സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ - 50 എണ്ണം ഒറ്റപുസ്തകത്തിൽ

സുരേഷ് ബാബു
Mon, 30-09-2013 11:45:00 AM ;

50 SelfHelp Classics മാനസികാസ്വാസ്ഥ്യം ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ്. ഇക്കാലത്തെ ജീവിതരീതിയും തൊഴിൽ സമ്പ്രദായങ്ങളും സംസ്‌കാരവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. സംസ്‌കാരം എന്ന് ഞാനുദ്ദേശിച്ചത് തൊഴിൽ സംസ്‌കാരമാകുന്നു. എത്ര ദുഷ്കരമാണവസ്ഥ! ആർക്കും ഒരു സ്വസ്ഥതയുമില്ല. ആർക്കും ഒരുത്തരേയും കണ്ടുകൂടാ! എത്ര ദുഷ്‌കരവും വേദനാജനകവുമാണ് ഇക്കാലത്തെ ജനജീവിതം?

 

'ഹോ... ഞാൻ തന്നെയാണോ ഇത്രയും സാഹിതീയമായ ഭാഷ പടച്ചുവിട്ടത്? പടച്ച തമ്പുരാനേ, പൊറുത്ത് മാപ്പാക്കണം. ഇങ്ങനെയായാൽ പെരുത്തുകാലം എഴുത്തിൽ തുടരാൻ ആവതല്ല. കോമ്പറ്റീഷൻ എന്നെ കറിവേപ്പിലയാക്കാനാണ് സാധ്യത. സാഹിതീയത്തിന് എത്ര കൊമ്പൻമാരിരിക്കുന്നു. എഴുതാൻ ഉദ്ദേശിച്ചെടുത്ത വിഷയം ഇത്തിരി ഗുലുമാൽട്ടീസ് നിറഞ്ഞതായതിനാലാവാം ഈ ഗൗരവ്.

 

മേലെപറഞ്ഞ ചിത്തരോഗാവസ്ഥയുമായി ഒത്തൊരുമയിൽ കഴിയാൻ വയ്യാത്തവരിലൊരുവനാണിവനും. ജോലിയുടെ സംസ്‌കാരത്തിന്റെ സമ്മർദം താങ്ങാനാവാത്ത പ്രഷർകുക്കർ. ഏതുനേരവും ചിന്തമാത്രം. കുടുംബവും കൂട്ടുകാരുമില്ല. കുഞ്ഞുങ്ങളോടുപോലും കളിതമാശയില്ല!

 

പുസ്തകങ്ങളുമായുള്ള പരിചയം, അവരുടെ ഇടയിൽ തന്നെ എന്റെ വൈദ്യൻ ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് വിശ്വാസം തന്നു. ഒരുപാട് പുസ്തകവൈദ്യന്മാർ എന്നെ നന്നാക്കാൻ നോക്കി. ഞാനുണ്ടോ നന്നാവുന്നു! എന്നാലും വൈദ്യനെതേടൽ പ്രക്രിയ നിർത്തിയില്ല.

 

ഇങ്ങനെയുള്ള കാലത്തിങ്കലാണ് ഒരു നട്ടുച്ചനേരത്ത് കോഴിക്കോട് മാതൃഭൂമി പുസ്തകശാലയ്ക്ക് മുമ്പിലെത്തി പകച്ചുനിന്നത്. ഒരഞ്ചാറുവർഷങ്ങൾക്കുമുമ്പുള്ള ചെറൂട്ടി റോഡ് താങ്കൾ ഓർക്കുന്നുവോ? ഭാരതീയർക്കു മാത്രമല്ല, സാർവലൗകികർക്കും വേണ്ടത്ര പൊടിപടലങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന പ്രശസ്ത പ്രദേശമായിരുന്നു തത്രഭൂതലം. മാതൃഭൂമിയുടെ ശീതീകരണി പ്രവർത്തിക്കാത്ത ശീതീകരിച്ച പുസ്തകശാലയാകട്ടെ പ്രസ്തുതപൊടിപടലങ്ങളുടെ സംഭരണശാലയും. പുസ്തകങ്ങളെല്ലാം പൊട്യാവൃതം.

 

Tom Butler-Bowdenകൂടിക്കിടന്ന പൊടിയ്ക്കിടയിൽ നിന്ന് ഒരു പുസ്തകം രക്ഷക്കെന്നോണം കൈയുയർത്തിവിളിക്കുന്നു. ഓടിച്ചെന്ന് കൈപിടിച്ച് പൊക്കിയപ്പോൾ കാണായത് സ്വല്പം കുമ്പയൊക്കെയുള്ള ഒരു വെള്ളയടുപ്പുകാരനെ. മുന്നൂറില്പരം പേജുകൾ നിറഞ്ഞുകവിയുന്ന ജീവരക്ഷാ ഔഷധം. 50 സെല്‍ഫ് ഹെല്‍പ്പ് ക്ലാസിക്സ്. ഈ പുസ്തകം എഴുതിയിരിക്കുന്നത് ടോം ബട്ലര്‍ ബൌഡന്‍ എന്ന ദേഹമാണ്. ദേഹി നമ്മുടേതൊക്കെതന്നെ. സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ തേടിച്ചെന്ന ഞാന്‍ നടന്നുകയറിയത് ഒരു പഴയ സിംഹത്തിന്റെ മടയിലേക്കാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. അങ്ങനെ നിരത്തിനിർത്തിയിരിക്കയല്ലേ, സ്വയം സഹായത്തിനായുള്ള അമ്പത് സുവർണ ഗ്രന്ഥങ്ങൾ.

 

ഈ സെൽഫ് ഹെൽപ്പ് ഗ്രന്ഥങ്ങളുടെ രചന എപ്പോൾ തുടങ്ങിയെന്നത് ഇനിയും ചർച്ചകൾക്ക് വിഷയീഭൂതമാവാത്ത ഒരു ഭൂതമാകുന്നു. ഉപനിഷദുകളിൽ ചിലതും, ഭഗവദ്ഗീത മുതൽവരെല്ലാം ഈ ഗണപാധിപന്മാരാണെന്ന് വിവരക്കാർ പറഞ്ഞുഫലിപ്പിച്ചിട്ടുണ്ട്. മേൽപ്രസ്തുതൻ പക്ഷേ, ഈ ഗണത്തിൽപ്പെട്ട ഒരു ആപദ്ബാന്ധവനല്ല. മറിച്ച് വിശ്വസാഹിത്യമാലയിലെ സെൽഫ് ഹെൽപ്പ് മുടിച്ചൂടാ മന്നരിൽ നിന്ന് അൻപതുപേരെ തിരഞ്ഞുപിടിച്ച് യത്‌നിച്ച് ചുരുക്കി നമുക്ക് വിളമ്പിയ ഒരു സദ്യവട്ടമത്രെ.

 

ഇവന്റെ ഓരോ അധ്യായങ്ങൾ ഓരോ പുസ്തകങ്ങളാകുന്നു. 50 പുസ്തകങ്ങൾ. അൻപത് അധ്യായങ്ങൾ. അമ്പത്തൊന്നാമൻ വേറെയുള്ളത് വഴിയേ പറയാം.

 

മനോരോഗം ശമിപ്പിക്കാൻ ഏവൻ സഹായിക്കുമെന്ന പ്രാന്തപ്പറച്ചിൽ നിർത്തി, ഓരോ ആൾക്കും പറ്റിയ വൈദ്യനെ തെരഞ്ഞെടുക്കാൻ പാകത്തിലാണ് ഈ പുസ്തകത്തിന്റെ ക്രമീകരണം.

 

കിത്താബുകളെ കുറിച്ചുള്ള കിത്താബുകൾ ധാരാളം നാം കണ്ടിരിക്കുന്നു. ഒരുതരം പ്രഹസനപ്രഖ്യാപനം. ആർക്കൊക്കെയോ വേണ്ടിയുള്ള ഓക്കാനം, എഴുത്താളിന്റെ പാണ്ഡിത്യപ്രഖ്യാപനം.

 

എന്റെ സംശോധനത്തിന് വശംവദയായി പോയ ഈ പുസ്തകം അങ്ങനെയുള്ളതല്ല. ഉദാഹരിക്കാം.

 

ഗ്രന്ഥകാരൻ അപഗ്രഥിക്കുന്ന 50 സ്വാശ്രയ സ്വഭാവോദ്ധാരണ ഗ്രന്ഥങ്ങളിൽ ഒന്ന് ഭഗവദ് ഗീതയാണ്. 5-ാമത്തെ അധ്യായം. അധ്യായം തുടങ്ങുന്നതിന് മുമ്പ് പുസ്തകത്തിൽ നിന്നുള്ള ഏതാനും  “ഉദ്ധരണികൾ” കൊടുത്തിരിക്കുന്നു.

 

ഗ്രന്ഥകാരന് പുസ്തകം വായിച്ചപ്പോൾ കരളിൽ വിവേകം കൂടിയ ചില ക്വോട്ട്സ്. അതുകഴിഞ്ഞാൽ പുസ്തകത്തിന്റെ ചുരുക്കം ഒരുവാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. ''in a nutshell – seek peace inside yourself, do the work that is yours and wonder at the mysteries of universe'. കൊള്ളാം, അല്ലേ. ഭഗവദ്ഗീതയിൽ ഡോക്ടറേറ്റ് നേടാൻ ഉദ്യമിക്കുന്ന മഹാപുരുഷനല്ലെങ്കിൽ, മമപാതാ സഞ്ചാരികളാണെങ്കിൽ തല, താഴോട്ടും മേലോട്ടും സമ്മതഭാവേന ആട്ടേണ്ടതാണ്. അതുകഴിഞ്ഞ്, in a similar vein എന്ന തലക്കെട്ടിന് കീഴിൽ പ്രസ്താവ്യമായ പുസ്തകത്തോട് പലവിധേനയും അടുപ്പമുണ്ടാവാനിടയുള്ള പുസ്തകങ്ങളുടെ പേരുവിവരം കാണാവുന്നു. ഇവിടെ ദീപക്‌ ചോപ്രയുടെ The Seven Spiritual Laws of Success  ആണ് ഒന്നാമതായി എഴുതിയിരിക്കുന്നത്. രണ്ടാമതാകട്ടെ The Dhammapada.

 

ഊറിച്ചിരിക്കാൻ വരട്ടെ. ഒരു പാശ്ചാത്യൻ വായിച്ച ഗീതയാണെന്നോർക്കണം. വേറൊരു സുന്ദരവസ്തുത ഈ പറഞ്ഞ in a similar vein പുസ്തകങ്ങളും ഇതേ പുസ്തകത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നു എന്നതാണ്.

 

തുടർന്ന് പുസ്തകത്തെക്കുറിച്ചുള്ള ഒരു ലഘുചർച്ച. ഭഗവത്ഗീതയെക്കുറിച്ചുള്ള ചർച്ച തുടങ്ങുന്നത് ഇങ്ങനെയാണ് - ''The Bhagavad Gita is the record of a conversation between a young man and God''. ഇത്രയും ലളിതമായി ഗീതയെപ്പറ്റി പറയുന്നത് തന്നെ ഒരു വലിയ കാര്യം. പുസ്തകം വായിക്കുമ്പോൾ താങ്കൾക്ക് മനസ്സിലാവും എത്ര കാര്യമാത്രപ്രസക്തവും ഘനഗംഭീരവുമായാണ് ഓരോ പുസ്തകവും ചർച്ച ചെയ്യപ്പെടുന്നതെന്ന്.

 

വേറൊരു സെൽഫ് ഹെൽപ്പ് ക്ലാസിക്കാണ് The Bible - ഈ പുസ്തകം ടോം ബൌഡന്‍ ചുരുക്കത്തില്‍ കാണുന്നതിങ്ങനെ ''Love, faith, hope, the glory of God, the perfectibility of man''

 

വേറൊരുദാഹരണമാവാം.

ഈ പുസ്തകം ചർച്ചചെയ്യുന്ന 17-ാമത്തെ സെൽഫ് ഹെൽപ്പ് ക്ലാസിക്കാണ് The 7 Habits of Highly Effective People. ഇതിന്റെ സന്ദേശം രണ്ടു വാചകങ്ങളില്‍ പറഞ്ഞാല്‍: Real effectiveness comes from clarity (about your principles, values, and vision). Change is only real if it has become habitual.

 

വേറൊന്ന് -

28-ാമത്തെ Men Are from Mars, Women Are from Venus ചുരുക്കത്തില്‍ ഇങ്ങനെ: Before we can treat each other as individuals, we must take into account the behavior differences of the sexes.

 

ഇങ്ങനെ പോകുന്നു As a Man Thinketh തുടങ്ങി A Return to Love വരെയുള്ള അമ്പത് പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ച. പുസ്തകചർച്ചയ്ക്ക് പുറമെ ഗ്രന്ഥകാരന്റെ ഒരു ലഘു ജീവചരിത്രവും തരാൻ മറക്കുന്നില്ല ടോം ബൌഡന്‍.

 

ഇതൊക്കെ കൊണ്ട് പുസ്തകമവസാനിച്ചെന്ന് ധരിച്ചെങ്കിൽ തെറ്റി. അമ്പതാമദ്ധ്യായം കഴിഞ്ഞ് വേറൊരദ്ധ്യായമുണ്ട്. പ്രസ്തുതന്റെ പേരാണ് 50 More Classics - ഹമ്പടാ!!

 

അവിടെ ഈ പുസ്തകത്തിൽ പ്രതിപാദിക്കാത്ത അൻപത് പുസ്തകങ്ങളും അവയിലെ പ്രതിപാദങ്ങളുടെ ചുരുക്കം മൂന്നോ നാലോ വാചകങ്ങളിലും കൊടുത്തിരിക്കുന്നു.

 

മൂക്കുമുട്ടെയായി. വിസ്തരിച്ച് ഒരേമ്പക്കമിടാൻ പോലും പഴുതില്ല.

 

പുസ്തകം വായിച്ച് മടക്കുമ്പോൾ അൻപത് ഗ്രന്ഥങ്ങളുടെ ഊർജം.

വാൽകഷണം: എന്റെ വട്ട് മാറിയോ എന്നല്ലേ ചോദ്യം. അപ്രസക്തം. ഈ പുസ്തകപാരായണം കഴിഞ്ഞയുടനെ നമ്മുടെ ആംവേ സജീവ് സാറിന്റെ 'തഥാസ്തു' എന്ന ആംഗലേയഗ്രന്ഥം രൂപ ആന്റ് കമ്പനി പ്രസിദ്ധീകരിച്ചത് വായിക്കാനിടയായി. വീണ്ടും പടുകുഴിയിൽ നിപതിച്ചു...

 

'പുനരപിജനനം, പുനരപി മരണം' എന്നു പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...

 

suresh babuഎച്ച്.ഡി.എഫ്.സി. ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജറാണ് സുരേഷ് ബാബു.

Tags: