എഴുത്തുടക്ക്

Glint Guru
Thu, 04-05-2017 11:45:22 AM ;

writer's block

 

എഴുത്തുകാരിയല്ലെങ്കിലും എഴുതുന്ന യുവതി. പക്ഷേ എന്തെങ്കിലുമൊന്നെഴുതണമെങ്കിൽ വൻ തയ്യാറെടുപ്പു വേണം. തയ്യാറെടുപ്പെന്നാൽ എഴുത്തിനെ കുറിച്ച് വ്യാപകമായി ആലോചിക്കും. അങ്ങനെ ആലോചനയിൽ ഉഗ്രൻ ആശയങ്ങൾ പൊന്തിവരും. ആ ആശയങ്ങൾ ചിലപ്പോൾ കുറിച്ചിടും. അങ്ങനെ പല സമയത്താണ് ആശയങ്ങൾ പൊന്തി വരുക. അപ്പോൾ തോന്നും, കൊള്ളാം, നല്ല ആശയങ്ങൾ വരുന്നുണ്ട്. എഴുത്ത് ഉഷാറാകും. ഇനിയും ആശയങ്ങൾ വരാനുണ്ട്. വന്നു കഴിഞ്ഞിട്ട് എഴുതിത്തുടങ്ങാം. ഏതാണ്ട് കുറേ ആശയങ്ങൾ നിറഞ്ഞു കഴിയുമ്പോൾ പിന്നെ എഴുതാനിരിക്കുന്നതിനെ കുറിച്ച് ആലോചനയിലാകും.

 

എപ്പോളെഴുതണം എന്നതിനെക്കുറിച്ചാണ് പിന്നീടാലോചന. ഇന്നു രാത്രിയിൽ എഴുതിത്തുടങ്ങാം. എല്ലാവരും ഉറങ്ങിയതിനു ശേഷം ഭദ്രമായി എഴുതാനിരിക്കാം എന്നുറപ്പിക്കും. രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അതാ ചാനലിൽ ഉഗ്രൻ ചർച്ച. അതും തനിക്ക് പ്രിയപ്പെട്ട വിഷയമെന്നു മാത്രമല്ല, താൻ എഴുതാനിരുന്ന വിഷയം തന്നെ. അതിനാൽ ഈ ചർച്ച കേൾക്കുന്നത് എഴുത്തിനെ സഹായിക്കുമെന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ തീരുമാനമെടുത്തു. കഴിച്ച ഭക്ഷണമെന്താണെന്നു പോലുമറിയാതെ കഴിച്ചുകൊണ്ടേ ഇരുന്നു. വിശപ്പു നോക്കിയില്ല. മേശപ്പുറത്തിരുന്നത് കുറേശ്ശെ കഴിച്ചുകൊണ്ട് ചർച്ച കണ്ടുകൊണ്ടിരിക്കാൻ നല്ല രസം. ആ രസം അങ്ങനെ നീണ്ടു. കുറേ കഴിഞ്ഞപ്പോഴാണറിയുന്നത് വയറ് വല്ലാതെ നിറഞ്ഞു പോയി. ചർച്ചയ്‌ക്കൊപ്പം ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയപ്പോൾ വയറ് വല്ലാതെ നിറഞ്ഞതിൽ വിഷമമായി. വയറിന് ഭാരം. നല്ല ക്ഷീണം. നേരം വൈകുകയും ചെയ്തു. അമിതമായി വയറു നിറഞ്ഞതു മൂലം എഴുതാനുള്ള ഉന്മേഷവും നഷ്ടമായി. ഇന്നിനി എഴുതിയാലും ശരിയാകില്ല. നാളെയെഴുതാം.

 

പിറ്റേ ദിവസം ഏർപ്പെട്ടത് തികച്ചും ഗാർഹികമായി ചെയ്യേണ്ട ചില കാര്യങ്ങളും പുറത്തു പോക്കും. അതെല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നല്ല ക്ഷീണം. കുളി കഴിഞ്ഞെത്തിയപ്പോൾ പിന്നെ വിശ്രമിച്ചാൽ മതിയെന്നായി. എഴുത്തിനെ കുറിച്ച് ഓർത്തതു പോലുമില്ല. കിടക്കാൻ നേരമാണ് അന്ന് എഴുതാൻ നിശ്ചയിച്ചതായിരുന്നല്ലോ എന്ന് ഓർത്തത്. അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. പല കാരണങ്ങൾ കൊണ്ട് പിറ്റേ ദിവസവും എഴുത്തു നടന്നില്ല. അടുത്ത ഞായറാഴ്ച ദിവസം എഴുതാനിരുന്നു. കുറിച്ചിട്ട് കുറിപ്പെടുത്തു. അതിൽ എഴുതിയിരിക്കുന്ന പോയിന്റുകൾ വായിച്ചു. തമ്മിൽ ഒരു ബന്ധവും കിട്ടുന്നില്ല. കുറിപ്പിൽ ഒന്നുരണ്ടാവർത്തികൂടി കണ്ണോടിച്ചു. ചില പോയിന്റുകൾ ഓർമ്മ വരുന്നു. എന്നാൽ മറ്റു ചില പോയിന്റുകൾ പൊന്തിവന്നപ്പോൾ അവയോടൊപ്പം വന്ന, സിനിമാപ്പാട്ടു രംഗങ്ങളിലെ എക്‌സ്ട്രാ നടിമാരെ പോലെ ചുറ്റും നൃത്തം ചെയ്തവരെ കാണാനില്ല. അവർക്കുവേണ്ടി തലയൊന്നു പുകച്ചു.

 

തല പുകച്ചൊടുവിൽ എഴുതിത്തുടങ്ങി. ഏതാനും ദിവസങ്ങൾ മുൻപ് ആശയരൂപത്തിൽ തന്നിലേക്കു പറന്നു വന്നിരുന്ന പക്ഷികളെ പിടിക്കാനുള്ള ശ്രമം. കൊമ്പിൽ കൊണ്ടിരുത്തിയ പക്ഷികളല്ലാതെ ഒന്നിനേയും കാണാനില്ല. താൻ മനസ്സിൽ കുറിച്ചിട്ട വാചകങ്ങൾ അപ്രത്യക്ഷമായി. അവയെ തേടി ഒരുപാടലഞ്ഞു. ഒന്നും കിട്ടുന്നില്ല. ഞെക്കിപ്പഴുപ്പിച്ച് എഴുതിത്തുടങ്ങി. കഷ്ടിച്ച് ഒരു പാരഗ്രാഫ് തികച്ചു. വീണ്ടും വായിച്ചു നോക്കിയപ്പോൾ പോരാ എന്നൊരു തോന്നൽ. പൂർണ്ണതയില്ല. അതിനാൽ അതുപേക്ഷിച്ചു വീണ്ടും എഴുതി നോക്കി. രണ്ടാമതെഴുതിയത് വലിയ കുഴപ്പമില്ല. അങ്ങനെ എങ്ങനെയെങ്കിലും തല്ലിപ്പഴുപ്പിച്ച് ഒരു സംഗതി തട്ടിക്കൂട്ടി. എന്നിട്ട് വീണ്ടും വായിച്ചുനോക്കിയപ്പോൾ ഒരൊഴുക്കില്ല. ഒഴുക്കുണ്ടാക്കാനായി ചില പണികൾ പണിഞ്ഞു. അപ്പോഴാണ് ചില വലിയ എഴുത്തുകാർ എഴുത്തിനുവേണ്ടി അനുഭവിക്കുന്ന വേദനയെക്കുറിച്ചൊക്കെ ഓർമ്മയിലെത്തിയത്. അതോർത്തപ്പോൾ ഒരു സമാധാനം. എഴുത്തിന്റെ പ്രസവവേദന. അവരോട് ഈ യുവതിക്ക് സഹാനുഭൂതി തോന്നി. എന്തുമാത്രം ത്യാഗവും കഷ്ടപ്പാടും സഹിച്ചായിരിക്കും ഓരോരുത്തർ ഓരോന്നും എഴുതിക്കൂട്ടുന്നതെന്ന് ആലോചിക്കുകയും സാന്ത്വനിക്കുകയും ചെയ്തു.

 

ആലോചന ഒരു പ്രവൃത്തിയാണ്. ആലോചനയിൽ ഒരു എഴുത്ത് പൂർത്തിയാവുകയാണ്. അതു പുറത്ത് കമ്പ്യൂട്ടറിലോ പേപ്പറിലോ ആയില്ലെന്നേ ഉള്ളൂ. ആലോചനയിൽ ഉന്മേഷം തോന്നും. ആ ഉന്മേഷത്തിലാണ് പോയിന്റുകൾ കുറിച്ചിടുന്നത്. എഴുതാനിരിക്കുമ്പോൾ ആലോചനയിൽ എഴുതിയ എഴുത്ത് പകർത്തി എഴുതാനാണ് ശ്രമിക്കുന്നത്. ആലോചനയിൽ ആ ലേഖനം കൃത്യമായി തെളിഞ്ഞു നിൽക്കാത്തതിനാൽ അതേപോലെ പകർത്താൻ പ്രയാസമാണ്. അതു പകർത്താൻ കഴിയാതെ വരുമ്പോഴാണ് താൻ തയ്യാറാക്കി വച്ചത് കാണാനില്ലെന്ന് ‌യുവതി അറിയുന്നത്. അപ്പോൾ നിരാശാബോധം വരും. വസ്തുക്കൾ കളഞ്ഞുപോകുമ്പോഴുള്ളതു പോലെ. അപ്പോൾ ഓർമ്മിക്കുക എന്ന പ്രക്രിയ, ഓർമ്മിച്ചത് പകർത്തിയെഴുതുക എന്നത് മറ്റൊന്ന്, ഇതിനിടയിൽ കൂട്ടിയോജിപ്പിക്കുന്നതിനും വ്യാകരണം ശരിയാക്കുന്നതിനും ഉചിതമായ വാക്കു കണ്ടെത്തുന്നതിനും പ്രത്യേകം ചിന്തയും ആവശ്യം. അതിനാൽ ഏറെ പ്രവൃത്തികളിലാണ് എഴുതാനിരിക്കുമ്പോൾ ഈ യുവതി ഏർപ്പെടുക. പിന്നെ പൂർണ്ണതയെ കുറിച്ചുള്ള സങ്കൽപ്പവും. ആ സങ്കൽപ്പം തന്നെ അമൂർത്തമാണ്. എങ്കിലും അപൂർണ്ണമായതിനെ അറിയാൻ കഴിയുന്നു. അതിനാൽ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ശ്രമം. അങ്ങനെ അനേകം ജോലികളാണ് എഴുത്തിന്റെ സമയത്ത് ഈ യുവതി  ചെയ്യുക. സ്വാഭാവികമായി, സൈക്കിൾ ചവിട്ടുന്നതുപോലെ, കാർ ഡ്രൈവ് ചെയ്യുന്നതുപോലെ ചെയ്തുപോകേണ്ട പ്രവൃത്തിയാണ് എഴുത്ത്. എഴുതുമ്പോൾ, വരുന്നത് എഴുതുക. അത്രയേ ഉള്ളു. അതാണ് എഴുത്ത്. അല്ലാത്തതൊക്കെ പകർത്തിയെഴുത്താണ്. പകർത്തിയെഴുത്ത് ഒരിക്കലും സർഗ്ഗാത്മക പ്രവൃത്തിയല്ല. അതേസമയം എഴുത്താണെങ്കിൽ സർഗ്ഗാത്മകവും. അത് എന്തു തന്നെയായാലും. ചെറിയ ഒരു കുറിപ്പെഴുത്തായാൽ പോലും. മുൻകൂട്ടി നിശ്ചയിക്കാത്തതു എഴുതിത്തുടങ്ങുമ്പോൾ പിറന്നു വീഴണം.  മുൻകൂട്ടി അറിയുന്നത് ആവർത്തിക്കുന്നതിൽ സർഗ്ഗാത്മകത ഒട്ടുമില്ല. മനുഷ്യൻ അടിസ്ഥാനപരമായ സർഗ്ഗാത്മകതയെ ഇഷ്ടപ്പെടുകയും അതിലൂടെ നീങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. സർഗ്ഗാത്മകത ഇല്ലാതാകുന്ന അവസ്ഥയ്ക്കാണ് ബോറടി എന്നു പറയുന്നത്. ആ ബോറടിയാണ് എഴുതുമ്പോൾ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത്. ആ ബോറടിയാണ് പല കാരണങ്ങൾ നിരത്തി സ്വയം ബോധ്യപ്പെടുത്തി മാറ്റിവെച്ചുകൊണ്ടിരിക്കുന്നതും. പേപ്പറെടുക്കുക, അല്ലെങ്കിൽ കമ്പ്യുട്ടറിന്റെ കീബോഡില് കൈവിരലുകൾ പതിപ്പിക്കുക. എഴുതുക. അപ്പോൾ വരുന്നതു മാത്രമാണ് എഴുത്ത്.

Tags: