Skip to main content

മാര്‍ച്ച് ബാങ്ക് ജീവനക്കാരുടെ നരകമാസമാണ്. ചെയ്താലും ചെയ്താലും തീരാത്ത ജോലികള്‍, ഓടിയാലും ഓടിയാലും തീരാത്ത അപ്പോയന്റ്മെന്റുകള്‍, മുട്ടിച്ചാലും മുട്ടിച്ചാലും മുട്ടാത്ത ടാര്‍ഗറ്റുകള്‍. വേനലിനേക്കാളും നോവിക്കുന്ന മാനേജരുടെ നോട്ടങ്ങള്‍, മൂളലുകള്‍, അട്ടഹാസങ്ങള്‍. ആഴ്ചയ്ക്ക് രണ്ടെന്ന വണ്ണമുള്ള റിവ്യൂ മീറ്റിംഗുകള്‍. ഭൂലോകത്ത് മനുഷ്യജീവികളെ പടച്ചുവിട്ട തമ്പുരാനെ തന്നെ ശപിച്ചുപോകുന്ന ഘട്ടം.

 

മുപ്പത്തിയൊന്നാം തിയതി കഴിഞ്ഞ് ഏപ്രില്‍ ഒന്ന്‍ പുലരുമ്പോഴോ, കര്‍ക്കടക കൊടുംമാരിയൊടുങ്ങി ചിങ്ങനിലാവ് പരക്കുന്ന പോലെ ഒരനുഭൂതി. ഭൂമി ചുമലില്‍ നിന്ന്‍ താഴെയിറക്കിവെച്ച് മൂരി നിവരുന്ന അറ്റ്‌ലസിന്റെ ആശ്വാസം.

 

അങ്ങനെത്തെ ഒരു ഏപ്രില്‍ ദിനത്തിലാണ് ഒരുപാട് നാളുകളായി നീട്ടിവെച്ചുകൊണ്ടിരുന്ന രമണ മഹര്‍ഷി പുസ്തുകശാലാ സന്ദര്‍ശനം. പുസ്തകശാല എറണാകുളം ടി.ഡി റോഡിലാണ്. എം.ജി റോഡില്‍ ഷേണായീസ് ജങ്ഷനില്‍ നിന്ന്‍ കോണ്‍വെന്റ് റോഡിലേക്കുള്ള വഴി, പബ്ലിക് ലൈബ്രറി ജങ്ഷനില്‍ വന്നു മുട്ടുന്നിടത്ത് നിന്ന്‍ വലത്തോട്ട് തിരിയുക. ഇത്തിരി മുന്നോട്ടുപോയാല്‍ ഇടതുവശത്ത് പുസ്തകശാല കാണാം.

 

ഒരു കൊച്ചുസ്ഥലം. പക്ഷേ, അദ്വൈതാമൃത വര്‍ഷിണികളായ മഹദ്ഗ്രന്ഥങ്ങളുടെ ശേഖരം. തിരുവണ്ണാമല രമണാശ്രമത്തിലെ പുസ്തകശാല ഓര്‍ത്തുപോയി. ശാന്തിയുടെ ആ പര്‍വതഗാംഭീര്യം, ധ്യാനപൂര്‍ണ്ണമായ തിരുവണ്ണാമല ദിനങ്ങള്‍. ഒരു വെള്ളമയിലായി മനസ്സ് അന്ന്‍ ആശ്രമമുറ്റത്ത് മേഞ്ഞുനടന്നു. വെയിലേറ്റ്, കാറ്റേറ്റ് അത് തിരുവണ്ണാമല നടന്നുകയറി. രമണ മഹര്‍ഷി അമ്മയുമൊത്ത് കഴിഞ്ഞ സ്കന്ദാശ്രമം. താഴെ വിരൂപാക്ഷ ഗുഹ.

swami rama thirtha

 

പുസ്തകങ്ങളിലൂടെ കണ്ണോടിക്കവേ, തേജോപൂര്‍ണ്ണനായ ഒരു യോഗിവര്യന്റെ മുഖം ഒരു പുറംചട്ടയില്‍. സ്വാമി രാമതീര്‍ഥന്‍, വിദേശപ്രസംഗങ്ങള്‍ എന്നാണ് ഗ്രന്ഥനാമം. സ്വാമി രാമതീര്‍ഥരെക്കുറിച്ച് ആദ്യമായി വായിച്ചത് ഓഷോയുടെ പുസ്തകങ്ങളിലാണ്. രാമന്‍ എന്നാണ് രാമതീര്‍ഥര്‍ സ്വയം അഭിസംബോധന ചെയ്തിരുന്നത്. രാമന്റെ കുടുംബം, രാമന്റെ പ്രഭാഷണം എന്നിങ്ങനെ. സാക്ഷീഭാവത്തിന്റെ മറുകര കണ്ട ഒരു യോഗിയ്ക്ക് മാത്രമേ ഇത് സാധ്യമാകൂ എന്ന് ഓഷോ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

 

ഈ പുസ്തകത്തിലേക്ക് കാന്തത്തില്‍ മൊട്ടുസൂചിയെന്ന പോലെ എന്നെ ഒട്ടിപ്പിടിപ്പിച്ചത് വേറൊന്നാണ്‌. ബ്രഹ്മജ്ഞാനിയായ മഹാഗുരു പ്രൊഫ. ജി ബാലകൃഷ്ണന്‍ നായരുടെ അവതാരിക. അതിലദ്ദേഹം രാമതീര്‍ഥരുടെ ജീവചരിത്രം മനോജ്ഞമായി വര്‍ണ്ണിക്കുന്നു. തുടര്‍ന്ന്‍, രാമതീര്‍ഥര്‍ എന്തിന് ലോകം മുഴുവന്‍ നടന്ന് പ്രഭാഷണം നടത്തി എന്ന്‍ വിവരിക്കുന്നു: “സത്യം പൂര്‍ണ്ണമായി അനുഭവിക്കുന്ന ഒരാളില്‍ പിന്നെ പ്രാരാബ്ധവശാല്‍ ഒരാഗ്രഹം മാത്രമേ അവശേഷിക്കുന്നുള്ളൂ. താനനുഭവിക്കുന്നതും മനുഷ്യജീവിതത്തെ പൂര്‍ണ്ണധന്യതയിലെത്തിക്കുന്നതുമായ ആ സത്യത്തെ കഴിയുന്നത്ര ലോകത്തുടനീളം പ്രചരിപ്പിക്കണമെന്നയാഗ്രഹം.” ഇതിന് വേണ്ടിയാണ് മറ്റ് പല മഹായോഗിവര്യരേയും പോലെ രാമതീര്‍ഥരും വിദേശസഞ്ചാരം ചെയ്തത്.

 

അതിസുന്ദരമായ മുഖവുര കഴിഞ്ഞ് നമ്മള്‍ പുസ്തകപ്രവേശം ചെയ്യുമ്പോള്‍ ഈശ്വരത്വത്തിലേക്ക് ഏതൊരാളെയും വലിച്ചടുപ്പിക്കുന്ന ഇരുപത് ഉജ്വലമായ പ്രഭാഷണങ്ങള്‍. 1902 മുതല്‍ 1904 വരെ യു.എസില്‍ പലയിടങ്ങളിലും രാമതീര്‍ഥര്‍ നടത്തിയ പ്രഭാഷണങ്ങളാണിവ. കൂടാതെ, അന്വേഷകരുമായി അദ്ദേഹം നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ഈയുള്ളവന്റെ അല്‍പ്പജ്ഞാനത്തെ മാത്രമേ വ്യക്തമാക്കൂ. ഒന്ന്‍ ഉറപ്പിച്ച് പറയാം. ആത്മദര്‍ശനം സാധ്യമാകുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ ജീവിതം ഒരാള്‍ അറിയുന്നുള്ളൂ. യഥാര്‍ത്ഥ ധീരത ഒരാള്‍ അനുഭവിക്കുന്നുള്ളൂ. യഥാര്‍ത്ഥ ആനന്ദം ഒരാള്‍ നുകരുന്നുള്ളൂ.

 

കൃസ്തീയത മുറ്റിനിന്നിരുന്ന അമേരിക്കന്‍ സമൂഹത്തില്‍ പള്ളിയുടെ അശാസ്ത്രീയമായ വിശ്വാസരീതികളെ നിശിതമായി വിമര്‍ശിക്കുന്നു രാമതീര്‍ഥര്‍ ചിലയിടങ്ങളില്‍. ഹൈന്ദവതയുടെ പക്വമല്ലാത്ത ആരാധനാരീതികളെ കടപുഴക്കി എറിയാനും മടി കാണിക്കുന്നില്ല അദ്ദേഹം.

 

പുസ്തകാന്തത്തിലുള്ള പ്രഭാഷണങ്ങളില്‍ ദൈനംദിനം നമ്മളറിയേണ്ട പലതും വിഷയങ്ങളായി വരുന്നു. ഭാര്യാ-ഭര്‍തൃ ബന്ധത്തെപ്പറ്റി രാമന്‍ പറയുന്നത്, ദാമ്പത്യജീവിതം ഒരു മൂക്കുകണ്ണാടിയാണെന്നാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തടസ്സമാകുന്നതിന് പകരം, ഓരോരുത്തരും മറ്റെയാളില്‍ കൂടി പ്രപഞ്ചം മുഴുവന്‍ കാണണം.

 

ബലം പ്രയോഗിക്കപ്പെട്ട് ചലിക്കുന്ന യാതൊന്നും ബലവത്താകുകയില്ല എന്ന്‍ പറയുന്നിടത്ത് ഞാന്‍ എന്റേത് പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴില്‍ സംസ്കാരത്തെയാണ് കണ്ടത്. ആധ്യാത്മികതയുടെ കണിക പോലുമില്ലാതെ പോകുന്ന സ്വാര്‍ഥതയുടെ നിര്‍ബന്ധങ്ങള്‍. രാമതീര്‍ഥര്‍ പറയുന്നു: “ഈ ലോകത്തില്‍ നിങ്ങളുടെ ജോലി സംതൃപ്തിയോടെ ചെയ്യണം. നിങ്ങള്‍ സദാ ആഹ്ലാദസമന്വിതം വേല ചെയ്യണം. ആദിത്യനില്‍ നിന്ന്‍ രശ്മീസമൂഹം പുറപ്പെടുന്ന പോലെ. റോസാപുഷ്പത്തില്‍ നിന്ന്‍ സൗരഭ്യധോരണി പ്രസരിക്കുന്നത് പോലെ.” ഇത്തരത്തില്‍ വേല ചെയ്യാന്‍ ആത്മീയതയില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു തൊഴില്‍ സംസ്കാരം രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

 

രണ്ടുനാള്‍ കൊണ്ട് മുന്നൂറില്‍ പരം പുറങ്ങളുള്ള പുസ്തകം വായിച്ചുതീര്‍ത്ത് മടക്കുമ്പോള്‍ ഇതുവരെ ജീവിച്ചുതീര്‍ത്തതും ഇനിയങ്ങോട്ടുള്ളതുമായ ജീവിതം ഒരുപോലെയാവില്ലെന്ന തോന്നല്‍ ദൃഡമായി ഉള്ളില്‍ നിറയുന്നു. ഈ പുസ്തകം വാങ്ങാനിടയാക്കിയ മഹദാമറിവിനോട്‌ കൃതജ്ഞത.

 

ഒരു സങ്കടം മാത്രം. ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അധികം പ്രതികള്‍ ലഭ്യമല്ല. വാങ്ങനാഗ്രഹമുള്ളയാളുകള്‍ക്ക് ഉപകാരമാകുവാന്‍ പ്രസാധകരുടെ വിലാസം ചേര്‍ക്കുന്നു: ശ്രീ ശിവശങ്കരാശ്രമം, കരിമ്പിന്‍പുഴ തപാല്‍, കൊട്ടാരക്കര – 691513. കൊല്ലം ജില്ല.

 

രാമതീര്‍ഥര്‍ പുസ്തകമവസാനിപ്പിക്കുന്നത് കുറേ താക്കീതുകള്‍ തന്നുകൊണ്ടാണ്. അവയില്‍ ഒന്ന്‍ ഉദ്ധരിച്ച് ഞാനും വിരമിക്കട്ടെ.

“ഒരു മതത്തെ അതിന്റെ സ്വന്തനന്മകള്‍ നോക്കി വിശ്വസിക്കുക. നിങ്ങള്‍ നേരിട്ടത് പരിശോധിക്കുക. പരീക്ഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബുദ്ധനോ യേശുവിനോ മുഹമ്മദിനോ കൃഷ്ണനോ വിറ്റുകളയരുത്.”    


suresh babuഎച്ച്.ഡി.എഫ്.സി. ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജറാണ് സുരേഷ് ബാബു.