Skip to main content

' ലാപതാ ലേഡീസ് ' നൽകുന്ന സൂചന

Laapata ladies

ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട  ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക്     ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്. 
       പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ' ലാപതാ ലേഡീസിന് ' ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക
      ' കൽക്കി 2898 . ഡി ' എന്ന ബ്രഹ്മാണ്ടചിത്രം ഉൾപ്പെടെയുള്ള കോലാഹലം സൃഷ്ടിച്ച സിനിമകളെ പിന്തള്ളിയാണ്  ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത്. ആ സിനിമയെ ആസ്വാദ്യമാക്കിയ മുഖ്യഘടകം ജീവിത യാഥാർത്ഥ്യങ്ങളുമായി സംവദിക്കുകയും സ്ത്രീയെ ക്രിയാത്മകമായി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന് ഊർജ്ജം പകരുന്നതുമായ പ്രമേയശക്തി തന്നെയാണ്. അതുപോലെതന്നെ ഇതിലെ കഥാപാത്രങ്ങൾ ഒന്നും അമാനുഷകരോ മാനുഷിക വികാരങ്ങളുടെ മൂർത്തിമത് ഭാവങ്ങൾ മാത്രമുള്ളവരോ അല്ല. കൈക്കൂലി കാരനായ ഒരു പോലീസുദ്യോഗസ്ഥനിലെപ്പോലും മാനുഷിക വശത്തെ മനോഹരമായി പുറത്തെടുപ്പിക്കുന്ന മുഹൂർത്തങ്ങൾ ഈ സിനിമയെ പുതിയ തലത്തിലേക്ക് ഉയർത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രതികൂല സാഹചര്യങ്ങൾ എങ്ങനെയാണ് ക്രിയാത്മകതയുടെ പിൻബലത്തിൽ സർഗാത്മകമാവുക എന്നും ഈ സിനിമ മനോഹരമായി കാണിച്ചുതരുന്നു. അവിടെ ' ലാപതാ ലേഡീസ്  ' ഒരു ഇന്ത്യൻ ചിത്രം എന്നതിലുപരി സാർവദേശീയ പ്രമേയം കൈകാര്യം ചെയ്യുന്ന ദൃശ്യ ശില്പമായി മാറുന്നു.

Ad Image