അദ്ധ്യായം അഞ്ച്: ഐ.സി.യുവില്‍ ഒരു സുഗന്ധ സ്വപ്നം

മീനാക്ഷി
Tue, 31-10-2017 04:08:00 PM ;

reality novel, passbook

ഐ സി യുവിന്റെ വാതിലിന് എതിര്‍ വശത്തുള്ള മുകളിലത്തെ നിലയിലേക്കുള്ള  പടിയില്‍ പ്രമീള ഇരിക്കുന്നു. താഴെ ഭിത്തിയില്‍ ചാരി മറ്റുള്ളവര്‍ക്കൊപ്പം കിരണും. നേരം സന്ധ്യ കഴിഞ്ഞു. ഓരോ തവണയും ഐ സി യുവിന്റെ വാതില്‍ തുറക്കുമ്പോള്‍ കിരണ്‍ അടുത്തേയ്ക്കു ചെല്ലും. നഴ്‌സ് അപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിയ്ക്കും. 'സെഡേഷനിലാണ്. അതിന്റെ ഉറക്കത്തിലാ'.പ്രമീളയുടെ ഫോണ്‍ ചിലച്ചു.'ഹലോ,ങാ . നീയിപ്പോ എവിടുന്നാ വിളിക്കുന്നേ, ഞാനിവിടെ മെഡിക്കല്‍ കോളേജ് ഐ സി യുവിന്റെ മുമ്പിലാ. ശിവാണ്ണന് ഒരാക്‌സിഡന്റ് പറ്റി. കുഴപ്പമൊന്നുമില്ല. ഉറക്കഗുളിക കൊടുത്തിരിയ്ക്കുവാ. ങാ,  ഇല്ല വേറെ കുഴപ്പമൊന്നുമില്ല. വേണ്ട നമുക്ക് മാറ്റിവയ്ക്കണ്ടാ. വേണ്ടാ, അത് മണ്ടയ്ക്കാട്ടമ്മയ്ക്ക് കോപമായാലോ. '

 

തന്റെ അമ്മ കിള്ളിപ്പാലത്തുള്ള കൂട്ടുകാരി ശോഭയുമായാണ് സംസാരിച്ചതെന്ന് കിരണിന് മനസ്സിലായി. ശോഭയാണ് പ്രമീളയുടെ ആത്മ മിത്രം. പ്രമീള ഇപ്പോള്‍ സന്തോഷത്തോടെ സംസാരിക്കുന്നതും ചിരിയ്ക്കുന്നതും ശോഭയോടു മാത്രമാണ്. ശോഭ പ്രമീളയുടെ കൈയ്യില്‍ നിന്നും ശരിക്കും കാശ് പിടുങ്ങുന്നതായും കിരണിനറിയാം. കിരണ്‍ മെല്ലെ അമ്മയുടെ അടുത്തേക്കു ചെന്നു.
' അമ്മേ കുറച്ച് കാശിന്റാവശ്യമുണ്ട്. എ.ടി.എമ്മില്‍ നിന്നു കുറച്ച് കാശെടുത്തു താ'
' ഇവിടെന്താ ചെലവ്. വേണ്ട അച്ഛന്റെ വേലയൊന്നും എന്റടുത്തെടുക്കേണ്ട. അച്ഛനും മക്കളും ഒള്ള കാശുകൊണ്ടങ്ങ് ഒപ്പിച്ചാ മതി. '
 തന്റെ പദ്ധതി പൊളിഞ്ഞതു മനസ്സിലാക്കി അമ്മയോട് വേണമെങ്കില്‍ അധികം ഇരുട്ടുന്നതിന് മുമ്പ് പൊയ്‌ക്കൊള്ളാന്‍ കിരണ്‍ പറഞ്ഞു.
' എപ്പോ പോകണമെന്ന് ഞാന്‍ തീരുമാനച്ചുകൊള്ളാം' കര്‍ക്കശമായ രീതിയില്‍ പ്രമീള പറഞ്ഞു. പ്രമീളയുടെ പറച്ചില്‍ പടിയിലിരുന്നവരെയും ഐ സി യുവിന്റെ മുന്നില്‍ പ്രാര്‍ഥനയുമായി ഇരുന്നവരുടെയുമൊക്കെ തല അവരുടെ ഭാഗത്തേക്കു തിരിപ്പിച്ചു.  

 

അമ്മയുടെ അടുത്ത് നില്‍ക്കുന്നത് അപകടമാണെന്ന് കണ്ട് കിരണ്‍ അവരുടെയടുത്തു നിന്നും പിന്‍വാങ്ങി. പ്രമീള അന്നു വീട്ടില്‍ പോകാതിരിക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലേയ്ക്കു വന്നത്. ഇരുട്ടിനെ പേടിയുള്ള പ്രമീളയ്ക്ക് വീട്ടില്‍ ഒറ്റക്കിരിയ്ക്കുക അതിലും വലിയ പേടിയാണ്. വീടിന്റെ നാലു വശവും ആള്‍ക്കാരുണ്ടെങ്കിലും വീട്ടില്‍ പകല്‍ പോലും ഒറ്റക്കിരിയ്ക്കുന്നത് അവര്‍ക്ക് നിര്‍വചിക്കാനറിയാത്ത പേടിയുളവാക്കുന്ന കാര്യമാണ്. ശിവപ്രസാദ് ക്ലാസ്സിനായി പുറത്തു പോയാല്‍ തിരിച്ചു വരുന്നതുവരെ മിക്കവാറും അവര്‍ മുറ്റത്തും വീടിന്റെ മുന്നിലുമായിരിക്കും. പകല്‍ പോലും വീട്ടിലെ മുറികളിലൊക്കെ ലൈറ്റിട്ട് വച്ചിരിക്കും. കറണ്ട് ചാര്‍ജ്ജ് കൂടുന്ന കാര്യം ശിവപ്രസാദ് ഓര്‍മ്മി പ്പിയ്ക്കുകയാണെങ്കില്‍ അതൊരു വന്‍ പൊട്ടിത്തെറിയായി മാറും. ചിലപ്പോള്‍ പുറത്തെ ലൈറ്റുകള്‍ പോലും പകല്‍ ഇട്ടുവച്ചെന്നിരിക്കും.

 

തലേ ദിവസം വൈകീട്ട് ഡ്യൂട്ടിക്ക് പോകാനായി കിരണ്‍ ഇറങ്ങിയപ്പോള്‍ പ്രമീളയും മുറ്റത്തേക്കിറങ്ങി. കിരണ്‍ പോയി അല്‍പ്പം  കഴിഞ്ഞപ്പോള്‍ ശിവപ്രസാദ് എത്തി. എവിടെപ്പോകുന്നുവെന്ന് കൃത്യമായി പറയാതെ പോയതിന്റെ പേരില്‍ ശിവപ്രസാദ് ബൈക്ക് നിര്‍ത്തിയപ്പോള്‍ തന്നെ പ്രമീളയുടെ ചോദ്യം ചെയ്യല്‍ തുടങ്ങി. താന്‍ ബൈക്കില്‍ നിന്നിറങ്ങി വീട്ടിലേയ്‌ക്കൊന്ന് കയറിക്കോട്ടെ എന്നു പറഞ്ഞുകൊണ്ട് വീട്ടിനുള്ളിലേയ്ക്കു കയറിയപ്പോള്‍ ശിവപ്രസാദ് ഉച്ചത്തില്‍ പറഞ്ഞത് പ്രമീള ഓര്‍ത്തു,' ദൈവമേ പോകുന്ന വഴിക്ക് വല്ല വണ്ടീം വന്നങ്ങിടിച്ചു തീര്‍ന്നാല്‍ മതിയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ കഴിയുന്നില്ല' .ഇത് പറഞ്ഞ് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍  ശിവപ്രസാദ് ഐ സി യുവിനുള്ളിലായി. ' ത്രിസന്ധ്യ നേരത്ത് വൃത്തികേട് പറഞ്ഞാ മണ്ടയ്ക്കാട്ടമ്മ പൊറുക്കില്ല' മറുപടിയായി പറഞ്ഞതും പ്രമീള ഓര്‍ത്തു. അഹങ്കാരം പറഞ്ഞതിനു മണ്ടയ്ക്കാട്ടമ്മ കൊടുത്ത ശിക്ഷയാണിതെന്ന് ശിവപ്രസാദുണര്‍ന്നാല്‍ പറയണമെന്നും മണ്ടയ്ക്കാട്ടമ്മയുടെ ശക്തി ബോധ്യപ്പെടുത്തണമെന്നും പ്രമീള മനസ്സില്‍ വിചാരിച്ചു.
      

 

ഐ സി യുവിനുള്ളില്‍ ശിവപ്രസാദ് മെല്ലെ കണ്ണു തുറന്നു. എന്തോ ഭാരമില്ലാത്ത ഒരു സുഖാവസ്ഥ. സുഖമുള്ള സ്ഥലത്താണെന്നും അതെവിടെയാണെന്നറിയണമെന്നുപോലുമില്ലാത്ത അവസ്ഥ. ജീവിതത്തില്‍ സുഖം എന്താണെന്നുള്ളത് ആദ്യമായി അറിയുന്നതുപോലെ അയാള്‍ക്കു തോന്നി. കൈയ്യില്‍ തണുപ്പ് വല്ലാതെ തോന്നിയപ്പോള്‍ അറിയാതെ കൈ കമ്പളിയ്ക്കുള്ളിലാക്കി. അയാള്‍ സുഖത്തിലാണോ പാതിയുറക്കത്തിലാണോ എന്ന് തിട്ടമില്ലാതെ വീണ്ടും കണ്ണടച്ചു. പെട്ടന്ന് ഒരു സ്വപ്‌നത്തിലേക്ക് അയാള്‍ വഴുതി വീണു. മദിരാശിയില്‍ നിന്നും സംഗീത പഠനം കഴിഞ്ഞുവന്ന കാലത്തെ സംഭവത്തിലേക്ക്.
      

 

തിരികെ വീണ്ടും ചെന്നൈയിലേക്ക് വണ്ടികയറണമെന്ന മോഹത്തിലാണ് തിരുവനന്തപുരത്തെത്തിയത്. തന്നോടൊപ്പം മദ്രാസ് മ്യൂസിക്  സ്‌കൂളിലുണ്ടായിരുന്ന ശെല്‍വണനാണ് മദിരാശിയിലേക്ക് ചെല്ലാന്‍ വിളിച്ചത്. ശെല്‍വണന്റെ അടുത്ത ബന്ധു വിജയവാഹിനി സ്റ്റുഡിയോയിലെ മാനേജരാണ്.മലയാളത്തിലെയും തമിഴിലെയും മിക്ക സംവിധായകരെയും മ്യൂസിക് ഡയറക്ടര്‍മാരെയും നേരിട്ടറിയാം. ആദ്യം ഏതെങ്കിലും ഓര്‍ക്കസ്ട്രായില്‍ ഇന്‍സ്ട്രുമെന്റ് വായിക്കാന്‍ സൗകര്യം ഏര്‍പ്പാടാക്കാമെന്ന് ശെല്‍വണന്‍ ഉറപ്പ് നല്‍കികിയിരുന്നു. അയാള്‍ അതിനകം തന്നെ  ഓര്‍ക്കാസ്ട്രായില്‍ തബലിസ്റ്റായി കയറിക്കഴിഞ്ഞിരുന്നു. പക്ഷേ അന്നു മദിരാശിയിലേക്കു പോകാനുള്ള കാശ് തരപ്പെടാത്തതിനാല്‍ പോക്ക് നീട്ടിവയ്ക്കപ്പെട്ടു. നീട്ടിവയ്ക്കപ്പെട്ട പോക്ക് പിന്നെ നടക്കാതെയായി.ഒടുവില്‍ വെട്ടിമുറിച്ച കോട്ടയ്ക്കടുത്തെ അഗ്രഹാരത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വള്ളിയപ്പന്‍ ചെട്ടിയാരുടെ കൂടെ രാത്രിയില്‍ പണിയ്ക്കു പോയാണ് അത്യാവശ്യം ചെലവിനുള്ള കാശൊപ്പിച്ചുകൊണ്ടിരുന്നത്.

 

സിനിമാ പോസ്റ്ററുകള്‍ വള്ളക്കടവു മുതല്‍ വെട്ടിമുറിച്ച കോട്ടവരെയുളള നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഒട്ടിയ്ക്കലായിരുന്നു ജോലി. ചിലപ്പോള്‍ ഇടദിവസങ്ങളില്‍ തമിഴ് പടങ്ങളുടെയൊക്കെ പോസ്റ്ററുണ്ടാകും. ആഴ്ചയില്‍ ചുരുങ്ങിയത് മൂന്നു നാലു ദിവസങ്ങളില്‍ പണിയുണ്ടാകും. അങ്ങനെ ഇരുന്നപ്പോഴാണ് മൂന്നാംപിറ സിനിമ റിലീസാകുന്നത്. അതിന്റെ ഒരു പോസ്റ്റര്‍ ഒഴികെ ബാക്കിയെല്ലാം ശിവകുമാര്‍ ഒട്ടിച്ചു. ആ പോസ്റ്റര്‍ വീട്ടില്‍ കൊണ്ടുപോയി സ്വകാര്യമായി നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു. അതിലെ സംഗീതം ഇളയരാജ എന്ന സ്ഥലത്ത് അയാള്‍ ശിവപ്രസാദ് എന്ന് എഴുതി ഒട്ടിച്ച്  ഭീത്തിയില്‍ കിടന്ന വിജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിന്റെ കലണ്ടര്‍ പടത്തിന്റെ മുകളില്‍ തൂക്കി. എന്നിട്ട് അയാള്‍ തന്നെ അത് എടുത്ത് മാറ്റി. നടക്കാത്ത സ്വപ്‌നം എന്ന് ഉള്ളില്‍ പറഞ്ഞിട്ട് ആ പോസ്റ്റര്‍ മടക്കി തന്റെ പുസ്തകങ്ങളുടെ ഇടയില്‍ തിരുകി. വള്ളിയപ്പന്റെ കൈയ്യില്‍ നിന്നു കാശു കിട്ടുമ്പോള്‍ മൂന്നാംപിറ പത്മനാഭയില്‍ പോയി കാണാന്‍ തീരുമാനിച്ചു.

 

വള്ളിയപ്പന്റെ കയ്യില്‍ നിന്നും കാശു കിട്ടിയതിന്റെ പിറ്റേ ദിവസം ശിവപ്രസാദ് പത്മനാഭ തീയറ്ററില്‍ മൂന്നാംപിറ കാണാന്‍ പോകുന്നിടത്തു നിന്നാണ് സ്വപ്‌നം ആരംഭിക്കുന്നത്. മൂന്നാംപിറയുടെ പാട്ടിന്റെ റെക്കോഡിംഗിന് മദിരാശിയിലെ സ്റ്റുഡിയോയില്‍ എത്തി കാത്തു നില്‍ക്കുന്നു. ഉള്ളില്‍ ഓര്‍ക്കസ്ട്രാ എല്ലാം തയ്യാറായിക്കഴിഞ്ഞു. ആരെ കണ്ട് എ.വി.എമ്മിലെ മാനേജര്‍ മുത്തു പറഞ്ഞതനുസരിച്ചാണ് വന്നതെന്ന് പറയാനറിയാതെ കുഴങ്ങി നിന്നു. അപ്പോഴേക്കും ഉള്ളില്‍ നിന്നും കണ്ണദാസന്റെ വരികളായ കണ്ണേ കലയ്മാനേ എന്നുളള പാട്ടിന്റെ ട്രാക്ക് ചെറുതായി കേള്‍ക്കാം . ഒരു വെള്ള ഫിയറ്റ് കാറില്‍ യേശുദാസ് വന്നിറങ്ങി സ്റ്റുഡിയോയിലേക്ക് പോയി. വരാന്തയില്‍ നിന്ന് ഉള്ളിലേക്ക് കയറി കതകിന്റെ നടുവിലുള്ള ചില്ലിലൂടെ അകത്തേക്കു നോക്കിയപ്പോള്‍ ഇളയരാജ അവിടെ ഇരിപ്പുണ്ട്. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി മടങ്ങി. അതിന്റെ വേദന തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. താന്‍ മദിരാശിക്ക് പോയിട്ട് കാര്യമില്ലെന്ന് തോന്നി. ഇടയ്ക്ക് ശിവപ്രസാദ് ഒന്നുരണ്ടു തവണ സ്വപ്‌നത്തില്‍ തേങ്ങിക്കരയുകയും ചെയ്തു.
        

 

പത്മനാഭ തീയറ്റിറില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ താന്‍ നേരേ  സ്‌ക്രീനിലെ രംഗങ്ങള്‍ക്കുള്ളിലേയ്ക്ക് നടന്നു കയറി. വേഗത്തില്‍ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഓടി മല മുകളിലെത്തി. വല്ലാത്ത തണുപ്പ്. എങ്കിലും വേണ്ടില്ല. കമലഹാസനും സില്‍ക്ക് സ്മിതയും കൂടി നൃത്തം ചെയ്യുന്നു. ഒരു മരത്തിന്റെ മറവില്‍ കമലിന്റെയും സില്‍ക്കിന്റെയും ശ്രദ്ധയില്‍ പെടാതെ ശിവപ്രസാദ് മറഞ്ഞു നിന്നു. സില്‍ക്ക്  സ്മിതയുടെ ശരീരത്തിന് സിനിമയില്‍ കാണുന്ന വലിപ്പം നേരിട്ടു കാണുമ്പോള്‍ ഇല്ലെന്നു തോന്നി. പക്ഷേ സ്മിതയുടെ പൊക്കിള്‍ച്ചുഴി, പൊയ്ക പോലെ തോന്നി. പെട്ടന്ന് പാട്ടിന്റെ ലോക്കേഷന്‍ മാറി . ശിവപ്രസാദ് വീണ്ടും മുകളിലേയ്ക്ക് കയറി. ഉയരത്തില്‍ ചെന്നപ്പോള്‍ മറുവശത്ത് ഇരുള്‍ നിറഞ്ഞ ഗര്‍ത്തത്തെ സൃഷ്ടിച്ചുകൊണ്ട് മല ഇരുവശങ്ങളിലേക്ക് പിരിഞ്ഞ് താഴേയ്ക്ക്. ശിവപ്രസാദിന് ഒറ്റ നോട്ടത്തില്‍ പേടി തോന്നി. വന്ന ദിശയില്‍ താഴേയ്ക്കയാള്‍ ഓടി . ഓട്ടത്തിനിടയില്‍ നിയന്ത്രണം വിട്ടു .ഒരു പൈന്‍മരത്തില്‍ തട്ടി മറിഞ്ഞുവീണു. അവിടെ നിന്ന് എഴുന്നേറ്റ് സീറ്റില്‍ വന്നിരിക്കാന്‍ ഓടുന്നതിനു മുന്‍പ് തന്റെ കയ്യില്‍ ആരോ തട്ടിവിളിയ്ക്കുന്നു.

 

reality novel, passbook

' സിനിമ കഴിഞ്ഞോ?'ശിവപ്രസാദ് ചോദിച്ചു
' പിന്നേ എത്ര നേരമായി . ഇവിടിരുന്നുറങ്ങുവായിരുന്നോ. എന്തിനാ സിനിമാ കണ്ടോണ്ടിരുന്നപ്പോ ഒച്ചത്തില്‍ കരഞ്ഞത്' ഐ സി യുവിലെ സിസ്റ്റര്‍ സ്‌നേഹപൂര്‍വം ചോദിച്ചു.  
'സോറി'
അടുത്ത ഡയലോഗ് പ്രതീക്ഷിച്ച് നിന്ന സിസ്റ്റര്‍ ശിവപ്രസാദിന്റെ മുഖത്ത് എന്തോ ഒരു പരുങ്ങല്‍ കണ്ടു
'  എന്തു പറ്റി. '
'എയ്, ഒന്നുമില്ല എന്റെ കണ്ണട'
തന്റെ കണ്ണട എവിടെപ്പോയതാകാമെന്ന് ഉള്ളില്‍ ശിവപ്രസാദ് പരതി. മലമുകളിലെത്തി മറുവശത്തെ ഗര്‍ത്തത്തിലേയ്ക്ക് നോക്കിയപ്പോള്‍ അതിലേക്കു വീണതാണോ അതോ താഴേക്ക് ഇറങ്ങി ഓടിയപ്പോള്‍ പൈന്‍ മരത്തില്‍ തട്ടി വീണപ്പോള്‍ തെറിച്ചു പോയതാണോ.

 

'അതിരിക്കട്ടെ ഇപ്പോ തലവേദനയുണ്ടോ?'
'ഇല്ല തലയിടിച്ചില്ലായിരുന്നു. ഇടതു തോളും കൈയ്യുമാ ഇടിച്ചത്'
' ഓ അത്രയേ ഉള്ളോ. അപ്പോ പിന്നെ അതുകാരണം വെറുതേ തലയ്ക്കുള്ളിലൊരു കുലുക്കം തോന്നിയതാകാം അല്ലേ' എന്ന് ചിരിച്ചുകൊണ്ട് സിസ്റ്റര്‍ ചോദിച്ചു.
ശിവപ്രസാദ് സിസ്റ്ററെ സൂക്ഷിച്ചു നോക്കി.
' ശിവപ്രസാദ് ഇപ്പോ എവിടെയാണെന്നറിയുവോ?'
' എവിടെയാ ഞാന്‍'
' പേടിയ്ക്കാനൊന്നുമില്ല കേട്ടോ. ഇപ്പോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാ. ഇന്നു രാവിലെ ഒരാക്‌സിഡന്റ് നടന്നത് ഓര്‍മ്മയുണ്ടോ?'
ഓര്‍ത്തെിടുക്കുന്നതുപോലെ പകുതി സംശയത്തില്‍ ശിവപ്രസാദ് തലയാട്ടി.
'എവിടെവെച്ചാ ആക്‌സിഡന്റുണ്ടായതെന്നോര്‍മ്മയുണ്ടോ?'
'വ്വ് , കാര്യവട്ടത്തു വച്ചാ'
'വീട്ടിലാരൊക്കെയുണ്ട്?'
' ഭാര്യ,രണ്ട് മക്കള്‍.മൂത്ത മകന്റെ ഭാര്യയും കുഞ്ഞും'
'എന്താ ഭാര്യേടേം മക്കടേം പേര്'
'പ്രമീള, അരുണ്‍ ,കിരണ്‍'

 

തലയടിച്ച് വീണതിന്റെ പേരില്‍ ഓര്‍മ്മപ്പിശകോ മറവിയോ ഒന്നും വന്നിട്ടില്ലെന്ന് ഉറപ്പാക്കി ശിവപ്രസാദിനെ ആശ്വസിപ്പിച്ച് സിസ്റ്റര്‍ മടങ്ങാന്‍ നേരം ശിവപ്രസാദ് പാന്റ്‌സിന്റെ പോക്കറ്റിലും ഉടുപ്പിന്റെ പോക്കറ്റിലും തപ്പുന്നതു കണ്ട് സിസ്റ്റര്‍ തിരക്കി.
'എന്തു പറ്റി'
'എന്റെ കണ്ണട'
'ഓ അത്രയേ ഉള്ളോ .അതൊക്കെ നമുക്ക് ശരിയാക്കാം.കേട്ടോ' എന്നു പറഞ്ഞുകൊണ്ട് സിസ്റ്റര്‍ പിന്‍വാങ്ങി. ഐ സി യുവിലെ അരണ്ട വെളിച്ചത്തില്‍ ശിവപ്രസാദിന്റെ കാഴ്ച സിനിമ നടക്കുമ്പോഴുള്ള സിനിമാ തീയറ്ററിനുള്ളിലേതു പോലെ തോന്നി. അയാളുടെ മുക്കാല്‍ കണ്ണാണ് കണ്ണട. കുറച്ച് സംസാരിച്ചപ്പോള്‍ സെഡേറ്റീവിന്റെ കാഠിന്യം കുറഞ്ഞു.വിദൂരകാലത്ത് എങ്ങോ നടന്നതു പോലെ രാവിലത്തെ ആക്‌സിഡന്റ് രംഗം ഓര്‍ക്കാന്‍ ശ്രമിച്ചു. മറിഞ്ഞുവീണതോ തലയടിച്ചതോ ഒന്നും ശിവപ്രസാദിന് ഓര്‍മ്മയില്ല. എതിരേ വരുന്ന ലോഫ്‌ളോര്‍ ബസ്സിന്റെ ദയയില്ലാത്ത വരവും ഓവര്‍ട്ടേക്ക് ചെയ്യുന്നതും. പിന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ഒരു സുഖകരമായ മണവും മൃദുലതയും.(തുടരും)

 

 

Tags: