കെസി വേണുഗോപാലിൻറെ പ്രസ്താവന ജനായത്തത്തിന് ഏൽപ്പിക്കുന്ന പ്രഹരം

Glint staff
Tue, 16-05-2023 02:55:22 PM ;
  ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കളാണ് അത് കൈകാര്യം ചെയ്യുന്നത്.  അത് പ്രാഥമികമായി രാഷ്ട്രീയ നേതാക്കളുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. വർത്തമാനകാലത്തിൽ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് രാഷ്ട്രീയ നേതാക്കളുടെ വിശ്വാസ്യതയില്ലായ്മയാണ്. എങ്ങനെയാണ് ഈ വിശ്വാസ്യത തകരുന്നു എന്നുള്ളതിന്റെ ഉദാത്ത ഉദാഹരണമാണ് കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് നീളുന്നത് സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രണ്ടുദിവസമായി നടത്തുന്ന പ്രസ്താവനകൾ. ചൊവ്വാഴ്ച അദ്ദേഹം ദില്ലിയിൽപറഞ്ഞിരിക്കുന്നു, മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധിയും ഇല്ല. അത് മാധ്യമസൃഷ്ടിയാണ് .അതേ സമയം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നു എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കണമെന്ന്. ബംഗളൂരിൽ പാർലമെൻററി പാർട്ടി യോഗം ചേർന്നതിനുശേഷം സ്വയം മുഖ്യമന്ത്രി ആകുന്നു എന്ന് പ്രഖ്യാപിച്ചു സിദ്ധരാമയ്യ ദില്ലിയിലെത്തി. കോൺഗ്രസിന്റെ കർണാടകത്തിലെ വിജയശിൽപ്പിയായ ഡി.കെ. ശിവവകുമാറിനെ ദില്ലിയിലേക്ക് നേതൃത്വം ക്ഷണിച്ചെങ്കിലും തിങ്കളാഴ്ച അദ്ദേഹം എത്തിയില്ല.  അ അനാരോഗ്യമാണ് ദില്ലിയാത്രയ്ക്ക് തടസ്സം എന്ന് പറഞ്ഞെങ്കിലും സമ്മർദ്ദത്തിന്റെ ഫലമായി ചൊവ്വാഴ്ച ശിവകുമാർ ദില്ലിയിൽ എത്തുകയും ചെയ്തു. ഇതിനുപുറമേ നിയുക്ത എംഎൽഎമാരും ദില്ലിയിൽ എത്തി .  ഡി.കെ.ശിവകുമാറിന്റെ പ്രസ്താവനയും പുറത്തുവന്നു.ഇത്രയും നാടകീയ സംഭവങ്ങൾ ലോകം മുഴുവൻ കാണുന്നു.എന്നിട്ടും കെസി വേണുഗോപാൽ പറയുന്നു ഒരു പ്രതിസന്ധിയും ഇല്ല .അത് മാധ്യമ സൃഷ്ടിയാണെന്ന്. പ്രത്യക്ഷമായി സത്യവിരുദ്ധം.ജനം അത് തിരിച്ചറിയുന്നു .കെ.സി. വേണുഗോപാൽ എന്ന വ്യക്തിയുടെ വിശ്വാസ്യത നഷ്ടമാകുന്നതിലൂടെ ഇവിടെ സംഭവിക്കുന്നത് കോൺഗ്രസിന്റെ അവശേഷിക്കുന്ന വിശ്വാസ്യതയും ഇല്ലാതാവുകയാണ്. വിശ്വാസ്യതയില്ലാത്ത നേതാക്കൾ ഒരു പ്രസ്ഥാനത്തെ നയിക്കുമ്പോൾ അണികൾ അവരുടെ വാക്കുകൾക്ക് എത്ര കണ്ട് നിലകൽപ്പിക്കും എന്നറിയാ ൻ പ്രയാസമില്ല. അതേസമയം സത്യസന്ധമായി ജനങ്ങൾക്ക് എല്ലാം അറിയാവുന്ന ഇപ്പോഴത്തെ അവസ്ഥ സമ്മതിച്ചുകൊണ്ട് ഉടൻ തന്നെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് കെസി വേണുഗോപാൽ പറഞ്ഞിരുന്നുവെങ്കിൽ അത് ജനങ്ങളിൽ മതിപ്പുണ്ടാക്കുമായിരുന്നു. പ്രസ്ഥാനത്തെക്കുറിച്ചും രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചും പറയുന്ന നേതാവിനെ കുറിച്ചും . ഇവിടെ അവാസ്തവമായ കാര്യങ്ങൾ തെല്ലും ലജ്ജയില്ലാതെ അവതരിപ്പിച്ചത് സാമൂഹികമായി പോലും വളരെയധികം ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും. ഇതൊക്കെ സാധാരണക്കാരും കുട്ടികളും യുവാക്കളുമൊക്കെ കാണുന്നുണ്ട് .മുതിർന്നവരെ കണ്ടാണ് കുട്ടികളും പഠിക്കുന്നത്. നേതാവ് എന്ന് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി  ഈ കുട്ടികളിലും യുവാക്കളിലും പതിയും. ഇതാണ് ഇതിൻറെ സാമൂഹികമായ വിപത്ത്.

Tags: