതീക്ഷകൾ നശിച്ചു. ആ കുട്ടി ഭക്ഷണം പോലും നേരേ കഴിക്കാത്ത അവസ്ഥയിലേക്കായി. എന്തിന് എഴുന്നേൽക്കാൻ പോലും കഴിവില്ലാത്ത താൻ ഭക്ഷണം കഴിക്കണമെന്ന പ്രതിരോധ ചോദ്യത്തോടെയാണ് ഭക്ഷണം കഴിപ്പ് പരിമിതപ്പെടുത്തിയത്. പഠിക്കാൻ മിടുക്കിയായതിനാൽ സ്കൂളിലെ സിസ്റ്റർമാർ വീട്ടിലിരുന്ന് പഠിക്കാൻ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന് പലകുറി വീട്ടിലെത്തി പറഞ്ഞു. പക്ഷേ പ്രതീക്ഷയറ്റ രേഷ്മ അതിനൊന്നും ചെവിക്കൊണ്ടില്ല. പത്താം ക്ലാസ് പരീക്ഷയടുക്കുകയും ചെയ്തു. വെറും ഇരുപത്തിയൊമ്പതു ദിവസം മാത്രം.
രേഷ്മയ്ക്ക് സംഗീതവുമായി പുലബന്ധം പോലുമില്ല. പാട്ടു കേൾക്കും എന്നല്ലാതെ. അന്ന് രേഷ്മ യേശുദാസിനെ സ്വപ്നത്തിൽ കണ്ടു. യേശുദാസ് രേഷ്മയോട് സംസാരിക്കുന്നതായി. രേഷ്മയുടെ രോഗത്തെപ്പറ്റിയും അതു ഭേദമാകുന്നതിനെപ്പറ്റിയുമൊക്കെ സാന്ത്വനഭാവത്തോടെ യേശുദാസ് രേഷ്മയോട് സംസാരിക്കുന്നു. ആ സ്വപ്നത്തിനു ശേഷം രേഷ്മയിൽ ശുഭാപ്തിവിശ്വാസത്തിന്റെ കിരണങ്ങൾ പൊട്ടി. രേഷ്മ യേശുദാസിനെ സ്വപ്നത്തിൽ കണ്ട തന്റെ ദൈവമായി കാണുന്നു. പിന്നീട് രേഷ്മയുടെ പ്രാർഥന സ്വകാര്യമായി യേശുദാസിനോടായി. അതുപോലെ മിടുക്കിയായി പഠിച്ച് പത്താംക്ലാസ്സ് പരീക്ഷ എഴുതണമെന്നു പറയുന്നതും സ്വപ്നത്തിൽ കണ്ടു. അടുത്ത പ്രഭാതം മുതൽ രേഷ്മ അദ്ധ്യയനവർഷം ആരംഭത്തിൽ എന്നെന്നേക്കുമായി ഉപേക്ഷിച്ച പുസ്തകങ്ങൾ വീട്ടിലുള്ളവരുടെ സഹായത്തോടെ എടുപ്പിച്ചു. മുഖത്ത് മന്ദസ്മിതം പോലുള്ള ചിരിയോടെ അവൾ പിന്നീടുള്ള ദിവസങ്ങൾ പഠിച്ചു. ഇരുപത്തിയൊമ്പതാം ദിവസം 2016ലെ പത്താം ക്ലാസ്സ് പരീക്ഷ എഴുതി. റിസൾട്ടു വന്നപ്പോൾ രേഷ്മ നല്ല മാർക്കോടെ പത്താം ക്ലാസ്സ് പാസ്സാകുകയും ചെയ്തു.
ആ സ്വപ്നത്തിനു ശേഷം രേഷ്മയിൽ ശുഭാപ്തിവിശ്വാസത്തിന്റെ കിരണങ്ങൾ പൊട്ടി. സ്വപ്നത്തിൽ കണ്ട യേശുദാസിനെ രേഷ്മ തന്റെ ദൈവമായി കാണുന്നു. പിന്നീട് രേഷ്മയുടെ പ്രാർഥന സ്വകാര്യമായി യേശുദാസിനോടായി. യേശുദാസ് എല്ലാത്തിനും മറുപടി നൽകുന്നു. രേഷ്മ അതനുസരിക്കുന്നു. യേശുദാസിന്റെ നിർദ്ദേശങ്ങൾ രേഷ്മ സ്വീകരിക്കുന്നത് സ്വപ്നത്തിലൂടെയാണെന്ന് മാത്രം. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രേഷ്മ മെല്ലെ വീട്ടിനുളളിൽ ചെറുതായി നടന്നു തുടങ്ങി. രേഷ്മയുടെ വിശ്വാസം തന്റെ 'ദൈവ'ത്തിന്റെ അനുഗ്രഹത്താൽ മാത്രമാണ് ഈ മാറ്റം ഉണ്ടായതെന്നാണ്. ദിവസം ചെല്ലുന്തോറും രേഷ്മയ്ക്ക് ദാസ്സേട്ടനുമായി ഒരാത്മബന്ധം ഉണ്ടായി. ആ ബന്ധത്തിൽ രേഷ്മയ്ക്ക് യാതൊരു യാദൃശ്ചികതയോ അസ്വാഭാവികതയോ തോന്നിയില്ല. അത്രയ്ക്കായിരുന്നു രേഷ്മയ്ക്ക് ദാസ്സേട്ടന്റെ വാക്കുകളില്‍ വിശ്വാസം. ദാസ്സേട്ടൻ സ്വപ്നത്തിലെത്തി രേഷ്മയോട് സംസാരിക്കുന്നത് പതിവായി.
സ്വപ്നത്തിലെത്തുന്ന ദാസ്സേട്ടന് രേഷ്മയിൽ ഇത്രയും മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ ദാസ്സേട്ടനെ നേരിട്ടു കണ്ടാൽ അവൾക്ക് നന്നായി നടക്കാൻ കഴിഞ്ഞേക്കുമെന്ന് അച്ഛൻ ഉണ്ണിക്കു തോന്നി. ഈ ആഗ്രഹം തൊടുപുഴയിൽ സ്കൂൾ നടത്തുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ആർ.കെ ദാസ്സുമായി പങ്കുവച്ചു. ദാസ്സ് എന്റെ സുഹൃത്താണ്. എനിക്ക് ദാസ്സേട്ടനുമായി പരിചയമുള്ള കാര്യം അദ്ദേഹത്തിനറിയാം. ഒരു ദിവസം ദാസ് വിളിച്ച് ഇങ്ങനെയൊരാഗ്രഹത്തെ പറ്റി പറഞ്ഞു. ഉണ്ണി എന്നെ കാണാൻ വരുമെന്നും പറഞ്ഞു.
ഇത് ദാസ്സേട്ടന്റെ അമാനുഷിക ശക്തി കൊണ്ടല്ല. സംഗീതത്തിനൊപ്പം ആ സ്വരത്തിലൂടെ ആത്മാവുമായി സംവദിക്കുന്ന സ്നേഹസ്പർശത്തിന്റെ ഫലം തന്നെയാണ് രേഷ്മയിൽ പ്രകടമായത്. ആ സ്നേഹ സാന്ത്വനത്തെ പൂർണ്ണമായും രേഷ്മ വിശ്വസിച്ചു. ആ കുട്ടിയുടെ അചഞ്ചലമായ വിശ്വാസമാണ് അവളെ 29 ദിവസം കൊണ്ട് പത്താം ക്ലാസ്സ് പാസ്സാകാൻ പ്രാപ്തയാക്കിയതും മെല്ലെ നടന്നു തുടങ്ങാൻ ശക്തി നൽകിയതും. അതിൽ സംശയമില്ല. എങ്കിലും പാട്ടും സംഗീതവും പിടിയില്ലാത്ത ആ പതിനാലുകാരിയുടെ മനസ്സിൽ സാന്ത്വനത്തിന്റെ സ്പർശമായി ദാസ്സേട്ടനെങ്ങനെ എത്തി എന്നുള്ളത് ആലോചിക്കുമ്പോഴാണ് മലയാളിയുടെ എല്ലാം മനസ്സിന്റെ അടിത്തട്ടിൽ ദാസ്സേട്ടൻ സംഗീതത്തിലൂടെ പകർന്ന ധാതുഗുണങ്ങൾ അന്തർലീനമായി കിടക്കുന്നത് കാണാൻ കഴിയുന്നത്.
അങ്ങനെ ഉണ്ണി എന്നെ കാണാൻ വീട്ടിൽ വന്നു. ഉണ്ണിയിൽ നിന്നാണ് രേഷ്മയുടെ അനുഭവം പൂർണ്ണരൂപത്തിലറിഞ്ഞത്. ഉണ്ണിയുടെ ആഗ്രഹം കേട്ട മാത്രയിൽ തന്നെ ആ മോൾക്കുവേണ്ടി ഞാൻ ഉറപ്പു നൽകി, മൂന്നു മാസത്തിനകം ദാസ്സേട്ടൻ മോളെ വീട്ടിൽ വന്നു കാണുന്നതായിരിക്കുമെന്ന്. ദാസ്സേട്ടൻ അമേരിക്കയിൽ നിന്ന് വന്നാലുടൻ. അതു കേട്ടപ്പോൾ ഉണ്ണിക്കു വിശ്വസിക്കാനായില്ല. ഞാൻ ആ ഉറപ്പ് ആവർത്തിച്ചു. രേഷ്മയ്ക്ക് ദാസ്സേട്ടനെ നേരിട്ടു കാണാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയിൽ എന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോഴുള്ള ഉണ്ണിയുടെ മുഖം മറക്കാനാകുന്നില്ല. ഉണ്ണിയുടെ മുഖത്തു തെളിഞ്ഞ സന്തോഷം യഥാർഥത്തിൽ ആസ്വദിച്ചത് ഞാനാണ്. ആ ഭാവം എന്നിൽ സൃഷ്ടിച്ച ആനന്ദം എന്റെ ജീവിതാവസാനം വരെ ഹൃദ്യമായ സാന്ത്വന മൂഹൂർത്തമായി എന്നിൽ തങ്ങി നിൽക്കുമെന്നതിൽ സംശയമില്ല. ആ വിലപ്പെട്ട മുഹൂർത്തം എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞതും ഇന്നും അതെന്നെ സുഖകരമായ ഓർമ്മാനുഭവത്തിലേക്കു കൊണ്ടു പോകുന്നതും എന്റെ ഒരു പ്രയത്നവും കൊണ്ടല്ല. അതു ദാസ്സേട്ടനിലൂടെ എനിക്കു കിട്ടിയ വിലപ്പെട്ട സമ്മാനമാണ്.
ഉണ്ണി യാത്ര പറഞ്ഞിറങ്ങിയതിനു ശേഷം ഞാൻ ആലോചിച്ചു. എന്തൊരു ഉറപ്പോടെയാണ് ഞാൻ ദാസ്സേട്ടനെ രേഷ്മയുടെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞത്. അതും ദാസ്സേട്ടനോട് ചോദിക്കുക പോലും ചെയ്യാതെ. ഒരു നിമിഷം പോലും ഞാൻ ദാസ്സേട്ടനിൽ അമിത സ്വാതന്ത്ര്യമെടുത്തതായും തോന്നിയില്ല. കാരണം എനിക്കുറപ്പാണ്, ഇക്കാര്യം ഞാൻ പറയുമ്പോൾ 'അയ്യോ, അതിനെന്താ ദാമൂ, നമുക്കിപ്പോത്തന്നെ പോകാമല്ലോ' എന്നു ദാസ്സേട്ടൻ പറഞ്ഞിരിക്കും. അതുകൊണ്ടു തന്നെയാണ് എനിക്ക് ആ വാക്കുകൊടുക്കാൻ ഒട്ടും ആലോചിക്കേണ്ടി വരാതിരുന്നത്. അതൊരിക്കലും തന്നെ ധ്യാനിച്ച് രോഗശാന്തി വന്ന കുട്ടിയുടെ മുന്നിലെത്തി അമാനുഷികത്വം സ്ഥാപിക്കാനോ അതിന്റെ സുഖമനുഭവിക്കാനോ ആവില്ല. ആ കുഞ്ഞിന് കൂടുതൽ സാന്ത്വനം തന്നിലൂടെ ലഭിക്കുമെങ്കിൽ അത്രയ്ക്കായിക്കൊള്ളട്ടെ എന്ന വികാരത്താൽ മാത്രമായിരിക്കും. രേഷ്മയുടെ മനസ്സിന്റെ അടിത്തട്ടിൽ, ഓരോ മലയാളിയുടെയും മനസ്സിന്റെ അടിത്തട്ടിൽ പതിഞ്ഞുകിടക്കുന്ന സംഗീതത്തിനു മോമ്പൊടിയല്ല, അകമ്പടിയായുള്ള ആ സ്നേഹസ്പർശമാണ് എന്നെക്കൊണ്ട് അങ്ങനെ പറയിക്കാൻ അധികാരം നൽകിയത്.