നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍ ജെല്ലിയും ക്ഷീണം തീര്‍ക്കാന്‍ മുതല്‍ ഒട്ടനേകം രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന തേനും ശുദ്ധമായ മെഴുകും നല്‍കുന്ന ഒന്നാണ് തേനീച്ച കൃഷി.
താല്‍പ്പര്യവും മാറ്റിവെക്കാന്‍ അല്‍പ്പം സമയവുമുള്ള ഏതൊരാള്‍ക്കും മനസിനുല്ലാസവും അതോടൊപ്പം ആദായവും തരുന്ന ഒന്നാണ് തേനീച്ച കൃഷി (Apiculture). വളരെ പുരാതന കാലം മുതലേ നമ്മുടെ രാജ്യത്ത് തേനീച്ച കൃഷിയുണ്ട്. ഇന്ത്യയില്‍ നാലുതരം ഈച്ചകളെയാണ് കണ്ടുവരുന്നത്. വനങ്ങളിലും പാറമടക്കുകളിലും കണ്ടുവരുന്ന പെരുന്തേനീച്ച – എപിസ് ഡോഴ്സറ്റ (Apis dorsta), നമ്മള്‍ കൂട്ടില്‍ വളര്‍ത്തുന്ന ഇന്‍ഡ്യന്‍ തേനീച്ച – എപിസ് സെറനാ ഇന്‍ഡിക (Apis cerana indica), ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളില്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ചെറിയ കോലീച്ച (Apis florea), കൂടാതെ ഇറ്റാലിയന്‍ തേനീച്ച (Apis mellifera). ഇവയില്‍ ഇന്‍ഡ്യന്‍ തേനീച്ചയും ഇറ്റാലിയന്‍ തേനീച്ചയും ഇന്ത്യയില്‍ ധാരാളമായി വളര്‍ത്തി വരുന്നു. ട്രൈഗോണ ഇര്‍ഡിപെന്നിസ് (Trigona irridipennis) എന്ന ചെറുതേനീച്ചയുടെ കൃഷിയും (Meliponiculture) നമ്മുടെ നാട്ടില്‍ സാധാരണയായി നടത്തി വരുന്നുണ്ട്.
ഇന്‍ഡ്യന്‍ തേനീച്ചയാണ് കേരളത്തില്‍ സാധാരണയായി വളർത്തി വരുന്നത്. വളരെ ചിട്ടയോടുകൂടിയ ഒരു കോളനി ജീവിതമാണ് തേനീച്ചകള്‍ നയിക്കുന്നത്. മൂന്നുതരം ഈച്ചകളാണ് ഒരു കൂട്ടില്‍ കാണുന്നത്- റാണി ഈച്ച (Queen Bee), വേലക്കാരി ഈച്ച (Worker Bees), ആണീച്ച (Drone Bees). എല്ലാ ഇനം ഈച്ചകള്‍ക്ക് ജന്മം നല്‍കുന്നതും കോളനിയെ നയിക്കുന്നതും റാണി ഈച്ചയാണ്. ഒരുകൂട്ടില്‍ ഒരു റാണിയീച്ചയേ ഉണ്ടാകുകയുള്ളൂ. പെണ്ണീച്ചകളുടെ ജനിതക ഘടനയോടുകൂടിയാണ് ജനിക്കുന്നതെങ്കിലും ആഹാരത്തിലുള്ള പ്രത്യേകതകളാണ് റാണിയെ മറ്റ് ഈച്ചകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതും ജീവിതകാലം അഞ്ച് – ആറിരട്ടിയോളം വര്‍ധിച്ച് മൂന്നു വര്‍ഷത്തോളമാക്കുന്നതും. റോയല്‍ ജെല്ലി എന്നാണ് ഇവരുടെ ആഹാരം അറിയപ്പെടുന്നത്.
ജീവിതത്തില്‍ ഒരിക്കല്‍മാത്രം ഇണചേരുന്ന റാണിയീച്ച ഒരുദിവസം 2000 ത്തോളം മുട്ടകളാണ് ഇടുന്നത്. ഇത് അതിന്റെ ശരീരഭാരത്തെക്കാള്‍ കൂടുതലാണ്. ജീവിതകാലത്ത് ഏതാണ്ട് 10-15 ലക്ഷം മുട്ട വരെ ഇടാനുള്ള കഴിവ് റാണിക്കുണ്ട്. ആണീച്ച അഥവാ മടിയനീച്ചകള്‍ക്ക് റാണിയുമായി ഇണചേരല്‍ മാത്രമാണ് ജോലി. ജോലിക്കാരി തേനീച്ചകൾക്കാണ് എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും. കൂട് വൃത്തിയാക്കുക, അട(അറ)കള്‍ ഉണ്ടാക്കുക, തേന്‍ സംഭരിക്കുക, റാണി പ്രായമായാല്‍/എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പുതിയ റാണിക്കുവേണ്ടി തയ്യാറെടുക്കല്‍ ഇവയാണ് അന്‍പതുദിവസത്തിനകം മാത്രം ആയുസുള്ള ഈ പെണ്ണീച്ചകള്‍ക്ക് ചെയ്യാനുള്ളത്.
ധാരാളം വൃക്ഷലതാദികളുള്ള നമ്മുടെ നാട്ടില്‍ തേനീച്ചകൃഷി വളരെ സാധ്യതയുള്ള ഒന്നാണ്. റബ്ബര്‍ കൃഷി ധാരാളമുള്ള കേരളത്തില്‍ ഉത്‌പാദനത്തിന്റെ എണ്‍പത് ശതമാനത്തിലേറെയും ഇവയില്‍ നിന്നാണ്. റബറില്‍ ഇല കൊഴിഞ്ഞു തളിര്‍ക്കുന്ന ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് തേനിന്റെ സീസണ്‍ . റബറിന്റെ തളിരിലയുടെ മൂന്നു ദളങ്ങള്‍ ചേരുന്ന ഭാഗത്തുള്ള തേന്‍ ഗ്രന്ഥികളാണ് തേനിന്റെ സ്രോതസ്. മഴ സമയമായ ജൂണ്‍/ജൂലൈ മാസങ്ങളാണ് തേനീച്ചയുടെ ഓഫ് സീസണ്‍. ഈ സമയത്തേക്ക് കരുതിവെക്കുന്ന തേനാണ് നമ്മള്‍ എടുക്കുന്നത്. അതിനാല്‍ തേനീച്ചകള്‍ക്ക് പഞ്ചസാര കലക്കി തീറ്റ കൊടുക്കണം. അല്ലങ്കില്‍ ഈച്ചകള്‍ കൂടുവിട്ടു പോകുവാന്‍ (Swarming) സാധ്യതയുണ്ട്. തേനീച്ച വളര്‍ത്തുന്നതിന് കൂടുകള്‍ ആവശ്യമാണ്. കൂടുകള്‍ക്ക്, താഴെ ബ്രൂഡ് ചേംബര്‍ അഥവാ തേനീച്ചകളെ റാണി മുട്ടയിട്ടു വിരിക്കുന്ന ഭാഗം, അതിനു മുകളിലായി ഹണി ചേംബര്‍- തേനറകള്‍, ഇവിടെ ഈച്ചകള്‍ മഴക്കാലത്തേക്കുവേണ്ടി (നമുക്ക് സംഭരിക്കാന്‍) തേന്‍ സംഭരിച്ചുവെക്കുന്നു. അതിനുമുകളിലായി ഒരു അടപ്പും പെട്ടിവെക്കാന്‍ ഉള്ള ഒരു സ്റ്റാന്‍ഡും ചേര്‍ന്നതാണ് തേനീച്ചപ്പെട്ടി. ഏകദേശം എഴുനൂറു മുതല്‍ എണ്ണൂറു രൂപവരെ ഒരു പെട്ടിക്കു വേണ്ടി വരും. പുന്ന, തേക്ക് മുതലായ തടിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഒരുകൂട്ടില്‍ നിന്നും ഒരുവര്‍ഷം എട്ടു മുതല്‍ പത്തു കിലോ വരെ തേന്‍ ലഭിക്കും. കൂടാതെ കോളനികളെ പിരിച്ച് നല്‍കിയും ആദായം ഉണ്ടാക്കാം.
കലര്‍പ്പില്ലാത്ത തേന്‍ ഒരു ഔഷധമാണ്. കൂടുകളില്‍നിന്നു ലഭിക്കുന്ന മെഴുക് പ്രകൃതിദത്തമായ ഒന്നാണ്. കൂടാതെ തേനീച്ചകളില്‍ നിന്നും സംഭരിക്കാവുന്ന റോയല്‍ ജെല്ലി അതിന്റെ പേര് സൂചിപ്പിക്കും പോലെ രാജകീയമാണ്. റോയല്‍ ജെല്ലിയാണ് റാണി ഈച്ചകള്‍ക്ക് ആയുസ് അഞ്ച്-ആറു ഇരട്ടി നീട്ടിനല്‍കാന്‍ സഹായിക്കുന്നത്. റോയല്‍ ജല്ലി മനുഷ്യരിലും ഇതേ അത്ഭുതം ആവര്‍ത്തിക്കുന്നു. ഇതിന്റെ ഉപയോഗം പ്രായത്തെ പിടിച്ചുനിര്‍ത്തി എന്നും യുവത്വം നിലനിര്‍ത്തുന്നു. വിലകൂടിയ സൗന്ദര്യ വാര്‍ധക മുഖലേപനങ്ങളില്‍ റോയല്‍ ജല്ലി ഒരു അവശ്യ ഘടകമാണ്.
ഉന്മേഷത്തിനും അനേകം രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് തേന്‍. മുഖക്കുരു മുതല്‍ ആസ്ത്മ, കൊളസ്ട്രോള്‍, വായ് നാറ്റം, ഉറക്കമില്ലായ്മ, പൊള്ളല്‍, മുടികൊഴിച്ചില്‍ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കും വളരെയധികം ആയുര്‍വേദ മരുന്നുകള്‍ക്കും തേന്‍ ഉപയോഗിക്കുന്നു.
ചെറിയ പരിശീലനം ലഭിച്ചാല്‍ ആര്‍ക്കും തുടങ്ങാവുന്ന ഒന്നാണ് തേനീച്ച കൃഷി. ഖാദി ബോര്‍ഡ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തേനീച്ച കൃഷിയില്‍ പരിശീലനവും സഹായനിരക്കില്‍ ഈച്ചയും കൂടും നല്‍കി തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

