തെങ്ങ്കയറാന്‍ നൗഷാദ് വരുന്നത് സെഡാന്‍ കാറില്‍

Glint staff
Thu, 14-09-2017 06:54:34 PM ;

നൗഷാദ്, മൊബൈല്‍ നമ്പര്‍ 956 789 8885 .എറണാകുളം കാക്കനാട് ഇരുമ്പനം സ്വദേശി. നൗഷാദിനെ ഉച്ചയ്ക്ക് രണ്ടു വരെ വിളിച്ചാല്‍  തിരക്കിലായിരിക്കും.  വളരെ കാര്യമാത്രപ്രസക്തമായി സംസാരിക്കും. എന്നിട്ടു പറയും താനിപ്പോള്‍ ഇന്ന സ്ഥലത്ത് തെങ്ങിന്‍ മുകളിലാണെന്ന്. പിന്നീട് തനിക്ക് വരാന്‍ ഒഴിവുള്ള സമയവും വിളിക്കുന്നവരെ അറിയിക്കും. ആ സമയത്തിനു മുന്‍പ് ഒന്നുകൂടി വിളിക്കണമെന്നും നൗഷാദ് ഓര്‍മ്മിപ്പിക്കും. കാരണം തെങ്ങിന്റെ മണ്ടയ്ക്കിരുന്ന് ഫോണ്‍ എടുക്കുന്നതിനാല്‍ കുറിച്ചുവയക്കാന്‍ പറ്റില്ല.
   

 

വരാമെന്ന് പറഞ്ഞ സമയത്തിന് മുന്‍പ് വിളിച്ചാല്‍ എപ്പോഴാണ് കൃത്യമായി എത്തുക എന്നറിയിക്കും. പറഞ്ഞ സമയത്ത് നൗഷാദ് വീടിന്റെ മുന്നിലെത്തും. ഒരു സെഡാന്‍ കാറില്‍. ത്രീഫോര്‍ത്ത് ജീന്‍സും റൗണ്ട് ടീഷര്‍ട്ടുമാണ് മിക്ക സമയവും വേഷം. പെട്ടന്ന് കാറില്‍ നിന്നിറങ്ങി ഡിക്കി തുറന്ന് പ്രസന്ന വദനനായി തെങ്ങുകയറ്റ യന്ത്രമെടുത്ത് പറമ്പിലേക്കു പോകും. അപ്പോഴാണ് നൗഷാദ് സംഭാഷണപ്രിയാനാണെന്നറിയുക. കഴുത്തില്‍ നല്ല കട്ടിയിലുള്ള സ്വര്‍ണ്ണച്ചങ്ങലയും അതേ കട്ടിയില്‍ അതേ പണിയിലുളള ബ്രേസ്‌ലറ്റും ഒറ്റക്കാതില്‍ സ്വര്‍ണ്ണക്കടുക്കനുമിട്ട നൗഷാദിന്റെ സംഭാഷണം മുഴുവന്‍ തെങ്ങുകയറ്റത്തിനിടയിലാണ്.

 

നൗഷാദ് പറമ്പിനെ മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കും. ' സാറേ ഞാന്‍ പഠിക്കാന്‍ പോയ സമയത്ത് മരം കേറി നടന്നു. അതു കാരണം ഒന്‍പതാം ക്ലാസ്സുവരയെ പഠിക്കാന്‍ പറ്റിയുളളു. പഠിക്കാന്‍ ശേഷിയില്ലെങ്കില്‍ പഠിക്കാന്‍ പോയിട്ട് എന്തു കാര്യം. അന്നു മരം കയറി നടന്നതുകൊണ്ട് ഇന്നൊരു ജീവിതമാര്‍ഗ്ഗമായി. എന്റെ പഠിത്തം മരം കയറ്റമായിരുന്നു. ഏതു ദുര്‍ഘടം പിടിച്ച മരങ്ങളും, മരത്തിനും തൊട്ടടുത്തുളള മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടു വരാതെ ഞാന്‍ താഴെയെത്തിക്കും. അതിനു നല്ല കാശും കിട്ടും. അത്തരം മരം മുറിയുളളപ്പോ ഞാന്‍ എന്റെ അനിയനെ കൂടെക്കൂട്ടുമായിരുന്നു. ഒരു മരം മുറിക്ക് വന്നാല്‍ അവന് ഞാന്‍ ആയിരം രൂപ വരെ കൊടുക്കുമായിരുന്നു. അവന്‍ എന്തായാലും ആ കാശുകൊണ്ട് പഠിച്ച് എം.സി.എ എടുത്തു. ഇപ്പോള്‍ പനമ്പള്ളിനഗറിലെ ഒരു കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുവാ. അവനിപ്പോള്‍ കമ്പനി ആവശ്യത്തിന് ജപ്പാനില്‍ പോയിരിക്കുകയാ.'

 

എങ്ങനെയാണ് ഈ തൊഴിലേക്ക് വന്നതെന്ന ചോദ്യത്തിന് നാല് തെങ്ങുകയറുന്നതിനിടയില്‍ നൗഷാദ് ഉത്തരം നല്‍കി. അതൊരു വലിയ കഥയാണെന്ന ആമുഖത്തോടെയാണ് നൗഷാദ് പറഞ്ഞ് തുടങ്ങിയത്. 'സാധാരണ മലയാളിയെപ്പോലെ ഗള്‍ഫിലേക്കു പോയി. എവിടെയായാലും ചെയ്യുന്ന പണിയില്‍ ഞാന്‍ ഉഴപ്പാറില്ല. അവിടെ രാപ്പകല്‍ അധ്വാനിക്കുകയും ദീര്‍ഘദൂരം ദിവസവും യാത്ര ചെയ്യുകയും വേണമായിരുന്നു. എത്ര അധ്വാനിച്ചാലും എത്ര അരിഷ്ടിച്ചാലും ഒരു ദിവസം അറുന്നൂറ് രൂപയില്‍ കൂടുതല്‍ മിച്ചം പിടിക്കാന്‍ പറ്റില്ല. ഏറിവന്നാല്‍ പതിനേഴായിരം രൂപ കഷ്ടപ്പെട്ട് മര്യാദയ്ക്ക് ഭക്ഷണവും ഉറക്കവുമില്ലാതെ അഹോരാത്രം പണിചെയ്താല്‍ നാട്ടിലേക്കയയ്ക്കാം. അതില്‍ വലിയ കാര്യമില്ലെന്ന് മനസ്സിലായി ഒടുവില്‍ ഗള്‍ഫ് വിട്ടു.  ഒരുകാര്യം ഇതിനിടയ്ക്ക പറയേണ്ടതുണ്ട്. വിദ്യാഭ്യാസം കൊണ്ട് കാര്യവുമുണ്ട്. കാരണം ഗള്‍ഫ് യാത്രയ്ക്കിടയില്‍ ചില ഫോമുകളൊക്കെ പൂരിപ്പിക്കേണ്ടി വന്നപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടറിഞ്ഞത്.  അങ്ങനെ നാട്ടിലെത്തി പെട്രോള്‍ പമ്പ് മെയിന്റന്‍സ് കോണ്‍ട്രാക്ട് എടുത്തു. പ്രധാനപ്പെട്ട മിക്ക കമ്പനികളുടെയും അറ്റകുറ്റപ്പണി കോണ്‍ട്രാക്ട് എടുത്തു ചെയ്തു. പക്ഷേ പണം കിട്ടണമെങ്കില്‍ പ്രയാസം. അവസാനം കടത്തിലാവുമെന്നുറപ്പായപ്പോള്‍ അതും വിട്ടു. അങ്ങനെയിരുന്നപ്പോഴാണ് മരംകയറ്റം ആലോചിച്ചത്.'
           

 

മരം കയറ്റം എന്നു പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഷോര്‍ട്ട് ബ്രേക്ക് എന്നു പറയുന്നതുപോലെ നൗഷാദ് ഒന്നു നിന്നു വിശദീകരിച്ചു. അതില്‍ അദ്ദേഹം കേരളത്തിന്റെ ഒരു സാമൂഹ്യവിമര്‍ശനവും സാമ്പത്തികവിശകലനവുമൊക്കെ നടത്തി. '  സാറെ, എത്ര രൂപ വേണമെങ്കിലും ഗള്‍ഫില്‍ പോയി ഉണ്ടാക്കുന്നതിനേക്കാള്‍ ഈ നാട്ടില്‍ നിന്നുണ്ടാക്കാം. ജോലി ചെയ്യാന്‍ തയ്യാറായാല്‍ മതി. ആ ,അങ്ങനെ ഞാന്‍ മരം മുറിയിലാണ് ആദ്യം തുടങ്ങിയത്. പിന്നെ തെങ്ങുകയറാന്‍ ആവശ്യക്കാരു കൂടി വന്നു. മെഷീന്‍ വാങ്ങി. അങ്ങോട്ടു പോയി അന്വേഷിക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. എല്ലാ വിളികളും സ്വീകരിക്കാന്‍ പറ്റാതെ വരുന്നു എന്നു മാത്രം. അങ്ങനെ മരം മുറി നിര്‍ത്തി ഇപ്പോള്‍ തെങ്ങുകയറ്റം മാത്രം. ഒരു മാസം ചുരുങ്ങിയത് എനിക്ക് നാല്‍പ്പതിനായിരം രൂപ വരുമാനമുണ്ട്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ കയറ്റമുള്ളൂ. അതു കഴിഞ്ഞ് വീ്ട്ടിലെത്തി വിശ്രമിക്കും. കാരണം നല്ല ഉന്മേഷത്തോടെ കയറണമെങ്കില്‍ വിശ്രമവും ആവശ്യമാണ്. കാശ് കിട്ടുമെന്നു പറഞ്ഞ് ആരോഗ്യം നോക്കാതിരുന്നാല്‍ പറ്റില്ലല്ലോ.' പിന്നീടുള്ള സമയത്ത് തന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക്ക് ബൈക്കില്‍ സവാരി നടത്തും.
    

 

നൗഷാദ് തെങ്ങിന്റെ മണ്ടയിലെത്തിയാല്‍ വെറും തേങ്ങയിടീല്‍ മാത്രമല്ല നിര്‍വ്വഹിക്കുന്നത്. തെങ്ങിന്റെ മണ്ട വളരെ വാത്സല്യത്തോടെ വൃത്തിയാക്കുന്നതും കാണാം. ഓരോ നിമിഷവും താന്‍ ചെയ്യുന്ന പ്രവൃത്തി ആസ്വദിക്കുന്നത് നൗഷാദിന്റെ ഓരോ ചലനത്തില്‍ നിന്നും വ്യക്തം. പുരയോട് ചേര്‍ന്നു നില്‍ക്കുന്ന തെങ്ങാണെങ്കില്‍ തേങ്ങാക്കുല വെട്ടി ഒരു കയ്യില്‍ പിടിച്ചുകൊണ്ടാണ് നൗഷാദ് ഇറങ്ങുന്നത്. അയാള്‍ ജീവിതം ആഘോഷിക്കുകയാണ്. ആ ആഘോഷം അയാള്‍ നില്‍ക്കുന്നിടത്തും പ്രസരിക്കുന്നു.നൗഷാദിന്റെ മകള്‍ തൃപ്പൂണിത്തുറയിലെ പ്രമുഖ പബ്ലിക് സ്‌കൂളില്‍ സി.ബി.എസ്.സി സിലബസ്സില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. തനിക്ക് നഷ്ടമായ ഔപചാരിക വിദ്യാഭ്യാസം തന്റെ മകളുടെ കാര്യത്തില്‍ ഉണ്ടാകരുതെന്നുള്ള ശ്രദ്ധ നൗഷാദിന്റെ വാക്കുകളില്‍ സ്ഫുരിച്ചു. ഭാര്യ ഫാര്‍മസിസ്റ്റാണ്.  
      

 

അമ്പത്തിയഞ്ചു രൂപയാണ് ഒരു തെങ്ങില്‍ കയറുന്നതിന് നൗഷാദ് ഈടാക്കുന്ന വേതനം. എല്ലാ തെങ്ങുകയറ്റക്കാരും ഏതാണ്ട് ഈ കൂലിയോ ഇതില്‍ കൂടുതലോ ആണ് ഈടാക്കുന്നത്. എന്നിരുന്നാലും അവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മെച്ചം പലപ്പോഴും കാണാറില്ല.നൗഷാദിന്റെ സംഭാഷണത്തില്‍ നിന്ന് അയാള്‍ മദ്യപാനം പോലുള്ള ശീലങ്ങളില്‍ കുടുങ്ങിയ വ്യക്തിയല്ലെന്നും വായിച്ചെടുക്കാന്‍ കഴിയും. ഗള്‍ഫ് രാജ്യത്ത് പോയി കഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയാതെ കഷ്ടിച്ച് പതിനെണ്ണായിരം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞിടത്ത് ആനന്ദകരമായി ജീവിച്ചുകൊണ്ട് അതിലും കൂടുതല്‍ ഇവിടെ വരുമാനമുണ്ടാക്കാന്‍ കഴിയുന്നത് നൗഷാദ് എപ്പോഴും ആവര്‍ത്തിക്കുന്നു. അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ കേരളത്തിലെപ്പോലെ വേറെ ഗള്‍ഫില്ലെന്നതാണ് നൗഷാദിന്റെ അഭിപ്രായം.  

 

 

Tags: