ശെമ്മാങ്കുടിയുടെ പ്രതിമയും പ്രഭാവർമ്മയുടെ കവിതാ സമാഹാരവും

Glint Staff
Thu, 14-07-2016 02:34:58 PM ;

 

2016 ജൂണിലെ മൂന്നാം വാരത്തില്‍ ഒരു ദിവസം. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്സിലെ ഒരു എ.സി കോച്ച്. കോട്ടയത്തു നിന്നും കയറിയ ഒരു മാന്യവ്യക്തി. അമ്പത്തിനാലാം സീറ്റിന്റെ തൊട്ടുമുന്നിലുള്ള സീറ്റായിരുന്നു അദ്ദേഹത്തിന്റെതെങ്കിലും അദ്ദേഹം അമ്പത്തിനാലിൽ തന്നെ ഇരുന്നു. മുന്നിലുളള രണ്ടു സീറ്റിൽ ദമ്പതികളിരിക്കുന്നു. നല്ല ആഢ്യത്തോടെ മുണ്ടുടുത്ത ബഹുമാന്യൻ. അദ്ദേഹം ഇരുന്ന് അൽപ്പം കഴിയും മുൻപ് ബാഗിൽ നിന്ന് പുസ്തകമെടുത്തു. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവുമൊക്കെ ലഭിച്ച കവി പ്രഭാവർമ്മയുടെ അപരിഗ്രഹം എന്ന കവിതാ സമാഹാരമാണ് അദ്ദേഹം വായിക്കാനെടുത്ത പുസ്തകം. അതിന്റെ അവതാരികയാണ് അദ്ദേഹം വായിക്കുന്നത്. ഇടയ്ക്കു വച്ച് അദ്ദേഹം തുണ്ടു പേപ്പറിൽ ചില ഭാഗങ്ങൾ എഴുതിയെടുക്കുന്നുണ്ടായിരുന്നു. ഏതോ കോളേജിലെ മലയാളം പ്രൊഫസർ ആയിരിക്കാം എന്ന ധാരണ മറ്റുള്ളവരിൽ ഉണ്ടായാൽ അതു സ്വാഭാവികം. അങ്ങനെയിരിക്കെ അവതാരികയിൽ നിന്ന് എന്തോ ഓർത്തിട്ടെന്ന വണ്ണം അദ്ദേഹം ഫോൺ ചെയ്യുന്നു. കമ്പാർട്ട്‌മെന്റിലുളള മുഴുവൻ ആളുകള്‍ക്കും അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കാം. അത്രയ്ക്ക് ഉച്ചത്തിലുള്ളതാണ് അദ്ദേഹത്തിന്റെ സ്വരം. മന:പൂർവ്വം കമ്പാർട്ട്‌മെന്റിലുള്ളവർ കേട്ടുകൊള്ളട്ടെ എന്ന ഉദ്ദേശത്തിലാണോ അദ്ദേഹമത്രയും ഉച്ചത്തിൽ സംസാരിച്ചതെന്ന് ഉറപ്പില്ല. ഫോണിലൂടെ അദ്ദേഹം പറയുന്നു, ഇന്നത്തെ മാതൃഭൂമി, മനോരമ പത്രങ്ങളിൽ വാർത്തയും ചിത്രങ്ങളും വന്നിട്ടുണ്ട്. വ്യത്യസ്തമായ കുറേ ചിത്രങ്ങൾ കൂടി ഉടൻ എടുത്ത് തയ്യാറാക്കി വയ്ക്കണം എന്ന്‍.

 

പിന്നീടദ്ദേഹം അവതാരികവായന നിർത്തി ഫോൺവിളിയോട് വിളി. അദ്ദേഹം മാദ്ധ്യമരംഗത്തുള്ള ചില സുഹൃത്തുക്കളുമായാണ് സംസാരിക്കുന്നത്. എങ്ങനെയാണ് ആ രണ്ടു പത്രങ്ങളിലും വന്നതെന്നറിയില്ല, ആ റിപ്പോർട്ട് അത്ര പൂർണ്ണമല്ല, നാളെ മറ്റ് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വരാൻ സാധ്യതയുണ്ടെന്നറിയുന്നു, നിങ്ങൾക്ക് കിട്ടാതെ വരല്ലല്ലോ, അതുകൊണ്ടാണ് വിളിക്കുന്നത് എന്നൊക്ക ആമുഖം. എന്നിട്ട് വിശദമായി വാർത്തയ്ക്കാധാരമായ കാര്യത്തെ പറ്റി വിവരിക്കുന്നു. തൈക്കാട് ശെമ്മാങ്കുടി താമസിച്ചിരുന്ന വീടാണ് നമ്മളിപ്പോൾ ഈ രീതിയിൽ മാറ്റുന്നത്, പ്രതിമ ചെയ്തിരിക്കുന്നത് ബിജുവാണ്, 140 പേർക്ക് ഇരിക്കാൻ പറ്റുന്ന ഹാളിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത് ആർക്കിട്ടെക്ട് ശങ്കറാണ്, അതിഗംഭീരമായി ചെയ്തിട്ടുണ്ട്, ഒന്നു വന്നു കണ്ടു നോക്ക് എന്നിങ്ങനെ സംഭാഷണം നീണ്ടു പോകുന്നതിനിടയ്ക്ക് അന്ന് വൈകീട്ട് ആ പത്രലേഖകന്‍ ഇദ്ദേഹത്തെ കാണാമെന്ന് ഉറപ്പു നൽകി.

 

അടുത്ത വിളിയും ഏതോ മാദ്ധ്യമ ഓഫീസിലേക്കാണ്. ഫോണിന്റെ മറുതലയ്ക്കലുള്ള ദേഹവുമായും മുകളിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. എന്നിട്ടു പറഞ്ഞു, ആ പത്രത്തിൽ വരുമ്പോൾ നിങ്ങൾക്ക് അത് മിസ്സാകാൻ ഇടവരരുതല്ലോ. അതുകൊണ്ടാണ് നിങ്ങളെ അവർ വരുന്ന കാര്യം അറിയിക്കുന്നത്. ഫോട്ടോഗ്രാഫറില്ലെങ്കിൽ ആവശ്യമായ ഫോട്ടോകളൊക്കെ അവിടെയുണ്ട്.

 

ഈ രീതിയിൽ നിരവധി ഫോൺ കാളുകളിലൂടെയുള്ള സംഭാഷണം കൊണ്ട് കമ്പാർട്ട്‌മെന്റെ നിറഞ്ഞു. ഇതിനിടെ ഇടവേളയിൽ  അദ്ദേഹം അവതാരിക ഓടിച്ചു വായിച്ചു. ചില ഭാഗങ്ങൾ വീണ്ടും എഴുതിയെടുത്തു. പിന്നെ കവിതകൾ മറിച്ചു നോട്ടമായി. കവിതയിലെ ചില വരികളും എഴുതുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന് ഇങ്ങോട്ടുള്ള ഒരു വിളി വന്നു. അത് സർക്കാർ സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥാനണെന്ന് മനസ്സിലായി. അദ്ദേഹത്തെ അങ്ങോട്ടു വിളിച്ചതിനെ തുടർന്നാണ് അവിടെനിന്ന് തിരിച്ചു വിളി വന്നത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും മുൻപെഴുതിത്തുടങ്ങിയ ഏതോ ലേഖനത്തിന്റെ രണ്ടാം ഭാഗം എന്നവണ്ണം ഒരെണ്ണം വേണമെന്ന ആവശ്യമറിയിക്കാനാണത്രെ ആ ഉദ്യോഗസ്ഥനെ അങ്ങോട്ട് വിളിച്ചത്. അദ്ദേഹത്തിന്റെ സമയലഭ്യതക്കുറവിനെ പറ്റി പറയുന്നതും അത്യാവശ്യം ഉച്ചത്തിൽ കേൾക്കാമായിരുന്നു. അവിടെയും ശെമ്മാങ്കുടി പ്രതിമയിലേക്കായി പിന്നെ സംഭാഷണം. ആ പ്രതിമ വന്നതിന്റെ പ്രസക്തിയെക്കുറിച്ചായി പ്രധാന സംഭാഷണം. ആ പ്രതിമ കാണാനായി അനേകം പേർ ദിവസവും വരാറുണ്ടത്രെ. ആ പ്രതിമ കണ്ട് പലരുടെയും കണ്ണു നിറയാറുണ്ടെന്നും അദ്ദേഹം മറുതലയ്ക്കലെ ഉദ്യോഗസ്ഥനെ അറിയിച്ചു. അതിന്റെ മൂർധന്യത്തിൽ അദ്ദേഹം പറഞ്ഞു: 'കഴിഞ്ഞ ദിവസം ചില പട്ടന്മാർ വന്നിരുന്നു, എന്നിട്ട് എന്നെ അനുഗ്രഹിക്കുന്നോണം അവർ കണ്ണു നിറഞ്ഞുകൊണ്ടു പറഞ്ഞു, കുഞ്ഞേ കുഞ്ഞിനു നൂറുകോടി പുണ്യം കിട്ടുമെന്ന്. ഞാനൊരു ടീമിനെ ചെന്നൈയ്ക്കുമയച്ചിട്ടുണ്ട്. അവരവിടെനിന്നും ഇതുവരെ ആർക്കുമറിയാത്ത വിവരങ്ങളും രേഖകളുമൊക്കെ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്റെ മകനിൽ നിന്നാണ് അതൊക്കെ ശേഖരിച്ചത്. ചെന്നെയിലുള്ളവർക്ക് അതിശയം. കാരണം ഇതുവരെ തമിഴ്‌നാട്ടിൽ ശെമ്മാങ്കുടിക്കൊരു പ്രതിമയില്ല. നമ്മൾ ഒന്നും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നത്. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്നു. അത്രയേ ഉള്ളു.'

 

ആ ഉന്നത ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം അര മണിക്കൂറിലേറെ നീണ്ടു പോയി. വേണമെങ്കിൽ ആ അര മണിക്കൂർ കൊണ്ട് ആ ഉദ്യോഗസ്ഥന് ലേഖനത്തിന്റെ രണ്ടാം ഭാഗം എഴുതാവുന്നതേ ഉണ്ടായിരുന്നുള്ളു. പെട്ടന്ന് സംഭാഷണത്തിന്റെ ഗതിമാറി. ഉദ്യോഗസ്ഥനോടായി അദ്ദേഹം പറഞ്ഞു: 'ഹ, നിങ്ങള് കൾച്ചറിൽ വാ. ഇപ്പോഴത്തെ സെക്രട്ടറി റാണി ജോർജ്ജ് അധികനാളുണ്ടാവില്ല അവിടെ. (മന്ത്രി എ.കെ.) ബാലൻ സാറിന് അത്ര മതിപ്പില്ല അവരെക്കുറിച്ച്. ഉമ്മൻ ചാണ്ടി സാറിന്റെ കാലത്തെ ചില വിദേശയാത്രകളൊക്കെ പ്രശ്നമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഹൈ, നിങ്ങളങ്ങോട്ടു വാ. നിങ്ങളാ അവിടെ വരേണ്ടത്.' അങ്ങനെ നീണ്ടുപോയ സംഭാഷണത്തിൽ കുറിച്ചാൽ ചിലപ്പോൾ ചിലർക്ക് വിഷമകരമാകുന്ന പരാമർശങ്ങളും ഉണ്ടായി. അതിവിടെ കുറിക്കുന്നില്ല. വീണ്ടും പ്രതിമയെക്കുറിച്ചുള്ളതായി വർത്തമാനം. എന്നിട്ട് മുൻപ് പത്രക്കാരോട് വലിയ അഭിമാനത്തോടെ പറഞ്ഞ ആർക്കിട്ടെക്ട് ശങ്കറിന്റെ പേർ പരാമർശിച്ചു: 'ഹ, ശങ്കർ പറ്റിച്ച പണി കണ്ടില്ലെ. പണി പകുതിക്കിട്ടു പോയിക്കളഞ്ഞു. പൈസ കിട്ടിയില്ലെന്നും പറഞ്ഞാ ശങ്കറാ പണി പറ്റിച്ചത്. ഞാൻ ശരിക്കും ശങ്കറിനോടു പറഞ്ഞു, ചെയ്തത് ശരിയായില്ലെന്ന്. എനിക്ക് പറയുന്നതിന് പ്രശ്നമൊന്നുമില്ല. അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ആ റലീഫോക്കെ ചെയ്തത് ഫൈനാർട്‌സ് കോളേജിലെ കുട്ടികളാ. അതവര് നന്നായി ചെയ്തിട്ടുണ്ട്. എന്തായാലും ഉദ്ഘാടനത്തിന്റെ തീയതി നിശ്ചയിക്കാൻ പോകുവാ. പ്രഭാവർമ്മയോട് പറഞ്ഞിട്ടുണ്ട്. ഒരു തിയതി നിശ്ചയിച്ച് പിണറായിയുടെ സമ്മതം വാങ്ങിക്കാമെന്ന് പ്രഭാവർമ്മ പറഞ്ഞിട്ടുണ്ട്.' ഒന്നുകൂടി നിങ്ങള് കൾച്ചറിലേക്ക് വരൂ എന്നും അന്ന് വൈകീട്ട് തന്നെ കാണാൻ തലസ്ഥാനത്തെ ഒരു പ്രമുഖ പത്രലേഖകൻ വരുന്നുണ്ടെന്നും പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

 

വീണ്ടും അദ്ദേഹം പ്രഭാവർമ്മയുടെ കവിതയിലൂടെയുള്ള യാത്ര ആരംഭിച്ചു. അതാ വരുന്നു അടുത്ത ഫോൺ . താൻ ഓഫീസിൽ ഇല്ലാതിരുന്നപ്പോൾ നടന്ന അയ്യായിരം രൂപയുടെ ഇടപാടിന്റെ രസീത് നഷ്ടപ്പെട്ടതു സംബന്ധിച്ചും എങ്ങനെ അതിനെ കൗണ്ടർ ഫോയിൽ സംഘടിപ്പിച്ച് ശരിയാക്കാമെന്നും മറുതലയ്ക്കൽ ഉള്ളയാൾക്ക് നിർദ്ദേശം നൽകി. ഇതിനിടെ ഏതാനും ഫോണുകൾ കൂടി വന്നു. അവരിൽ ചിലരോട് വൈകുന്നേരത്ത് തന്നെ നാലുമണിക്ക് പത്രലേഖകൻ കാണാൻ വരുന്നതിനാൽ അന്നു അസൗകര്യമുണ്ടെന്നറിയിച്ചു ഫോൺ വച്ചു.

 

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിമ നിർമ്മാണമാണ് ശെമ്മാങ്കുടിയുടേതെന്നു മനസ്സിലായി. തെരഞ്ഞെടുപ്പിനു മുൻപ് തീർക്കാമെന്ന ഉദ്ദേശ്യത്തോടെ ആഞ്ഞുപിടിച്ചതാണെന്നു തോന്നുന്നു. കലാപ്രോത്സാഹനത്തിനായി നിലകൊളളുന്ന സർക്കാർ സ്ഥാപനത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന വ്യക്തിയാകണം ഇദ്ദേഹമെന്നും സംഭാഷണത്തിൽ നിന്നു മനസ്സിലായി. കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശാഭിമാനി ബുക്സില്‍ നിന്നും ചിന്താ പബ്ലിക്കേഷൻസിന്റെ ധാരളം പുസ്തകങ്ങള്‍ വിറ്റുപോകുന്നുണ്ട്. ചിലർ കെട്ടുകണക്കിനാണ് പുസ്തകം വാങ്ങുന്നത്. പൊതുമേഖലയിലുള്ള പല സ്വതന്ത്രസ്ഥാപനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ പലരും ഇപ്പോഴും രാജി സമർപ്പിക്കാതെ തൽസ്ഥാനങ്ങളിൽ തുടരുന്നുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും പ്രോത്സാഹനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ ഭരിക്കുന്നവരുടെയും അവർക്ക് താൽപ്പര്യമുളള വ്യക്തികളുടെയും താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവയാണ് എന്നൊരാക്ഷേപം പൊതുവേ ഉണ്ട്. എന്നാൽ ആ രാഷ്ട്രീയ നേതൃത്വത്തേയും തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവന്ന് കലയേയും സംഗീതത്തേയും സാഹിത്യത്തേയും രക്ഷിക്കാൻ ആർജ്ജവമുള്ള മഹാത്മാക്കൾ കേരളക്കരയിലുണ്ട്. അതിനാൽ ഈ രംഗങ്ങൾ പ്രശോഭിതമായി തുടരും എന്ന് സർവ്വമലയാളികൾക്കും ആശ്വസിക്കാം.

Tags: