'ഞാൻ മലാല' മുതിർന്നവർ വായിക്കാനുള്ളത്

Glint Staff
Fri, 12-12-2014 04:35:00 PM ;

 

ഞാൻ മലാല. അതിന്നൊരു വഴിയാണ്. ഇരുട്ടിനെ വകഞ്ഞുമാറ്റുന്ന വെളിച്ചത്തിന്റെ വഴി. ഇരുട്ടിൽ നിന്ന് പുറത്തുവരുമ്പോൾ വെളിച്ചമായി. പാകിസ്താനിലെ സ്വാത്ത് താഴ്വരയിലെ പഷ്തൂൺ ഭാഷയിൽ മലാല എന്നാൽ ദുരിതം നിറഞ്ഞവൾ എന്നർഥം. മലാല ആരാണെന്ന് വർത്തമാനലോകത്തിന് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പാകിസ്താനിലെ  പച്ചവിരിച്ച കുന്നുകളും മലകളും നിറഞ്ഞ അതിസുന്ദരമായ സ്വാത്ത് താഴ്വരയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെതിരെ പ്രതികരിച്ച പതിനേഴുകാരി. അക്ഷരത്തെ ഭയന്ന താലിബാൻ ഈ പെണ്‍കുട്ടിയുടെ ഇടത് പുരികത്തിനുമേൽ നിറയൊഴിച്ചു. വെടിയുണ്ട തലച്ചോർ പിളർന്ന് കഴുത്തിൽ തറഞ്ഞുനിന്നു. ബ്രിട്ടനിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിലെ ചികിത്സയോടെ മലാല ജീവിതത്തിലേക്ക് പുത്തനുണർവോടെ തിരിച്ചുവന്നു. ഐക്യരാഷ്ട്രസഭ പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രചരണത്തിനായി മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായി ആചരിക്കുന്നു. പിന്നീട് അവൾ സമാധാനത്തിനുള്ള നൊബൽ സമ്മാന ജേതാവുമായി.

 

ഇന്ന്‍ മലാലയുടെ വളർച്ചയും വാക്കും ലോകം കാതോർക്കുന്നു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ഇരുളടഞ്ഞ ദുരിതത്തിൽ നിന്ന് മോചിതരാക്കുക എന്നതാണ് മലാലയുടെ ഇപ്പോഴത്തെ പ്രഖ്യാപിത ജീവിതലക്ഷ്യത്തിൽ മുഖ്യം. അതിനാവശ്യം യുദ്ധത്തിന്റെ അഭാവവും സമാധാനത്തിന്റെ സാന്നിദ്ധ്യവുമാണെന്ന് മലാല ലോകത്തെ ഓർമ്മിപ്പിക്കുന്നു. യു.എസ് പ്രസിഡന്റും സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവുമായ ബരാക് ഒബാമയെ വൈറ്റ്ഹൗസിൽ മലാല നേരിട്ടുകണ്ടപ്പോൾ അവൾ അദ്ദേഹത്തിന്റെ മുന്നിൽ വച്ച ആദ്യ ആവശ്യം പാകിസ്ഥാനിൽ യു.എസ് നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണം അവസാനിപ്പിക്കണമെന്നാണ്. തന്റെ രണ്ടാം ജീവിതത്തിന്റെ നേട്ടം തന്നിൽ നിന്ന് ഭയം അകന്ന് എന്തിനേയും നേരിടാൻ ധൈര്യം കൈവന്നു എന്നുള്ളതാണെന്ന് മലാല ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു. ആ ധൈര്യമാണ് ഒബാമയെ കണ്ടപ്പോൾ ഇത്തരത്തിലൊരാവശ്യം മുന്നോട്ടുവയ്ക്കാൻ മലാലയ്ക്ക് ധൈര്യം നൽകിയതും.

 

വെറും 88 പേജുള്ള, മാതൃഭൂമി ബുക്സ്‌ പുറത്തിറക്കിയ ഞാൻ മലാല എന്ന പി.എസ് രാകേഷിന്റെ പുസ്തകം സുഖകരമായ വായനാനുഭവത്തിനു പുറമേ വായനക്കാർ അറിയാതെ അവരുടെ ഉള്ളിൽ സൂക്ഷ്മമായ നിക്ഷേപങ്ങൾ നടത്തുന്നു. മാതൃഭൂമിയിലെ പത്രപ്രവർത്തകനാണ് രാകേഷ്. വളരെ ചെറിയ രീതിയിലാണെങ്കിലും രാകേഷിന്റെ സൂക്ഷ്മമായ നിരീക്ഷണക്കുറിപ്പുകൾ ഈ പുസ്തകത്തെ മലാലയുടെ ഡയറിക്കുറിപ്പുകൾക്ക് ചേർന്ന ചട്ടപോലെ ആക്കുന്നുണ്ട്. അതുപോലെ ഡോ. ഖദീജാ മുംതാസ്സിന്റെ അവതാരികയും വായനക്കാർക്ക് മലാലയെ എങ്ങിനെ വായിക്കണം എന്നതിന് നന്നായി സഹായിക്കുന്നുണ്ട്. മലാലയെക്കുറിച്ചും അവൾ പിന്നിട്ട ദുർഘടസന്ധികളെക്കുറിച്ചും കേരളത്തിലെ കുട്ടികൾ അറിഞ്ഞിരിക്കണം എന്ന തീർത്തും വ്യക്തിപരമായ താൽപ്പര്യം മാത്രമാണീ പുസ്തകത്തിന്റെ പിന്നിലെന്ന് രാകേഷ് ആമുഖത്തിൽ പറയുന്നു. ചുംബനം പരസ്യമായി നടത്തണോ, അതോ ചുംബനമുപയോഗിച്ച് പ്രക്ഷോഭിക്കണോ എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്ന കേരളീയ സമൂഹവും പ്രത്യേകിച്ചും അജണ്ടകൾ നിശ്ചയിക്കുന്ന ചാനലുകളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഞാൻ മലാല.

 

malala yousafzaiഇരുട്ടും വെളിച്ചവും. അത് പ്രപഞ്ച പ്രതിഭാസമാണ്. എവിടെയാണെങ്കിലും അജ്ഞതയിൽ നിന്ന് അറിവിലേക്കുയരുക മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ആ അറിവിന്റെ അഭാവത്തിലാണ് കോലാഹലങ്ങളും വിവാദങ്ങളും അതിന്റെ പാരമ്യതയിൽ തീവ്രവാദവും ഒക്കെ ഉടലെടുക്കുന്നത്. അവിടെയാണ് മലാല പ്രതീകമാകുന്നത്. അജ്ഞാനം എത്രമാത്രം വിദ്യയെ പേടിക്കുന്നു എന്നതിന്റെ തെളിവാണ് മലാലയുടെ നേർക്ക് താലിബാൻ നിറയൊഴിച്ചത്. ഈ താലിബാനിസം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എവിടെയും നിലനിൽക്കുന്നു. ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു മാത്രം. കേരളത്തിൽ അവ വർധിതമാകുന്ന ചിത്രം ദിനംപ്രതി പല രൂപത്തിൽ ഭാവത്തിൽ നാം കാണാൻ വിധിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കുഞ്ഞുമലാല പേടിച്ച് ഉറങ്ങുകയും പേടിച്ച് ഉണരുകയും ജീവിക്കുകയും ചെയ്ത സ്വാത്തിനേക്കാൾ എത്രയോ അകലെയാണ് ചുംബനത്തെ ചുറ്റിപ്പറ്റി വിവാദവും പ്രതിഷേധവുമൊക്കെയായി കലുഷിതമാകുന്ന നമ്മുടെ അന്തരീക്ഷം. നമ്മുടെ ജനായത്ത സംവിധാനം മദ്യം കൊണ്ടായാലും മദിരാക്ഷി കൊണ്ടായാലും എത്ര തന്നെ ദൂഷിതമാണെങ്കിലും അത് ഇപ്പോഴും എത്രമാത്രം ശക്തമാണിവിടെ എന്ന് നാം നന്ദിപൂർവ്വം സ്മരിക്കാൻ നാം ബാധ്യസ്ഥരാണ്. ചുംബനസമരവിവാദത്തിൽ വിസ്മരിക്കപ്പെട്ടുപോകുന്നത് മലാലയാണ്. ചുണ്ടുകൾ പ്രാഥമികമായി വെളിച്ചത്തിന്റെ വാക്കുകൾ പുറപ്പെടുവിക്കാനുള്ളതാണെന്നാണ് മലാല ഓർമ്മിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലായാലും അവളുടെ ഡയറിക്കുറിപ്പിലായാലും ഒബാമയെ കണ്ടപ്പോഴായാലും അതാണവൾ ഓർമ്മിപ്പിക്കുന്നത്.

 

ഈ കുഞ്ഞുപുസ്തകം വായിച്ചുപോകുമ്പോൾ അതിൽ പറയുംപോലെ ഞാൻ മലാല അവളുടെ അച്ഛൻ സിയാവുദീൻ യൂസഫ്സായിയുടേയും കഥ കൂടിയാണ്. ഈ പുസ്തകത്തിന്റെ ഭംഗിയും അതാണ്. മലാല ഇന്ന് വെളിച്ചത്തിന്റെ പ്രതീകമായ ദീപനാളമാണെങ്കിൽ അതിനെ സൃഷ്ടിച്ചത് സിയാവുദീന്റെ കുടുംബമാണ്. ഒരു കുടുംബഭംഗിയുടെ തിരി കൂടിയാണ് മലാല. ഭദ്രവും സ്നേഹനിർഭരവുമായ ഒരു കുടുംബസംവിധാനത്തിൽ നിന്നേ ധൈര്യമുള്ള കുട്ടികൾ സമൂഹത്തിലേക്കും ലോകത്തിലേക്കും വരികയുളളു എന്നുള്ളതു ഞാൻ മലാല ഓർമ്മിപ്പിക്കുന്നു. അദൃശ്യമായ ആ സാമൂഹികപ്രസ്ഥാനത്തിന്റെ ധാതുലവണങ്ങളാണ് മലാലയുടെ ഡയറിക്കുറിപ്പുകളിലൂടെ പ്രകടമാകുന്നത്. അവളുടെ അച്ഛനും അമ്മയും സമാധാനപ്രിയരും ശുഭാപ്തിവിശ്വാസികളുമായിരുന്നു. ദുരന്തവാർത്ത കേട്ടിട്ട് അങ്ങനെയുളള വാർത്തകൾ ഇനി വീട്ടിൽ വന്നറിയിക്കരുതെന്ന് അച്ഛനോട് കലഹിക്കുന്ന തന്റെ അമ്മയുടെ ചിത്രം മലാലയുടെ ഒരു ദിവസത്തെ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. സമാധാനത്തിന്റേയും സ്നേഹത്തിന്റേയും അന്തരീക്ഷത്തിൽ നിന്നു മാത്രമേ സ്നേഹസമ്പന്നരായ വ്യക്തികൾ സമൂഹത്തിലേക്ക് വരികയുള്ളു എന്നും മലാല സാക്ഷ്യപ്പെടുത്തുന്നു.

 

ഈ പശ്ചാത്തലത്തില്‍ കേരളത്തിൽ ചാനലുകൾ ദിനംപ്രതി പ്രേക്ഷകരിൽ ലഹരി പിടിപ്പിക്കാനായി തെരഞ്ഞെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വിഷയങ്ങൾ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ എന്തെന്ന് ആലോചിക്കണ്ടതാണ്. ഞാൻ മലാലയിൽ ശക്തവും എന്നാൽ സൂക്ഷ്മവുമായി കിടക്കുന്ന ധാതുലവണങ്ങൾ എത്രത്തോളം ഈ പരിപാടികളില്‍ ഉണ്ടെന്നുള്ളതും ഓർത്തുനോക്കാവുന്നതാണ്. ഓരോ ദിവസവും നമ്മുടെ സംവിധാനങ്ങളുടെ കൊള്ളരുതായ്മകൾ മാത്രം എടുത്തുവിളമ്പി പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കാനുള്ള മത്സരം തുടരുമ്പോൾ ഈ സംവിധാനത്തെ ഇത്ര ആരോഗ്യത്തോടെ നിലനിർത്തുന്ന ഘടകങ്ങൾ ഏതാണെന്നുള്ളതും ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് മലാല നമ്മോട് പറയുന്നു. അതാണ്‌ ഞാൻ മലാലയിലൂടെ ഉച്ചത്തിൽ കേൾക്കാൻ കഴിയുന്നത്. കാരണം ആ ഘടകങ്ങൾ ജീർണ്ണിച്ചുപോകാതെ ആരോഗ്യത്തോടെ  നിലകൊള്ളേണ്ടത് ഇവിടെ ജീവിക്കുന്ന ഓരോരുത്തരുടേയും നിലനിൽപ്പിന്റേയും അതിജീവനത്തിന്റേയും ആവശ്യകതയാണ്. താലിബാനിസത്തിന്റെ അനുരണനങ്ങളും നമ്മുടെ സമൂഹത്തിലും മൂളിയും മുരണ്ടും കേൾക്കുന്നു എന്നുള്ളതും ഓർക്കുമ്പോഴാണ് രാകേഷ് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കേരളത്തിലെ കുട്ടികളല്ല, മുതിർന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ടതാണെന്ന് ബോധ്യമാകുന്നത്. ചുരുങ്ങിയപക്ഷം വീടുകൾക്കുള്ളിലെ താലിബാൻ അനുരണനങ്ങളെങ്കിലും സ്വയം അറിയാൻ ഈ പുസ്തകം സഹായകമാകും. ഒരേസമയം പാകിസ്താനിലെ താലിബാനോടും ലോകമെമ്പാടുമുള്ള തീവ്രവാദികളോടും ലോകത്തോടു മൊത്തമായും എവിടെയുമുളള വ്യക്തിയുമായി ഈ കുഞ്ഞുപുസ്തകം സംവദിക്കുന്നു. 65 രൂപ വിലയുള്ള പുസ്തകത്തിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ വായനയ്ക്ക് ഭൂമിശാസ്ത്രപരമായ പശ്ചാത്തലം സൃഷ്ടിക്കുന്നതിൽ സഹായകമായിട്ടുണ്ട്. സിയാവുദീനും കുടുംബവുമായുള്ള ചിത്രവും ഹൃദ്യാനുഭവം പകരുന്നുണ്ട്. പരിഭാഷയിൽ ഒരിടത്തും കല്ലുകടി അനുഭവപ്പെടാതിരുന്നത് പ്രത്യേകം പറയേണ്ടതാണ്.

Tags: