സുധീരനും ഗുഡ് ഡാഡിയും

Glint Guru
Sat, 01-11-2014 12:50:00 PM ;

 

പ്രസിദ്ധമായ സി.ബി.എസ്.സി സ്കൂളിൽ പഠിക്കുന്ന മൂന്നാംക്ലാസ്സുകാരിയുടെ അമ്മ  ഒരു ധർമ്മസങ്കടത്തിൽ പെട്ടു. അപ്രതീക്ഷിതമായുണ്ടായ മകളുടെ ചോദ്യത്തിന് മുന്നിലാണ് ഈ അമ്മ നിശബ്ദയായിപ്പോയത്. ഈസ് മൈ ഡാഡ് എ ബാഡ് പേഴ്‌സൺ. ഇതായിരുന്നു ചോദ്യം. അതു ചോദിക്കാനുണ്ടായ പശ്ചാത്തലവും സാമൂഹ്യ അന്തരീക്ഷവുമാണ് ഈ അമ്മയെ കുഴക്കിയത്. കേരളത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയില്ലെങ്കിലും ബാറുകൾ പൂട്ടാനുള്ള തീരുമാനത്തെ മദ്യനിരോധനമായി ചിത്രീകരിക്കപ്പെടുന്ന വിധമാണ് പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ബാർ പൂട്ടലുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്റെ നേതൃത്വത്തിൽ അഴിച്ചുവിട്ട പ്രചാരണം മദ്യ ഉപയോഗത്തിന്റെ ദോഷങ്ങളെ ചിത്രീകരിക്കുന്നതും മദ്യപരെ മോശക്കാരാക്കുന്നതുമായിരുന്നു. അത് സുധീരന് സ്ത്രീജനങ്ങളുടെ ആരാധനയും നേടിക്കൊടുക്കുകയുണ്ടായി. ഈ അമ്മയും ഇവ്വിധത്തിൽ സുധീരന്റെ ആരാധികമാരിൽ ഒരാളാണ്. മദ്യപിക്കുന്നവർ മഹാ മോശക്കാരാണെന്നുള്ള പ്രചാരണം പലരീതികളിൽ സ്കൂളിലും നടക്കുകയുണ്ടായി. മുന്നില്‍ വനിരിക്കുന്ന അവസരം ഉപയോഗിച്ച് വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാനായാണ് സ്കൂൾ അധികൃതർ അത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചത്. ടെലിവിഷൻ ചർച്ചകളും സ്കൂളിൽ നിന്ന് മനസ്സിൽ നിക്ഷിപ്തമായ ബോധവും ഈ മൂന്നാംക്ലാസ്സുകാരിയിൽ മദ്യപരെക്കുറിച്ച് മഹാമോശം അഭിപ്രായം രൂപപ്പെടുത്തി. എന്നാൽ, എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഈ കുട്ടി കാണുന്നത് തന്റെ സ്നേഹനിധിയായ പിതാവ് മദ്യപിക്കുന്ന ചിത്രമാണ്. തദ്ഫലമായി തന്റെ അച്ഛൻ ചീത്തയാണെന്ന് ഈ കുട്ടി വിശ്വസിക്കാൻ നിർബന്ധിതയാകുന്നു.

 

മദ്യപിക്കുന്നവർ നല്ലവരാണെന്ന് കുട്ടി മനസ്സിലാക്കാൻ പാടില്ല. അതേസമയം തന്റെ ഭർത്താവും മകളുടെ അച്ഛനും ചീത്തയാണെന്ന് എങ്ങിനെ കുട്ടിയോട് പറയും. എങ്ങനെ പറയാതിരിക്കും. അവളുടെ ആവർത്തിച്ചുള്ള ചോദ്യവും ചോദ്യത്തിലെ കൃത്യതയും ആ അമ്മയെ നിവൃത്തികേടിന്റെ വക്കിലെത്തിച്ചു. തൽക്കാലം മറുപടി പറയാതെ കൃത്രിമമായ തിരക്കുണ്ടാക്കി മകളുടെ സാമീപ്യത്തിൽ നിന്ന് അപ്രത്യക്ഷയായ അമ്മ സ്വകാര്യതയിൽ പോയി വിങ്ങിനിന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ തന്റ ജീവിതത്തിൽ ഇത്രയും വിഷമം പിടിച്ച മുഹൂർത്തം നേരിട്ടിട്ടില്ലെന്നാണ് അവർ പറയുന്നത്. ആ ചോദ്യത്തിന് ശേഷം തന്റെ മകളെ കാണുമ്പോൾ അവരുടെ വയറ്റിൽ ഇളക്കിമറിച്ചിലുണ്ടാക്കി. മറ്റുള്ളവരുടെ മുന്നിൽ വച്ചോ അല്ലാതെയോ ഈ കുട്ടി ആ ചോദ്യം ആവർത്തിക്കുകയാണെങ്കിൽ എന്തു ചെയ്യുമെന്നാലോചിച്ച്.

 

എം.ടെക്ക് ബിരുദധാരിയും ഉന്നത ഉദ്യോഗം വഹിക്കുന്നായാളുമായ തന്റെ ഭർത്താവ് അന്ന് രാത്രി എത്തിയപ്പോൾ അവരുടെ സ്വകാര്യതയിൽ മകളുടെ ചോദ്യം ഉണ്ടായി. അന്ന് വന്നതാകട്ടെ സ്കോച്ച് വിസ്കികളിൽ അഗ്രഗണ്യമായ ഒരിനവുമായാണ്. ഏതോ സുഹൃത്ത് സമ്മാനിച്ചതാണ്. ഭാര്യയിൽ നിന്ന്‍ മകളുടെ ചോദ്യത്തെപ്പറ്റി അറിഞ്ഞ അച്ഛൻ, അമ്മയേക്കാൾ ബുദ്ധിമുട്ടിലായി. കാരണം അൽപ്പം വൈകി വിവാഹിതനായ അയാളുടെ ജീവതത്തിൽ വന്ന അപൂർവ്വ വസന്തം പോലെയാണ് അയാൾ മകളെ കാണുന്നത്. ഒരിക്കൽ പോലും വഴക്കുപറയാത്ത അച്ഛൻ എന്നൊരു പേരും ഇദ്ദേഹത്തിനുണ്ട്. ഭാര്യ മകളെ വഴക്കു പറയുന്നതു കണ്ടാൽ അയാൾ പലപ്പോഴും ഭാര്യയെ വിലക്കാറുമുണ്ട്. ദൂരസ്ഥലത്താണ് ജോലിയെങ്കിലും അയാൾ ദിവസവും വീട്ടിൽ വന്നുപോകുന്നത് മകളെ കാണുക എന്ന പ്രഥമ ഉദ്ദേശ്യത്തിലുമാണ്. ആ മകളെ കാണാൻ ഇപ്പോൾ അച്ഛനും പേടി. അയാളുടെ മുന്നിലുള്ള ചോദ്യവും ഇതാണ്. താൻ ചീത്തയാണോ അതോ നല്ലയാളാണോ. മദ്യപിക്കുന്നവർ ചീത്തയാണെങ്കിൽ എങ്ങനെ താൻ നല്ലവനാകും. മദ്യപിക്കുന്നവർ ചീത്തയല്ലെന്ന് പറഞ്ഞാൽ മദ്യപാനം ചീത്ത സ്വഭാവമല്ലെന്ന് സമ്മതിക്കേണ്ടിവരും.  അയാൾക്ക് അന്നു കൊണ്ടുവന്ന സ്കോച്ച് വിസ്കി ഒറ്റയടിക്ക് അകത്താക്കണമെന്നു തോന്നിപ്പോയി. കാരണം അത്രയ്ക്കാണ് അയാൾ അസ്വസ്ഥമായത്. അയാൾ മെല്ലെ മകളെ നേരിടാതെ അൽപ്പം അകലെയുള്ള തന്റെ വളരെ വേണ്ടപ്പെട്ട സുഹൃത്തിനെ കാണാനായിപ്പോയി. എപ്പോഴെങ്കിലും മനസ്സിനു വിഷമമുളള പ്രശ്നങ്ങൾ വന്നാൽ ഇയാൾ അദ്ദേഹത്തിനെ ചെന്നുകാണുകയും ഉപദേശങ്ങൾ സ്വീകരിക്കാറുമുണ്ട്.

 

കുട്ടിയുടെ അച്ഛൻ സുഹൃത്തിന്റെ വീട്ടിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു.

അച്ഛൻ- ഞാൻ ബാറിലെങ്ങും പോയി മദ്യപിക്കാത്ത ആളാണ്. അതുപോലെ കൂട്ടുകാരുമായും മദ്യപിക്കാനായി കൂടാറില്ല. വല്ലപ്പോഴും കസിൻസ് വന്നാൽ മാത്രം അവരോടൊപ്പം കൂടും എന്നതേ ഉള്ളു.

സുഹൃത്ത്- എന്തുതന്നെയായാലും മദ്യപാനം, മദ്യപാനം തന്നെയല്ലേ,

അ- അതിപ്പോ, എന്റെ അപ്പൻ കുടിക്കാറുണ്ട്. അപ്പനും വീട്ടിലിരുന്നേ കുടിക്കാറുള്ളു. അപ്പനും കുടിച്ചുകഴിഞ്ഞാൽ വീട്ടിന്റെ മുൻവശത്ത് ഒരു മൂലയ്ക്ക് ഒറ്റയ്ക്ക് വെറുതേ ഇരിക്കും. ഞാനും അതുപോലെ വെറുതേ ഇരിക്കത്തേ ഉള്ളു. അല്ലാതെ മദ്യപിച്ചതിന്റെ പേരിൽ ഇന്നുവരെ വീട്ടിലോ പുറത്തോ ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. സത്യം പറഞ്ഞാ അപ്പനാ എന്നെ ശീലം പഠിപ്പിച്ചത്.

സു- അതൊരുപക്ഷേ മകൻ പുറത്തുപോയി കുടിക്കുന്ന ശീലം ഉണ്ടാവേണ്ട എന്നു കരുതിയായിരിക്കും.

അ- ഇതിപ്പോള്‍ വല്ലാത്ത പ്രശ്നമായിപ്പോയി. എന്റെ പെമ്പറന്നോത്തിയാണേ എന്നേക്കാളും വിഷമത്തിലായിരിക്കുവാ.

സു- താങ്കൾ മദ്യപിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമാണോ?

അ- അതിനേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല. ഞാൻ  ബോറാക്കിയിട്ടില്ലാത്തതു കാരണമായിരിക്കാം ഇതുവരെ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.

സു- എന്തായാലും അവരോട് ഒന്നു ചോദിച്ചുനോക്കുക, താങ്കൾ മദ്യപിക്കുന്നതിൽ അവർ സന്തോഷവതിയാണോയെന്ന്. നിങ്ങൾ രണ്ടുപേരും നേരിടുന്നത് ദുർഘടസന്ധി തന്നെ. അതിന് സംശയമില്ല. ഉത്തരങ്ങൾ എപ്പോഴും സത്യസന്ധമായിരിക്കണം. അല്ലെങ്കിൽ അതുവരുത്തിവയ്ക്കുന്ന അപകടം വളരെ വലുതായിരിക്കും. അതിന്റെ ദോഷം തലമുറകളോളം നീണ്ടെന്നിരിക്കും.

അ-മനസ്സിലായില്ല.

സു-വളരെ ലളിതം. താങ്കൾ ആ കുട്ടിക്ക് എന്തുത്തരം കൊടുത്താലും ഇല്ലെങ്കിലും, നിങ്ങൾ മദ്യപാനം തുടർന്നാൽ ആ കുട്ടി മനസ്സിലാക്കുക തന്റെ അച്ഛൻ ചീത്തയാണെന്നായിരിക്കും. അതേസമയം തന്റെ  അച്ഛനോടുള്ള സ്നേഹം ആ കുട്ടിയിൽ ഉണ്ടാവുകയും ചെയ്യും. അൽപ്പം കൂടി മുതിരുമ്പോൾ അവൾ അറിയാതെ തന്നെ ചീത്തയായ അച്ഛനെ അവൾ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യും. ചീത്തയെ തള്ളുക എന്നത് അവൾ എപ്പോഴൊക്കെ കേൾക്കുന്നുവോ അപ്പോഴൊക്കെ അവളുടെ ഉപബോധ മനസ്സിൽ നിന്നു നിയന്ത്രിക്കുന്ന ചീത്തയുടെ പ്രതീകമാതൃകകളിൽ തന്റെ അച്ഛന്റെ രൂപവും ഉണ്ടാവും. തന്റെ അച്ഛനെ സ്വീകരിക്കുക വഴി താൻ ചീത്തയേയും കൂടി സ്വീകരിക്കുന്നവളാണെന്നും അവൾ ബോധമനസ്സിലൂടെയല്ലെങ്കിലും അറിയും. അതിനാൽ ചീത്തയോടും അരുതാത്തതിനോടും അവളിൽ ഒരു സമരസപ്പെടൽ ഉണ്ടാവും. അത് അവളുടെ ജീവിതത്തിൽ ചില നിർണ്ണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിൽ സ്വാധീനിച്ചെന്നിരിക്കും. ചീത്തയായ പ്രവൃത്തി ചെയ്തുകൊണ്ടും മാന്യമായി ജീവിക്കാം എന്ന ഉദാഹരണം തന്റെ അച്ഛനിലൂടെ അവൾ അവളുടെ ഡി.എൻ.എയിലേക്ക് ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കും. അതായിരിക്കും അവളുടെ സ്വഭാവത്തെ അദൃശ്യവും അപ്രത്യക്ഷവുമായി മൊത്തത്തിൽ നിയന്ത്രിക്കുക. തന്റെ അച്ഛൻ ചീത്ത പ്രവൃത്തിയിലേർപ്പടുന്നു എന്ന അറിവും തന്റെ അച്ഛനോടുള്ള സ്നേഹവും അവളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ സംഘട്ടനത്തിലേർപ്പെടുത്തിയേക്കാം. ആ സംഘട്ടനം അവളുടെ സ്വാഭാവത്തിന്റെ ഭാഗമായി മാറാനും വഴിയുണ്ട്. കുറച്ചുകഴിയുമ്പോൾ അവൾക്ക് അവളുടെ അച്ഛനോടുള്ള സ്നേഹത്തിന്റെ തീവ്രത നിമിത്തം ചില തത്വങ്ങൾ മെനഞ്ഞെടുത്ത് സമാനമനസ്കരുമായി പങ്കുവെച്ച് അംഗീകാരം നേടി സ്വയം ആശ്വസിച്ച് സന്തോഷം കണ്ടെത്താനും ശ്രമിച്ചെന്നിരിക്കും. അതായത് അവൾ കോളേജിലെത്തുമ്പോൾ നിങ്ങൾക്ക് കൃത്യമായ അളവിൽ മദ്യം ഒഴിച്ചുതന്നെന്നിരിക്കും. അതിലൊരു കാൽപ്പനികത അവൾ കണ്ടെത്തിയെന്നുമിരിക്കും. ആണുങ്ങളാണേൽ രണ്ടെണ്ണം അടിക്കണമെന്ന നിലപാടും അവൾ പരസ്യമായി പ്രഖ്യാപിച്ചെന്നിരിക്കും. അതിലവൾ സന്തോഷം പ്രകടിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോൾ അവളുടെ ഉപബോധമനസ്സിൽ സ്വയം ബഹുമാനമില്ലായ്മയുടെ കയത്തിൽ പെട്ടുകൊണ്ടിരിക്കുകയായിരിക്കും. സ്വയം ബഹുമാനമില്ലാതാകുന്ന വ്യക്തികൾ പ്രകടമാക്കുന്ന സ്വഭാവവൈകൃതങ്ങൾ ഏതൊക്കെ തലത്തിലാണ് നീങ്ങുന്നതെന്ന് അത് പ്രകടമാകുമ്പോൾ മാത്രമേ പറയാൻ കഴിയുകയുള്ളു.

അ- ശ്ശെ, ഞാനെന്തു ചെയ്യണം. പറയു. എനിക്ക് എന്റെ ജീവിതത്തേക്കാൾ പ്രധാനമാണ് എന്റെ മോളുടേത്. അവൾക്കുവേണ്ടി ഞാനെന്തും ചെയ്യും.

സു- വീട്ടിൽ ചെന്ന് നേരത്തേ പറഞ്ഞതുപോലെ ഭാര്യയോടു ചോദിക്കുക.  എന്നിട്ട് സാവകാശം നാളെ രാവിലെ മകളെ വിളിച്ചടുത്തിരുത്തി പറയുക അവളുടെ അച്ഛന് മദ്യപാനം എന്ന മോശമായ ഒരു സ്വഭാവമുണ്ടെന്നും അത് ഇന്നത്തോടുകൂടി അവസാനിപ്പിക്കുകയാണെന്നും. എന്നിട്ട് മകളുടെ മുൻപിൽ വച്ചുതന്നെ ഇപ്പോൾ കിട്ടിയെന്നു പറയുന്ന ആ സ്കോച്ച് വിസ്കി കുപ്പി പൊട്ടിച്ച് ഒഴിച്ചുകളയുക. ഇനിയൊരിക്കലും മദ്യപിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത്രയും ചെയ്താൽ താങ്കൾ, താങ്കളുടെ മകൾക്ക് നൽകുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും. ഇതിലും വലിയൊരു സമ്മാനം താങ്കൾക്ക് താങ്കളുടെ മകൾക്ക് നൽകാനാവില്ല.

 

കുട്ടിയുടെ അച്ഛൻ ഒന്നും പറയാതെ എഴുന്നേറ്റ് സുഹൃത്തിനോട് യാത്ര പറഞ്ഞു. ആ എഴുന്നേൽപ്പിൽ അയാളുടെ തീരുമാനം എന്തായിരിക്കുമെന്ന് ശരീരഭാഷയിലൂടെ സുഹൃത്തിന് വ്യക്തമാകുന്നതായിരുന്നു. അയാൾ വീട്ടിൽ ചെന്ന് ഭാര്യയോട് കരുതിവച്ചിരുന്ന ചോദ്യം ചോദിച്ചു. അതുകേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. സ്വസ്ഥമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു സ്ത്രീയും തന്റെ ഭർത്താവ് മദ്യപിക്കുന്നതിനെ ഇഷ്ടപ്പെടില്ല എന്നായിരുന്നു അവരുടെ മറുപടി. എന്തുകൊണ്ട് ഇത്രയും നാൾ തന്നോട് ഇത് പറഞ്ഞില്ലെന്ന് അയാൾ തിരക്കി. അവൾ കുറേനേരം ഒന്നും മിണ്ടിയില്ല. ഹൈസ്കൂളധ്യാപകനായിരുന്ന അവളുടെ അച്ഛൻ മദ്യപിക്കില്ലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം ഭർത്താവിന്റെ വീട്ടിൽ സന്ധ്യയ്ക്ക് കണ്ട കാഴ്ച ഭർത്താവിന്റെ അച്ഛൻ മദ്യക്കുപ്പിയുമായി മുൻപിലത്തെ ടീപ്പോയുടെ അരികിലിരിക്കുന്നു. ഭർത്താവിന്റെ അമ്മ ബീഫ് പൊരിച്ചതും ക്യാരറ്റ് വട്ടം അരിഞ്ഞ് അതിൽ നാരങ്ങാ നീരൊഴിച്ചതുമായി അദ്ദേഹമിരിക്കുന്നതിനടുത്തുള്ള ടീപ്പോയിൽ കൊണ്ടുവയ്ക്കുന്നു. കുറച്ചു കഴിഞ്ഞ് അപ്പൻ തന്റെ ഭർത്താവിനോട് വിളിച്ചന്വേഷിക്കുന്നു കൂടുന്നുണ്ടോയെന്ന്. ഇന്നില്ലെന്ന് മകൻ മറുപടിയും നൽകി. ഭർത്താവിന്റെ മദ്യപാനത്തെ എതിർത്താൽ അത് ഭർത്താവിന്റെ അച്ഛനെതിരേയുള്ള കുറ്റപത്രം കൂടിയാകുമോ എന്ന ഭയത്താലായിരുന്നവത്രെ അവർ ഇതുവരെ അതിനെതിരെ മിണ്ടാതിരുന്നത്. അതുകേട്ടപ്പോൾ തന്റെ സുഹൃത്തിന്റെ വാക്കുകൾ ഉച്ചത്തിൽ അയാളുടെ ഉള്ളിൽ മുഴങ്ങി. അയാൾ തിരിച്ചുവന്നപ്പോഴേക്കും മകൾ ഉറങ്ങിയിരുന്നു. പിറ്റേന്നു രാവിലെ മകൾക്ക് താൻ മറുപടി കൊടുത്തുകൊള്ളാമെന്നയാൾ പറഞ്ഞു. ആ ചോദ്യത്തിന്റെ പേരിൽ ഒരിക്കലും ധർമ്മസങ്കടത്തിലാകേണ്ടിവരില്ലെന്നും അയാൾ ഭാര്യയ്ക്ക് ഉറപ്പു നൽകി.

 

അവധിദിവസമായിരുന്ന പിറ്റേന്ന് പതിവുപോലെ മകൾ അച്ഛന്റെ വിരലിൽ തൂങ്ങി കൊഞ്ചി നടന്നു. കുറച്ചു കഴിഞ്ഞ് അവർ മുറിക്കുള്ളിൽ പോയി ഒരു പൊതിയുമെടുത്ത് വീടിന്റെ പിന്നിലേക്കുപോയി. അവിടെ മാവിൻ തണലിൽ പുരയോടു ചേർന്നുള്ള തിണ്ണയിൽ അച്ഛനും മകളുമിരുന്നു. എന്നിട്ട് തന്റെ സുഹൃത്ത് ഉപദേശിച്ച പ്രകാരം അയാൾ മകളോടു പറഞ്ഞു, തനിക്ക് ഒരു ചീത്ത സ്വഭാവമുണ്ടായിരുന്നു. അതായത് വല്ലപ്പോഴും മദ്യപിക്കുക എന്നത്. എന്നിട്ട് വൻ വിലപിടിപ്പുള്ള പൊതിയഴിച്ച് സ്കോച്ച് വിസ്കിയുടെ കുപ്പി പുറത്തെടുത്തു. ആ കുപ്പിയുടെ രൂപം കണ്ട് മകൾ ആശ്ചര്യം പൂണ്ടു. അത്രയ്ക്കും കൊത്തുപണികളുള്ളതായിരുന്നു വൈൻനിറവും പച്ചയും കലർന്ന നിറമുള്ള ആ കുപ്പി. അയാൾ കുപ്പിയുടെ അടപ്പുതുറന്നുകൊണ്ടു പറഞ്ഞു, ഡാഡി ഇമ്മാതിരി ഒരു ചീത്ത സാധനവും ജീവിതത്തിൽ ഇനി ഒരിക്കലും കൈകൊണ്ടു തൊടുക പോലുമില്ല. എന്നിട്ട് അയാൾ ആ സ്കോച്ച് വിസ്കി കുപ്പി കമഴ്ത്തി. അതു തറയിൽ വീണപ്പോൾ അതിന്റെ ഗന്ധം മകളുടെ മുഖഭാവത്തെ മാറ്റി. എന്നിട്ടവൾ അറിയാതെ തിണ്ണയിൽ നിന്നെഴുന്നേറ്റു. കൂടെ അയാളും. -ശരിയാ മോളു പറഞ്ഞതാ ശരി. ചീത്ത സാധനം. ഇതു കുടിച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതായി മാറും. വൃത്തികെട്ട സാധനം.- മദ്യം ഒഴിഞ്ഞപ്പോൾ മകൾ ചോദിച്ചു ആ ഭംഗിയുള്ള കുപ്പി അവൾക്കുകൊടുക്കുമോ എന്ന്. പെട്ടന്നു തന്നെ അയാൾ മറുപടി കൊടുത്തു, എത്ര ഭംഗിയുണ്ടെങ്കിലും ചീത്ത സാധനമിരുന്ന കുപ്പിയല്ലേ നമുക്കുവേണ്ട. ചീത്ത സാധനമിരുന്നതും ചീത്തയാകും. എന്നു പറഞ്ഞിട്ട് പറമ്പിന്റെ മൂലയിലേക്ക് ആ കുപ്പി അയാൾ ആഞ്ഞെറിഞ്ഞു. അതുടയുന്ന ശബ്ദം കേട്ട് അപ്പോൾ മുറിയിലുണ്ടായിരുന്ന അവളുടെ അമ്മ അവരുടെ അടുത്തേക്കെത്തി. അമ്മയെ കണ്ടപ്പോൾ അവൾ അത്യുത്സാഹത്തോടെ ഇത്തിരിക്കൊഞ്ചലോടെ പറഞ്ഞു,- മമ്മീ, ഡാഡി ഈസ്  എ ഗുഡ് ഡാഡി.

Tags: