കല്യാണം വിളിയ്ക്കു കിട്ടിയത് ഡിവോഴ്‌സ് പാര്‍ട്ടി ഉപഹാരം

Gint Staff
Fri, 03-11-2017 06:01:07 PM ;

Marriage, Divorce

നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്. വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ. ഒരു നിമിഷം എല്ലാവരും ആ യുവതിയെ നോക്കിയിട്ട് വീണ്ടും വസ്ത്രം തിരയുന്നതിലേക്കു പിന്‍വാങ്ങി.ഏറെ നാളുകള്‍ക്കു ശേഷമാണ് ഇരുവരും സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. മറുഭാഗത്തു നിന്നുള്ള സംഭാഷണവും ചെറിയ തോതില്‍ കേള്‍ക്കാം. ഒടുവില്‍ കാര്യത്തിലേക്കു വന്നു. മറുതലയ്ക്കുള്ള ആളിന്റെ കല്യാണം. ഇത്തലയ്ക്കുള്ളയാള്‍ അതിന്റെ പേരിലും അവിടുത്തെ നിശബ്ദതയെ വല്ലാതെ കീറി മുറിച്ചു.
        

ഗൈയുടെ ജോലിയും നാടും പിന്നെ ഗൈ എങ്ങനെയുണ്ടെന്നു വരെ ചോദിച്ചറിഞ്ഞു.പെട്ടന്ന് ഈ തലയ്ക്കല്‍ നിന്ന് ഒരയ്യോ! കല്യാണദിവസം ഇത്തലയ്ക്കുള്ള ആള്‍ക്ക് ഒഴിവാക്കാക്കാനാകാത്ത അസൗകര്യം. അതിന്റെ പേരില്‍ മറുതലയ്ക്കുള്ള ആളെ സമാധാനിപ്പിക്കാന്‍ ചില പ്രയോഗങ്ങള്‍ നടത്തി. ഒടുവില്‍ ഒരു കാച്ചു കാച്ചി Don't worry I will be there for your divorce patry  sure. കല്യാണത്തിനു പങ്കെടുക്കാന്‍ കഴിയാത്തതിന്റെ പോരായ്മ തീര്‍ക്കാനായി  വിവാഹമോചനപ്പാര്‍ട്ടിയില്‍ ഉറപ്പായും പങ്കെടുത്തു കൊള്ളാമെന്ന്. എന്തായാലും പെട്ടന്നു തന്നെ സംഭാഷണം നിലച്ചു.
            

 

താന്‍ ഒരത്യന്താധുനിക ന്യജെന്‍ യൗവ്വനമാണെന്നുള്ള ധാരണ നിശബ്ദതയില്‍ മറ്റുള്ളവര്‍ കരുതിക്കാണുമെന്ന ഒരു ഭാവം മുഖത്തും ശരീരഭാഷയിലും വരുത്തിക്കൊണ്ട് പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങുന്ന രീതിയില്‍ ആ യുവതി പുത്തന്‍ വരവുകളുടെ  ചക്രസ്റ്റാന്‍ഡിനു നേര്‍ക്കു നടന്നു. മറുതലയ്ക്കുള്ള ആള്‍ക്കും വിവാഹമോചനപ്പാര്‍ട്ടിക്ക് തീര്‍ച്ചയായും എത്തിക്കൊള്ളാം എന്ന തമാശ അത്ര സുഖിച്ചതായി തോന്നിയില്ല. ആദ്യത്തേതായാലും ആറാമത്തേതായാലും ഒരാള്‍ സാധാരണ ഗതിയില്‍ വിവാഹബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇതു നീണാള്‍ വാഴാന്‍ പോകുന്നതായിരിക്കും എന്ന വിശ്വാസത്തിലായിരിക്കും. ആ വിശ്വാസത്തെ മനശ്ശാസ്ത്രപരമായി ഉറപ്പിക്കുന്നതിനു വേണ്ടിയാണ് എല്ലാ മതങ്ങളിലും വിവിധ ചടങ്ങുകള്‍ നടത്തപ്പെടുന്നത്. നല്ല വിശ്വാസമുണ്ടെങ്കില്‍ സ്ത്രീയും പുരുഷനും വെറുതെ താമസിച്ചാലും മതി. ചില മുന്തിയ ബുദ്ധിജീവികളൊക്കെ അങ്ങനെ ജീവിക്കുന്നുമുണ്ട്  ലിവിംഗ് ടുഗതര്‍ എന്ന പേരു നല്‍കി. എന്തെങ്കിലുമൊരു പേരു വേണമെന്നുള്ളത് അപ്പോഴും നിര്‍ബന്ധം.ചിലര്‍ നിഷേധമെന്നതിനെ ബൗദ്ധികമാപിനിയായി കരുതപ്പെടുന്നതിനാലാണത്. സമൂഹത്തില്‍ അത്തരക്കാര്‍ കുറവും സാധാരണക്കാര്‍ കൂടുതലുമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും വിവാഹം പവിത്രവും ജീവിതത്തിലെ മുഖ്യ വഴിത്തിരിവുമായി കാണുന്നു. അങ്ങനെ കാണുന്നവരില്‍ ആ വികാരത്തെ സന്തോഷപൂര്‍വ്വം ദൃഢീകരിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവര്‍ ആശംസകള്‍ നേരുന്നത്. ദിവസവും രാവിലെ രണ്ടു പേര്‍ പരസ്പരം കാണുമ്പോള്‍ ഗുഡ് മോര്‍ണിംഗും നമസ്‌തേയുമൊക്കെ പറയുമ്പോള്‍ വ്യക്തികളുടെ ഊര്‍ജ്ജ നില ഉയരുന്നു.
           

 

ഓരോ വ്യക്തിയുടെയും മനസ്സ് ഭിന്നമാണ്. വിവാഹത്തിനായി ആഘോഷപൂര്‍വ്വം തയ്യാറെടുക്കുന്ന യുവതിയോട് 'തന്റെ വിവാഹ ജീവിതം നീണ്ടു നില്‍ക്കില്ലെന്നും വിവാഹമോചനത്തില്‍ കലാശി 'ക്കുമെന്നും പ്രിയപ്പെട്ട സുഹൃത്ത് തമാശയായിട്ടാണ് പറയുന്നതെങ്കില്‍ പോലും ആ കുട്ടിയുടെ ഉള്ളിലേക്ക് സംശയത്തിന്റെയും പേടിയുടെയും വിത്തുകള്‍ വീഴുകയായി. ഇപ്പോള്‍ വിവാഹ മോചനം വളരെ കൂടുതലും സര്‍വ്വസാധാരണമായതിനാലും വിവാഹിതരാകുന്ന മിക്കവരിലും ഒരു പേടിയുണ്ട്, തങ്ങളുടെ വിവാഹം വിജയിക്കുമോ എന്ന്. അങ്ങനെയുള്ള സാമൂഹ്യാന്തരീക്ഷത്തില്‍ 'നിന്റെ ഡിവോഴ്‌സ് പാര്‍ട്ടിക്ക് ഞാന്‍ രണ്ടായാലും എത്തു'മെന്നതു കേള്‍ക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ മാനസികാരോഗ്യത്തെ തകര്‍ക്കുന്നതാണ്. ആറാം തവണ വിവാഹം ചെയ്യാന്‍ പോകുന്ന വ്യക്തിയാണെങ്കിലും തന്റെ ആറാമത്തതെങ്കിലും നീണ്ടു നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടായിരിക്കും. അപ്പോഴും അഞ്ചെണ്ണത്തിന്റെ അനുഭവ പശ്ചാത്തലത്തില്‍ ഉപബോധമനസ്സില്‍ പേടിയുടെ തിരനോട്ടമുണ്ടായിരിയും.

 

നടപ്പുകാലത്ത്  ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന വിവാഹമോചനം ഒരു സമൂഹ്യ വിഷയവുമായിട്ടുണ്ട്. ഏതു സമൂഹ്യ വിഷയവും വ്യക്തിയില്‍ അറിയാതെ കുടിയേറും. അതിനാല്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നവരില്‍ ആശങ്കയും അങ്കലാപ്പുമൊക്കെ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കല്യാണത്തിനു വിളിക്കുമ്പോള്‍ അതിനു പറ്റില്ല ,ഡിവോഴ്‌സ് പാര്‍ട്ടിക്ക് എത്തിക്കൊള്ളാമെന്ന മറുപടി കേള്‍ക്കുമ്പോള്‍ ആ വ്യക്തിയുടെ ഉള്ളില്‍ ഒരു ചിത്രം തെളിയും. തെളിയുന്നതെന്തും മായാന്‍ പ്രയാസമാണ്. എപ്പോഴൊക്കെ ഡിവോഴ്‌സിനെ കുറിച്ചു കേള്‍ക്കുന്നുവോ അപ്പോഴൊക്കെ ആ ചിത്രം അനങ്ങിത്തുടങ്ങും. ഭര്‍ത്താവുമായി ചെറിയ കലമ്പലുണ്ടാകുമ്പോഴും ആ ചിത്രം ഉണരും. അത് ജീവനും ആരോഗ്യവും വച്ചാല്‍ തന്റെ ജീവിതത്തിലെ അനിവാര്യമായ ഒന്നാണ് ഡിവോഴ്‌സ് എന്ന് ആ യുവതിയുടെ ഉള്ളിലുറയും. ഒന്നിച്ചുള്ള ജീവിതത്തില്‍ ഇടപഴകി അടുക്കേണ്ടതിനു പകരം അവര്‍ അറിയാതെ അകന്നു കൊണ്ടിരിക്കും.
         

 

ഈ യുവതിയുടെ സംഭാഷണം കേട്ട വസ്ത്രാലയത്തിനുള്ളിലുണ്ടായിരുന്നവരിലും അസ്വസ്ഥത . ബില്ലടിക്കാന്‍ നിരനിന്നവര്‍ ഒരു ഡിബേറ്റുപോലെ ഈ വിഷയം സംസാരിക്കുകയും ചെയ്തു. ഒരു സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു, ഡിവോഴ്‌സ് പാര്‍ട്ടി എന്നൊരു പാര്‍ട്ടി നടക്കാറുണ്ടോ എന്ന്. ഏറെ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നതാണ് ഡിവോഴ്‌സ് പാര്‍ട്ടിയെന്ന് നിരയിലുണ്ടായിരുന്ന യുവതി അവരുടെ സംശയം തീര്‍ത്തു കൊണ്ട് പറഞ്ഞു.  രണ്ടാം കല്യാണങ്ങളും മൂന്നാം കല്യാണങ്ങളുമൊക്കെ മാധ്യമങ്ങള്‍ പൈങ്കിളിയായി ആഘോഷിക്കുന്ന കാലവുമാണ്. സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍, ദിലീപ്-കാവ്യ മാധവന്‍ എന്നിവയൊക്കെ ഉദാഹരണങ്ങള്‍.
           

 

കല്യാണത്തിന് ക്ഷണിക്കുന്നതു തന്നെ അനുഗ്രഹത്തിനു വേണ്ടിയാണ്. പങ്കെടുക്കുന്നവര്‍ ആവര്‍ത്തിച്ച് ആശംസകള്‍ നേരുമ്പോള്‍ ദമ്പതിമാദടെ ഉള്ളില്‍ അവരറിയാതെ തന്നെ ഒരു ഒന്നാകല്‍ ഊര്‍ജ്ജ പ്രസരണം ഉണ്ടാകും. അത് അവരിലെ വൈകാരിക ബന്ധ നിക്ഷേപത്തിനെ സഹായിക്കും. വാക്കിന്റെ വിലയും പ്രാധാന്യവും അതാണ്. അതുകൊണ്ടാണ് മനുഷ്യന്‍ ഏറ്റവും ശ്രദ്ധയോടെ വേണം വാക്കുകളുപയോഗിക്കാന്‍ എന്നു പറയുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും വാക്കുകളുടെ ഉപയോഗവൈകല്യം നിമിത്തം ഉണ്ടായ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരായിരിക്കും.വീട്ടിലും നാട്ടിലും നടക്കുന്ന സംഘടനങ്ങളില്‍ നല്ലൊരു ശതമാനവും തെറ്റിപ്പോകുന്ന വാക്കുകള്‍ ഉണ്ടാക്കുന്നതാണ്. കേള്‍ക്കുന്ന വ്യക്തിയില്‍ ഉണ്ടാകുന്ന പ്രതികരണമാണ് അതിനു കാരണം.
         

കേള്‍ക്കുന്ന ഒരു വാക്കു പോലും പ്രതികരണമുണ്ടാക്കാതിരിക്കുന്നില്ല. തന്റെ നേര്‍ക്ക് വരുന്ന എല്ലാ വാക്കുകളേയും അതേ തരംഗ വേഗതയില്‍ പ്രതികരിക്കാനിരുന്നാല്‍ സംഘര്‍ഷം ഒഴിഞ്ഞ നേരമുണ്ടാകില്ല. വരുന്ന വാക്കുകളെ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ശേഷിയും അവകാശവും ഏവര്‍ക്കുമുണ്ട്. സ്വീകരിക്കാത്ത പക്ഷം തരുന്നത് തരുന്നവരുടെ കൈയ്യില്‍ തന്നെ അവശേഷിക്കും. ആ അറിവുണ്ടായാല്‍ ഡിവോഴ്‌സ് പാര്‍ട്ടിക്ക് വരാമെന്ന ഉറപ്പു കിട്ടുമ്പോള്‍ സ്വീകരിക്കാതിരിക്കാം. അപ്പോള്‍ തന്റെ സുഹൃത്തിന്റെ പക്കല്‍ തന്നെ ആ ചിത്രം ഇരിക്കുന്നത് കേള്‍ക്കുന്ന യുവതിക്ക് തന്റെ ഉള്ളില്‍ തെളിയുന്നത് കാണാം. അത് ഉപബോധമനസ്സില്‍ ഉറപ്പിക്കുന്നത് താന്‍ ഒരിക്കലും അതിനു തയ്യാറാവില്ല എന്നാണ്. ഈ അറിവ് ഉറയ്ക്കും. പിന്നെ എത്ര വഴക്കിട്ടാലും പരസ്പരം അടുക്കാനുള്ള പ്രേരണയുണ്ടാകും.ഓരോ വഴക്കു കഴിയുമ്പോഴും പരസ്പരമുള്ള അകലം കുറയും. ഒന്നാവല്‍ പ്രക്രീയയിലേക്ക് സഹായകമാകും. ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ അനേകമനേകം മുഹൂര്‍ത്തങ്ങള്‍ നാമറിയാതെ നമ്മുടെ ഉപബോധമനസ്സില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് ദാമ്പത്യത്തിലായാലും വ്യക്തികള്‍ തമ്മിലുള്ളതായാലും ബന്ധങ്ങളെ ശക്തമാക്കുന്നതും ക്ഷയിപ്പിക്കുന്നതും.

 

 

 

 

Tags: