അദ്ധ്യായം നാല്‌: കുലുങ്ങിയ മസ്തിഷ്‌കവും കണ്ണടയും

മീനാക്ഷി
Tue, 24-10-2017 03:50:24 PM ;

reality novel, passbook

രമേഷും ഹരികുമാറും മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവിന്റെ മുന്നിലെത്തിയപ്പോള്‍ ശിവപ്രസാദിന്റെ മകന്‍ അവിടെ ഹെല്‍മറ്റും പിടിച്ചുകൊണ്ട് നില്‍പ്പുണ്ട്. ഇവരെ കണ്ട ഉടന്‍ അയാള്‍ ഓടിയെത്തി.

 

'അങ്കിള്‍ അച്ഛനെന്താണ് സംഭവിച്ചത്. സീരിയസ്സാണോ?' വല്ലാത്ത ആശങ്കയോടെ അയാള്‍ ഹരികുമാറിനോട് ചോദിച്ചു. അപ്പോഴാണ് ഹരികുമാര്‍ ഓര്‍ക്കുന്നത് ശിവപ്രസാദിന്റെ മകനോട് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന്. പെട്ടന്ന് ഐ സി യുവിന്റെ വാതില്‍ തുറന്ന് പ്രത്യേക ഈണത്തില്‍ ഒച്ചയോടെ 'ശിവപ്രസാദിന്റെ ആരെങ്കിലുമുണ്ടോ' എന്ന് നഴ്‌സ് . മൂന്നു പേരും  വാതില്‍ക്കലേക്കെത്തി. ഡോക്ടര്‍ ഉടന്‍ വരുമെന്നും അകത്തേക്ക് കയറി നില്‍ക്കാനും നഴ്‌സ് പറഞ്ഞു.അവര്‍ കയറിയ ഉടന്‍ തന്നെ ഡോക്ടര്‍ എത്തി. 'അപകടനില തരണം ചെയ്തു. ഓര്‍മ്മ തിരിച്ചു കിട്ടിയിട്ടുണ്ട്. പക്ഷേ വേദന അസഹനീയമാതിനാല്‍ സെഡേറ്റീവ് കൊടുത്തിരിക്കുകയാണ്. അതിനാല്‍ ഉടന്‍ കാണാന്‍ പറ്റില്ല. ബ്രെയിന്‍ ചെറുതായൊന്നിളകി. അതാണ് തലവേദനയ്ക്ക് കാരണം. ഹെഡ് ഇന്‍ജുറി കാര്യമായി ഒന്നുമില്ല. ഹെല്‍മറ്റുള്ളതുകൊണ്ട് രക്ഷപെട്ടു'ഡോക്ടര്‍ പറഞ്ഞു.
           

അവര്‍ മൂന്നു പേരും പുറത്തിറങ്ങി.
 'എന്താ യ്യാളുടെ പേര്? '
' ഞാന്‍ കിരണ്‍ അങ്കിള്‍. '
' ഞാന്‍ രമേഷ്. ഇത് ഹരി.  ഹരി ശിവമാസ്റ്ററുടെ  പഴയ ഫ്രണ്ടാണ്. ഇന്ന് രാവിലെ ശിവന്‍ മാസ്റ്റര്‍ എന്റെ വീട്ടിലേക്ക് വരുന്ന വഴിക്കാ അപകടമുണ്ടായത്. ആരും ആശുപത്രിയിലാക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുമ്പോഴാ ഹരി അതുവഴി വരുന്നതും സംഭവം കാണുന്നതും. കാര്യവട്ടം ജംഗ്ഷനില്‍ വച്ചാ അപകടമുണ്ടായത്.കിരണ്‍ എന്തു ചെയ്യുന്നു'
'ഞാന്‍ റൂട്ട് വെര്‍ബ് ഐ ടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു അങ്കിള്‍. ഇന്നലെ നൈറ്റായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോഴാണ് നിങ്ങളെ വീട്ടിന്റെ മുന്നില്‍ കണ്ടത്. സോറി , അമ്മയെന്തെങ്കിലും മോശമായി സംസാരിച്ചിരുന്നോ അങ്കിള്‍?'
'ഏയ് ഒന്നുമില്ല'
ഹരികുമാറാണ് അതിനുത്തരം നല്‍കിയത്.
' അമ്മയുടെ ഒരു നേച്വറാ അത് . ' വീണ്ടും ക്ഷമാപൂര്‍വ്വം കിരണ്‍ അവരോടായി പറഞ്ഞു.
' അരുണ്‍, കാഷുണ്ടോ കൈയ്യില്‍. എന്തെങ്കിലുമാവശ്യമുണ്ടെങ്കില്‍ പറയണം കേട്ടോ .'
'വേണ്ടങ്കിള്‍. താങ്ക്യൂ. എന്റെ കൈയ്യില്‍ കാര്‍ഡുമുണ്ട്.'
'ഞങ്ങള്‍ പിന്നീടു വരാം. മിക്കവാറും വൈകീട്ട് കേറി കാണാന്‍ പറ്റിയേക്കും.'
 

അവര്‍ തല്‍ക്കാലം കിരണുമായി യാത്ര പറഞ്ഞു തിരിഞ്ഞ് പുറത്തേക്കു നടന്നു. കാഷ്വാലിറ്റിയിലേക്കുള്ള നടത്തത്തിനിടയില്‍ രമേഷ് പറഞ്ഞു' ആ സ്ത്രീക്ക് എന്തോ മാനസിക പ്രശ്‌നമുണ്ട്. അതാ ആ പയ്യന്‍ ചോദിച്ച കേട്ടില്ലേ'.  എന്നാല്‍ ഹരികുമാര്‍ കാര്യമായി അതിനോടു പ്രതികരിച്ചില്ല. അയാളുടെ മനസ്സില്‍ ഇടനാഴികളില്‍ വച്ച് സീനത്തിനെ കാണാന്‍ ഇടവരരുതെന്ന ചിന്തയായിരുന്നു. അതു മാത്രമല്ല അന്നേരം ഹരികുമാറിന് ആ ശിവപ്രസാദിന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ ഒന്നു പരിഭ്രമിച്ചു പൊയെങ്കിലും പിന്നീട് തനിക്കറിയാത്ത ഒരു നിസ്സംഗതയാണ് ഉണ്ടായത്.സ്വയം മൂളലോടെ പുഞ്ചിരിച്ച് മുഖം ഉയര്‍ത്താതെ രമേഷ്  പറഞ്ഞു,

' ഹും. എന്തെല്ലാം യാദൃശ്ചികതകള്‍. നിങ്ങള്‍ രണ്ടുപേരും എന്റെ വീട്ടിലേക്കു വരികയായിരുന്നു. നമ്മളെല്ലാവരും ഒന്നിച്ചിരുന്ന് രാവിലത്തെ ഭക്ഷണം കഴിക്കേണ്ടവരായിരുന്നു.ഒരാളുടെ ലക്ഷ്യം പിഴച്ച അതേ കാരണം കൊണ്ടു തന്നെ രണ്ടാമത്തെയാള്‍ക്കും വരാന്‍ പറ്റിയില്ല. ' അതുകേട്ട് ഹരികുമാറും ഒന്നു മൂളിക്കൊണ്ടു ചിരിച്ചു.

 

അവര്‍ കാഷ്വാലിറ്റിക്കുള്ളിലേക്ക് പ്രവേശിച്ചു. ഷെല്‍ജ കിടന്നിരുന്ന മൂലയിലേക്ക് നോക്കി. ഷെല്‍ജയെ കാണാനില്ല. ഏതാനും സ്ത്രീകള്‍ അവള്‍ കിടന്നിരുന്ന കട്ടിലിനെ മറച്ചു നില്‍ക്കുന്നു.ഹരികുമാറിനെ കണ്ട മാത്രയില്‍ അവള്‍ തലയുയര്‍ത്തി ആകാംഷയോടെ നോക്കി.
'പേടിക്കാനൊന്നുമില്ല. ഓര്‍മ്മ തിരിച്ചു കിട്ടി. അപകടനിലയൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ബ്രെയിന്‍ ഒന്നിളകിയത്രെ. അതുകാരണം തലവേദന. അതിനാല്‍ ഇപ്പോള്‍ സെഡേറ്റീവ് കൊടുത്തിട്ടിരിക്കുവാ'
 

അതു കേട്ട മാത്രയില്‍ ഷെല്‍ജ എന്തോ പ്രാര്‍ഥിച്ചു. ഹരികുമാറിനും രമേഷിനുമായി ചുറ്റും കൂടി നിന്നവര്‍ ഇരുവശത്തേക്ക് മാറുകയും ചെയ്തു. ഷെല്‍ജയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുഖത്തെ ഭാവം മാറി. അവരും എന്തും സംഭവിക്കാമെന്ന ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു.
' ഞങ്ങളെല്ലാവരുമൊന്നിച്ച് ഒരു ഫ്‌ളാറ്റിലാണ് താമസം. കഴക്കൂട്ടത്ത്.'കൂട്ടുകാരെ പൊതുവായി പരിചയപ്പെടുത്തിക്കൊണ്ട് ഷെല്‍ജ പറഞ്ഞപ്പോള്‍  പരസ്പരം എല്ലാവരും ചെറുചിരിയോടെ നോക്കി.
' ഇനിയിപ്പോ എന്തെങ്കിലും നടപടിക്രമങ്ങളവശേഷിക്കുന്നുണ്ടോ?' ഷെല്‍ജയുടെ സുഹൃത്തുക്കളിലൊരാളായ നമിത ചോദിച്ചു.'അതെല്ലാം കഴിഞ്ഞല്ലോ. ഇനി ഡോക്ടറ് എന്താണോ പറയുന്നത് അതുപോലെ ചെയ്താ മതി' ഹരികുമാര്‍ പറഞ്ഞു 'സാറിന്റെ നമ്പര് തരുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ? അതുപോലെ ശിവന്‍ മാസ്റ്ററുടെ നമ്പരൂടെ കിട്ടിയാല്‍ നന്നായിരുന്നു' ഷെല്‍ജ ഹരികുമാറിനോട് ചോദിച്ചുഷെല്‍ജയുടെ നമ്പര്‍ ഹരികുമാര്‍ ചോദിച്ചു. അതിലേക്ക് അയാള്‍ മിസ്ഡ് കോള്‍ അടിച്ചു. തുടര്‍ന്ന് ശിവന്‍മാസ്റ്ററുടെ നമ്പര്‍ രമേഷ് ഷെല്‍ജയ്ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

 

'രണ്ടു പേരും ഒരേ ഡയറക്ഷനിലാണ് വന്നതെന്നു പറയുന്നു. എന്നിട്ടെങ്ങനെ ഇങ്ങനെ കൂട്ടിയിടിച്ചു?' മറ്റൊരു സുഹൃത്തായ സിതാര ഹരികുമാറിന്റെയും രമേഷിന്റെയും മുഖത്തും മറ്റുള്ളവരുടെ മുഖത്തും നോക്കിക്കൊണ്ട് ചോദിച്ചു.'രണ്ടായാലും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്തായാലും രണ്ടു പേര്‍ക്കും വലിയ കുഴപ്പമില്ല. ആരും അറിഞ്ഞുകൊണ്ട് അപകടം വരുത്തിവയ്ക്കില്ലല്ലോ' രമേഷാണ് അതിനു മറുപടി പറഞ്ഞത്. കാരണം സിതാരയുടെ ചോദ്യത്തില്‍ ഷെല്‍ജയുടെ ഭാഗത്ത് തെറ്റില്ല എന്ന് സമര്‍ഥിക്കാനുള്ള ത്വര പ്രകടമായിരുന്നു. 'മാസ്റ്റര്‍ എന്റെ മുന്നിലായിരുന്നു. പിന്നെ കുറേ കഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നിലായി. അതുകഴിഞ്ഞ് മാസ്റ്റര്‍ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. എതിരെ ഒരു ലോ ഫ്‌ളോര്‍ ബസ്സും വരുന്നുണ്ടായിരുന്നു.ഭാഗ്യത്തിനാ അതിന്റെ മുന്നിലേക്ക് വീഴാതിരുന്നത്. മാസ്റ്ററുടെ ഹെല്‍മറ്റ് തട്ടിയിട്ടാണെന്നു തോന്നുന്നു എന്റെ ചുണ്ട് പൊട്ടിയത്. ' ചെറുതായി പൊട്ടി പൊന്തിയിരിക്കുന്ന ചുണ്ടിന്റെ ഭാഗത്ത് മൃദുവായി തൊട്ടുകൊണ്ട് ഷെല്‍ജ പറഞ്ഞു.

 

'ഞങ്ങള്‍ ഇനി നില്‍ക്കേണ്ട ആവശ്യമുണ്ടോ. എന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി. മാസ്റ്ററുടെ വിവരം അറിയിച്ചുകൊള്ളാം' പിന്‍വാങ്ങാനുള്ള ശരീരഭാഷയോടെ ഹരികുമാര്‍ പറഞ്ഞു.വിടര്‍ന്ന മുഖത്തോടെ ഹരികുമാറിനോട് ഷെല്‍ജ നന്ദി പറയുകയും അവിടെ നിന്നിരുന്ന സുഹൃത്തുക്കളൊട് ഒരിക്കല്‍ കൂടിയെന്നവണ്ണം ഹരികുമാര്‍ ചെയ്ത സഹായം അനുസ്മരിക്കുകയും ചെയ്തു.
    

ഹരികുമാറും രമേഷും രണ്ടുമൂന്നടി തിരിഞ്ഞു നടന്നപ്പോള്‍ പിന്നില്‍ നിന്നും ഷെല്‍ജയുടെ വിളി. തിരിഞ്ഞുനോക്കിയപ്പോള്‍ ഷെല്‍ജ തന്റെ ബാഗിനുള്ളില്‍ പരതിക്കൊണ്ട് മുഖമുയര്‍ത്തി ഒരു കണ്ണട എടുത്ത് ഹരികുമാറിന്റെ നേര്‍ക്കു നീട്ടി എഴുന്നേറ്റു നിന്നു. 'സര്‍ ഇത് ശിവന്‍മാസ്റ്ററുടെ കണ്ണടയാണ്.  എന്റെ കയ്യില്‍ പെട്ടു. കൊടുത്തേക്കുമല്ലോ. ഷെല്‍ജ എഴുന്നേറ്റു നിന്നപ്പോഴാണ് കാര്യവട്ടത്തു കണ്ട ഷെല്‍ജയില്‍ നിന്നും വ്യത്യസ്തയായ ഷെല്‍ജയുടെ രൂപം ഹരികുമാറിന് അനുഭവപ്പെട്ടത്. കാര്യവട്ടത്തു നിന്ന ഷെല്‍ജ ചൈനാ കോളര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് വീതികുറഞ്ഞ ബെല്‍റ്റുമൊക്കെയിട്ട് വിരിഞ്ഞു വിടര്‍ന്ന നിതംബത്തോടുകൂടിയ യുവതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുപ്പായം എടുത്ത് പുറത്തിട്ടുകൊണ്ടുളള നില്‍പ്പാണ്.
    

reality novel, passbook

ശിവകുമാറിന്റെ ഗോള്‍ഡന്‍ കളറിലുളള കണ്ണടയും വാങ്ങി നടന്നപ്പോള്‍ അയാളുടെ ആലോചനയില്‍ ആ രണ്ടു നില്‍പ്പുകള്‍ തമ്മിലുള്ള താരതമ്യങ്ങളായിരുന്നു. ചോരയുമൊലിപ്പിച്ചു നിന്ന ഷെല്‍ജയുടെ ദൈന്യാവസ്ഥ അവളുടെ നിതംബങ്ങളിലൂടെയാണോ താന്‍ മനസ്സിലാക്കിയതെന്ന് ഹരികുമാര്‍ ഓര്‍ത്തു പോയി. ഇപ്പോള്‍ ഉടുപ്പ് പുറത്തിട്ടുകൊണ്ട് എഴുന്നേറ്റുനിന്ന ഷെല്‍ജയുടെ ചിരിയില്‍ ദീര്‍ഘനാളത്തെ ബന്ധം പോലെയുള്ള പരിചയം.
' രമേഷേ എന്താ പരിപാടി. ഓ ഇന്നിനി ഓഫീസില്‍ പോയിട്ട് കാര്യമില്ല.'
' നിന്റെ പരിപാടിയെന്താ?'
' ഓ ഞാന്‍ വീട്ടില്‍ പോയാലോന്ന് ആലോചിക്കുവാ'
' ങ്കീ നമുക്ക് നമ്മുടെ ' സങ്കേത'ത്തിലേക്കു പോയാലോ

 

രണ്ടു പേരും അവരവരുടെ കാറുകളില്‍ ചെമ്പഴന്തിക്കു തിരിച്ചു. ഉള്ളൂര്‍ കഴിഞ്ഞപ്പോള്‍ രമേഷിന്റെ ഫോണ്‍ വന്നു. താന്‍ പാങ്ങപ്പാറയിലുള്ള വീട്ടില്‍ കയറി അത്യാവശ്യം ഭക്ഷണം കൂടി എടുത്തു വരാമെന്ന് പറയാന്‍. അതു കേട്ടപ്പോഴാണ് തനിക്കുവേണ്ടി അവിടെ തയ്യാറാക്കപ്പെട്ട പ്രഭാതഭക്ഷണത്തിന്റെ കാര്യം ഹരികൂമാര്‍ ഓര്‍ത്തത്. തലേ ദിവസം മുഴുവന്‍ തന്റെ മനസ്സില്‍ ഓഫീസിലെ ശീതളായിരുന്നു. ശീതളിനെ ശുണ്ഠി പിടിപ്പിക്കുമ്പോഴുള്ള രസവും, ശീതളിനെ കേന്ദ്രീകരിച്ചുള്ള ചിന്തകളും ശീതളിനെ അടിയറവ് പറയിപ്പിക്കുന്ന ന്യായവാദങ്ങളുമൊക്കെയാെയിരുന്നു മനസ്സില്‍. എന്നാല്‍ ഇന്നു രാവിലെ ഉണര്‍ന്നതു മുതല്‍, കുളിച്ച് കുറിയും തൊട്ട് തനിക്ക് മേശയുടെ എതിര്‍ വശത്തു നിന്ന് ഭക്ഷണം വിളമ്പിത്തരുന്ന രമേഷിന്റെ ഭാര്യയുടെ ചിത്രമായിരുന്നു മനസ്സിന് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ പത്രത്തിലെ യുവനടിയുടെ മാദകത്വം വിളിച്ചറിയിക്കുന്ന മുഖവും കൈത്തണ്ടകളും കണ്ടതുമുതല്‍ മനസ്സിന് ചുവപ്പിനോട് ആഭിമുഖ്യം ഉണ്ടായതു പോലെ അനുഭവപ്പെട്ടു.
          

 

ചാവടിമുക്കെത്തിയപ്പോള്‍ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള വഴിയില്‍ നിന്നും വന്ന കോളേജ് ബസ്സ് വീശി വളവെടുത്തു വരുന്നത് പെട്ടെന്നാണ് ശ്രദ്ധയില്‍ പെട്ടത്. പെട്ടന്ന് ബ്രേക്ക് ചെയ്ത് കാര്‍ പതുക്കെയാക്കി ബസ്സ് കടന്നുപോകുന്നതിന് അവസരമൊരുക്കി. ശീതളും രമേഷിന്റെ ഭാര്യയും നടിയുമൊക്കെ ഇപ്പോള്‍ ഏതോ പഴയ കാലത്തെ സുഹൃത്തുക്കളെ പോലെ തോന്നുന്നു. ഇപ്പോള്‍ ഹരികുമാറിന്റെ മനസ്സില്‍ പുതിയ സ്ത്രീകള്‍ .. ഷെല്‍ജ, ഷെല്‍ജയുടെ സുഹൃത്തുക്കള്‍, ശിവന്റെ ഭാര്യ പ്രമീള .പുതിയ സ്വരങ്ങള്‍.
             

 

ഇടതു സീറ്റിലിട്ടിരുന്ന മൊബൈല്‍ വീണ്ടും ചിലച്ചു. പക്ഷേ ഇറക്കത്തിലെ വളവായതിനാല്‍ ഫോണ്‍ തപ്പിയെങ്കിലും പെട്ടന്ന് കൈ  സ്റ്റീയറിംഗ് വീലിലേക്ക് വന്നു. ഫോണിനു വേണ്ടി തപ്പിയപ്പോള്‍ അയാളുടെ കൈ തടഞ്ഞത് ശിവപ്രസാദിന്റെ കണ്ണടയിലായിരുന്നു.എതിര്‍ ദിശയില്‍ നിന്ന് വാഹന നിര വരുന്നതിനാല്‍ അയാള്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. പക്ഷേ ആദ്യം പരതിയപ്പോള്‍ അയാളുടെ കൈ കണ്ണടയില്‍ തട്ടിയത് വീണ്ടുമോര്‍ത്തു. കണ്ണടയ്ക്ക് ഒരു കുഴപ്പവുമില്ല. ഇത്രയും വലിയ അപകടമുണ്ടായ സ്ഥലത്തു നിന്ന് കണ്ണട എങ്ങനെ ഷെല്‍ജയെടുത്തു പിടിച്ചു. കണ്ണടയ്ക്ക് ഒട്ടും കുഴപ്പം പറ്റിയിട്ടുമില്ല. ചില്ലിന് പോറലോ ഫ്രെയിമിന് കുഴപ്പമോ ഒന്നുമുണ്ടായിട്ടില്ല. അപകടസ്ഥലത്തു നിന്നും അവള്‍ ആ കണ്ണട എടുത്തു പിടിക്കണമെങ്കില്‍ അവള്‍ എത്ര നല്ല സ്ത്രീയായിരിക്കണം. എന്തൊരു കരുതലുള്ള യുവതി. എന്നിട്ടും അവള്‍ എന്തുകൊണ്ട് വിവാഹമോചിതയായി. ആശ്രയത്വം പ്രകടമാക്കുന്ന അവളുടെ നോട്ടവും ചുണ്ടുകളുടെ വിന്യാസവും ഏതൊരു പുരുഷനാണ് തള്ളിക്കളയാന്‍ പറ്റുക. അവളുടെ കാഴ്ചയിലെ സൗന്ദര്യം അവളുടെ സ്വഭാവത്തിലുമുണ്ട്.  അല്ലെങ്കില്‍ തന്റെ കുഴപ്പം കൊണ്ടല്ല അപകടമുണ്ടായതെന്ന് കരുതുമ്പോഴും അപകടത്തിനു കാരണക്കാരനായ ആളുടെ കണ്ണട എടുത്തു സൂക്ഷിക്കാന്‍ തോന്നിയ അവളുടെ മനസ്സിനോട് ഹരികുമാറിന് വല്ലാത്ത ഇഷ്ടം തോന്നി.
           

 

'സങ്കേത'ത്തിലെത്തി ഹരികുമാര്‍ സെറ്റിയില്‍ ഇരുന്നുകൊണ്ട് അലസമായി ടി വി വച്ചു. ചാനലുകള്‍ മാറി മാറി നോക്കി. ചില ചാനലുകളില്‍ വാര്‍ത്തയുടെ തകര്‍ക്കല്‍. കാര്യവട്ടത്ത് അപകടരംഗം കണ്ട് അതിനടുത്തേക്ക്  നടന്നു നീങ്ങിയപ്പോള്‍ താന്‍ വാര്‍ത്തയക്ക്കത്താണോ നില്‍ക്കുന്നതെന്ന് തോന്നിയില്ലേ എന്ന് ഹരികമാര്‍ സംശയിച്ചു. മിക്ക ചാനലുകളിലും ചര്‍ച്ചാ വിഷയം ലൈംഗിക ബന്ധിത രാഷ്ട്രീയ സിനിമാ സാമൂഹ്യവിഷയങ്ങള്‍ തന്നെ. അതിലൊന്നും ഹരികുമാറിന് തെല്ലും കൗതുകം തോന്നിയില്ല. പെട്ടന്ന് ഒരിംഗ്ലീഷ് സിനിമാ ചാനല്‍ വച്ചു. അതില്‍ നായകനും നായികയും ചുംബനത്തില്‍ കുരുങ്ങിക്കിടക്കുന്ന ദൃശ്യം. അതിലും അയാള്‍ക്ക് തെല്ലും താല്‍പ്പര്യം ഉണ്ടായില്ല. അയാളുടെ മനസ്സില്‍ അപ്പോഴും മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നത് ഷെല്‍ജയുടെ ഉടുപ്പ് ടക്ക് ഇന്‍ ചെയ്തുള്ള നിതംബവും ഉടുപ്പ് പുറത്തിട്ട അവളുടെ മുഖവുമാണ്. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നതിനാല്‍ രമേഷ് നേരേ കാര്‍ അകത്തേക്കു കയറ്റി. ഗേറ്റടച്ച് അയാള്‍ രണ്ടു കവര്‍ നിറയെ തൂക്കിപ്പിടിച്ച ഭക്ഷണ സാധനങ്ങളുമായി കയറി വന്നു.
            

 

നേരേ ഡൈനിംഗ് റൂമിലെ മേശപ്പുറത്ത് ഭക്ഷണം വച്ചതിനു ശേഷം സ്വീകരണമുറിയില്‍ ഹരികുമാറിനെതിരെയുള്ള സെററിയില്‍ ഇരുന്ന രമേഷ് ചോദിച്ചു
' എടേ ഹരി, എനിക്ക് മനസ്സിലാകുന്നില്ല എങ്ങനെയാ ആ കുട്ടിയുടെ കൈയ്യില്‍ ശിവന്‍മാസ്റ്ററുടെ കണ്ണട വന്നത്.ഞാനോലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല. കാരണം അവള്‍ക്കും അത്യാവശ്യം നല്ല പരിക്കേറ്റിരുന്നു. ശരിക്കും വേദന അനുഭവിച്ചത് അവളാണ്. ശിവന്‍മാസ്റ്റര്‍ ഇപ്പോഴും ഒന്നുമറിയുന്നില്ലല്ലോ. ഇത്രയും വലിയ ആഘാതത്തില്‍ തെറിച്ചുവീണ കണ്ണടയക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ല. അതാ കുട്ടിയെങ്ങനെയെടുത്തു.'
' അതാടെ സ്ത്രീകളുടെ പ്രത്യേകത. അവര്‍ തങ്ങള്‍ക്കടുത്ത ചുറ്റുപാട് കാണുന്നതില്‍ വിദഗ്ധരാണ്. നമ്മള്‍ ആണുങ്ങള്‍ക്ക് ഇല്ലാതെ പോയതും അതാണ്. ആ അപകടം നടന്ന സമയത്തും കേടു സംഭവിച്ചിട്ടില്ലാത്ത ആ കണ്ണട ഉപയോഗിക്കാവുന്നതാണെന്നും അതയാള്‍ക്ക് ആവശ്യമുള്ളതാണെന്നും ആ സന്ദര്‍ഭത്തിലും ആ യുവതിക്ക് കാണാന്‍ കഴിഞ്ഞു. അതവളെടുത്തു. സ്ത്രീയുടെ സ്വതസിദ്ധമായ പ്രായോഗികതയും അതിലടങ്ങിയിട്ടുണ്ടാകാം'

 

'ശരിയാ. ആ പ്രായോഗികതയല്ലേടോ സ്ത്രീകളുടെ സ്‌നേഹമായി നാം തിരിച്ചറിയുന്നത്.'
'അതു ശരിയാ. ശിവന് ബോധം വന്നു കഴിഞ്ഞാല്‍ എന്തെങ്കിലുമൊന്നു വായിക്കാനുള്ള കാഴ്ച വേണമെങ്കില്‍ കണ്ണട വേണം.അപ്പോള്‍ തന്നെ അതു കിട്ടുന്നു. ആ സ്ത്രീയുടെ പ്രായോഗികത അയാള്‍ക്കുപകാരമാകുന്നു. ശരിയാ സ്ത്രീയുടെ പ്രായോഗികതയാണ് സ്‌നേഹം. ആ സ്‌നേഹം നമ്മുടെ ആണുങ്ങളില്‍ നിന്നു സ്ത്രീകള്‍ പ്രതീക്ഷിച്ചാല്‍ എവിടെ കിട്ടാനാടേ രമേഷേ'
'ഹ , നീ മൂഡ് കളയാതിരിക്ക്' എന്തിലേക്കാണ് ഹരികുമാറിന്റെ സംഭാഷണം നീളുന്നതെന്നു മനസ്സിലാക്കി രമേഷ് പറഞ്ഞു. 'നീ അതുമിതും ആലോചിച്ചിരിക്കാതെ സാധനമുണ്ടെങ്കില്‍ എടുക്ക്. ഇല്ലെങ്കില്‍ ഒരെണ്ണം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. മിലിട്ടറിയാ.'

 

 

'ഇന്നു വേണ്ടടാ. നമുക്ക് വെറുതെ ഇങ്ങനെ സംസാരിച്ചിരുന്നാലോ. എടാ , എന്നാലും ആ ശിവനെന്തിനാടാ മണക്കാട്ടു നിന്ന് കാര്യവട്ടം വഴി പാങ്ങപ്പാറയിലെ നിന്റെ വീട്ടിലേക്ക് വരുന്നതെന്നു മനസ്സിലാകുന്നില്ല. അവന് വേറെ സേവ വല്ലതുമുണ്ടോ. ആള് സംഗീതമായതുകൊണ്ട് ആരാധകരേറെയുണ്ടാകുമല്ലോ. എന്നാലും അവന്റെ കാര്യമാലോചിക്കുമ്പോ സങ്കടം വരും. പട്ടിണിയെന്നു എവിടെ കേട്ടാലും അവന്റെ മുഖമാ എന്റെ മനസ്സില്‍ വരിക. അവന്‍ സംഗീതം പഠിക്കാന്‍ പെട്ട പാടുകളൊക്കെ ആലോചിച്ചാല്‍ അവന്‍ എവിടെ എത്തേണ്ടവനായിരുന്നു. അത്രയ്ക്കായിരുന്നു അവന്റെ നിശ്ചയദാര്‍ഢ്യം. വിശന്ന വയറില്‍ അവന്റെയച്ഛന്‍ അവനെ പൊതിരെ തല്ലുമായിരുന്നു. സംഗീതം പഠിക്കാതെ ജോലിക്കു പോകാന്‍ പറഞ്ഞാ അവനെ അച്ഛന്‍ തല്ലിയിരുന്നത്. ഒരിക്കല്‍ ദേഹം മുഴുവന്‍ അടിയുടെ പാടുമായി എന്റെ വീട്ടിലേക്കവനോടി വന്നു. അവന്റെ മുഖത്തും ശരീരത്തിലുമെല്ലാമുണ്ടായിരുന്നു പാടുകള്‍. അതിനെക്കുറിച്ചവന്‍ പറയാതെ എന്നോടവന്‍ പറഞ്ഞത് ' എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കാന്‍ വേണമെന്ന്'. ആദ്യവും അവസാനവുമായി അവന്‍ ഭക്ഷണം ആവശ്യപ്പെട്ടതന്നാണ്. അല്ലെങ്കില്‍ എത്ര വിശപ്പുണ്ടായാലും അവന്‍ കടിച്ചമര്‍ത്തി സഹിക്കും. അന്നാണ് ഞാന്‍ ശരിക്കും നേരിട്ടറിഞ്ഞത് തല്ലിനേക്കാളും തീവ്രമായ പ്രഹരം വിശപ്പിന്റേതാണെന്ന്.'
 

 

' പുള്ളിക്കാരന്റെ വൈഫിന് എന്തോ പ്രശ്‌നമുണ്ട് ല്ലേ. അതാ പയ്യന്റെ സംഭാഷണത്തിലും തോന്നി' രമേഷ് പറഞ്ഞു.'അതു മറ്റൊരു സമസ്യ. ഞാനും എന്റെ സുഹൃത്ത് ജയചന്ദ്രന്‍, അവനിപ്പോ അഹമ്മദാബാദിലാ, ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് പ്രമീളയെ രാത്രിയില്‍ ഈഞ്ചയ്ക്കലിലെ അവളുടെ വീട്ടില്‍ നിന്നും പൊക്കി പിറ്റേ ദിവസം  കല്യാണം കഴിപ്പിച്ചത്. ജയചന്ദ്രന്റെ ഭാര്യയുടെ ബ്ലൗസും സാരിയുമുടുത്താണ് നേമത്തുള്ള അമ്പലത്തില്‍ കൊണ്ട് മാലയിടീല്‍ നടത്തിയത്. ജയന്റെയും ഭാര്യയുടെയും കൂടെ അവരുടെ മുറിയിലാണ് അന്ന് പ്രമീള കിടന്നതും. കാരണം ജയന്റെ വീട്ടിലും ആരും അറിയാതെ നോക്കണമായിരുന്നു. അവന്റെ അച്ഛന്‍ ഒരു വന്‍ മൂരാച്ചിയായിരുന്നു. എന്നിട്ട് എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് പ്രമീളയെ പുതുപ്പെണ്ണാക്കി ഒരുക്കി ഞങ്ങള്‍ അവിടെ നിന്നും നേമത്തേക്കു പോവുകയായിരുന്നു. ആ പ്രമീളയെയാണ് ഇന്ന് കണ്ടതെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. '

 

'വര്‍ഷങ്ങളായി വീട്ടില്‍ വന്നു പൊകുന്നുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെങ്കിലും വലിയ സംഭാഷണത്തിനൊന്നും മാസ്റ്റര്‍ മുതിരാറില്ല. എന്നാല്‍ പഠിപ്പിക്കുന്നതിനിടയില്‍ കഥകളും വര്‍ത്തമാനകാല രാഷ്ട്രീയവുമൊക്കെ ചിലപ്പോള്‍ മോളോടു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. അതു കുറേ പാടിക്കഴിയുമ്പോള്‍ ക്ഷീണം മാറ്റാന്‍ വേണ്ടി മോള്‍ക്കു കൊടുക്കുന്ന ഇടവേളയില്‍. ആളെ കണ്ടു കഴിഞ്ഞാല്‍ വളരെ ശാന്തമായി ജീവിതം നയിക്കുന്ന ആളായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. '  എന്നു പറഞ്ഞുകൊണ്ട് രമേഷ് എഴുന്നേറ്റ് ദൂരെ ടീപ്പോയുടെ മുകളില്‍ ഹരികുമാറിന്റെ കാറിന്റെ താക്കോലിനൊപ്പം ഉണ്ടായിരുന്ന ശിവപ്രസാദിന്റെ കണ്ണട രമേഷ് എടുത്തുകൊണ്ട് വീണ്ടുമിരുന്നു. എന്നിട്ട് അതു നിവര്‍ത്തി സൂക്ഷ്മമായി നോക്കി.

 

' ഒരു പോറല്‍ പോലുമില്ല. അതിശയമായിരിക്കുന്നു. ഇത്രയും വലിയ അപകടമുണ്ടായിട്ടും ഹെല്‍മറ്റ് തെറിച്ചുപൊയിട്ടും കണ്ണടയുടെ ചില്ലിനും ഫ്രെയിമിനും ഒരു പോറല്‍ പോലുമില്ല. അതു മാത്രമല്ല അത് ആ കുട്ടിയുടെ കൈയ്യില്‍ ഭദ്രമായി വന്നു ചേരുകയും ചെയ്തു.അത്ഭുതം തന്നെ'  എന്നു പറഞ്ഞുകൊണ്ടയാള്‍ കണ്ണട വീണ്ടും തിരിച്ചും മറിച്ചും നോക്കി.(തുടരും)        

   

 

 

 

 

 

 

Tags: