പതിമൂന്നു വയസ്സുകാരിയുടെ 'ഭൂമന്‍' ചിന്തകള്‍

മീന ഐ. വി.
Thu, 14-02-2013 02:30:00 PM ;

ഭൂമന്‍ ചിന്തകള്‍ - അപര്‍ണ്ണ എന്ന തൂലികാ നാമത്തില്‍  പതിമൂന്ന് വയസ്സുകാരി കീര്‍ത്തി രമേഷ് എഴുതിയ കൃതി. ജീവിതസ്മരണകള്‍ എന്ന വിഭാഗത്തിലാണ് ഈ പുസ്തകം ഉള്‍പെടുത്തിയിട്ടുള്ളത്. ഒരു പതിമൂന്നു വയസ്സുകാരിക്ക് ഇത്രമാത്രം സ്മരിക്കാനുണ്ടോ എന്ന മുതിര്‍ന്നവരുടെ സ്ഥിരം ഭാവത്തോടെയാണ് ഞാനീ പുസ്തകം വായിക്കാനെടുത്തത്.

 

ഒരു ഒമ്പതുവയസ്സുകാരിയുടെ ദൈനംദിന ജീവിതത്തിലെ ഓരോ സംഭവങ്ങളെക്കുറിച്ചു ആ ഒമ്പതുവയസ്സുകാരിയുടെ മനസ്സിലൂടെ നോക്കിക്കാണുന്നതാണു് തന്തു. അപര്‍ണ്ണയുടെ ആഖ്യാനരീതി നന്തനാരുടെ ''ഉണ്ണിക്കുട്ടന്റെ ലോകം'' ആണ് എന്നെ ഓര്‍മിപ്പിച്ചത്. ഇത്ര പാകത വന്ന ഒരു എഴുത്തുകാരന്റെ ശൈലിയില്‍ ഈ കൊച്ചുകുട്ടി എഴുതുന്നല്ലൊ എന്ന അത്ഭുതമാണു് ആദ്യം തോന്നിയത്. ഓരോ ചെറിയകാര്യങ്ങളിലും ഉള്ള നിരീക്ഷണം, നല്ല സരസമായ ഭാഷ- ഇവകൊണ്ടു് ഈ പുസ്തകം വയിച്ചു തീരുന്നതറിയില്ല. നല്ല വായനാശീലമുള്ള ഒരു കുട്ടിയില്‍ തന്റെ പ്രിയപ്പെട്ട പല എഴുത്തുകാരുടെയും സ്വാധീനം തുടക്കത്തില്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.

 

ഒരു അധ്യയന വര്‍ഷത്തിലെ ചില സംഭവങ്ങള്‍, അവയെ തന്റേതായ രീതിയില്‍ നെല്ലും പതിരും തിരിക്കാന്‍; അതിലൂടെ മുതിര്‍ന്നവരായ നമ്മള്‍ക്ക് കുട്ടികളെ വെറും വിവരമില്ലാത്തവരായിക്കാണരുതെന്ന ഒരു താക്കീതു തരുവാനും അപര്‍ണ്ണക്കു കഴിഞ്ഞു.

 

ഒന്നാം അധ്യായത്തില്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം എഴുന്നേല്‍ക്കുന്നതു തുടങ്ങി, സ്‌കൂള്‍ വാനിലെ തിരക്ക്, അതിനിടക്ക് വാനില്‍ ഒരു കൊച്ചു കുട്ടി ഛര്‍ദ്ദിച്ചത്, 'ഇവളും രാവിലെ ഇഡ്ഡലിയും സാമ്പാറും ആണെന്നു തോന്നുന്നു കഴിച്ചത്' തുടങ്ങി ചില കമന്റുകള്‍ മനസ്സില്‍ പറയുന്നതും സ്‌കൂളില്‍ ഓരോ ടീച്ചര്‍മാരുടെ പ്രത്യേകതകള്‍ തുടങ്ങി പലതും- ഇവയെല്ലാം വളരെ അടുക്കോടെ ചടുലമായ ഭാഷയില്‍ എഴുതിയിരിക്കുന്നു. സ്‌കൂള്‍ അസംബ്ലിയിലെ പ്രതിജ്ഞ കേള്‍ക്കുമ്പോള്‍ ആ കുഞ്ഞിന്റെ മനസ്സിലുണ്ടായ വിചാരം നോക്കൂ- '' 'എല്ല ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മരാണ് ' എന്നു പറയുന്ന കുട്ടികളല്ലെ പിന്നീട് രാജ്യദ്രോഹികളായ രാഷ്ട്രീയക്കാരും മാഫിയകളും തീവ്രവാദികളുമൊക്കെയായി മാറി ഇന്ത്യക്കരായ സഹോദരീസഹോദരന്മാരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയുമൊക്കെ ചെയ്യുന്നത്''.

 

സ്‌കൂളില്‍ മോറല്‍ സയന്‍സ് പഠിപ്പിക്കുന്നതിനെപ്പറ്റി എഴുതിയിരിക്കുന്നു.  ''ടീച്ചര്‍ പഠിപ്പിക്കുന്നു: നമ്മള്‍ ദാനശീലരായിരിക്കണം. സിമ്പിള്‍ വസ്ത്രങ്ങള്‍ ധരിക്കണം.'' ഇതെല്ലാം പഠിക്കുന്ന കുട്ടികള്‍ ഗുണ്ടകളും മറ്റുമായിത്തീരുന്നതെന്തേ? പഠിപ്പിക്കുന്ന ടീച്ചര്‍ ഡിസൈനര്‍ സാരിയും അതിനൊത്ത ആഭരണങ്ങളും അണിയുന്നതു ശരിയണോ? എന്നു കുട്ടി സംശയിക്കുന്നു. പഠനത്തിന്റെ ഉദ്ദേശം പരീക്ഷ പാസ്സാവലല്ല, മറിച്ച് പാഠ്യവിഷയം ഉള്‍ക്കൊണ്ട് ജീവിക്കുകയാണ് വേണ്ടതെന്നു തന്റെ കൂട്ടുകാരോടു ഇതിലൂടെ പറയുന്നു.

“ഭൂമന്‍ ചിന്തകള്‍”

അപര്‍ണ്ണ

വാണി പബ്ലിഷിംഗ് സെന്റര്‍, കൊല്ലം

വില – 50 രൂപ

വീട്ടിലെ കാര്യങ്ങള്‍ പറയുമ്പോള്‍ 'അനുജത്തി' എന്നൊരു അദ്ധ്യായം തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. 'അനുജത്തി എന്തിനെങ്കിലും വാശിപിടിക്കുമ്പോള്‍ ''അവള്‍ ചെറുതല്ലേ, അവള്‍ക്ക് കൊടുത്തേക്കൂ '' എന്നു അമ്മ പറയുന്നു. മൂത്തകുട്ടിയാകുന്നത് ചൊവ്വാദോഷത്തേക്കാള്‍ കഷ്ടമാണ്. എന്തും വിട്ടുകൊടുക്കണം.' തുടങ്ങിയ പ്രസ്താവനകളിലെ അസ്വാരസ്യം കൊച്ചനുജത്തിയോട് സ്‌നേഹത്തേക്കാള്‍ അസൂയ വളര്‍ത്തുന്ന മാതാപിതാക്കളുടെ പെരുമാറ്റത്തെ വിശദീകരിക്കുന്നു.

 

ജനങ്ങളുടെ അര്‍ത്ഥമില്ലാത്ത പൊങ്ങച്ചങ്ങളെക്കുറിച്ച് ഈ കൊച്ചു എഴുത്തുകാരിയുടെ വിവരണങ്ങള്‍ രസകരവും കുറിക്കു കൊള്ളുന്നതുമാണ്. നായികയുടെ കുഞ്ഞമ്മ ലണ്ടനില്‍നിന്ന് വന്നു. കുറെ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തുകയാണ്. അവരുടെ 'മലയാലം' കേട്ടിട്ട് ''ശ്ശെടാ ഇവരുടെ മലയാളം രഞ്ജിനി ഹരിദാസിനേക്കാള്‍ കഷ്ടമായല്ലൊ'' എന്നാണ് കമന്റ്. വിവാഹാഘോഷമെന്നു പറഞ്ഞ് വിലയേറിയ കല്യാണക്കുറി അടിക്കുന്നതു തുടങ്ങി സദ്യയെന്ന പേരില്‍ നടത്തുന്ന ദുര്‍വ്യയങ്ങളെപ്പറ്റിയും ചിന്തിക്കുന്നു. 'സദ്യക്ക് വിളമ്പുന്ന ഭക്ഷണങ്ങളില്‍ ഒട്ടുമുക്കാലും കഴിക്കാതെ വെയ്സ്റ്റാകുന്നു. അവയെല്ലാം നിക്ഷേപിക്കുന്നിടത്ത് മാലിന്യമുണ്ടാകുന്നു. ദുര്‍ഗന്ധവും.' തുടങ്ങിയ പരാമര്‍ശങ്ങളില്‍ അപര്‍ണ്ണയുടെ പരിസ്ഥിതിപ്രധാനമായ വിലയിരുത്തലും തെളിയുന്നുണ്ട്. ചരമവാര്‍ത്തയുടെ സെഷന്‍ ആണെന്നു തോന്നിക്കുന്ന രീതിയിലുള്ള ടെലിവിഷന്‍ വാര്‍ത്താബുള്ളറ്റിനുകളേയും കരച്ചില്‍ സീരിയലുകളേയും പറ്റിയും നര്‍മ്മരസം വിടാതെ വിവരിക്കുന്നുണ്ട്.

 

സാഹിത്യസൃഷ്ടികളെക്കുറിച്ചും തന്റേതായ അഭിപ്രായമുണ്ട്. മഴയെക്കുറിച്ച് തന്റെ ക്ലാസ്സിലെ കുട്ടി എഴുതിയ കഥയെക്കുറിച്ച് പറയുന്നു:  'മഴയെക്കുറിച്ച് പറയുമ്പോള്‍ എന്തിനാണ് വീടിന്റെ മട്ടുപ്പാവിനെക്കുറിച്ച് പറയുന്നത്. മഴയെക്കുറിച്ച് ഞാന്‍ ഇങ്ങനെ എഴുതും

'' ആകാശത്ത് പെരുമ്പറമുഴങ്ങി

കൊള്ളിയാന്റെ നൃത്തം തുടങ്ങി

നാടിനെവിറപ്പിച്ചു കൊണ്ടൊരു മഴ...'' തുടങ്ങി നല്ലൊരു കവിത

 

 

ഇങ്ങനെ ഒരുപാട് നുള്ളുനുറുങ്ങു കാര്യങ്ങളെക്കൊണ്ടു നിറഞ്ഞ നല്ല സുന്ദരമയ രചന. ഈ കൊച്ചുമിടുക്കിയില്‍ നല്ലൊരു എഴുത്തുകാരിയെ നമുക്കു കാണാം. ഈ സമൂഹം രക്ഷപ്പെടുമോ എന്നൊരു വേവലാതിയും പല വാചകങ്ങള്‍ക്കിടയിലും നിഴലിക്കുന്നുണ്ട്. ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു എഴുത്തുകാരിക്കുള്ള കഴിവിനെ തിരിച്ചറിഞ്ഞ് ശുഭാപ്തി വിശ്വാസിയായ ഒരു സാഹിത്യകാരിയാവട്ടെ എന്നു ആശംസിക്കുന്നു.

 

ഇതെല്ലാം കേള്‍ക്കുമ്പോള്‍ നമ്മള്‍ മുതിര്‍ന്നവര്‍ കുട്ടികളോടുള്ള പെരുമാറ്റത്തില്‍ എത്ര കരുതല്‍ ഉണ്ടാവണം എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു.