Skip to main content

present teaching methodsആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആകെ ധര്‍മ്മസങ്കടത്തില്‍. അവര്‍ക്ക് തങ്ങളുടെ കുട്ടിയെ പഠനത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ തീരെ താല്‍പ്പര്യമില്ല. കുട്ടിക്ക് ഇഷ്ടമുള്ള വഴിക്ക് പ്രോത്സാഹനം നല്‍കി വിടാനാണ് അവര്‍ക്ക് താല്‍പ്പര്യം. പഠിക്കാന്‍ സമര്‍ഥയാണ്. പക്ഷേ ആ സാമര്‍ഥ്യം വളരെ ആപേക്ഷികമായി നീങ്ങുന്നു എന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നം. അവളുടെ താല്‍പ്പര്യം ഏതാണെന്ന് മനസ്സിലാക്കുന്നതിനുപരി, ചില വിഷയങ്ങളില്‍ തീരെ മാര്‍ക്കു കുറഞ്ഞ് തോല്‍വി പോലും സംഭവിക്കുന്നു. മുന്‍പ് മുഴുവന്‍ മാര്‍ക്ക് കിട്ടിയിരുന്ന വിഷയങ്ങളിലാണ് പൂജ്യത്തിന് അല്‍പ്പം മുകളില്‍ മാത്രം നില്‍ക്കുന്ന മാര്‍ക്ക് ലഭിക്കുന്നത്. വിഷയത്തില്‍ തോല്‍ക്കുന്നതോ മാര്‍ക്കു കുറയുന്നതോ അവരെ അലട്ടുന്നില്ല. ബോധപൂര്‍വ്വം അവള്‍ ആ വിഷയങ്ങളില്‍ മാര്‍ക്കു കുറച്ചു വാങ്ങുന്നതു പോലെ തോന്നുന്നു. അതേ സമയം ചില വിഷയങ്ങളില്‍ പഴയതുപോലെ മികവും പുലര്‍ത്തുന്നു. ഓപ്പണ്‍ ഹൗസിനു ചെല്ലുമ്പോള്‍ ചില ടീച്ചര്‍മാര്‍ വളരെ നല്ല അഭിപ്രായം പ്രകടിക്കുമ്പോള്‍ മററ് ചില ടീച്ചര്‍മാര്‍ക്ക് ഈ കുട്ടിയെക്കുറിച്ച് പരാതി മാത്രമേ ഉണ്ടാവുകയുള്ളു. രക്ഷകര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ ഈ ടീച്ചര്‍മാര്‍ ഓരോ തവണയും ഓര്‍മ്മിപ്പിക്കും. അതനുസരിച്ച് ഈ വിഷയങ്ങളില്‍ കൂടുതല്‍ ഈ കുട്ടി പിന്നിലേക്കു പോകുന്നു. ഒടുവില്‍ അവര്‍ ഇതിന്റെ കാരണം കണ്ടെത്തി. ഈ കുട്ടിക്ക് ഇഷ്ടപ്പെട്ട ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന വിഷയം നന്നായി പഠിക്കും. ഇഷ്ടമല്ലാത്തവര്‍ പഠിപ്പിക്കുന്ന വിഷയത്തോടു തന്നെ ഈ കുട്ടിക്ക് വെറുപ്പ്. ആ വെറുപ്പ് പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗം കൂടിയായാണ് അവള്‍ പരീക്ഷകളെ കാണുന്നതു പോലും. ഈ യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ മാതാപിതാക്കള്‍ നിസ്സാഹായരായി . കാരണം ഈ കുട്ടിയുടെ താല്‍പ്പര്യപ്രകാരം ടീച്ചര്‍മാരെ മാറ്റണമെന്നു വെച്ചാല്‍ അതു നടക്കുന്ന കാര്യമല്ല. ഡിവിഷന്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടും കാര്യമില്ല. കാരണം ആ ക്ലാസ്സുകളിലും ഈ ടീച്ചര്‍മാര്‍ തന്നെ ക്ലാസ്സെടുക്കാനുണ്ട്. വേറെ സ്‌കൂളിലേക്ക് മാറ്റാമെന്ന് വിചാരിച്ചാലും അവിടെയും ഈ പ്രതിഭാസം ആവര്‍ത്തിക്കപ്പെടും.

                  മകള്‍ക്കിഷ്ടമില്ലാത്ത ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പഠിപ്പിക്കാനുള്ള പദ്ധതി മാതാപിതാക്കള്‍ ഉപേക്ഷിച്ചു. കാരണം അത് കൂടുതല്‍ ദോഷം ഉണ്ടാക്കുകയേ ഉള്ളുവെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ ഒടുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്വകാര്യമായി കണ്ട് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ആരാഞ്ഞു. പ്രിന്‍സിപ്പല്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും ദൈനംദിനം കൈകാര്യം ചെയ്യുന്നുണ്ട്. അതുപോലെ ഇവര്‍ ഉന്നയിച്ച പ്രശ്‌നവും സശ്രദ്ധം കേട്ടു. അതിനു ശേഷം അവര്‍ പറഞ്ഞു ബന്ധപ്പെട്ട ടീച്ചര്‍മാരോട് സംസാരിക്കാമെന്ന്.തങ്ങള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കണ്ട വിവരമൊന്നും മകളെ അവര്‍ അറിയിച്ചില്ല.അവര്‍ ദിവസവും മകളോട് ഈ ടീച്ചര്‍മാര്‍ എടുക്കുന്ന വിഷയത്തേക്കുറിച്ചും അവരെടുക്കുന്ന ക്ലാസ്സിനേക്കുറിച്ചുമൊക്കെ ചോദിക്കും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മകള്‍ക്ക് അവരോടുള്ള ദേഷ്യം കൂടി വരുന്നതായി തോന്നി. അതനുസരിച്ച് ആ വിഷയം തീരെ വീട്ടില്‍ വന്ന് പഠിക്കാതെയുമായി. വീണ്ടും കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ ഡയറിയില്‍ എഴുതി വിട്ടു മാതാപിതാക്കള്‍ ഉടന്‍ തന്നെ വന്നു കാണണമെന്ന്. അങ്ങനെ ചെന്നു കണ്ടു. മകള്‍ ഹോംവര്‍ക്കു കൊടുത്താല്‍ ചെയ്യില്ല. ക്ലാസ്സില്‍ മറ്റുകുട്ടികളെപ്പോലും പഠിക്കാന്‍ അനുവദിക്കാത്തവണ്ണം മുഴുവന്‍ സമയവും സംസാരിക്കുന്നു. പറഞ്ഞാല്‍ അനുസരണയില്ല. എന്നൊക്കെയുള്ള കുറ്റപത്രം അവര്‍ അവതരിപ്പിച്ചു. അതോടൊപ്പം അവര്‍ ഒന്നുകൂടി പറഞ്ഞു, പ്രിന്‍സിപ്പല്‍ തങ്ങളോട് ആ കൂട്ടിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞതിനു ശേഷം തങ്ങളാല്‍ കഴിയാവുന്ന വിധം സ്‌നേഹത്തോടെ പെരുമാറാറുണ്ടെന്നും അറിയിച്ചു. കുട്ടി പഠിക്കാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടല്ല എന്ന് ഔപചാരികമായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ആ ടീച്ചറുടെ ഭാഗത്തുനിന്നുണ്ടായത്. വെളുക്കാന്‍ തേച്ചായത് പാണ്ടായി എന്ന പ്രയോഗത്തിന്റെ അര്‍ഥം മാതാപിതാക്കള്‍ക്ക് ശരിക്കും ബോധ്യമായി. എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി.

             ഉന്നതവിദ്യാഭ്യാസമുള്ള ടീച്ചര്‍മാരാണ്  ഈ സി ബി എസ് ഇ സ്‌കൂളിലെ അധ്യാപകര്‍.വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അവര്‍ക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ നയിക്കാന്‍ പറ്റുന്നില്ല. കുട്ടിക്ക് തങ്ങളെ ഇഷ്ടമല്ല എന്നുള്ളത് അങ്ങേയറ്റം വൈയ്യക്തികമായാണ് ടീച്ചര്‍മാര്‍ എടുത്തത്. എന്തുകൊണ്ടാണ് ആ കുട്ടി തങ്ങളോട് ഇഷ്ടക്കേട് കാണിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ മുതിര്‍ന്നില്ല. മറിച്ച് പരോക്ഷമായ വൈരനിര്യാതനബുദ്ധിയോടെ ഈ ടീച്ചര്‍മാര്‍ ആ കുട്ടിയോട് പെരുമാറി. ഒരു പക്ഷേ തുടക്കത്തില്‍ ഈ കുട്ടിയുടെ മുഖത്തുനോക്കി ക്ലാസ്സെടുക്കാതിരുന്നതുകൊണ്ടോ , അതുമല്ലെങ്കില്‍ ചില വഴക്കുപറച്ചിലുകൊണ്ടോ മറ്റോ ആകണം ഈ ടീച്ചര്‍മാരോട് ഈ കുട്ടിക്ക് തുടക്കത്തില്‍ ഇഷ്ടക്കേട് തുടങ്ങിയത്. വാശിക്കാരിയായ ഈ കുട്ടി ക്ഷിപ്രവികാരങ്ങളുടെ അടിമയാണ്. മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട ശേഷം ടീച്ചര്‍മാരുടെ  പെരുമാറ്റം കൂടുതല്‍ ആ കുട്ടിക്ക് അരോചകമായെന്നാണ് മാതാപിതാക്കളുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കാരണം യാന്ത്രികമായി ആ കുട്ടിയോട് ക്ലാസ്സില്‍ സംസാരിക്കുകയും പരിഭവത്തിന്റെ സ്വരത്തില്‍ ടീച്ചര്‍മാര്‍ സംസാരിക്കുകയും ചെയ്തു. ചെറിയ തോതില്‍ വിഷാദമനുഭവിക്കുന്ന കുട്ടിയാണിത്. കാരണം പുള്ളിക്കാരത്തിക്ക് എപ്പോഴും സന്തോഷം വേണം. അതുപോലെ പരിഗണനയും. സന്തോഷത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വീട്ടിലെ സ്വഭാവവും അതുതന്നെ. കാര്യങ്ങള്‍ മനസ്സിലാക്കുന്ന കാര്യത്തില്‍ അതിബുദ്ധിമതിയായ ഈ കുട്ടി ചില നിര്‍ബന്ധങ്ങളെടുത്താല്‍ പിന്നെ അതു നടത്തിയെടുക്കാതെ പിന്മാറുന്ന പ്രശ്‌നമില്ല.ആരെ ആദ്യം കണ്ടാലും ഈ കുട്ടി അബോധപൂര്‍വ്വമായി തിരയുന്നത് ആ വ്യക്തിക്ക് തന്നെട് സ്‌നേഹമുണ്ടോ എന്നാണ്. തന്നെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കാന്‍ ആ കുട്ടി തയ്യാറല്ല. അത് അവരോടുള്ള പ്രത്യേക മമതകൊണ്ടല്ല. അവര്‍ക്ക് വിഷമം വന്നാല്‍ അവര്‍ക്ക് തന്നോടുള്ള പരിഗണന ഇല്ലാതാകുമോ എന്ന ആശങ്ക നയിക്കുന്നു. സ്‌നേഹമാണെങ്കില്‍ ഒടുക്കത്തെ സ്‌നേഹം. ദേഷ്യമാണെങ്കിലും അങ്ങിനെ തന്നെ. ക്ലാസ്സിലെ മറ്റ് കുട്ടികളുടെ മുന്നില്‍ തോല്‍ക്കുന്നതോ അവരേക്കാള്‍ മാര്‍ക്കു കുറുയന്നതോ ഒന്നും ഈ കുട്ടിയെ തെല്ലും ബാധിക്കുന്നില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വിഷമമുണ്ടാക്കാതെ അവരെ കൂടുതല്‍ സന്തോഷിപ്പിക്കുക. തന്നെ ഇഷ്ടമല്ലാത്തവരെ കൂടുതല്‍ വെറുപ്പിക്കുക . അതാണ് മനിമം പോളിസി. ഇങ്ങനെയുള്ള കുട്ടികളോട് അത്യാവശ്യം മനസ്സില്‍ ആത്മാര്‍ഥതയോടെ സ്‌നേഹിക്കുകയാണെങ്കില്‍ മെരുക്കിയെടുക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മനസ്സില്‍ ഈ കുട്ടിക്ക് തങ്ങളെ ഇഷ്മല്ല എന്നുള്ള തോന്നല്‍ ടീച്ചര്‍മാരെ നയിക്കുകയാണെങ്കില്‍ ആ കുട്ടിയുടെ മാനസികാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലേക്ക് ആ ടീച്ചര്‍മാരും പതിക്കുന്നു. അതാണിവിടെ കണ്ടത്. കുട്ടിയുടെ മാനസികാവസ്ഥ സ്വാഭാവികമാണ്. കാരണം കുട്ടിയായതിനാല്‍. എന്നാല്‍ കളിമണ്ണ് പാകത്തിലുള്ള ആ കുട്ടിയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ചുമതലപ്പെട്ട അധ്യാപകര്‍ക്ക് ആ മാനസികാവസ്ഥ വന്നാല്‍ ഉണ്ടാകുന്ന ദുരന്തം വ്യക്തിപരം എന്നതിനേക്കാള്‍ സാമൂഹ്യപ്രശ്‌നവുമാണ്. കാരണം ചെറുതിലേ ഇത്തരം വൈകാരികതയുള്ള കുട്ടികളെ സ്‌നേഹപൂര്‍വ്വം അവരിലെ വൈകാരികതയില്‍ സമര്‍ഥമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അവര്‍ വലുതാകുമ്പോള്‍ അവരുടെ വ്യക്തിജീവതത്തെ ബാധിക്കുമെന്നതിനുപരി അവര്‍ ഇടപെടുന്ന രംഗത്തും ഇത് ബാധിക്കും. ഇത്തരക്കാര്‍ പിന്നീട് പഠനം മെച്ചപ്പെടുത്തും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും അവര്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും. ചിലപ്പോള്‍ വളരെ നിര്‍ണ്ണായക പദവികളില്‍ പോലും എത്തിപ്പെടാനിടയുണ്ട്. കാരണം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് നേടിയെടുക്കുക എന്നത് അവരുടെ സന്തോഷവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്തു സഹിച്ചും അവര്‍ അതിനായി അതു നേടിയെടുക്കും. അക്കാര്യത്തില്‍ മാത്രം സന്ധി ചെയ്യുന്ന പ്രശ്‌നമില്ല.

           ഈ വൈകാരികതയെ വളരെ സ്‌നേഹപൂര്‍ണ്ണവും അതേ സമയം സമര്‍ഥവുമായ വീട്ടിലെ പെരുമാറ്റങ്ങള്‍ കൊണ്ടും ഗണ്യമായ മാറ്റം വരുത്താന്‍ കഴിയും. അത് മാതാപിതാക്കള്‍ വിചാരിച്ചാല്‍ മാത്രമേ കഴിയുകയുള്ളു. ഈ കുട്ടി സമര്‍ഥയാണ്. വളരെ പെട്ടന്ന് കാര്യങ്ങള്‍ ഗ്രഹിക്കുകയും ബോധ്യം വരുന്ന കാര്യങ്ങളില്‍ തെല്ലും അറച്ചു നില്‍ക്കാതെ വരുംവരായ്കളെ നോക്കാതെ പെരുമാറുകയും ചെയ്യുന്ന ആളാണ്. അതിനാല്‍ വീട്ടിലെ സംഭാഷണങ്ങളില്‍ ഈ കുട്ടിയേയും പങ്കെടുപ്പിക്കുകയും തങ്ങള്‍ക്കുണ്ടാവുന്ന അബദ്ധങ്ങള്‍ തുറന്ന് പരസ്പരം സമ്മതിച്ച് അതില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമൊക്കെയുള്ള മാറ്റം മാതാപിതാക്കളില്‍ ഉണ്ടാകണം. അതുപോലെ അവര്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തി സംഭാഷണമുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്തിരിഞ്ഞ് തമാശയുമൊക്കെയായി വളരെ ആസ്വാദ്യകരമായ അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ക്ക് ശ്രമിക്കാവുന്നതാണ്. വലിയ തോതില്‍ കുറ്റബോധം തോന്നാവുന്ന സന്ദര്‍ഭങ്ങളെ വളരെ രസകരമായി വിലയിരുത്തി അതില്‍ നിന്നു പഠിച്ച പാഠത്തെ ഉയര്‍ത്തിക്കാട്ടി ആഘോഷപൂര്‍വ്വം അല്‍പ്പം നര്‍മാ്മത്തോടെ അവയെ അയവിറക്കുന്നതൊക്കെ വളരെ പെട്ടന്ന് ഈ കുട്ടിയിലേക്കും പകര്‍ന്നു കയറും. ബുദ്ധിശാലിയായ കുട്ടിയായതിനാല്‍ കുറേ കഴിയുമ്പോള്‍ അവള്‍ അവളുടെ അച്ഛനമ്മമാരേപ്പോലെ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുകയും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സന്തോഷവതിയായി മുന്നേറുകയും ചെയ്യുന്ന കാഴ്ച ഈ മാതാപിതാക്കള്‍ക്ക് കണ്ട് രസിക്കാവുന്നതാണ്. കാരണം ഊര്‍ജസ്വലയാണ് ഈ കുട്ടി. ആ ഊര്‍ജ്ജത്തെ സര്‍ഗ്ഗാത്മകമാക്കിയില്ലെങ്കില്‍ അത് അതീവ വിനാശകരമാകും. കാരണം ഊര്‍ജ്ജത്തിന് പുറത്തേക്ക് പ്രവഹിക്കുകയേ നിവൃത്തിയുള്ളു. ഈ കുട്ടിയുടെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുംവിധം പ്രവര്‍ത്തിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും മാതാപിതാക്കള്‍ക്കാണ്. കാരണം സ്‌കൂളില്‍ നിന്ന് തല്‍ക്കാലം അവള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായി. ഇഷ്ടമുള്ള ടീച്ചര്‍മാരുമായുള്ള പ്രിയവും അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങളിലുള്ള അവളുടെ മികവും സ്‌കൂളില്‍ ഒരേ സമയം അവളുടെ സ്വീകാര്യതയേയും വര്‍ധിപ്പിക്കുന്നുണ്ട്. തല്‍ക്കാലം തങ്ങളാല്‍ കഴിയുന്ന വിധം സ്വയം മാറിക്കൊണ്ട് വീട്ടില്‍  നല്ല അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചാല്‍ ഏതാണ് അവള്‍ക്കിഷ്ടപ്പെട്ട വിഷയം അല്ലെങ്കില്‍ മേഖല എന്നുള്ളത് ആരുടേയും സഹായമില്ലാതെ അവള്‍ യഥാസമയത്ത് കണ്ടെത്തിക്കൊള്ളും. പൊതു ഒഴുക്കിനനുസരിച്ച് നീന്തുന്ന ഊര്‍ജ്ജമല്ല അവളുടേത്. അവളുടെ ശക്തിയായി മാറേണ്ടുന്ന ഘടകങ്ങളാണ് ഇപ്പോള്‍ ദൗര്‍ബല്യമായി പ്രകടമാകുന്നത്. അതങ്ങനെയാണ് വേണ്ടതും. അവിടം മനസ്സിലാക്കി അതിനെ ശക്തിയാക്കി പരിവര്‍ത്തനം ചെയ്യുക എന്നുള്ളതാണ് അധ്യാപകരുടെ മുഖ്യ പ്രവൃത്തിയായി മാറേണ്ടത്. അതിന് വെറും വിദ്യാഭ്യാസ യോഗ്യത മാത്രം പോരാതെ വരുന്നു എന്നുളളത് ഒന്നുകൂടി വ്യക്തമാകുന്നു.