വണ്ടും മുളയും

പി. ശങ്കരപ്പണിക്കര്‍
Sun, 18-08-2013 04:00:00 PM ;
അമൃത് കടയാന്‍ ഒരു ശ്രമം. ഒപ്പം കൂടാം ഈ പാട്ടുക്ലാസ്സില്‍ ...

മോനേ... പാട്ടിൽ സംഗതിയും സംഭവവും ഒന്നുമില്ലല്ലോ... എന്ന വിധികർത്താക്കളുടെ ചോദ്യം ആദ്യമായി കേട്ട നേരം മലയാളികൾ ഒട്ടൊന്നുമല്ല ഞെട്ടിയത്.റിയാലിറ്റി ഷോയെന്ന്‍ കേട്ടപ്പോൾ അത്രയൊന്നും അവർ വിചാരിച്ചില്ല. പാട്ടിന് സംഗതിയോ ടെമ്പോയോ ടിപ്പർ ലോറിയോ മറ്റെന്തൊക്കെയോ ഉണ്ടെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു ഇപ്പോൾ.

 

അല്ല മാഷേ, എന്താണീ സംഗതി? സാധാരണക്കാരന്റെ ഈ ചോദ്യം ശരത്‌ സാറിനോടോ ചിത്രച്ചേച്ചിയോടോ ചോദിച്ചു നോക്കൂ. ഉത്തരം ഉടൻ ലഭിക്കും: 'മോളേ, പാട്ട് എന്നു പറഞ്ഞാൽ പാട്ടുമാത്രമല്ല. രചയിതാവ് എഴുതിയതാണ് വരികൾ. സംഗീതസംവിധായകൻ ചിട്ടപ്പെടുത്തുന്നത് ട്യൂണ്‍. ഇതിനിടയിലാണ് സംഗതി. ദാസേട്ടൻ പാടിയ അതേ സംഗതി തന്നെ പാടണമെന്ന്‍ യാതൊരു നിർബന്ധവുമില്ല. ഇംപ്രൊവൈസേഷൻ ആകാം. എന്നുവെച്ചാൽ കേൾക്കുമ്പോൾ പാട്ടിനൊപ്പം ശ്രോതാവിനെ സുഖിപ്പിക്കുന്ന എന്തോ ഒന്ന്‍. അതാണ് സംഗതി, സംഭവം എന്നൊക്കെ പറയുന്നത്. സംഗതി സംവിധായകൻ ഉണ്ടാക്കുന്നതാണെങ്കിൽ അതങ്ങനെ തന്നെ പാടണം.

 

എന്തു മനസ്സിലായി?

 

ചുരുക്കത്തിൽ 'സംഗതി', 'സംഭവം', 'ടെമ്പോ' തുടങ്ങിയവ ആരും എഴുതിവെച്ചിട്ടുള്ളതല്ല. അവയൊക്കെ വന്നു ഭവിക്കുതാകുന്നു. എവിടെ നിന്ന്‍?

 

പാടുന്നവന്റെ ഹൃദയത്തിൽ നിന്നാകുന്നു അവയുടെ വരവ്.

 

പാടുന്നവന് ഹൃദയമുണ്ടോ?

 

ഉണ്ടാകണം. ഇല്ല എങ്കിൽ കേൾക്കുന്നവൻ അസ്വസ്ഥനാകും. എഴുതുന്നവരെ കണ്ടിട്ടില്ലേ. ചിലർ പൊൻതൂലിക ഉപയോഗിച്ച് എഴുതുന്നു. മറ്റു ചിലരാകട്ടെ പിക്കാസ് കൊണ്ടാണ് എഴുതുന്നത്. വായനക്കാരന്റെ ഹൃദയം പിളർക്കുന്ന രചനയായിരിക്കും അത്.

 

ചുരുക്കത്തിൽ പാട്ടുകാരേ... യുവാക്കളേ, യുവതികളേ.... യുവചേതനയുടെ ലഹരികളേ... നിങ്ങൾ ഹൃദയം കൊണ്ട് പാടുവിൻ. അതു കേൾക്കാനായി ഈ ലോകം കാത്തിരിക്കുന്നു. യേശുദാസ്, ചിത്ര, എസ്.ജാനകി, ഹരിഹരൻ, മുഹമ്മദ് റാഫി തുടങ്ങിയവരെ നിങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക. പക്ഷേ, അവരെപ്പോലെ പാടരുത്. അത് മിമിക്രിയല്ലേ...? ഞാൻ പാടുന്നതാണ്  എന്റെ പാട്ട്. നീ പാടുന്നത് നിന്റെ പാട്ടാണ്. നിന്റെ പാട്ട് ഭൂരിപക്ഷം പേർ ഇഷ്ടപ്പെട്ടാൽ നീ പാട്ടുകാരനാവും. സുൽത്താന്റെ ചേലുകാരനും.

 

കലാഭവൻ മണിയുടെ പാട്ട് എല്ലാവരും ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ... തൂതപ്പുഴയാകെ അലഞ്ഞാൻ ആണ്‍ടീ?... ഇന്നു നിന്റെ വീട്ടില് കല്യാണലങ്കാരം... ഇന്നെന്റെ വീട്ടില് കണ്ണീരാണ്ടീ... എന്ന്‍ മണി പാടുമ്പോൾ അതിൽ ജീവിതമുണ്ട് എന്ന്‍ തോന്നും.

 

അങ്ങനെ സംഗീതം നമ്മുടെ അന്താരാളങ്ങളിൽ തട്ടി തട്ടി പുറത്തുവരണം. ഓംകാരം പോലത്തെ ഒരു പ്രതിധ്വനിയാകുന്നു അത്. ഇനി ഒരു ചോദ്യം:

 

'സ' എന്താണ് ഗുരു?

സ എന്നാൽ ഷഡ്ജം. മനുഷ്യശരീരത്തിലെ ആറ് സ്ഥാനങ്ങളിൽ വായുവിനെ മുട്ടിക്കാതെ താങ്കൾക്ക് ഉച്ചരിക്കാനാവില്ല. ശ്രമിക്കുനോക്കുന്നുവോ?

 

സരിഗമ കഴിഞ്ഞുള്ള 'പ' യുടെ ഫുൾഫോം?

പ എന്നാൽ പഞ്ചമം. വസന്തകാലത്ത് കുയിലുകൾ പ എ ശ്രുതിയിൽ പാടുന്നു. പഞ്ചമം വസന്തകോകില സ്വരം.

 

അങ്ങനെ ആകെ മൊത്തം ടോട്ടൽ ആയി നോക്കിയാൽ പഞ്ചഭൂതാത്മകമായ ഈ അണ്ഡകടാഹവും മനുഷ്യനും കവിഞ്ഞ് മറ്റൊരു സംഗീതവുമില്ല. സംഗീതമാകുന്നു എല്ലാം. അതിൽ സംഗതിയാകാം, സംഭവം ആകാം. ഇതൊന്നുമില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

 

ചേർന്നു കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കുന്ന പ്രകൃതിയോട് കലഹിക്കുന്ന അച്ഛനെ ഓർമയില്ലേ. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...എന്നോമലുറക്കമായ് ഉണർത്തരുതേ.. എന്നാണ് ആ പിതാവ് പറയുന്നത്. ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ, സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ... എന്ന്‍ ആ പിതാവ് സ്വന്തം ഹൃദയത്തെയും ശാസിക്കുന്നു.

 

അവിടെ നിഷ്‌കളങ്കമായി സ്വച്ഛന്തമായി ഉറങ്ങുന്ന ഒരു ചിടുങ്ങനെ ഉണർത്താനാണ് കുയിൽ ശ്രമിക്കുന്നത്. ശാരദനിലാവാകട്ടെ കൂടുതൽ പ്രഭയാർന്ന്‍ കൊച്ചുചെക്കനെ ഉറക്കമുണർത്താൻ തുടങ്ങുന്നു. അത് പാടുന്ന ഗായകൻ എങ്ങനെ പാടണമെന്ന്‍ പറഞ്ഞുകൊടുക്കാൻ കഴിയുമോ? പക്ഷേ, ജയചന്ദ്രൻ എന്ന ഭാവഗായകൻ ആ പാട്ട് നമ്മുടെ ഹൃദയത്തിൽ എത്തിച്ചു. അവിടെയാണ് പാട്ടുകാരൻ വിസ്‌ഫോടനം തീർക്കുന്നത്.

 

അങ്ങനെയെങ്കിൽ നമുക്കൊക്കെ ഇനിയും പാടിത്തുടങ്ങേണ്ട കാലമായി. കാലവും ക്രോധവും മോഹവും എല്ലാം നശ്വരമായിരിക്കുകയും സംഗീതം മാത്രം നിലനിൽക്കുകയും ചെയ്യുമെങ്കിൽ പാമരന്മാരായ നാം എന്തിന് പാടാതിരിക്കണം? ശാസ്ത്രസാഹിത്യ പരിഷത്തുകാർ ചോദിക്കുതുപോലെ പാട്ടിനെ ആർക്കാണ് പേടി?

Tags: