വി.എസ്സ് ത്വരിതപ്പെടുത്തുന്നത് സി.പി.ഐ.എമ്മിന്റെ പ്രാദേശികത്വ പരിണാമം

Glint Staff
Tuesday, January 28, 2014 - 4:37pm

vs achuthanandan

 

സി.പി.ഐ.എമ്മിന് ഇനി ആർക്കെങ്കിലുമെതിരെ അച്ചടക്ക നടപടി സാധ്യമാവുമോ. ഇല്ല എന്നേ ഉത്തരമാകാൻ കഴിയൂ. കാരണം വി.എസ് അച്യുതാനന്ദൻ ഇതുവരെ നടത്തിവന്ന രീതിയിലുള്ള പാർട്ടി അച്ചടക്ക ലംഘനങ്ങൾ  നടത്താൻ കെൽപ്പുള്ളവർ ഇന്നത്തെ അവസ്ഥയിൽ പാർട്ടിയിലില്ല. ഇന്ത്യയിൽ ഏറ്റവും വലിയ അച്ചടക്ക പാലനമുള്ള കേഡർ പാർട്ടിയായ സി.പി.ഐ.എം അതിന്റെ  ദൗർബല്യത്തിന്റെ ദയനീയ മുഖം പ്രകടമാക്കിയിട്ട് നാളേറെയായി. കേന്ദ്രകമ്മറ്റിയംഗമായ വി.എസ്സിന്റെ പരസ്യപ്രസ്താവനയെ അനുചിതമെന്നും അത് പാർട്ടി അംഗീകരിക്കുന്നില്ലെന്നും ഇത്തരം നടപടികൾ ആവർത്തിക്കരുതുമെന്ന് തിങ്കളാഴ്ച കഴിഞ്ഞ പാർട്ടി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്രകമ്മറ്റി അംഗമായ വി.എസ്സിനെതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന്‍ പാർട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാനത്ത് ചർച്ച ചെയ്യാമെന്നും പ്രമേയം പാസ്സാക്കാമെന്നും കേന്ദ്രനേതൃത്വം അറിയിച്ചു. ഇത് പാർട്ടിഘടനയിലെ മാറ്റത്തിന്റെ പുതിയ കീഴ്വഴക്കമാണ്. ഇതുവരെ  വി.എസ് പരസ്യപ്രസ്താവനകൾ നടത്തുകയും പാർട്ടിയുടെ ഔദ്യോഗിക ഘടകത്തെ വെട്ടിലാക്കുകയുമൊക്കെ ചെയ്തപ്പോൾ അതിലെല്ലാം കേന്ദ്ര നേതൃത്വമാണ് അവസാനം അദ്ദേഹത്തെ താക്കീതു ചെയ്യുകയും ശാസിക്കുകയുമൊക്കെ ചെയ്തത്. ഇപ്പോൾ പാർട്ടിയുടെ സംഘടനാ രീതിക്ക് മാറ്റം വരുത്താനും  വി.എസ് കാരണമായിരിക്കുന്നു.

 

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിധവ കെ.കെ രമ ആവശ്യപ്പെടുന്നതുപോലെ സി.ബി.ഐ അന്വേഷണം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടും കണ്ണൂരിൽ ഒ.കെ വാസു മാസ്റ്ററുടേയും എ. അശോകന്റേയും നേതൃത്വത്തിൽ രണ്ടായിരം വരുന്ന ബി.ജെ.പി പ്രവർത്തകർ രാജിവച്ച് സി.പി.ഐ.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതിനെ പാർട്ടി സ്വാഗതം ചെയ്തതിനെതിരെയുമാണ് വി.എസ് പ്രസ്താവന നടത്തിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം നടത്തുമെന്നുള്ള പ്രഖ്യാപനത്തെ സി.പി.ഐ.എം  രമയുടെ ഭീഷണിയെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ആ ഭീഷണിയ്ക്ക് പിന്നിലുള്ളത് സി.പി.ഐ.എം വിരുദ്ധരെയാകെ പാർട്ടിക്കെതിരെ അണിനിരത്തുകയാണെന്നും വി.എസ്സിനെ വിലക്കിക്കൊണ്ടുള്ള പ്രമേയത്തിൽ സംസ്ഥാനകമ്മറ്റി വിലയിരുത്തി. തങ്ങളാഗ്രഹിക്കുന്ന വിധത്തിൽ പ്രതികളാക്കപ്പെട്ടവർ ശിക്ഷിക്കപ്പെടുന്നില്ലാ എങ്കിൽ ശിക്ഷിപ്പിക്കപ്പെടും വരെ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നാണ് കോൺഗ്രസ്സ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനെ പോലെയുള്ളവർ പറയുന്നത്. ഇതു തന്നെയാണ് രമയും പറയുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയായ ഈ കേസ്സിൽ പുനരന്വേഷണം തീരുമാനിക്കാനോ സി.ബി.ഐ അന്വേഷണം നടത്താനോ സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനകമ്മറ്റി പ്രസ്താവനയിൽ പറയുന്നു.

 

vs with kk remaടി.പി ചന്ദ്രശേഖരനെ കൊല ചെയ്തവർ അദ്ദേഹവുമായി പരിചയമോ ബന്ധമോ ഉള്ള ആൾക്കാരല്ല. ഗൂഢാലോചനക്കാരാണ് കൊല ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞിരിക്കുന്നു. ഗൂഢാലോചനയിൽ സി.പി.ഐ.എമ്മിലെ  മൂന്ന് പ്രാദേശിക നേതാക്കളാണ് ഉൾപ്പെട്ടിട്ടുള്ളത്. അന്വേഷണഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയ മുല്ലപ്പള്ളി രാമചന്ദ്രനും രമയുമൊക്കെ പറഞ്ഞത് ഗൂഡാലോചനയിൽ സി.പി.ഐ.എമ്മിലെ ഉന്നത നേതൃത്വം പങ്കാളിയാണെന്നും അന്വേഷണം അവിടേക്കു നീങ്ങാതിരിക്കാൻ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർ സി.പി.ഐ.എം നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നുമാണ്. വി.എസ്സും പറയുന്നത് അതു തന്നെ. ഇപ്പോൾ അദ്ദേഹം ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണമെന്ന് ശക്തമായി ആവശ്യപ്പെടുകയും അതിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തത്. ഇതിലും വലുതായ അച്ചടക്കരാഹിത്യം ഒരു സംഘടനയിലും ഉണ്ടാകാനിടയില്ല.

 

ഇതുവരെ തുടർന്നുവന്ന സംഘടനാരീതി കേന്ദ്രകമ്മിറ്റിയംഗമായ വി.എസ്സിനെ സംബന്ധിച്ച എന്തു പ്രഖ്യാപനങ്ങളുണ്ടെങ്കിലും അത് കേന്ദ്ര നേതൃത്വം നടത്തുക എന്നതാണ്. സാങ്കേതികമായി കേന്ദ്രകമ്മറ്റിക്ക് കീഴ്‌പ്പെട്ടാണ് പൊളിറ്റ്ബ്യൂറോയുടേയും പ്രവർത്തനം. അവിടെയാണ് കേന്ദ്രകമ്മറ്റിയംഗമായ വി.എസ്സിനെതിരെയുള്ള പ്രമേയം സംസ്ഥാനകമ്മറ്റി പാസ്സാക്കി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിനെ കേന്ദ്രനേതൃത്വം ശരിവച്ചതോടുകൂടി  പുതിയ കീഴ്വഴക്കവും. ദേശീയ തലത്തിൽ ഇപ്പോൾ തന്നെ കുറവായി കഴിഞ്ഞിരിക്കുന്ന സി.പി.ഐ.എമ്മിന്റെ സാന്നിദ്ധ്യം 2014-ലെ പൊതുതിരഞ്ഞെടുപ്പു കഴിയുമ്പോൾ നിലവിലെ സാഹചര്യത്തിൽ വർധിക്കാൻ സാധ്യതയില്ലെന്നു മാത്രമല്ല, നന്നേ കുറയാനുമാണ് ഇട. ഈ സാഹചര്യത്തിൽ സംസ്ഥാനകമ്മറ്റിയുടെ വി.എസ്സിനെതിരെയുള്ള  പ്രഖ്യാപനം സി.പി.ഐ.എം പ്രാദേശിക പാർട്ടികളുടെ സ്വഭാവ സവിശേഷതയിലേക്ക് വഴുതിവീഴുന്നതിനെ സൂചിപ്പിക്കുന്നു.  പ്രാദേശിക യാഥാർഥ്യങ്ങളുടെ മുന്നിലുള്ള പകച്ചിലാണ് സംഘടനാരീതി അവലംബിക്കുന്നതനുസരിച്ച് കൊടിയ അച്ചടക്കരാഹിത്യത്തിൽ വി.എസ്സ് ഏർപ്പെട്ടിട്ടും അദ്ദേഹത്തിനെതിരെ പാർട്ടിക്ക് നടപടിയെടുക്കാൻ കഴിയാതെ പോയത്.

 

സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്ക് വഹിച്ച വി.എസ്സ് തന്നെയാണ് പാർട്ടിയെ പ്രാദേശിക പാർട്ടിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാർട്ടി സംഘടനാ രീതിയനുസരിച്ച് സ്ഥാനാർഥി നിർണ്ണയം നടത്തിയെങ്കിലും പ്രാദേശിക സമ്മർദ്ദമുപയോഗിച്ചാണ് ആ തീരുമാനത്തെ മാറ്റി വി.എസ്സിന് സ്ഥാനാർഥിത്വം ഉറപ്പാക്കിയത്. അതിനു മുന്നേ നടന്ന അച്ചടക്കരാഹിത്യ പ്രസ്താവനകളും ഒറ്റയാൻ നടപടികളുമായി പാർട്ടിയിൽ അതിജീവിക്കാം എന്ന  ബോധമാണ് വി.എസ്സിന് അതിന് ആത്മവീര്യം നൽകിയത്. മറ്റ് വ്യവസ്ഥാപിത  പാർട്ടികൾക്കിടയിൽ ആം ആദ്മി പാർട്ടി സ്വീകരിച്ച അതേ വഴിയാണ് പത്തുവർഷം മുന്‍പ് മുതല്‍ വി.എസ്സ് സി.പി.ഐ.എമ്മിനകത്ത്  സ്വീകരിച്ചു വരുന്നത്. അത് സി.പി.ഐ.എമ്മിനെ അനുനിമിഷം ദുർബലമാക്കി. അഴിമതിയെ ഉയർത്തി പിടിച്ചായിരുന്നു വി.എസ്സ് തന്റെ ഒറ്റയാൻ പോരാട്ടം പാർട്ടിക്കുള്ളിലും പുറത്തും നടത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എവിടേയും അഴിമതി വർധിച്ച ചിത്രമാണ് ഇന്നു മുന്നിലുള്ളത്. അതു മാത്രമല്ല, പത്തു വർഷം മുൻപ് അഴിമതിയോടുള്ള ജാള്യത പൊതുസമൂഹത്തിൽ ഗണ്യമായി  കുറയുകയോ ഇല്ലാതാവുകയോ ചെയ്യുകയുമുണ്ടായി. അതിന്റെ ഉദാഹരണമാണ് സരിതയും സോളാർ കേസ്സും അതിനു ശേഷവും കേരളത്തിലെ മന്ത്രിസഭയും മന്ത്രിമാരുമെല്ലാം അതിനെ അതിജീവിച്ച് വർധിതവീര്യത്തോടെ ഭരണത്തിൽ തുടരുന്നതും. ഏതു രാഷ്ട്രീയ പാർട്ടിയിലുണ്ടാവുന്ന അച്ചടക്ക രാഹിത്യവും ജീർണ്ണതയും പൊതു സമൂഹത്തെ ബാധിക്കും. കേരളത്തിൽ സി.പി.ഐ.എമ്മിന്റെ കാര്യത്തിൽ വിശേഷിച്ചും. കാരണം പൊതുസമൂഹ സ്വഭാവരൂപീകരണത്തിൽ ആ പാർട്ടിക്കുള്ള പ്രസക്തിയും സ്വാധീനവും അത്രയ്ക്ക് നിർണ്ണായകമായിരുന്നു. കേരളത്തിൽ കോൺഗ്രസ് പ്രവർത്തകരിൽ പോലും കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവമാണെന്ന് അന്യസംസ്ഥാനക്കാർ  പകുതിതമാശ്ശയായി  പറയുന്നതിൽ പോലും ചില യാഥാർഥ്യങ്ങളുണ്ട്.

Tags: