പുതുകാല ബന്ധങ്ങളിലെ മനോഹാരിത
രാവിലെ ചെന്നെയിൽ നിന്നുള്ള തിരുവനന്തപുരം മെയിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. സ്ലീപ്പർ കമ്പാർട്ട്മെൻ്റിലും നല്ല തിരക്ക്. കോട്ടയം അടുക്കാറായപ്പോൾ ടി.ടി.ഇ എത്തി. യുവാവ്. പരിശോധനയ്കിടയിൽ ഒരിരുപത്തിയേഴു കരൻ്റെ പക്കൽ ടിക്കറ്റില്ല. ഒരു ഐ.ടി. പ്രൊഫഷണലിൻ്റെ ലക്ഷണങ്ങൾ. ആ യുവാവ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ വെയിറ്റിംഗ് ലിസ്റ്റായിപ്പോയി. ബുക്ക് ചെയ്തത് കാണിക്കാൻ സൗമ്യതയോടെ ടി.ടി. ഇ ആവശ്യപ്പെട്ടു. യുവാവ് അതു കാണിച്ചു. എന്നാലും യുവാവ് ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ പാടില്ല എന്നുള്ളത് പ്രാഥമിക അറിവാണ്. എന്നാൽ ടിടിഇ യുവാവിനെ അതൊന്നും ഓർമ്മിപ്പിച്ചില്ല. പകരം 550 രൂപ ക്കടയക്കണമെന്ന് ടിടിഇ പറഞ്ഞു. ആകാം എന്നു പറയുന്നതിനൊപ്പം ഗൂഗിൾ പേയേ ഉള്ളുവെന്നു പറഞ്ഞു. ഗൂഗിൾ പേ പറ്റില്ല. ആരുടെയെങ്കിലും കൈയ്യിൽ നിന്ന് വാങ്ങിത്തന്നാൽ മതിയെന്നു പറഞ്ഞുകൊണ്ട് ടി.ടി.ഇ യുവാവിൻ്റെ പേരും വയസ്സും ചോദിച്ച് ടിക്കറ്റെഴുതി.
യാത്രക്കാരൻ യുവാവ് തൊട്ടടുത്തിരുന്ന ആളോട് വായ്പ ചോദിച്ചു. അയാൾ ഒരു മടിയുമില്ലാതെ കാശുകൊടുത്തു. ഉടൻ തന്നെ ആ തുക യുവാവ് അയാൾക്ക് ഗൂഗിൾ പേ ചെയ്യുകയും ചെയ്തു.
പുത്തൻ സങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ ഉരുത്തുരിയുന്ന ഒരു ബന്ധ സമവാക്യമാണിത്. യഥാർത്ഥത്തിൽ ഇവിടെ നടന്നത് ഒരു കടം വാങ്ങലും സഹായിക്കലുമാണ്. കടം കൊടുക്കുന്നയാൾക്കും സന്ദേഹമില്ല. ആവശ്യക്കാരന് ചോദിക്കാനും മടിയില്ല. അവർ അപരിചിതരുമാണ്. അപരിചിതർ തമ്മിൽ നടന്ന കടംകൊടുക്കലും വാങ്ങലുമാണ് . അതിൻ്റെ കാരണം ഈ സാങ്കേതികവിദ്യ മനുഷ്യസമുദായത്തെ ഒരേ സമയം കോർത്തിണക്കുകയും ഒപ്പം സുതാര്യതയുടെ ബലത്തിൽ സത്യസന്ധതയും പരസ്പരവിശ്വാസവും വർധിപ്പിക്കുകയും ചെയ്യുന്നു.