വൈറ്റ് ടൈഗറില്‍ ഉള്ളതും ശാന്താറാമില്‍ ഇല്ലാത്തതുമായ ഇത്

സുരേഷ് ബാബു
Thu, 13-06-2013 02:15:00 PM ;

മഹാവിഭ്രമന്മാർ അടക്കിവാഴുന്ന സാഹിത്യമെന്ന മഹാസാമ്രാജ്യത്തിലേക്ക് കടന്നുകളയാമെന്ന വ്യാമോഹമല്ല ഇതെഴുതാൻ പ്രേരണ. വർഷങ്ങള്‍ക്ക് മുൻപ് വായിച്ച രണ്ടു പുസ്തകങ്ങൾ, അവയിൽ പ്രതിപാദ്യമായ വിഷയങ്ങൾ, ഈയിടെ ചർച്ചയ്ക്ക് വിഷയീഭവിക്കുകയുണ്ടായി. അങ്ങനെ ഭവിച്ചപ്പൊൾ അതിനെ ക്രോഡീകരിച്ചിങ്ങനെയൊരു സിക്താരപർവം ചമച്ചേക്കാമെന്ന് നിരൂപിച്ചു . ആ നീരാണ് ഇനിയങ്ങോട്ടുള്ള ഉറവ.

 

മുൻപേ പറഞ്ഞ രണ്ടു പുസ്തകങ്ങളും ആംഗലേയത്തിലാണ്. ആ ലേഖകന്മാരിൽ ഒരാൾ ഭാരത വംശജനും മറ്റെയാൾ വിദേശിയും. പുസ്തകങ്ങളില്‍ ഒന്നാമൻ, ആസ്‌ത്രേലിയയിലെ കുപ്രസിദ്ധ ബാങ്ക് കവർച്ചക്കാരനും മയക്കുമരുന്നിനടിമയുമായിരുന്ന ഗ്രിഗറി ഡേവിഡ് റോബർട്ട്സ്, മുംബൈ പശ്ചാത്തലമാക്കിയെഴുതിയ ശാന്താറാം എന്ന നോവലാണ്. രണ്ടാമനാകട്ടെ, കർണാടക ബാങ്കിന്‍റെ മുൻ ചെയർമാൻ സൂര്യനാരായണൻ അഡിഗയുടെ കൊച്ചുമകന്‍ അരവിന്ദ് അഡിഗയുടെ ദ വൈറ്റ് ടൈഗർ എന്ന നോവലും.

 

ഈ ഒന്നാമൻ-രണ്ടാമൻ ഭാവഭേദം പ്രത്യേകിച്ചെന്തെങ്കിലും മാനദണ്ഡമുപയോഗിച്ച് ചെയ്തതാണെന്നു ഭവാന്മാർ ധരിച്ചുവശായെങ്കിൽ അതു തികച്ചും അടിസ്ഥാന രഹിതമാണ്. സത്യമായും ഒരു മാനവും എനിക്ക് രണ്ടു നോവലുകള്‍ക്കുമിടയിൽ അനുമാനിക്കാൻ സാധിച്ചിട്ടില്ല. കുറച്ചു ദുഷ്ചിന്തകൾ ഒഴിച്ചാൽ.

 

മുൻപേ പറഞ്ഞ ഗ്രിഗറി പ്രത്യേകിച്ചെന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത നേടിയ ആളാണെന്നു എവിടെയും പരാമർശിച്ച് കാണപ്പെടുന്നില്ല. പത്രപ്രവർത്തകനായ അഡിഗയാവട്ടെ പത്താംക്ലാസ് പാസായതു ഒന്നാം റാങ്കിൽ. പിന്നീടദ്ദേഹത്തിന്‍റെ  കുടുംബം ആസ്‌ത്രേലിയയിലേക്ക് കുടിയേറി. അഡിഗ ഇപ്പോള്‍ താമസം മുംബൈയിലാണ്. ഇതിനിടെ ഓക്സ്ഫോര്‍ഡില്‍ പോയി ധാരാളം വിദ്യ സമ്പാദിക്കുകയും  ടൈംസ് പത്രത്തിന്‍റെ കറസ്പോണ്ടന്റായി ജോലി ചെയ്യുകയും ചെയ്തു. ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തനവും പുസ്തകമെഴുത്തും ഗ്രന്ഥപാരായണവും മാത്രം.

 

രണ്ടുപേരുടെയും ഒത്തൊരുമ നോക്കുക. ജീവചരിത്രക്കുറിപ്പു വായിമ്പോൾ രണ്ടിലും ബാങ്ക് വരുന്നു. ആസ്‌ത്രേലിയ വരുന്നു. മുംബൈ വരുന്നു. എങ്ങിനെയാണിവ വന്നുചേരുന്നത് എന്നതിലെ വൈപരീത്യത്തോട് അല്പം ഇടത്തോട്ട് മുഖം ചെരിച്ചു നില കൊണ്ടാലും.

 

ബൽറാം ഹല്‍വായ്‌ എന്നാണ് വൈറ്റ് ടൈഗറിലെ കഥാനായകന്‍റെ പേര്. അന്തയാൾ ആഗോളീകൃത ഇന്ത്യയിലെ അവർഗ്ഗ ക്ലിഷ്ടതകളുടെ പ്രതിനിധിയാണ്. ടിയാന്‍റെ ജീവിതമാണ് കറുത്ത ഹാസ്യത്തിന്‍റെ കടുത്ത നിറം ചാലിച്ച് അഡിഗ അവതരിപ്പിക്കുന്നത്. ശ്രമകരമായ ഈ കർമ്മം ആരുടെയൊക്കെയോ സംതൃപ്തിക്കിണങ്ങുമാറ് അദ്ദേഹം ചെയ്തുതീർക്കുകയും മാൻ ബുക്കർ പുരസ്‌ക്കാരത്തിന് അർഹമാകുകയും ചെയ്തു. മാത്രവുമല്ല ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റില്‍ വളരെ നാൾ നീക്കമില്ലാതെ പ്രശസ്തൻ കിടക്കുകയുമുണ്ടായി. രണ്ടു പുസ്തകങ്ങളുടെയും കഥാതന്തുക്കൾ തമ്മിൽ കാര്യമായ സാമ്യമൊന്നുമില്ല.

 

ജീവിത ക്ലേശങ്ങള്‍ ഒരാളെക്കൊണ്ടു ചെയ്യിക്കാനിടയുണ്ടെന്ന്‍ എഴുത്താളര്‍ക്ക് തോന്നിയ കാര്യങ്ങളാണ് രണ്ടു കൃതികളിലും പ്രതിപാദ്യമെന്ന് സാമാന്യേന പറയാമെന്നാണ് അവധൂതമതം. ഒരാൾ തന്‍റെ തൊഴിലുടമയെ വകവരുത്തി അയാളുടെ ധനവും മോഷ്ടിച്ച് പലായനം ചെയ്യുന്നു. പിന്നീട് തന്‍റെ ചെയ്തികളാൽ കുടുംബത്തിന് വന്നുപെട്ട ദുരവസ്ഥകള്‍ അറിയാനിടയായിട്ടും അറിയാത്തതുപോലെ കഴിയുന്നു. ഏതുവിധേനയും തന്‍റെ നിലനില്‍പ്പ് ഊട്ടിയുറപ്പിക്കുക മാത്രമാണ് ബൽറാം ഹല്‍വായ്‌ ചെയ്യുന്നത്. അങ്ങനെ ചെയ്യണമെന്ന് തത്പുരുഷനും ഗ്രന്ഥകാരനും തീരുമാനിച്ചിറങ്ങിയാൽ സാമാന്യജനം കൈയുംകെട്ടി നോക്കിനില്ക്കുക തന്നെ ചെയ്യും. പക്ഷെ പുസ്തകം വായിച്ചു വരവേയുള്ള ഒരു ഇത്,  ഗട്ട് ഫീലിങ്ങ് എന്നൊക്കെയും ആംഗലേയത്തിൽ ഭാഷ്യം ചമയ്ക്കാം, അത് തികച്ചും ഋണഭരമാണ് വൈറ്റ് ടൈഗറിന്‍റെ കാര്യത്തിൽ. ഭാരതമെന്ന ദേശം തികച്ചും അക്രമാസക്തവുമന്ധകാരനിബിഡവുമാണെന്ന്‍ നമുക്കനുഭവപ്പെടും. നന്മ ഒരു കണികപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോയിരിക്കുന്നു. സ്‌നേഹം, ആർദ്രത തുടങ്ങിയ വികാരങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല. ദാരിദ്ര്യവും, ജാത്യാവഗണനയും വകവെക്കാതെയാണ് ബൽറാം ഹല്‍വായ്‌ എന്ന ഗ്രാമീണബാലൻ ദില്ലിയിലേക്ക് ഒരു പണക്കാരന്‍റെ ഡ്രൈവറായി കുടിയേറുന്നത്. അവിടെവെച്ച് ഭാരതത്തിന്‍റെ ഭരണ സിരാകേന്ദ്രങ്ങളിലെ അഴിമതിയും അസന്മാർഗ്ഗികതയും അയാൾ നേരിട്ടു കാണുന്നു. ഒരുനാൾ തന്‍റെ തൊഴിൽ ദാതാവ്, അശോകനെ കൊന്ന ശേഷം അയാളുടെ ധനവുമപഹരിച്ച് ബാംഗ്ളൂരിലേക്ക് പലായനം ചെയ്യുന്നു. ബാംഗ്ളൂരിൽ താനപഹരിച്ച പണമുപയോഗിച്ചയാൾ ടെക്‌നോളജി കമ്പനികളുടെ ട്രാൻസ്‌പോർട്ട് കോണ്‍ട്രാക്ടര്‍ ആകുന്നു. അവിടെയും അഴിമതി തന്നെ. ബൈക്ക് യാത്രക്കാരനെ കൊന്ന തന്‍റെ ഡ്രൈവറെ അയാൾ പൊലീസിന് കൈമടക്കുകൊടുത്ത് രക്ഷിക്കുന്നുമുണ്ട്. ഗ്രന്ഥകാരൻ തന്‍റെ പുസ്തകം അവസാനിപ്പിക്കുന്നത് അശോകന്‍റെ കൊലപാതകം തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വിലയാണെന്ന് ബൽറാം പ്രഖ്യാപിക്കുന്നിടത്താണ്.

 

കഥായാത്രയുടെ രാജപാതയിലുടനീളം ഈ പുസ്തകത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നു. കടുത്ത ഹാസ്യമെന്ന്‍ നിരൂപണ ലോകം വാഴ്ത്തുമ്പോഴും എവിടെയൊക്കെയോ പുസ്തകത്തിലെ ഭാരതീയരെല്ലാം തികഞ്ഞ അനാശാസ്യരും, ദാരിദ്ര്യ പേക്കോലങ്ങളും, അന്ത:സാരവിഹീനരുമാണെന്ന്‍ വരുത്തിത്തീർക്കാൻ എഴുത്താൾ കിണഞ്ഞു പരിശ്രമിച്ചില്ലേ എന്നു ശങ്കിച്ച് പോകുന്നു.

 

ഇനി ബാങ്ക് കവർച്ചക്കാരനെഴുതിയ നോവൽ നോക്കാം. ആസ്‌ത്രേലിയയിൽ തടവിൽ കിടക്കവെ ജയിൽ ചാടി എങ്ങിനെയൊക്കെയോ ബോംബെയിൽ എത്തിയയാൾ. ഇവിടെ വന്നതിനു ശേഷമുള്ള തന്‍റെ അനുഭവങ്ങള്‍ വിവരിക്കുകയാണ് ഗ്രിഗറി ഡേവിഡ് റോബർട്ട്സ്. ഇതു തന്‍റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ തന്നെയാണെന്ന്‍ എഴുത്താൾ പറയുന്നു. ബോംബെയിൽ എത്തിയ ലിൻ അവിടെ തെരുവിൽ വെച്ച് പ്രഭാകരൻ എന്ന ഒരാളെ പരിചയപ്പെടുകയും അയാളെ തന്‍റെ ഗൈഡായി നിയമിക്കുകയും ചെയ്യുന്നു. പ്രഭാകരൻ ലിന്നിനെ ലിൻബാബ എന്നാണ് വിളിക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് ഒരു ഘട്ടത്തിൽ പ്രഭാകരന്‍റെ ഗ്രാമം സന്ദർശിക്കുന്നു. പ്രഭാകരന്‍റെ അമ്മയാണ് കഥാനായകനു ശാന്താറാം എന്നപേർ ഇടുന്നത്. ഇവരുടെ മടക്കയാത്രയിൽ ലിൻ കൊള്ളയടിക്കപ്പെടുന്നു. തന്‍റെ ജംഗമങ്ങളെല്ലാം നഷ്ടപ്പെട്ട് കഥാനായകൻ ചേരിപ്രദേശത്തു താമസിക്കാൻ നിർബന്ധിതനാകുന്നു (താങ്കൾ ഈ ധാരാവീ ധാരാവീ എന്നു കേട്ടിട്ടില്ലെ!). നായകൻ കോളറയുടെ, കുഷ്ഠരോഗികളുടെ, അഗ്നിബാധയുടെ ഒക്കെ നടുവിലൂടെ കടന്നു പോകുന്നുണ്ട്. ഒരു ഘട്ടത്തിൽ മയക്കുമരുന്ന് കടത്തും, ആയുധവ്യാപാരവും ചാർജ് ചെയ്യപ്പെട്ട് ലിൻ ജയിലിൽ കിടക്കാനിടവരുന്നു. അവിടുത്തെ പൈശാചികമായ ജീവിതരീതികളും മറ്റും ഗ്രിഗറി വളരെ മനോഹരമായി വിവരിക്കുന്നു. ബൃഹത്തായ ഈ നോവലിന്‍റെ കഥാസാരം എഴുതാൻ തുനിഞ്ഞാൽ ഇന്നൊന്നും ഞാൻ ഓഫീസിൽ പോവുകയുണ്ടാവില്ല. ആയതിനാൽ നിർത്തി.

 

ഒരു കാര്യം പറയാതെവയ്യ. നേരത്തേ പറഞ്ഞതു പൊലെ വൈറ്റ് ടൈഗർ വായിമ്പോഴുണ്ടായിരുന്ന ഒരു ഇത് ശാന്താറാം വായിക്കുമ്പോൾ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. സ്നേഹത്തിന്‍റെ നിറവാണെല്ലായിടത്തും. ചേരിയിലും മലം കെട്ടിനില്‍ക്കുന്ന ലോക്കപ്പ് മുറിയിലും കൊള്ളക്കാരുടെ താവളങ്ങളിലും, വേശ്യാതെരുവുകളിലും, ബുള്ളറ്റ് മൊട്ടോർസൈക്കിളിലും റസ്റ്റൊറന്റുകളിലുമൊക്കെ ഒരു നിലാവ് പോലെ പരക്കുന്ന ലാവണ്യം. ഒരുപക്ഷെ വായനാ പരിശീലനത്തിന്‍റെ അഭാവമാകാം ഈയുള്ളവനെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

 

ഒരുകാര്യം പറഞ്ഞുവെക്കാൻ മാത്രമാണ് ഇത്രയൊക്കെ ഉറഞ്ഞുതുള്ളിയത്. ഒരാൾ എങ്ങനെ ഭാരതത്തെ കാണുന്നു എന്താണ് പ്രസക്തം. ഭാരതം എല്ലാർക്കും മുൻപിൽ ഒരുപോലെ വെളിവാക്കപ്പെടുന്നു. ഗ്രിഗറി പ്രഭാകരന്‍റെ ചിരിയിൽ ഇന്ത്യയുടെ നിതാന്ത പൈതൃകം ദർശ്ശിക്കാൻ ശ്രമിക്കുമ്പോൾ, അഡിഗ വെള്ള പൂശിയ വേശ്യാദേഹം വിവസ്ത്രമാക്കി ഇരുണ്ട വശം തിരിച്ചറിഞ്ഞു ജാത്യനാകുന്നു. തന്‍റെ പൈതൃകം വെള്ള പൂശപ്പെടുമ്പോൾ മാത്രം ശുദ്ധീകൃതമാകുന്നതാണെന്ന്‍ എഴുത്താളന്‍റെ മനസ്സിൽ എവിടെയോ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ലിൻ തന്‍റെ അറവാളുകളുടെ തുമ്പ് സ്നേഹം കൊണ്ട് നിറച്ച് വന്യതയിലേക്ക് നടന്നുപോകുന്നു. ഭാരതം കാണേണ്ടതു അകകണ്ണാലാണ്. അവാർഡുകളുടെ ഭാരം മാത്രം ഒരു പുസ്തകത്തെയും ധന്യാമാക്കുന്നില്ല എന്നു ഭരതവാക്യം.

 

വാല്കഷ്ണം: ശാന്താറാം വായിക്കാനിടയായ സാഹചര്യം വ്യക്തമാക്കാം. ആടുജീവിതം എന്ന മഹത്തായ കഥാപുസ്തകം അതിന്‍റെ പ്രസിദ്ധീകരണത്തിന്‍റെ ആദ്യനാളുകളിൽ തന്നെ വായിക്കാൻ സൌഭാഗ്യമുണ്ടായി. പ്രസ്തുത പുസ്തകത്തിന്‍റെ ആമുഖത്തിലാണോ അതോ അതേക്കുറിച്ചെഴുതിയ നിരൂപണത്തിലാണോ എന്നറിയില്ല, പ്രശസ്തമായ ശാന്താറാം എന്ന നോവൽ പോലെ മഹത്തായ ഒരു ഗ്രന്ഥമാണെന്ന് എഴുതിക്കണ്ടു. ഉടനെ ഫ്‌ളിപ്കാർട്ട്.കോമിന് ഒരു സെയിൽ നടന്നു. പുസ്തകം വായിച്ചപ്പോൾ എന്‍റെ മനോനില, ഹെന്‍റെ ശിവനേ! ആടുജീവിതം നിരൂപിച്ച നിരൂപകാ... നിനക്ക് സ്തുതി!! എന്നാലും ഇത്ര വേണമായിരുന്നൊ!?

 

suresh babuഎച്ച്.ഡി.എഫ്.സി. ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജറാണ് സുരേഷ് ബാബു.

Tags: